പ്രിയരേ,
ഞാൻ സുരേഷ് തെക്കീട്ടിൽ. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശിയാണ്.കഴിഞ്ഞ കുറേ വർഷങ്ങളായി എഴുത്തുരംഗത്തുണ്ട്. സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം എന്നീ മൂന്ന് കഥാസമാഹാരങ്ങളും “നിറഞ്ഞൊഴുകും നിള വീണ്ടും ” എന്ന കവിതാ സമാഹാരവും ” “പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും ” എന്ന ഓർമ്മക്കുറിപ്പുകളും “ബീ പ്രാക്ടിക്കൽ” എന്ന നോവലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “ബീ പ്രാക്ടിക്കൽ” എന്ന നോവൽ മലയാളി മനസ്സിൽ വരുന്നു. ഈ നല്ല അവസരം നൽകിയതിൽ അടുത്ത സുഹൃത്ത് പ്രഭാദിനേശിനോട് അക്ഷര സ്നേഹികളായ മറ്റ് പ്രിയപ്പെട്ടവരോട് എല്ലാം ഹൃദയ ഭാഷയിൽ നന്ദി പറയുന്നു. സ്നേഹവും സന്തോഷവും അറിയിക്കുന്നു.
ഈ നോവൽ ഇതൾ വിരിയുന്നത് ഞാൻ ജനിച്ചു വളർന്ന വള്ളുവനാടൻ ഗ്രാമ പശ്ചാതലത്തിലാണ്. പിന്നിട്ട അമ്പതു വർഷങ്ങളിലെ വള്ളുവനാടൻ ജീവിത ചിത്രങ്ങൾ പകർത്തി ഇഴമുറിയാത്ത സ്നേഹവും, അതിരുകളില്ലാത്ത വാത്സല്യവും, അതോടൊപ്പം അനാവശ്യ വാശികളും, പ്രകടമാക്കി സ്വയം തീർക്കുന്ന സംഘർഷങ്ങളിൽ ജീവിച്ച് ഒടുവിൽ എന്ത് നേടി എന്ന ചോദ്യത്തിനുത്തരം കിട്ടാതെ കടന്നു പോകുന്ന കഥാപാത്രങ്ങളിലൂടെ അവസാനമില്ലാതെ ആവർത്തിക്കപ്പെട്ടു കൊണ്ടേയിരിക്കുന്ന മനുഷ്യബന്ധങ്ങളുടെ കഥ പറയാൻ ഒരു ശ്രമം.
സ്നേഹാദരങ്ങളോടെ
സവിനയം
സുരേഷ് തെക്കീട്ടിൽ.
*************************************************************
“ബീ പ്രാക്ടിക്കൽ …”
അദ്ധ്യായം ഒന്ന്.
—————–
കാർ പോർച്ചിലേക്ക് കയറ്റി നിർത്തി ഇറങ്ങി വരുമ്പോൾ ഡോ:ശ്രീകുമാർ ഔട്ട്ഹൗസിലേക്ക് ശ്രദ്ധിച്ചു. ഏഴ് മണിയാകുന്നു. പതിവുപോലെ തന്നെ ജയയുടെ പരിശോധനാമുറിക്ക് മുന്നിൽ തിരക്കൊഴിഞ്ഞിട്ടില്ല. ഉച്ചതിരിഞ്ഞ് നാലരമണിയോടെയാണ് ജയ ആശുപത്രിയിൽ നിന്നെത്താറ്. വന്നയുടൻ മുഖമൊന്നു കഴുകി ഊൺമേശക്കരികിലേക്ക് ചെല്ലും.കൃത്യമായി ദേവകിയേടത്തി ഒരു കപ്പ് കാപ്പിയുമായെത്തും. അത് വാങ്ങി ഒന്നു ചിരിച്ച് സാവധാനം ആസ്വദിച്ച് കുടിക്കും. അധിക പക്ഷവും വസ്ത്രമൊന്നു മാറും. അഞ്ച് മണിയോടെ ഔട്ട് ഹൗസിലെ തന്റെ പരിശോധനാ മുറിയിലേക്ക്. ഏറ്റവും ചുരുങ്ങിയത് മുപ്പത് ടോക്കൺ ഉണ്ടാവും. ചില ദിവസങ്ങളിൽ അത് നാൽപ്പതോ അമ്പതോ വരെ നീളും. അതെല്ലാം കൃത്യമായി രാഘവേട്ടൻ നോക്കിക്കോളും. ആദ്യം വന്നവർക്ക് ആദ്യ ചീട്ട്. ആ പഴയ പട്ടാളക്കാരൻ ചിട്ട തെറ്റിക്കില്ല. മുമ്പേ ഫോൺ ചെയ്തു പറഞ്ഞാൽ അത് എഴുതിയിടും. അവർക്ക് ആ പരിഗണന ഉണ്ട്. അതും രാഘവേട്ടന്റെ കടമയാണ്.
കാലത്തും എട്ട് മണി മുതൽ ഒരു മണിക്കൂർ ജയ അത്യാവശ്യ രോഗികളെ കാണും. വരുന്നവരെ നിയന്ത്രിക്കാൻ രാഘവേട്ടൻ തന്നെ. ആറ് മണി എന്നൊരു സമയമുണ്ടെങ്കിൽ രാഘവേട്ടന്റെ പഴയ സ്കൂട്ടർ “ശ്രീജയ “എന്ന ഭവനത്തിന്റെ ഗെയ്റ്റ് കടന്നിരിക്കും. സ്കൂട്ടർ കാർഷെഡ്ഡിനരികിൽ ഒതുക്കി നിർത്തിയ ശേഷം വീടും പരിസരവും ഒന്ന് നിരീക്ഷിക്കും. പിന്നെ നേരെ അടുക്കളയുടെ ഭാഗത്തേക്ക് ചെല്ലുമ്പോഴേക്കും ദേവകിയേടത്തിയുടെ ചായ എത്തും. എല്ലാവരോടും അടുപ്പവും സ്നേഹവുമൊക്കെയാണെങ്കിലും ആരോടും അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല രാഘവേട്ടൻ .
ഇരട്ടി കടുപ്പത്തിലുണ്ടാക്കുന്ന ആ ചായ കുടിച്ച് ചെടികൾ നനയ്ക്കും .പിന്നെ ദേവകിയേടത്തി തയ്യാറാക്കി വെച്ച ഭക്ഷണം രണ്ട് വളർത്തു നായ്ക്കൾക്കും കൊടുക്കും. ശേഷം അവയ്ക്ക് ചില കൽപ്പനകൾ നൽകും. അങ്ങോട്ടും ഇങ്ങോട്ടും ചില സന്തോഷപ്രകടനങ്ങൾ നടത്തും. പിന്നെ സിറ്റൗട്ടിൽ കിടക്കുന്ന മാതൃഭൂമി പത്രം ഏതാണ്ട് മുഴുവനായി വായിക്കും. അവിടെ തന്നെ കിടക്കുന്ന ഹിന്ദു പത്രം എടുത്ത് ഗൗരവത്തോടെ ഒന്നു മറിച്ചു നോക്കും. തുടർന്ന് തന്റെ യഥാർത്ഥ ഡ്യൂട്ടിക്കുള്ള തയ്യാറെടുപ്പിനായി ഔട്ട് ഹൗസിലേക്ക് നീങ്ങും. ഒമ്പത് മണിക്ക് ജയ ആശുപത്രിയിലേക്ക് പോയാൽ പ്രഭാത ഭക്ഷണവും കഴിഞ്ഞ് രാഘവേട്ടനും വീട്ടിൽ പോവും. അതേ റോഡിൽ മൂന്നു കിലോമീറ്റർ അപ്പുറമാണ് വീട്. ഭാര്യയും അങ്ങേരും മകന്റെ ഭാര്യയും രണ്ട് കുട്ടികളുമാണ് വീട്ടിൽ.ജീവിതത്തിൽ കർശന അച്ചടക്കം പാലിക്കുന്ന ആ നല്ല മനുഷ്യനെ ഭാര്യയ്ക്ക് എന്നും സംശയമാണത്രേ.
കുടംബ കാര്യങ്ങളൊന്നും സാധാരണ ഗതിയിൽ ആരോടും പങ്കു വെക്കുന്ന സ്വഭാവക്കാരനല്ലെങ്കിലും ഒരിക്കൽ ശ്രീകുമാറിനോടു പറഞ്ഞു.
“ഒന്നും പറയണ്ട സാറേ എഴുപത്തിനാല് വയസ്സായി. ഈ പ്രായത്തിലും സ്വൈരം തരില്ല. എപ്പോഴും സംശയവും മുന വെച്ച് സംസാരവും.അതൊരു തലവിധി. ”
രാഘവേട്ടന് രണ്ട് മക്കളാണ്.മകൻ പട്ടാളത്തിലാണ് .മകളെ പട്ടാമ്പിയിലേക്ക് വിവാഹം ചെയ്തയച്ചിരിക്കുന്നു. രാവിലെ ഒമ്പത് മണി കഴിഞ്ഞ് പോയാൽ കൃത്യം മൂന്ന് മണിക്ക് ആ സ്കൂട്ടർ വീണ്ടും “ശ്രീജയ “യുടെ ഗെയ്റ്റ് കടക്കും.പിന്നെ മടക്കം ജയ രോഗികളെ പരിശോധിച്ച് കഴിഞ്ഞ ശേഷം .മിക്കവാറും രാത്രി ഒമ്പത് മണി കഴിഞ്ഞ്.
രാവിലെയായാലും വൈകീട്ടായാലും ജയ നടന്നു ചെല്ലുമ്പോഴേ രോഗികളും ബന്ധുക്കളും സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ച് എഴുന്നേറ്റു നിൽക്കും. രാഘവേട്ടൻ ടോക്കൺ വിളിക്കാൻ തയ്യാറായി ഭവ്യതയോടെയും നിൽക്കും.
ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് അകത്തേക്ക് കയറുമ്പോൾ ജയ എന്നും പറയും
“വിളിച്ചോളൂ രാഘവേട്ടാ ”
”ശരി മോളേ ”
എന്നായിരിക്കും മറുപടി.ആ മോളേ വിളി കേൾക്കാനാണോ ജയ എന്നും അത് പറയുന്നത്. ആയിക്കൂടെന്നില്ല.
നഗരത്തിലെ ഏറ്റവും പ്രശസ്തയായ ഗൈനക്കോളജിസ്റ്റാണ് ഡോ.ജയാ ശ്രീകുമാർ. ആദ്യത്തെ രോഗിയെ സ്വീകരിക്കുന്ന അതേ പ്രസന്ന ഭാവത്തോടെ തന്നെയാണ് അവസാന രോഗിയേയും സ്വീകരിക്കുക. അതു കൊണ്ടു തന്നെയാവണം രോഗികൾക്കും ബന്ധുക്കൾക്കും ജയമാഡം പ്രിയങ്കരിയാവുന്നത്. രോഗികൾക്ക് പറയാനുള്ളത് ശാന്തമായി കേൾക്കും.വിവരങ്ങൾ വിശദമായി ചോദിക്കും. മാത്രവുമല്ല പണത്തിന് യാതൊരു ആർത്തിയും കാണിക്കില്ല എന്നും വീട്ടിൽ നിശ്ചിത ഫീസിനു പോലും നിർബന്ധം പിടിക്കില്ല എന്നതും നിസ്സാര കാര്യമല്ലല്ലോ. പ്രത്യേകിച്ചും ഇക്കാലത്ത് . വേണ്ടാത്ത മരുന്നൊന്നും ജയ ഡോക്ടർ എഴുതില്ലെന്നും വരുന്നവർക്കറിയാം. ദേഷ്യപ്പെടുകയോ എടുത്തു ചാടുകയോ ഒന്നുമില്ല. തൊട്ടാൽ തന്നെ ആശ്വാസമാവും അതാണത്രേ ആ കൈപ്പുണ്യം. ഒരാളുേടേതല്ല പലരുടേതാണ് ഈ അഭിപ്രായം.
നിന്നു തിരിയാൻ സമയം കിട്ടാത്ത വിധമുള്ള ആ തിരക്കുകൾക്കിടയിലും വീട്ടിലെ എല്ലാ കാര്യങ്ങളിലും തൻ്റെ ശ്രദ്ധയെത്തണമെന്ന് ജയ ആഗ്രഹിച്ചിരുന്നു.അതിന് പരമാവധി ശ്രമിക്കാറുമുണ്ട്. ചില ഞായറാഴ്ച ദിവസങ്ങളിൽ സലിം മത്സ്യവുമായെത്തുമ്പോൾ സമയമുണ്ടാക്കി ജയയും ദേവകിയമ്മയോടൊപ്പം ചെല്ലും. മീൻ വെറുതെ നോക്കും .അഭിപ്രായം പറയും. തിരഞ്ഞെടുക്കാൻ കൂടും. സലീമിനോട് കുടുംബവിശേഷങ്ങൾ ചോദിക്കും. പ്രത്യേകിച്ച് സലീമിൻ്റെ ഇരട്ടക്കുട്ടികളെ കുറിച്ച്.ഒരിക്കൽ സംസാരത്തിനിടെ അവരെ സ്കൂളിൽ ചേർത്തു എന്ന് സലീം പറഞ്ഞ നേരം ജയ അത്ഭുതപ്പെട്ടു.
“ഈശ്വരാ സ്കൂളിൽ ചേർത്തോ ?കൊല്ലങ്ങൾ എത്ര വേഗാ പോണത്.സൽമയുമായി സലീം വന്നേർന്നത് ഇന്നലെയെന്ന പോലെ ”
“ഞങ്ങൾക്കെന്താ വന്നാൽ മതീലോ. വേറെ ചെലവൊന്നുമില്ലല്ലോ.. ഫീസായി ഒരു രൂപ വാങ്ങീട്ടില്ല മാഡം ൻ്റെ കയ്യീന്ന്.മാത്രല്ല കുറേ മരുന്നും, ടോണിക്കും ഒക്കെ ഫ്രീയായി തരികയും ചെയ്യും.രാഘവേട്ടനാണെങ്കില് ഞങ്ങളെ കണ്ടാൽ തൊട്ടടുത്ത ചാൻസിൽ അകത്തേക്ക് കയറ്റി വിടും. ചിട്ട കേമമാണെങ്കിലും എനിക്ക് പരിഗണനയുണ്ട്. സ്വയം സമാധാനത്തിനോ അതോ താൻ നീതി കേടൊന്നുമല്ല കാണിക്കുന്നത് എന്ന് മറ്റുള്ളവരെ ബോധിപ്പിക്കാനോ എന്തിനാണെന്നറിയില്ല നേരത്തേ എഴുതിയിട്ടവരാണ് എന്നൊക്കെ ഉറക്കെ പറയുന്നതും കേൾക്കാം. കണ്ടാൽ ചിരിക്കുകയോ ,ലോഹ്യം കാണിക്കുകയോ ഒന്നും ചെയ്യില്ലെങ്കിലും പട്ടാളം പാവം”
പറഞ്ഞ് സലീം ചിരിച്ചു.
താലോലങ്ങളേൽക്കാത്ത ബാല്യവും, ആഘോഷങ്ങളില്ലാത്ത കൗമാരവും, ലക്ഷ്യബോധമുള്ള യുവത്വവും, ഉത്തരവാദിത്വങ്ങളുടെ മദ്ധ്യാഹ്നവും പിന്നിട്ടയാളാണ് രാഘവൻ എന്ന പരുക്കൻ മനുഷ്യൻ. അയാൾ ഉള്ളിൻ്റെയുള്ളിൽ ഒളിപ്പിച്ചു വെച്ച ആർദ്രഭാവം സലീം തിരിച്ചറിഞ്ഞിരുന്നു എന്നതിലുള്ള സന്തോഷം ജയയുടെ മുഖത്ത് തെളിഞ്ഞു.
” ഒഴിവുള്ളപ്പോൾ കുട്ടികളെ കൊണ്ടു വരൂ. കാണാലോ.”
“കൊണ്ടു വരാം.”
പിന്നെ ജയ സലീമിൻ്റെ കച്ചവടത്തെ കുറിച്ച് ചോദിച്ചു. കുഴപ്പമില്ല എന്ന് സലീമും വലിയ ലാഭം കിട്ടുന്നതാ മീൻ കച്ചവടം എന്ന് ദേവകിയേടത്തിയും പറഞ്ഞത് ഒരേ സമയം.
“ആണോ ശ്രീയേട്ടൻ കേൾക്കണ്ട ദേവകിയേടത്യേ” എന്ന് പറഞ്ഞ് ജയ ഉറക്കെ ചിരിച്ചു.
മീൻ പൊതിഞ്ഞു ദേവകിയേടത്തിയുടെ കൈയ്യിൽ കൊടുത്ത് സ്നേഹത്തോടെ ചിരിച്ച് സലീം വാഹനത്തിൽ കയറി. പിന്നെ മറന്ന ഒരുകാര്യം പെട്ടന്ന് ഓർത്തതു പോലെ ഒരു മത്തി എടുത്ത്, അനുസരണയോടെ അവിടെ കാത്തു നിന്നിരുന്ന പുച്ചയ്ക്കിട്ടു കൊടുത്ത ശേഷം ഓടിച്ചു പോയി.
“ഹൊ ഇവൾ ഇവിടെ കാത്തുനിൽപ്പുണ്ടായിരുന്നോ? ശബ്ദം പോലുമുണ്ടാക്കാതെ ” എന്ന് ജയ.
“അവൾക്ക് കിട്ടാനുള്ളത് എന്തായാലും കിട്ടും പിന്നെന്തിനാ ബഹളം. അല്ലെങ്കിലും കുഞ്ഞിനെ കണ്ട് ശീലിക്കുന്നതല്ലേ ആർത്തി കുറവാകും .”
ദേവകിയേടത്തി ആ പറഞ്ഞതിനും ജയ ഒന്നു ചിരിച്ചു.
രാത്രി എട്ടര മണിയോടെ പരിശോധനയെല്ലാം കഴിഞ്ഞ് ഇറങ്ങി വരുമ്പോഴും ജയയുടെ മുഖത്ത് തളർച്ചയുണ്ടാവില്ല. എന്നു മാത്രമല്ല സ്ഥിരം തെളിയുന്ന ആ നേർത്ത പുഞ്ചിരിയുണ്ടാവുകയും ചെയ്യും. വീട്ടിലേക്ക് കയറിയാൽ “ശ്രീയേട്ടാ ” എന്നൊരു വിളി പിന്നെ നേരെ കുളിമുറിയിലേക്ക്.
“ജയേ നിനക്ക് ടോക്കണേ കൂടുന്നുള്ളൂട്ടൊ.” എന്ന് ശ്രീകുമാർ പല തവണ പറഞ്ഞിട്ടുണ്ട്. പണം ചോദിച്ചു വാങ്ങില്ല എന്നത് പോട്ടെ അയ്യപാവം വളരെ കൂടുതലാണ്. അതു കൊണ്ടു തന്നെ പലർക്കും ചികിത്സ സൗജന്യവുമാണ്. അത് ശ്രീകുമാറിനറിയാം. ചോദ്യം മനസ്സിലാക്കി കൊണ്ട് തന്നെ ജയയുടെ മറുപടി വരും. ചിരിച്ചു കൊണ്ടു തന്നെ .
“അതത്ര മതി. പകരം ഇവിടെ ഒരാള് കണക്ക് പറഞ്ഞ് വാങ്ങുന്നുണ്ടല്ലോ. കാണാൻ ഇത്ര ,നോക്കിയാൽ ഇത്ര , തൊട്ടാൽ ഇത്ര. പോരാത്തതിന് സ്ഥല കച്ചവടം, മെഡിക്കൽ ഷോപ്പ് ,ആർക്കാ ശ്രീയേട്ടാ ഇങ്ങനെ …… വേണ്ട എന്നെ കൊണ്ട് പറയിപ്പിക്കണ്ട.”
“ജയേ നീ വെറുതേ വാദിക്കരുത്. ബീ പ്രാക്ടിക്കൽ”
“അതാണ്.എന്താണ് ശ്രീയേട്ടൻ ആ വാക്ക് പറയാത്തത് എന്ന് കരുതി ഞാൻ. ഇത് എത്ര തവണ പറയും എത്ര പേരോട് പറയും ഒരുദിവസം.”
“അതിന് പ്രത്യേക കണക്കൊന്നും വെച്ചിട്ടില്ല.പറയേണ്ടി വരുമ്പോഴൊക്കെ പറയും പറയേണ്ടവരോടൊക്കെ പറയും “എന്ന് മറുപടി നൽകി ശ്രീകുമാറും തൻ്റെ വാദത്തിൽ ഉറച്ചു നിൽക്കും.
പറയുന്നത് ശരിയാണ്. ശ്രീകുമാർ വളരെ പ്രാക്ടിക്കലാണ്.പണത്തിന്റെ മൂല്യം നന്നായി അറിയുന്നവനും അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ആരോടും ഇല്ലാത്തവനുമാണ്. ജോലിയോടൊപ്പം ഒരു പാട് ബിസിനസ്സുകൾ കൊണ്ടു നടക്കുന്നവനുമാണ്. എന്നിട്ടും ധാരാളം സമയമുണ്ടുതാനും.ജയയെ പോലെയല്ല.
ജയ കുളികഴിഞ്ഞ് വന്നാൽ ഒന്നിച്ചിരുന്നാണ് എന്നും രാത്രി ഭക്ഷണം.അത് ജയയ്ക്ക് നിർബന്ധം.പിന്നെ ബാഗ്ലൂരിൽ പഠിക്കുന്ന മോളുമായി കുറച്ചു നേരം ഫോണിൽ. ഒഴിവുദിവസമാണെങ്കിൽ അച്ഛനെ ,അമ്മയെ കുടുംബക്കാരെ, കൂട്ടുകാരെ എല്ലാവരേയും വിളിക്കും .ലോഹ്യം പറയും.
ദിവസവും മകളോടുള്ള ചിരിയും കളിയും ഉപദേശവും കഴിഞ്ഞാൽ പിന്നെ എതെങ്കിലും ഒരു പുസ്തകവുമായി ഒരു അര മണിക്കൂർ.
“എന്താ ജയേ…. ഈ തിരക്കൊക്കെ കഴിഞ്ഞ് വീണ്ടും. നീ വന്നു
കിടക്ക് ” എന്ന് ശ്രീകുമാർ പറയാറുണ്ടായിരുന്നു പണ്ട്. ഇപ്പോൾ നിർത്തി.
“എന്റെ ശ്രീയേട്ടാ ഈ ഒരു അര മണിക്കൂറാണ് ഞാൻ ഞാനാകുന്നത്. ഒരു ദിവസത്തേക്കുള്ള ഊർജ്ജം എനിക്ക് ലഭിക്കുന്നത് “എന്ന മറുപടി കിട്ടും എന്നതിനാലാണ് നിർത്തിയത്. വായന കഴിഞ്ഞ് വരുന്നതുവരെ ശ്രീകുമാറും ഉറങ്ങാൻ പാടില്ല . അതും ജയയുടെ നിർബന്ധങ്ങളിലൊന്നാണ്.വായനയോട് വലിയ കമ്പമെന്നല്ല ഒട്ടും കമ്പമില്ലാത്തതിനാൽ അയാൾ ടി .വി കണ്ടിരിക്കും. കിടക്കും മുമ്പ് ജയയ്ക്ക് കുറച്ചു സംസാരിക്കണം. അത് ശ്രീകുമാർ ശ്രദ്ധയോടെ കേൾക്കണം മൂളണം മറുപടി പറയണം. വിഷയം അന്ന് വായിച്ച കവിതയാവാം, കഥയാവാം, കുടുംബ കാര്യങ്ങളാവാം, പുതുതായി ഇറങ്ങിയ സിനിമയെ കുറിച്ചാവാം, ചെറിയ തോതിലുള്ള
പരദൂഷണങ്ങളാവാം, ശ്രീകുമാറിന്റെ പണമുണ്ടാക്കാനുള്ള ആർത്തിയെ കുറിച്ചുള്ള കുറ്റപ്പെടുത്തലാവാം. ബന്ധങ്ങൾക്ക് വേണ്ടത്ര വില കൊടുക്കുന്നില്ല എന്ന പരാതിയാവാം. ചിലപ്പോൾ ശ്രീകുമാർ തിരിച്ച് പറയും .
“നീയാരായിട്ടെന്താ നിന്റെ സ്വഭാവം ഇപ്പോഴും …..”
അങ്ങനെ പറഞ്ഞാലും ജയയ്ക്ക് പരാതിയില്ല. ചിരിച്ച് ആ നെഞ്ചിലേക്ക് ചായും.
വീട്ടിൽ ജയയെ കാണാനെത്തുന്ന രോഗികൾക്ക് ശ്രീകുമാർ ടൗണിലെ പ്രശസ്തമായ ആശുപത്രിയിലെ പേരുകേട്ട ഡോക്ടറല്ല.എൻ.ആർ എന്ന പേരിൽ മെഡിക്കൽ ഫീൽഡിലാകെ അറിയപ്പെടുന്ന പ്രഗത്ഭ സർജനല്ല. മറിച്ച് ജയാ മാഡത്തിന്റെ ഭർത്താവാണ്. അവർ അത് പറയുന്നത് ശ്രീകുമാർ പലതവണ കേട്ടിട്ടുമുണ്ട്. വന്നിറങ്ങുന്ന സമയത്ത്. മാഡത്തിന്റെ ഭർത്താവാണ് അത് എന്നൊക്കെ.സത്യത്തിൽ അത് കേൾക്കുന്നത് ഡോ.ശ്രീകുമാറിനിഷ്ടമായിരുന്നു. ചിന്താഗതികളിൽ വ്യത്യസ്തനായിരുന്നെങ്കിലും, ജയയുടെ സ്വഭാവസവിശേഷതകളെ പരസ്യമായി അംഗീകരിക്കാൻ മടിയായിരുന്നെങ്കിലും അയാൾക്ക് ജയയെ അത്രമേൽ ഇഷ്ടമായിരുന്നു.
ശ്രീകുമാർ പതിയേ പൂമുഖത്തേക്ക് കയറി. പതിവുള്ള സന്തോഷം ആ മുഖത്ത് അന്നില്ലായിരുന്നു. ചായ കിട്ടുന്നതിനായി “ദേവകിയേടത്തീ “എന്ന- പതിവുള്ള വിളിയിലും ആ ഉന്മേഷക്കുറവ് പ്രതിഫലിച്ചു.