Tuesday, July 15, 2025
Homeഅമേരിക്കചങ്ങമ്പുഴ എന്ന "കാല്‌പനിക വസന്തം" ✍️അഫ്സൽ ബഷീർ തൃക്കോമല

ചങ്ങമ്പുഴ എന്ന “കാല്‌പനിക വസന്തം” ✍️അഫ്സൽ ബഷീർ തൃക്കോമല

തെക്കേടത്തു വീട്ടിൽ രാമൻ മേനോന്റെയും ചങ്ങമ്പുഴ വീട്ടിൽ പാറുക്കുട്ടിയമ്മ യുടെയും മകനായി1911 ഒക്ടോബർ 10 ന് എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാള സാഹിത്യത്തിൽ ബി എ ഓണേഴ്സ് നേടി. ശ്രീദേവി ചങ്ങമ്പുഴയായിരുന്നു ഭാര്യ.മംഗളോദയം പത്രാധിപസമിതിയിൽ അംഗമായിരുന്നു.ആദ്യ കവിത” മംഗളം ” എന്ന പേരിൽ ‘പൗരസ്‌ത്യദൂതന്‍’ എന്ന മാസികയിൽ പ്രസിദ്ധീകരിച്ചു . തുടര്‍ന്ന്‌ മാതൃഭൂമി, മലയാളരാജ്യം ,ദ്വീപിക തുടങ്ങിയ പത്രമാസികകളിലെല്ലാം അദ്ദേഹത്തിന്റെ കവിതകൾ അച്ചടിച്ച് വന്നു .

ഹൈസ്‌കൂള്‍ പഠനകാലത്ത്‌ അധ്യാപകനായിരുന്ന അച്യുതവാര്യര്‍ ആണ് ചങ്ങമ്പുഴയുടെ സാഹിത്യജീവിതത്തില്‍ വഴിത്തിരിവായെത്തിയത് . പത്തു വയസ്സുള്ളപ്പോള്‍ പിതാവിനെ നഷ്ടപ്പെട്ടിരുന്ന അദ്ദേഹം യൗവ്വനാരംഭത്തില്‍ ദുശ്ശീലങ്ങളുടെ പിടിയില്‍ ചെന്നു പെട്ടിരുന്നു . ഇതു മനസിലാക്കിയ വാര്യര്‍സാര്‍ തന്റെ മഠത്തില്‍ അദ്ദേഹത്തിന് എഴുതുവാനും വായിക്കുവാനുമുള്ള സൗകര്യങ്ങള്‍ ചെയ്‌തു . പിന്നീട് ഗുരുവിന്റെ വീട്ടു പേരു ചേര്‍ത്ത്‌ ‘സാഹിതീ സദനം സി.കൃഷ്‌ണപിള്ള’ എന്ന പേരില്‍ മൂന്നുവർഷത്തോളം കവിതകളെഴുതി.

അദ്ദേഹം 17 മുതല്‍ 21 വയസ്സു വരെ രചിച്ച കവിതകള്‍ ‘ബാഷ്‌പാഞ്‌ജലി’ എന്ന പേരില്‍ 1934-ല്‍ പ്രസിദ്ധീകൃതമായി. ഇ.വി.കൃഷ്‌ണപിള്ളയുടെ അവതാരികയോടെയാണ്‌ അതു പുറത്തു വന്നത്‌. താരതമ്യേന ചെറു പ്രായത്തിലെഴുതിയ ഈ കവിതകൾ വായനക്കാരുടെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിച്ചു . സ്വന്തം കൃതി പഠിക്കുവാനുള്ള ഭാഗ്യം ലഭിച്ച വ്യക്തികൂടിയാണ് അദ്ദേഹം .പിന്നീട് 1935-ല്‍ ‘ഹേമന്തചന്ദ്രികയും’ ‘ആരാധകനും’ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ കവിതകള്‍ നിരൂപക ശ്രദ്ധ നേടുകയും വിമര്‍ശനങ്ങള്‍ അക്കാലത്തു പൊതു വേദികളിൽ ചർച്ചയായതുമാണ് ചങ്ങമ്പുഴയെ ജനകീയനാക്കിയത് .1936 ജൂലായ്‌ 7 ന്‌ സഹോദര തുല്യനുംസന്തത സഹചാരിയുമായ കവി ഇടപ്പള്ളി രാഘവന്‍ പിള്ള പ്രേമ നൈരാശ്യത്താൽ ആത്മഹത്യ ചെയ്‌തത്‌. ഈ സംഭവം കവിയില്‍ കനത്ത ആഘാതമാണുണ്ടാക്കി.

1936 ജൂലായ്‌ 20 ന്‌ മാതൃഭൂമി ആഴ്‌ചപതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘തകര്‍ന്ന മുരളി’ എന്ന കവിത ഇടപ്പള്ളിയുടെ വേര്‍പാട്‌ അദ്ദേഹത്തിൽ പടർന്ന വേദനയുടെ ആവിഷ്‌കാരമായിരുന്നു. പിന്നീട് ഇടപ്പള്ളിയുടെ ജീവിതത്തെയും മരണത്തെയും ആസ്പദമാക്കി അദ്ദേഹത്തിന്റെ (masterpiece)സാർവ്വത്രികവും സാർവ്വകാലീനവുമായ അമൂല്യ കലാസൃഷ്‌ടി’രമണന്‍’ എഴുതിയത് . മലയാളത്തിലെ ആദ്യത്തെ “ആരണ്യക നാടകീയ വിലാപ കാവ്യം” എന്നാണ് ‘രമണൻ’ അറിയപ്പെടുന്നത് .മലയാള സാഹിത്യ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ചിട്ടുള്ളതും ഏറ്റവും കൂടുതൽ പതിപ്പുകളിറങ്ങിയതും പ്രവാസികളുൾപ്പടെ ഇന്നും വാങ്ങി സൂക്ഷിക്കുന്നതും എന്നത് മറികടക്കാനാവാത്ത ചരിത്രം .കൂടാതെ ചലച്ചിത്രമായി മാറിയ അപൂർവം കവിത സമാഹാരം കൂടിയാണ് രമണൻ .1944-45 കാലഘട്ടത്തില്‍ എഴുതിയ രക്തപുഷ്പങ്ങള്‍, ബാഷ്പാഞ്ജലി, സ്വരരാഗസുധ, സ്​പന്ദിക്കുന്ന അസ്ഥിമാടം, പാടുന്ന പിശാച്, മണിവീണ, മദിരോത്സവം, ഹേമന്തചന്ദ്രിക, കളിത്തോഴി (നോവല്‍) തുടങ്ങി അമ്പത്തിയെട്ട് കൃതികള്‍ ചങ്ങമ്പുഴ രചിച്ചിട്ടുണ്ട്.

മലയാളത്തിലെ “ഓര്‍ഫ്യൂസ് “എന്നാണു അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത് .”മലരണിക്കാടുകൾ തിങ്ങിവിങ്ങി,
മരതകകാന്തിയിൽ മുങ്ങിമുങ്ങി,
കരളും മിഴിയും കവർന്നുമിന്നി
കറയറ്റൊരാലസൽ ഗ്രാമഭംഗി”എന്ന വരികളിലെ പ്രകൃതി വര്ണയും, “മലയാപ്പുലയനാ മാടത്തിൻമുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു” എന്ന് തുടങ്ങുന്ന “വാഴക്കുല “എന്ന കവിതയിൽ ജന്മി-കുടിയാൻ വ്യവസ്ഥയ്ക്കെതിരായ ശക്തമായ പ്രതികരണവും ഒക്കെ നിലനിൽക്കുന്പോഴും “കാല്പനികതയുടെ കവി” യാണ് ചങ്ങമ്പുഴ. എഴുതിയ കവിതകളിൽ അധികവും പ്രണയവും അതിന്റെ വൈകാരികതയും ,ത്യാഗവും, വഞ്ചനയുമെല്ലാം അദ്ദേഹം തുറന്നു കാട്ടുന്നുണ്ട് . അമിത മദ്യപാനവും വഴിവിട്ട ബന്ധങ്ങളും ഭദ്രമല്ലാത്ത കുടുംബ ജീവിതവും അന്ന് ഫലപ്രദമായ ചികിത്സ ലഭ്യമല്ലാതിരുന്ന ക്ഷയരോഗത്തിലാണ് അദ്ദേഹത്തെ കൊണ്ടെത്തിച്ചത് . ഈ കാലത്തും മനസ്വിനി, കാവ്യനര്‍ത്തകി, മയക്കം തുടങ്ങി ഒട്ടേറെ കവിതകള്‍ അദ്ദേഹം രചിച്ചു . ‘നീറുന്ന തീച്ചൂള’ എന്ന പേരിൽ സഹായിച്ചവരോടുള്ള നന്ദിപ്രകാശനമായി അവസാന രചന.

“എന്ത് വന്നാലുമെനിക്കാസ്വദിക്കണം മുന്തിരി ചാറുപോലുള്ള ജീവിതം ജീവിതം .ജീവിതം തേനിനെപോലെ .ജീവിതം ഹ ഹ കിതക്കുന്നു മന്മനം “.എന്നെഴുതിയ അദ്ദേഹം 1948 ജൂണ്‍ 17 ന്‌ മുപ്പത്തി ഏഴാം വയസിൽ ലോകത്തോട് വിട പറഞ്ഞു . “കാവ്യകന്യകയെ ബാധിച്ച ഗന്ധർവനായിരുന്നു” ചങ്ങമ്പുഴ .

” താരകങ്ങളുടെ തോഴന്‍” എന്ന്‌ വൈലൊപ്പിള്ളിയും “നക്ഷത്രങ്ങളുടെ പ്രേമഭാജനം” എന്ന്‌ എം. കെ. സാനുവും വിശേഷിപ്പിച്ചിട്ടുണ്ട്‌.”എതോ ശാപം പേറി ഭൂമിയില്‍ വന്ന ഗാനഗന്ധര്‍വനാണ്‌” ചങ്ങമ്പുഴ എന്ന്‌ വെണ്ണിക്കുളം ഗോപാലക്കുറൂപ്പും പറഞ്ഞത് എത്ര ശരിയാണ് .

“കപടലോകത്തിലാത്മാര്‍ത്ഥമായൊരു
ഹൃദയമുണ്ടായതാണെന്‍ പരാജയം”

✍️അഫ്സൽ ബഷീർ തൃക്കോമല .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ