Friday, November 22, 2024
Homeലോകവാർത്തആറു കുഞ്ഞുങ്ങൾകൂടി വിശന്നു മരിച്ചു ; ഇസ്രയേലിനെതിരെ രോഷമിരമ്പുന്നു.

ആറു കുഞ്ഞുങ്ങൾകൂടി വിശന്നു മരിച്ചു ; ഇസ്രയേലിനെതിരെ രോഷമിരമ്പുന്നു.

ഗാസ സിറ്റി; വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഗാസയിൽ കുഞ്ഞുങ്ങൾ വിശന്ന്‌ മരിക്കുന്നു. ഗാസ സിറ്റിയിലെ കമൽ അദ്‌വാൻ ആശുപത്രിയിൽ പോഷകാഹാരക്കുറവും നിർജലീകരണവുംമൂലം തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന ആറ്‌ കുട്ടികൾകൂടി മരിച്ചു. ഇതോടെ ഗാസയിൽ പട്ടിണിമൂലം മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 15 ആയി. വെള്ളിയാഴ്‌ച കമൽ അദ്‌വാൻ ആശുപത്രിയിൽ ഏഴ്‌ കുഞ്ഞുങ്ങൾ മരിച്ചു. ഗാസയിലെ കുട്ടികൾ രൂക്ഷമായ പോഷകാഹാരക്കുറവ്‌ അനുഭവിക്കുന്നുണ്ടെന്നും ഉടൻ വെടിനിർത്തൽ വേണമെന്നും യുനിസെഫ്‌ ആവശ്യപ്പെട്ടു.

ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കുന്നതിന് ഇസ്രയേൽ തടസ്സം നിൽക്കുന്നതായി സിഎൻഎൻ റിപ്പോർട്ട്‌ ചെയ്യുന്നു. സഹായം കടത്തിവിടാൻ ഏകപക്ഷീയവും വൈരുധ്യവുമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. വേദനസംഹാരികൾ, അനസ്‌തേഷ്യ മെഷീനുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ, വാട്ടർ ഫിൽട്ടറേഷൻ സംവിധാനങ്ങൾ എന്നിവ കടത്തിവിടാൻ അനുവദിക്കുന്നില്ല. ഈത്തപ്പഴം, സ്ലീപ്പിങ്‌ ബാഗുകൾ, അർബുദ ചികിത്സയ്ക്കുള്ള മരുന്നുകൾ, ജലശുദ്ധീകരണ വസ്‌തുക്കൾ, പ്രസവവുമായി ബന്ധപ്പെട്ട്‌ അമ്മമാർ ഉപയോഗിക്കുന്ന വസ്‌തുക്കൾ എന്നവയും ഇസ്രയേൽ നിരസിക്കാറുണ്ടെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.
ദേയ്‌ർ അൽ ബലാ, റാഫ, ഖാൻ യൂനിസ്‌ മേഖലകളിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്‌. ഒമ്പതു കൂട്ടക്കൊലകളിലായി 90 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിലാകെ കൊല്ലപ്പെട്ടവരുടെ എണ്ണം 30,410 ആയി.

ഗാസയിൽ നടത്തുന്ന അതിക്രമത്തിനെതിരെ ഇസ്രയേലിനുള്ളിൽ പ്രതിഷേധം രൂക്ഷമാകുന്നു. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും ഗാസയിൽ നടത്തുന്ന ആക്രമണത്തിനുമെതിരെ ടെൽ അവീവിൽ നടന്ന പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ഇസ്രയേൽ ജർമനിയിലെ നാസികളെപ്പോലെ പെരുമാറുകയാണെന്ന്‌ പ്രതിഷേധക്കാർ പറഞ്ഞു. 1930കളിൽ ജർമനി ജൂതന്മാരോട്‌ ചെയ്‌തതാണ്‌ ഇസ്രയേൽ ഇപ്പോൾ പലസ്‌തീനോട്‌ ചെയ്യുന്നത്‌. ഇത്‌ അവസാനിപ്പിക്കാൻ ലോകം ഇടപെടണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഇസ്രയേലിന്‌ നൽകുന്ന സാമ്പത്തിക–-സൈനിക സഹായങ്ങൾ നിർത്തണം എന്നാവശ്യപ്പെട്ട്‌ അമേരിക്കയിലെ വാഷിങ്‌ടൺ, കലിഫോർണിയ, ലൊസ്‌ ആഞ്ചലസ്‌ തുടങ്ങിയ നഗരങ്ങൾ വലിയ പ്രകടനം നടന്നു. ഓസ്‌രേടലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും പലസ്‌തീന്‌ ഐക്യദാർഢ്യമായി പ്രകടനം നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments