ഹരിയാനയില്‍ യുവ മോഡലിന്റെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവതിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ വിവാഹിതനായ കാമുകനെ ഹരിയാന പൊലീസിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(സിഐഎ) അറസ്റ്റ് ചെയ്തു.
ഇസ്രാന സ്വദേശിയായ സുനിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ സോനെപത്തിലായിരുന്നു സംഭവം. ഹരിയാനയിലെ സംഗീത വിഡിയോകളിലൂടെ പ്രശസ്തയായ മോഡൽ ശീതൾ (സിമ്മി ചൗധരി) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പാനിപ്പത്തിൽ സഹോദരി നേഹയ്‌ക്കൊപ്പമാണ് ശീകൾ താമസിച്ചിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. ജൂണ്‍ 14ന് അഹാർ ജില്ലയിൽ ഒരു ഷൂട്ടിങ്ങിനായി പോയതാണ് ശീതൾ. തിരിച്ചെത്താൻ വൈകിയപ്പോൾ സഹോദരി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്.
സഹോദരിയുടെ മൊഴി അനുസരിച്ച് ശീതളിന്റെ മുൻ കാമുകൻ സുനിൽ ശാരീരികമായി പീഡിപ്പിക്കുകയും ബലമായി കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് ജോലിസ്ഥലത്ത് നിന്ന് ശീതൾ തന്നെ വിളിച്ചിരുന്നു. അതിന് ശേഷം സഹോദരിയെ വിളിച്ചിട്ട് കിട്ടിയില്ലെന്നും അവർ പറഞ്ഞു.
പ്രതിയായ സുനില്‍ വിവാഹിതനാണെന്നും ശീതൾ ഇക്കാര്യം വളരെ വൈകിയാണ് അറിഞ്ഞതെന്നും പൊലീസ് പറയുന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.
യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി കാര്‍ കനാലിലേക്ക് തള്ളിയിട്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവം അപകടമരണമായി ചിത്രീകരിക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നും പൊലീസ് വ്യക്തമാക്കി.