ഈ ആഴ്ചയിലെ നമ്മുടെ താരം നമുക്കേവർക്കും പ്രിയങ്കരിയായ സരിതയാണ്.
ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 1959 ജനുവരി 5 നാണ് ‘അഭിലാഷ’ എന്ന സരിത ജനിച്ചത്. എൺപതുകളിലെ മുൻനിര നായികമാരിൽ സരിതയുടെ പേര് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും മലയാള സിനിമക്ക് നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച സരിതയെ അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല നമുക്ക്.
മലയാളം, കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിൽ തിളങ്ങി നിന്ന സരിത മിനി സ്ക്രീനിലും സജീവമായിരുന്നു അക്കാലത്ത്. ‘സെൽവി’ എന്ന തമിഴ്ഭാഷാ സീരിയൽ അവർക്ക് ഒരുപാട് ജനപ്രീതി നേടിക്കൊടുത്തു. അഭിനേത്രി മാത്രമായിരുന്നില്ല മികച്ചൊരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായിരുന്നു അവർ. അനവധി തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾക്ക് വേണ്ടി ഡബ്ബിങ് ചെയ്തിട്ടുണ്ട്.
പ്രശസ്ത നായികമാരായ സുഹാസിനി, നാദിയ മൊയ്തു, നഗ്മ, സുസ്മിതാസെൻ, രമ്യാകൃഷ്ണൻ, വിജയശാന്തി തുടങ്ങിയവർക്ക് വേണ്ടി ശബ്ദം നൽകിയിട്ടുണ്ട്. ബെസ്ററ് ഫീമെയ്ൽ ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള ‘Nandi’ അവാർഡും കരസ്തമാക്കി, ശബ്ദരംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സരിത, 1978 ൽ കെ. ബാലചന്ദറിന്റെ മറോ ചരിത്ര എന്ന സിനിമയിൽ കമൽ ഹസ്സന്റെ ജോഡിയായി ശ്രദ്ധേയമായ വേഷം ചെയ്തു.
അവാർഡുകൾ വാരിക്കൂട്ടുന്ന കാര്യത്തിലും സരിത മുൻനിരയിൽ തന്നെയായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ അഭിനയത്തിന് ആറ് സ്റ്റേറ്റ് അവാർഡുകളും, ആറ് ഫിലിംഫെയർ അവാർഡുകളും, ആറ് Nandi അവാർഡുകളും സ്വന്തമാക്കി.കൂടാതെ ‘അർജുൻ’ എന്ന തെലുങ്ക് സിനിമയിലെ മികച്ച അഭിനയത്തിന് സ്പെഷ്യൽ ജൂറി അവാർഡും ലഭിച്ചു.
മലയാളത്തിൽ കാതോട് കാതോരം, സന്ദർഭം, മുഹൂർത്തം 11:30 ന്, ഒരു കൊച്ചുകഥ ആരും പറയാത്ത കഥ, മിനിമോൾ വത്തിക്കാനിൽ തുടങ്ങിയ സിനിമകളിൽ ഉജ്ജ്വലകഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ മനസ്സിൽ ഇടം നേടി. മമ്മൂട്ടി-സരിത ജോഡി ഇന്നും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്.
പ്രശസ്ത നടൻ മുകേഷുമായുള്ള പ്രണയവിവാഹം 1988ലായിരുന്നു നടന്നത്. എന്നാൽ 2011 ആയപ്പോഴേക്കും അവർ വേർപ്പിരിഞ്ഞു. മുകേഷ് -സരിത ദമ്പതികൾക്ക് രണ്ട് കുട്ടികൾ. ശ്രാവണും തേജസ്സും. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കുറച്ചുകാലം ന്യൂസിലാൻഡിലായിരുന്നു സരിത. തുടർന്ന് ദുബായ് ൽ സ്ഥിരതാമസമാക്കി. ഇപ്പോൾ മകൻ ശ്രാവണിന്റെ കൂടെയാണ്. അച്ഛനമ്മമാരുടെ പാത പിൻതുടർന്ന് ശ്രാവണും, രാജേഷ് നായർ സംവിധാനം നിർവഹിച്ച ‘കല്യാണം’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. ഇനിയും കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ എന്നാശംസിക്കാം നമുക്ക്.