പ്രശസ്ത കവയിത്രി യശഃശരീരയായ നാലപ്പാട്ട് ബാലാമണിയമ്മയുടെയും മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന വി.എം. നായരുടെയും മകൾ ആണ് മാധവിക്കുട്ടി.1934 മാർച്ച് 31-ന് ജനിച്ചു. കമല സുരയ്യ എന്ന പേര് പിന്നീട് സ്വീകരിച്ചു. മലയാളത്തിലും ഇംഗ്ലിഷിലും എഴുതാറുണ്ടായിരുന്നു. ഏഷ്യൻ പോയട്രി പ്രൈസ്, കെന്റ് അവാർഡ്, ആശാൻ വേൾഡ് പ്രൈസ്, അക്കാദമി പുരസ്‌കാരം, കേരളസാഹിത്യ അക്കാദമി ചെറുകഥാ അവാർഡ്, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2001-ൽ കേരളസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നല്കി ആദരിച്ചു. 2009 മെയ് 31-ന് അന്തരിച്ചു.
“എന്റെ ഞരമ്പുകളെ മെടഞ്ഞ് താറുമാറാക്കിയ ഇതിലെ കഥാപാത്രങ്ങള്‍ വായനക്കാര്‍ക്ക് വെറും നിഴലുകളായി അനുഭവപ്പെട്ടു. അതുകൊണ്ടാവാം ഞാന്‍ തളര്‍ന്ന് രോഗശയ്യയില്‍ വീണത്!”
മാധവിക്കുട്ടിയുടെ വണ്ടിക്കാളകൾ എന്ന നോവലിൽ നിന്നും ഉള്ള വരികൾ ആണ് ഇത്.
മാധവിക്കുട്ടിയുടെ ഏറ്റവും ഒടുവിലത്തെ നോവലായി അടയാളപ്പെടുത്തുന്നത് വണ്ടിക്കാളകൾ എന്ന നോവൽആണ്. വണ്ടിക്കാളകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭാരമെടുത്തു തളരുന്ന മനുഷ്യരെ തന്നെയാണ്.പ്രണയവും നഷ്ടപ്പെട്ട പ്രണയത്തിന്റെയുമൊക്കെ സൂചനകളും സങ്കടങ്ങളും പേറുന്ന നോവൽ ആണ് ഇത്.
സ്വന്തം ജീവിതവും സമയവും മറ്റു മനുഷ്യർക്കായി നൽകുന്ന പല ജോലികൾ ഉണ്ടെങ്കിലും , അതിലൊന്ന് ഡോക്ടർമാരുടേതാണ്.ആരോഗ്യവും കുടുംബവും അവരുടേതായ സമയവും കളഞ്ഞിട്ടാണ് മിക്കപ്പോഴും പല ഡോക്ടർമാർക്കും അവരുടെ രോഗികളെ സ്വീകരിക്കേണ്ടത്, അങ്ങനെ വരുമ്പോൾ വണ്ടിക്കാളകളായി പോകുന്ന ജീവിതത്തെ അവർ നോക്കി കാണുന്നത് ഏറ്റവും നിസ്സംഗമായിട്ടാണ്. ഡോക്ടർ സൂര്യനാരായണ റാവു മിടുക്കനായ ഡോക്ടറാണ്. പക്ഷേ ഭാര്യയുടെ പ്രണയം ഒരിക്കലും ലഭിക്കാത്ത ഹതഭാഗ്യൻ. വളരെ സാധാരണക്കാരിയായ ഒരു സ്ത്രീ എന്നതിനപ്പുറം ഭർത്താവിന്റെ പ്രഫഷനെയും സ്നേഹത്തെയും പലപ്പോഴും പരിഗണിക്കാൻ ആകാത്തവൾ, അവർ സാധാരണ ജീവിതം ജീവിച്ചു തീർക്കുന്നവളാണ്.
സാദിഖ് ആലിയുടെ പ്രണയം കാണുമ്പൊൾ സൂര്യനാരായണ റാവുവിനും തോന്നുന്നുണ്ട് പ്രണയം എത്ര സുന്ദരമാണെന്ന്.അനസൂയ എന്ന ഗായിക സാദിഖ് ആലിയുടെ കാമുകിയായതോടെ അവൾ ചെന്നെത്തി നിൽക്കുന്ന അവസ്ഥകൾ പലപ്പോഴും കാട്ടി തരുന്നത് മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ തന്നെയാണ്. ഭാര്യയും കുഞ്ഞുങ്ങളുമുള്ള സാദിഖ് ആലി ഡോക്ടറാണ്, പക്ഷേ എപ്പോഴും മുഖത്ത് പ്രസന്നതയുള്ളവൻ, ആ തേജസ്സിന്റെ പിന്നിൽ അനസൂയയുടെ പ്രണയമാണെന്ന് ലോകം മുഴുവൻ അറിയുകയും ചെയ്യാം. തന്റെ പ്രണയത്തെ ഒളിപ്പിച്ചു വയ്ക്കാൻ അയാൾ ശ്രമിക്കുന്നുമില്ല. പക്ഷേ ആശുപത്രിയിലെ മറ്റു പല ഡോക്ടർമാർക്കും എന്ന പോലെ അയാൾക്കും ലഭിക്കുന്ന ഭീഷണിക്കത്തുകൾ, മറ്റുള്ളവർ വായിച്ചത് ഒരു ഹിന്ദു സ്ത്രീയെ പ്രണയിച്ചതിന്റെ ബാക്കി പത്രമാണെന്നായിരുന്നു. സാദിഖ് ആലിയുടെ മതത്തിലേക്ക് മാറാനും അനസൂയ തയ്യാറായിരുന്നു. പക്ഷേ അയാൾ ഒരിക്കലും അവരെ സ്വന്തം മതത്തിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചില്ല.
എഴുത്തുകാരിയുടെ സ്വാതന്ത്ര്യമാണ് എഴുത്ത്.അവിടെ ചോദ്യങ്ങൾക്കോ അവരുടെ ജീവിതത്തിനോ പോലും പ്രസക്തിയില്ല. അനസൂയ എഴുത്തുകാരി തന്നെ അല്ലേ എന്ന് വായനക്കാർക്ക് സംശയം ഉണ്ടാകുന്നതു സ്വാഭാവികം.
ഒരുപാട് കഥകളുടെ കൂടാണ് വണ്ടിക്കാളകൾ. ഇതിൽ അനസൂയയുടെ കഥയുണ്ട്, സൂര്യനാരായണ റാവുവിന്റെയും മോഹിനിയുടെയും കഥയുണ്ട്, ചന്ദ്രിയുടെ വിങ്ങലുകളുണ്ട്, എന്ത് തന്നെയായാലും ഈ മൂന്നു ജീവിതങ്ങളുടെയും ഒടുവിൽ പ്രണയമെന്നത് നഷ്ടപ്പെടാൻ ഉള്ളതാണെന്ന് എഴുത്തുകാരി സ്ഥാപിക്കുന്നു.
സാദിഖ് ആലിക്കും അനസൂയയും പ്രേമസാഫല്യം നേടാതെ മലയും മഞ്ഞും തകര്‍ന്ന് അവരും മരിച്ചു. ആരുടേയും സ്വപ്‌നം സഫലീകരിക്കുന്നില്ല . മാധവിക്കുട്ടി വണ്ടിക്കാളകളെ കുറിച്ചെഴുതുന്നത് ഇവിടെ സ്വന്തം ജീവിതത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ടാണെന്നു വായനക്കാരന് തോന്നുക സ്വാഭാവികം.
മോഹിനിയുടെ സൗന്ദര്യം ഒരു അപകടത്തിൽ നഷ്ടപ്പെട്ടിട്ടും അവളുടെ ശരീരം പഴുത്തു ചീഞ്ഞിട്ടും അവൾക്ക് വേണ്ടി സൂര്യനാരായണ റാവു കാവലിരിക്കുന്നത് അവളോട് അയാൾക് പ്രണയം ഉണ്ടായിട്ട് തന്നെയാണ്.എന്നാൽ അയാളെ തട്ടി മാറ്റി അവളെയും കൊണ്ട് പോകുന്നവർക്ക് അവളോട് പ്രണയമല്ല, എങ്ങനെയെങ്കിലും ബാധ്യത തീർക്കുക എന്നതാണ്. ചന്ദ്രിയുടെ ജീവിതവും വ്യത്യസ്തമല്ല. നരേൻ അവളെ പ്രണയിച്ചിരുന്നപ്പോൾ അവൾ അവനെ അവഗണിച്ചിരുന്നു, എന്നാൽ മറ്റെല്ലാ വഴികളും അടഞ്ഞപ്പോൾ അവനെ തിരക്കി ഇറങ്ങി ചെന്ന അവൾക്ക് നരേനെ നഷ്ടപ്പെടുന്നു. വണ്ടിക്കാളകൾ നഷ്ടങ്ങളുടെ പുസ്തകമാണ്. പ്രണയ നഷ്ടങ്ങളുടെ തീവ്ര വേദനകൾ ഇതിൽ എല്ലാ കഥാപാത്രങ്ങളും അനുഭവിക്കുന്നുണ്ട്.
സ്ത്രീ മനസ്സുകളുടെ ആഴങ്ങളും സ്വപ്നങ്ങളും ചങ്കൂറ്റത്തോടെ എഴുതിയ എഴുത്തുകാരിയുടെ ഹൃദയം വണ്ടിക്കാളകളിൽ എത്തുമ്പോൾ ആശങ്കകളാലും നിരാശയിലും ഉഴലുന്നതു കാണാൻ സാധിക്കും.