ആരും വിശുദ്ധന്മാരും വിശുദ്ധിമതികളും ആയി ജനിച്ചവരല്ല. ദൈവത്തെ പ്രതി വിശുദ്ധന്മാരും വിശുദ്ധിമതികളുമായി തീർന്നവരാണ് അവരെല്ലാവരും. നമുക്കുവേണ്ടി നിരന്തരം ദൈവസന്നിധിയിൽ പ്രാർത്ഥിക്കുന്ന വിശുദ്ധന്മാരുടെയും വിശുദ്ധിമതികളുടെയും പ്രാർത്ഥനകൾ നമ്മുടെ ജീവിതത്തിലെ ആവശ്യനേരങ്ങളിൽ സഹായകമായി മാറുമ്പോൾ നാം ചിന്തിച്ചിട്ടുണ്ടൊ.. അവരെങ്ങനെയാണ് വിശുദ്ധന്മാരും വിശുദ്ധിമതികളും ആയി തീർന്നത് എന്ന്….
അപ്രകാരം വിശുദ്ധ ജീവിതം നയിച്ച്, സ്വർഗ്ഗീയ മഹിമ പ്രാപിച്ച വിശുദ്ധന്മാരുടെയും വിശുദ്ധി മതികളുടെയും ജീവിതത്തിന്റെ ചരിത്രവഴികളിലൂടെ ഒരു സഞ്ചാരം നടത്തി, അവരുടെ ജീവിത മഹത്വങ്ങൾ വായനക്കാർക്കായി പരിചയപ്പെടുത്തുന്ന, ആത്മീകത നിറഞ്ഞ ഒരു മികച്ച തുടർ പരമ്പര ഇന്നുമുതൽ ആരംഭിക്കുന്നു.
ശ്രീ നൈനാൻ വാകത്താനം എഴുതുന്ന “മിശിഹായുടെ സ്നേഹിതർ”
പരിശുദ്ധ കന്യകമറിയം
************
ദൈവം തന്റെ പുത്രനു മാതാവായി തിരഞ്ഞെടുത്ത കളങ്കമറ്റ കന്യകയാണ് പരിശുദ്ധ മാതാവ്. ദാവീദ് രാജാവിന്റെ കുടുംബത്തിൽ യൊവാക്കീമിന്റെയും അന്നയുടെയും മകളായി ജനിച്ച മറിയം, വിശുദ്ധരിൽ ഏറ്റവും ശ്രേഷ്ഠയാണ്. കാൽവരിയിൽ കുരിശിൽ കിടന്നുകൊണ്ട് കഠോരപീഡകൾ സഹിച്ച് മരിക്കാൻ പോകുന്ന സമയത്താണ് ഈശോ തന്റെ മാതാവിനെ ലോകത്തിനു മുഴുവൻ അമ്മയായി നൽകിയത്. അങ്ങനെ ഭക്തിയുടെ ഉറവിടം കാൽവരിയിലെ കുരിശിൻചുവടാണെന്നു പറയാം.
ക്രിസ്തുമത വിശ്വാസപ്രകാരം യേശുവിന്റെ മാതാവാണ് മറിയം(മേരി). യൗസേപ്പിന്റെ ഭാര്യയായ മറിയത്തിന്റെ ഗർഭധാരണവും യേശുവിന്റെ ജനനവും ദൈവികമായ ഇടപെടലുകൾ വഴിയാണെന്ന് ക്രിസ്തുമതവിശ്വാസികൾ വിശ്വസിക്കുന്നു.
മറിയമിന്റെ മാതാപിതാക്കൾ യോവാക്കിമും ഹന്നയുമായിരുന്നു എന്നും ഗലീലയിലെ നസറത്ത് സ്വദേശിനിയും യൗസേപ്പ് എന്ന പുരുഷനുമായി വിവാഹനിശ്ചയം നടത്തപ്പെട്ട ഒരു കന്യകയുമായിരുന്നു മറിയം എന്നാണ് സുവിശേഷങ്ങളിൽ മറിയമിനെപ്പറ്റിയുള്ള ബൈബിളിലെ ആദ്യ പരാമർശങ്ങൾ.
“കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും, അവന് ദൈവം നമ്മോടു കൂടെ എന്നർത്ഥം വരുന്ന ഇമ്മാനുവേൽ എന്ന പേർ വിളിക്കണം” എന്നുള്ള യെശയ്യാവിന്റെ പ്രവചനവും മറിയം ഒരു മകനെ പ്രസവിക്കുമെന്നുമുള്ള ഗബ്രിയേൽ മാലാഖയുടെ അറിയിപ്പും സുവിശേഷങ്ങളിലുണ്ട്. പരിശുദ്ധാത്മ ഹേതുവായിരുന്നു മറിയയുടെ ഗർഭധാരണം എന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു. അതിനാൽ കന്യകാമറിയം എന്നറിയപ്പെടുന്നു.
ഉടലോടെ സ്വർഗത്തിൽ പ്രവേശിച്ച മാതാവാണ് കന്യാമറിയമെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. മണർകാട് പള്ളി, കുറുവിലങ്ങാട് പള്ളി, വല്ലാർപാടം പള്ളി, വേളാങ്കണ്ണി പള്ളി, തുടങ്ങിയവ കന്യാമറിയത്തിന് സമർപ്പിക്കപ്പെട്ട ഇന്ത്യയിലെ പ്രസിദ്ധമായ ക്രിസ്തീയ ദേവാലയങ്ങൾ ആണ്. വേളാങ്കണ്ണി മാതാവ് എന്ന പേരിൽ അറിയപ്പെടുന്നത് ഉണ്ണിയേശുവുമായി നിൽക്കുന്ന മറിയമാണ്.
മറിയത്തെ നിത്യകന്യകയായ ദൈവമാതാവായി കാണുന്നു, ദൈവകൃപയാൽ പ്രത്യേകമായ പ്രീതി ലഭിച്ചവളായി ഗണിക്കുകയും ചെയ്യുന്നു. ലോകജീവിതത്തിന്റെ പൂർത്തീകരണത്തിൽ മറിയം സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടതായും വിശ്വസിക്കുന്നു. പരിശുദ്ധ മാതാവ് ഗാഢനിദ്രയിൽ അകപ്പെട്ട ‘Place of Dormition’ സിയോൺ മലമുകളിലാണ്. മാതാവിന്റെ കബറിടവും അവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
ഒരു ശിശുവിനെപ്പോലെ വിശ്വാസത്തോടും ശരണത്തോടും കൂടെ ഏത് ആശ്യങ്ങളിലും നമുക്ക് മാതാവിനെ സമീപിക്കാം. പാപരഹിതമായ ജീവിതം നയിക്കാനും സാത്താന്റെ പരീക്ഷകളെ ജയിക്കാനും ദൈവമാതൃഭക്തി ഉത്തമസഹായമാണ്. ഈശോയെ കൂടുതൽ അറിയാനും സ്‌നേഹിക്കാനും യഥാർത്ഥ മരിയഭക്തി നമ്മെ സഹായിക്കും. ദൈവത്തിന്റെ തിരുവിഷ്ടം പൂർണ്ണമായി നിറവേറ്റുവാൻ ആത്മാർത്ഥമായി പരിശ്രമിച്ച് കർത്താവിന്റെ കല്ലറ വരെ അവിടുത്തെ അനുഗമിച്ചവളാണ് നമ്മുടെ അമ്മ. പിതാവിന്റെ ഇഷ്ടം നിറവേറ്റിയ ഈശോയെ സ്വജീവിതത്തിലൂടെ പ്രകാശിപ്പിച്ച പരിശുദ്ധ അമ്മ നമുക്ക് ഉത്തമ മാതൃകയാണ്.
“പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ” എന്ന് തുടങ്ങുന്ന പ്രാർത്ഥനകൾ ഇത് നമുക്ക് കൂടുതലായി വെളിവാക്കി തരുന്നു.
ഈശോയുമായി രക്തബന്ധം മറിയത്തിനാണുള്ളത്. ഈശോ ദൈവമാകയാല്‍ മറിയം ദൈവമാതാവാകുന്നു. ‘കര്‍ത്താവിന്റെ അമ്മ’ എന്ന വിശേഷണം അതിനാലാണ് എലിസബത്ത് പരി. മറിയത്തിന് നല്‍കുന്നത്. ലോകത്തില്‍ ഒരു മനുഷ്യനും നേടാനാവാത്ത പുണ്യവും വിശുദ്ധിയും സ്ഥാനവും നേടിയവളാണ് പരി. മറിയം. കോടിക്കണക്കിന് മനുഷ്യര്‍ അവളെ ഭാഗ്യവതിയെന്നും നന്മനിറഞ്ഞവളെന്നും ദിവസവും സ്തുതിക്കുന്നു. ഇത് മറിയമെന്ന കഥാപാത്രം എത്രത്തോളം ചരിത്രത്തില്‍ ഇടംനേടിയ വ്യക്തിയാണെന്ന് തെളിയിക്കുന്നു.