Wednesday, December 25, 2024
Homeസ്പെഷ്യൽകുറച്ചു വർങ്ങൾക്ക് മുമ്പ്.. ✍രജീഷ് രവീന്ദ്ര കമ്പല്ലൂർ

കുറച്ചു വർങ്ങൾക്ക് മുമ്പ്.. ✍രജീഷ് രവീന്ദ്ര കമ്പല്ലൂർ

രജീഷ് രവീന്ദ്ര കമ്പല്ലൂർ

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നും ഒരു അരമണിക്കൂർ യാത്ര ചെയ്താൽ പാടിച്ചാൽ(പാടിയോട്ടുചാൽ) എത്താം, ടൗണിൽ എത്തുന്നതിനു കുറച്ചു മുമ്പ് ഇടതുവശത്ത് ഉൾവശത്തേക്ക് ഒരു റോഡ്, അതിലൂടെ ഏകദേശം ഒരു മൂന്ന് കിലോമീറ്റർ യാത്ര ചെയ്താൽ ഒരു ചെറിയ ജംഗ്ഷനും. വിരലിലെണ്ണാവുന്ന കടകളുമുള്ള ചെറിയൊരു ടൗൺ “പൊന്നംവയൽ” ഓട് മേഞ്ഞ കുറച്ചു പഴക്കമുള്ളെരു കടയാണ് നമ്മുടെ മനീഷേട്ടന്റെ.. ഞാൻ ബൈക്ക് കടയുടെ ഒരു സൈഡിൽ ഒതുക്കിയിട്ട് ഒരു ചെറു ചിരിയും പാസ്സാക്കി കടയുടെ മുമ്പിലെ വരാന്തയിലെ ബെഞ്ചിൽ കേറി ഇരുന്നു.., മനീഷേട്ടൻ സാധങ്ങൾ എടുത്തു കൊടുക്കുന്ന തിരക്കിലായിരുന്നു., എന്നെ കണ്ടതും മനീഷേട്ടൻ ചോദിച്ചു “ന്തുണ്ട് രെജി”… ഞാൻ ഒന്നുമില്ല എന്ന മട്ടിൽ തലയാട്ടി അവിടെ കിടന്ന മനോരമ പത്രം എടുത്തു മറിച്ചു നോക്കി…

കുറച്ചു നേരം കഴിഞ്ഞപ്പോൾ കുറച്ചു പ്രായം തോന്നിക്കുന്ന ഒരു ചേച്ചി കുറച്ചു സാധങ്ങൾ വാങ്ങാൻ കടയിൽ വന്നു… ആവശ്യമുള്ള ഓരോ സാധനങ്ങളുടെ ലിസ്റ്റ് വായിക്കുന്നതിനിടയിൽ അവർ മനീഷേട്ടനോട് പറയുന്നത് ഞാൻ കൗതകത്തോടെ ശ്രദ്ധിച്ചു…

“യെടാ മനീഷേ ആ രാമകൃഷ്ണാട്ടന്റെ വീടിന്റെയടുത്തില്ലേ മുള പൂത്തിറ്റിണ്ടോലും നീ അറിഞ്ഞിനാ?”

“ഹേയ് ഇല്ലപ്പ ആരും പറയുന്ന കേട്ടിറ്റല്ലാ!!” മനീഷേട്ടന്റെ മറുപടി.

“പറ്റ പെണ്ണുങ്ങളെന്നെ അരി പറക്കാൻ വന്ന.” എന്നും പറഞ്ഞു അവർ സാധങ്ങളും വാങ്ങി പോയി.

“ങേ മുള പൂത്തെന്നാ!…എന്നാൽ അതൊന്നു കാണണല്ലാ!” എന്നു ഞാൻ മനീഷേട്ടനോട് പറഞ്ഞ് ബൈക്ക് സ്റ്റാർട്ട് ആക്കി. മനീഷേട്ടൻ അവിടെ അടുത്തുള്ള ഒരു പൈയ്യനെ കടയിൽ നിർത്തിയിട്ടു ബൈക്കിൽ കയറിയിരുന്നു. ഞങ്ങൾ നേരെ സംഭവ സ്ഥലത്തേക്ക്….

ഇക്കാലമത്രയും മുളമരങ്ങളെ അധികം ശ്രദ്ധിക്കാതെപോയ എന്റെ മുന്നിലിതാ കനൽ പോലെ കത്തുന്ന വെയിലിൽ കനകത്തിന്റെ ശോഭയിൽ ഒരു കല്യാണപെണ്ണായി അവ അണിഞ്ഞൊരുങ്ങി നിൽക്കുന്നു…. അടുത്തേക്ക് നീങ്ങുന്തോറും നെൽക്കതിരിന്റെ സ്വർണവർണത്തിൽ മുളമ്പൂക്കളുടെ മാറ്റ് കൂടിവരികയാണ്…. സ്വർണ്ണമണികളെന്നപോൽ അരിമണികൾ പെറുക്കിയെടുക്കുന്ന തിരക്കിലയിരുന്നു മങ്കമണികൾ,

ഞാനൊരു അരിമണിയെടുത്തു കടിച്ചു നോക്കി, കുറച്ചു മധുരിമ കൂടുതലാണെങ്കിലും അരി പോലെ തന്നെ…

“വിത്തു വിളഞ്ഞാല്‍ എല്ലാം കടയോടെ നശിക്കും, ആയുസ്സില്‍ ഒരിക്കലേ പുഷ്പിക്കൂ, മുപ്പതോ നാല്പതോ വര്‍ഷമെടുക്കും പൂക്കാൻ”
ഒരു അറുപതു കഴിഞ്ഞൊരു അമ്മൂമ്മ അവിടെയിരുന്നു പറയുന്നുത് ഞാൻ ശ്രദ്ധിച്ചു….

ജീവിതായുസ്സിന്റെ മുപ്പത്‌ സംവത്സരങ്ങൾക്ക് സമാപ്തിയെന്നോണം ഭൂമിയിലേക്ക് അന്നവും വിത്തും വാറിവിതറി തന്റെ കുഞ്ഞോമനകളെ ഒരുനോക്ക് കാണാൻ കഴിയാതെ നിസ്സഹായ മനസ്സുമായി പ്രാണൻ വിട്ടുപോകുന്നത് നോക്കി നിൽക്കാൻ വിധിക്കപ്പെട്ടവർ…..

ചെറിയൊരു സങ്കടം ഉള്ളിൽ എവിടെയോ ഒന്ന് വന്നു പോയ പോലെ തോന്നിയെനിക്ക്…… എത്രയോ നാളുകളായി ഞാൻ സ്ഥിരമായി കടന്നു പോകുന്ന വഴിവക്കിൽ നിന്നവൾ…. നാളെ മുതൽ വെറുമൊരു ഓർമയായി മാറാൻ പോവുകയാണ്…….

-രജീഷ് രവീന്ദ്ര കമ്പല്ലൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments