കല്യാണമധുരത്തിന്റെ കണ്ണീരുപ്പ്
***************
എട്ടാംക്ലാസ്സിലെ ക്ലാസ് ടീച്ചറായിട്ടാണ് രാധാകൃഷ്ണൻ മാഷ് എന്റെ മുന്നിലെത്തുന്നത്.ഐച്ഛികവിഷയം ഫിസിക്സ് ആയിരുന്നുവെങ്കിലും ഞങ്ങളുടെ കണക്കുമാഷ് ആയിരുന്നു അദ്ദേഹം. UP section ൽ HM ആയിരുന്ന ശ്രീ നാരായണപ്പണിക്കർ മാഷുടെ ചൂരൽ പ്രയോഗവും പിച്ചലും കൊണ്ട് കണക്കിനെത്തന്നെ വെറുത്തുപോയ എന്നിലേക്ക് ഗണിതത്തിന്റെ രസകരമായ മാസ്മരികഭാവത്തിന്റെ ആകത്തുകയായി മാഷ് കടന്നുവന്നു. നാരായണൻ മാഷ് അയൽക്കാരനായിരുന്നു.. അച്ഛനെ നന്നായറിയുന്ന കുടുംബസുഹൃത്തും. അതുകൊണ്ടുതന്നെയായിരിക്കാം അദ്ദേഹത്തിന്റെ ശിക്ഷാവിധികൾക്ക് കാഠിന്യം കൂടിയത്.ഗണിതം എന്റെ മരത്തലയിൽ കയറ്റാനുള്ള ആവേശത്തിൽ അദ്ദേഹം രൗദ്രവേഷം ആടിയതാകാം. (ഇന്നു അദ്ദേഹം ജീവിച്ചിരിപ്പില്ല.) 16ഗുണം 3/4സമം എത്രയാണ് വാരസ്യാരേ.. എന്നു ചോദിച്ചു ശുഭ്രവസ്ത്രധാരിയും, തികഞ്ഞ ഗാന്ധിയനുമായ അദ്ദേഹം ക്ലാസ്സിലേക്കു കയറുമ്പോഴേ എന്റെ നല്ല ബോധം മറയും. പിന്നെ ചുമലിനുതാഴെ കൈയുടെ മാംസളമായ സ്ഥലത്ത് നഖമിറക്കി ഒരു തിരിക്കലുണ്ട്.. ഹെന്റെ ഭഗവാനേ.. സ്വർഗ്ഗം കാണും.. കണ്ണിൽ നിന്നു പൊന്നീച്ച പറക്കും.. ഉയരം ഒരടി കൂടും. കരച്ചിലിനിടയിൽ കേൾക്കുന്ന “തേവരെ ഒന്നുകൂടി നന്നായി തൊഴ് വരസ്യാരേ “എന്ന മാഷുടെ വായ്ത്താരി, ഗണിതത്തെ മനസ്സിലെ അജാതശത്രുവായി പ്രതിഷ്ഠിക്കാനും കാരണമായി.
ഭീതിദമായ ആ അവസ്ഥയിൽനിന്നാണ് എട്ടാം ക്‌ളാസ്സിലെ തെളിനിലാവുപോലുള്ള ഗണിതക്‌ളാസിലെത്തിയത്..സോദാഹരണം രാധാകൃഷ്ണൻമാഷ് വിശദീകരിക്കുന്ന പാഠങ്ങൾ ഗണിതത്തിന്റെ,ഇതുവരെ കാണാത്തൊരു പുതിയ ലോകത്തിലേക്കു ഞങ്ങളെ നയിച്ചു. പുഞ്ചിരിയോടെ സംശയനിവാരണം ചെയ്യുന്ന ക്ലാസ്ടീച്ചർ ഞങ്ങൾ കുട്ടികൾക്കു പ്രിയങ്കരനാകാൻ ഏറെനാൾ വേണ്ടിവന്നില്ല. ക്ലാസ് ടീച്ചർ ആയതിനാൽ ഒന്നാമത്തെ പിര്യേഡ്തന്നെ കണക്ക് ആണ്. പുതിയ ചിന്തകൾക്കും രസകരങ്ങളായ കഥകൾക്കും കാതോർത്തിരിക്കേ, ഒരു ദിവസം അദ്ദേഹം ക്ലാസ്സിൽ വന്നുപറഞ്ഞു ഇനി മൂന്നുനാലുനാള് കണക്ക് ഉണ്ടാവില്ല്യ ട്ടോ.. എന്റെ കല്യാണാണ്. ലീവ് ആവും. കുട്ടികൾക്കെല്ലാം കൗതുകം.. ക്ലാസ് ടീച്ചറുടെ സാന്നിദ്ധ്യം നഷ്ടപ്പെടുന്നതിന്റെ വേദനയേക്കാൾ, മാഷുടെ കല്യാണം എന്ന കൗതുകത്തിൽ അഭിരമിക്കാനായിരുന്നു ഞങ്ങൾക്കിഷ്ടം. പിറ്റേന്ന് മുതൽ ക്‌ളാസ്സിലെ കുട്ടികളുടെ ചർച്ചാവിഷയം മാഷുടെ കല്യാണമായി. പങ്കെടുക്കാൻ മോഹമുണ്ടെങ്കിലും ഞങ്ങൾക്കൊന്നും ക്ഷണമില്ല.. ആ, പോട്ടേ.. ആരെയെന്നുവച്ചാ ക്ഷണിക്ക്യാ? ഞങ്ങൾ സമാധാനിച്ചു.
അങ്ങനെ ആ ദിവസവുമെത്തി. കല്യാണനാളിൽ ഞങ്ങളെ കാത്തിരുന്നത് ഒരു വലിയ സർപ്രൈസ് ആണ്. വലിയൊരു പീസ് മൈസൂർ പാക്കും, നേന്ത്രപ്പഴത്തിന്റെ വലുപ്പമുള്ള ഓരോ നാട്ടുപൂവൻപഴവും, ഈരണ്ടു ബിസ്കറ്റും. സ്കൂളിലെ മൊത്തം കുട്ടികൾക്കും ഇതുകിട്ടി. പഴം ബാഗിൽവച്ചാൽ ചീത്തയാവില്ലേ? അതു അപ്പോഴേ അകത്താക്കി.നല്ല മഞ്ഞ നിറത്തിൽ പഴുത്തു പാകംവന്ന, വായിലിട്ടാൽ അലിഞ്ഞുപോകുന്ന പൂവൻപഴം. മൈസൂർപാക്കും ബിസ്കറ്റും നോട്ടുപുസ്തകത്തിന്റെ പേജിൽ ഭദ്രമായി പൊതിഞ്ഞു ബാഗിലിട്ടു. വൈകീട്ട്, വീട്ടിലെത്തി അമ്മയെ കാണിച്ചു.. “എനിക്കുവേണ്ടാ.. കുട്ടിക്കു കിട്ട്യേതല്ലേ? തിന്നോളൂ ട്ടോ.. മാഷുടെ നന്മക്കുവേണ്ടി പ്രാർത്ഥിച്ചു തിന്നൂ!”എന്ന് അമ്മയും. നാവിൽ നെയ്യിലലിയുന്നപഞ്ചസാരപ്പാവിന്റെ മധുരം!മാഷുടെ നന്മയ്ക്കു വേണ്ടി പ്രാർത്ഥിച്ചോ? അറിയില്ല..
ഉണ്ടാവാനിടയില്ല.. തീറ്റയ്ക്കായിരിക്കും പ്രാധാന്യം കൊടുത്തത്.. കുട്ടിയല്ലേ? ഇന്നത്തെപ്പോലെ പലഹാരങ്ങളൊന്നും അധികം കിട്ടാത്ത കാലവും!പിന്നെടെന്നും മാഷേ കാണുമ്പോൾ നാവിൽ ആ മൈസൂർപാക്കിന്റെ മധുരമാണ്!
കാലം എത്ര വേഗമാണോടുന്നത്.. അന്നത്തെ ആ കുട്ടി പഠിപ്പു കഴിഞ്ഞു, ജോലികിട്ടി, അടുത്തൂണും പറ്റിയിരിക്കുമ്പോഴും, പല വേദികളിലും സജീവസാന്നിദ്ധ്യമാവുന്ന മാഷ് എന്നും അത്ഭുതമാകുന്നു. ഇക്കഴിഞ്ഞ ഡിസംബർ 18നു ഞങ്ങളുടെ അടക്കാപുത്തൂർ സ്കൂളിൽ വച്ചുനടന്ന ശ്രീ. ഇന്ത്യനൂർ ഗോപിമാഷുടെ അനുസ്മരണയോഗത്തിലും അദ്ദേഹം നിറഞ്ഞുനിന്നു.
“ഒന്നര മണിക്കൂറോളം ഞങ്ങൾ വെറുതെ അതുമിതും സംസാരിച്ചുനിന്നു, വർത്തമാനത്തിനിടയിൽ മാഷ് ബസ് വന്നതുപോലും കണ്ടില്ല, ഓടിക്കയറുകയായിരുന്നു ”
എന്നു വേണ്വേട്ടന്റെ (ആങ്ങള) സാക്ഷ്യപ്പെടുത്തൽ..
യാത്രയ്ക്ക് മുമ്പേ എല്ലാം പറഞ്ഞു തീർക്കുകയായിരുന്നോ മാഷേ??
അദ്ദേഹത്തിന്റെ വിയോഗവാർത്തകേട്ടപ്പോൾ സങ്കടം പങ്കുവയ്ക്കാനായി ചെല്ലപ്പൻ മാഷെ വിളിച്ചു. (ഇന്ന് ചെല്ലപ്പൻ മാഷും ഭൂമിയിൽനിന്നും വിടപറഞ്ഞിരിക്കുന്നു) അദ്ദേഹത്തിനോടും എനിക്കു പറയാനുണ്ടായിരുന്നത് ഗണിതക്ളാസ്സുകളിലെ ഈ കഥാമധുരവും, കല്യാണമധുരവുമാണ്. അത്ഭുതം എന്നുപറയട്ടെ, ചെല്ലപ്പൻ മാഷും ആ ഓർമ്മയ്ക്ക് ആക്കം കൂട്ടി.
“ഗിരിജേ, മാഷുടെ കല്യാണം ണ്ടായത് രാത്രീലാണ്.. മണ്ണാർക്കാട്ടെ ആ പാടവരമ്പിലൂടെ കത്തിച്ച പെട്രോമാക്സുംപിടിച്ച് വരിവരിയായി ,ചീവീടിന്റെ ശബ്ദകോലാഹലങ്ങളുടെ പശ്ചാത്തലത്തിലെ ആ പോക്ക് മറക്കില്ല!ഒരു പെട്രോമാക്സ്, ദേ, എന്റെ ഈ തലയിലായിരുന്നു.”
ചെല്ലപ്പൻമാഷ് പറഞ്ഞുനിറുത്തി. എന്റെ നാവിലെ മൈസൂർപാക്കിന്റെ മധുരത്തിൽ കണ്ണീരുപ്പു കലരുമ്പോൾ രാധാകൃഷ്ണൻമാഷ് ഭാരതപ്പുഴയുടെ തീരത്തെ ആറടി മണ്ണിൽ ഉറങ്ങുന്നു!ഇനിയൊരിക്കലും ഉണരാത്ത ഉറക്കം.
നല്ലെഴുത്ത്
മനോഹരമായ് അവതരണം

രാധാകൃഷ്ണൻ മാഷ്
മനസ്സിൽ തങ്ങിനിൽക്കുന്ന വിധമുള്ള എഴുത്ത്….
മൈസൂർ പാക്ക് ഞാൻ ഭാവനയിൽ കണ്ടു. നല്ല എഴുത്ത്