പോയകാലത്തിൻ മൃദുസ്വനം
കേൾക്കുവാൻ
മാനസം കോരിത്തരിച്ചിടുമ്പോൾ
ഓർമ്മതൻ പഞ്ചാരിമേളം മുഴങ്ങുന്നു
താളലയത്തിൻ കുരവയോടെ.
ഗ്രാമവിശുദ്ധിതൻ ചന്ദനംചാലിച്ച
വീഥിയിലോർമ്മകൾ പൂത്തുനില്ക്കേ
കാലപ്രവാഹത്തിൻ
കണ്ണുനീർച്ചാലിലായ്
വീണുപിടയുന്നു നഷ്ടസ്വർഗ്ഗം….
കാളിമയാളും മനുഷ്യമനസ്സിലായ്
കാമക്രോധങ്ങൾ മുരണ്ടിടുമ്പോൾ
സ്നേഹവാത്സല്യത്തിൻ
പൂനിലാവൊക്കെയും
കാണാമറയത്തൊളിച്ചു നില്പൂ…
ഭൂമിയും സൂര്യനും താരാപഥങ്ങളും
താരാട്ടുപാടുന്ന മന്നിടത്തിൽ
മാനവ സംസ്ക്കാര മൂല്യച്യുതികൾതൻ
മാലിന്യമാകെ വമിച്ചിടുന്നു
രാമറനീക്കിയുണരും പ്രഭാതങ്ങൾ
വാഴ്ത്തുന്ന നന്മതൻ ശീലുമായി
രാഗപരാഗസുധാമൃതം തൂകുവാൻ
വീണ്ടുമണയുമോ നല്ലകാലം
പാവനമാർന്നൊരു കാലഘട്ടത്തിന്റെ
ദീപ്തസ്മരണതൻ മാറ്റൊലികൾ
കേളിയുണർത്തുമീ സുന്ദരഭൂവിലായ്
പാതയൊരുക്കിടാം പൂവിരിക്കാം..
ഓളമുയർത്തിയ സന്മാർഗ്ഗചിന്തുകൾ
വീണുമയങ്ങും വഴിത്താരയിൽ
ചേർന്നുനടക്കുവാൻ തോരണം
ചാർത്തുവാൻ
കൂടെയുണരാം ഒരുമയോടെ…