Friday, December 27, 2024
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ (ഭാഗം.12) ' കുട്ടികളോടൊപ്പം '. ✍ സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ (ഭാഗം.12) ‘ കുട്ടികളോടൊപ്പം ‘. ✍ സജി ടി. പാലക്കാട്

സജി ടി. പാലക്കാട്

കുട്ടികളോടൊപ്പം..

ഇടവഴിയിൽ നിന്നും സദാനന്ദൻ മാഷ് പൊട്ടിപ്പൊളിഞ്ഞ ഒരു മെറ്റൽ റോഡിലേക്ക് കയറി . കുട്ടികളുടെ കലപില ശബ്ദം കേൾക്കുന്നുണ്ട് . ഉച്ചസമയത്തെ ഇടവേളയാണ്. ചില കുട്ടികൾ സ്കൂളിന്റെ പുല്ല് നിറഞ്ഞ മുറ്റത്ത് ഓടി കളിക്കുന്നുണ്ട്. ഒരു പഴയ ഓടിട്ട കെട്ടിടം .. മുറ്റത്തിന്റെ ഒരു വശത്ത് വേലി പോലെ എരിക്കിൻ ചെടികൾ കാണാം. സ്കൂളിന് ചുറ്റുമതിൽ ഇല്ല . കല്ലുകൾ ഇളകി കിടക്കുന്ന സ്റ്റെപ്പ് ചവിട്ടി സദാനന്ദൻ മാഷ് മുറ്റത്തേക്ക് കയറി.
കുട്ടികൾ മാഷിനെ സൂക്ഷിച്ച് നോക്കുന്നുണ്ട്. വെള്ളയിൽ കറുത്ത പുള്ളികളുള്ള ഉടുപ്പിട്ട ഒരു കുട്ടി മാഷിന്റെ അടുത്ത് വന്ന് തൊട്ടു നോക്കി; പിന്നെ ഒരു ചിരിയും… നിഷ്കളങ്കമായ ചിരി..

ഓഫീസ് എന്ന ബോർഡ് കണ്ട മുറിയിലേക്ക് സദാനന്ദൻ മാഷ് കയറി . വാതിലിന് അഭിമുഖമായി ഒരു മേശയും കസേരയും ഉണ്ട്. മേശവരി ഇല്ലാത്ത മേശപ്പുറത്ത് കുട്ടികളുടെ ഹാജർ പുസ്തകങ്ങൾ, രണ്ട് ബുക്ക് , രണ്ടുമൂന്ന് കഷണം ചോക്ക് എന്നിവ കാണാം. വലതുഭാഗത്തായി ഒരു ബെഞ്ച് കിടപ്പുണ്ട്. അതിനടുത്ത് രണ്ട് പഴയ കസേരയും ഉണ്ട്. രണ്ട് പുരുഷന്മാർ കസേരയിൽ ഇരിക്കുന്നുണ്ട്. അധ്യാപകർ ആവണം. സദാനന്ദൻ മാഷ് അവരെ നോക്കി ഒന്ന് ചിരിച്ചു . അവർ തിരിച്ചും ഒരു ചിരി സമ്മാനിച്ചു.

ഹെഡ്മാസ്റ്റർ..,?

സദാനന്ദൻ മാഷ് അവരോട് ചോദിച്ചു.

ഇത് കേട്ടപ്പോൾ രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു.

‘എന്താ കാര്യം..?’
മെലിഞ്ഞ ആൾ ചോദിച്ചു.

‘ ഞാൻ ജോയിൻ ചെയ്യാൻ വന്നതാണ് ..’

‘എവിടെ ഓർഡർ ?’

മാഷ് ബാഗിൽ നിന്നും അപ്പോയിൻമെന്റ് ഓർഡർ എടുത്ത് കൊടുത്തു.
കസേരയിൽ ഇരുന്ന മെലിഞ്ഞ ആൾ ഓർഡർ വാങ്ങി വായിച്ചു നോക്കി . പെട്ടെന്ന് തന്നെ മേശവലിപ്പ് തുറന്ന് നീളമുള്ള ഒരു ബുക്ക് എടുത്തു കൊണ്ട് പറഞ്ഞു

‘ഇതിൽ ഒപ്പിട്ടോളൂ..’

സദാനന്ദൻ മാഷ് പേന എടുത്ത് രജിസ്റ്ററിൽ ഒപ്പുവച്ചു.

‘എന്റെ പേര് ജോസ് ….. ചെർപ്പുളശ്ശേരിയിലാണ് വീട്.
ഇത് സോമൻ മാഷ് ,. പട്ടാമ്പിക്കാരനാണ്. ഞങ്ങൾ രണ്ടുപേരും മാത്രമേ ഇപ്പോൾ ഇവിടെ ഉള്ളൂ .
ഹെഡ്മാസ്റ്റർ ലീവിലാണ്.’

‘വരൂ ബാഗ് ഒക്കെ ക്വാർട്ടേഴ്സിൽ കൊണ്ടു വെച്ചിട്ട് വരാം.. ഭക്ഷണവും കഴിക്കേണ്ട..?
സോമൻ മാഷ് പറഞ്ഞു.

മൂന്നുപേരും മുറ്റത്തോട് ചേർന്ന് പെയിൻറ് അടിക്കാത്തതും നീളത്തിലുള്ളതുമായ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് നടന്നു. വലതുഭാഗത്തെ വാതിൽ തുറന്ന് അവർ അകത്തു കയറി.

ആ കെട്ടിടത്തിൽ രണ്ട് കുടുംബത്തിന് താമസിക്കാം.
ഒരു മുറിയും അടുക്കളയും ഉൾപ്പെടുന്നതാണ് ഒരു ഭാഗം.
മുകൾ വശത്ത് ഭിത്തിയിലുള്ള സിമന്റ് അലമാരയിൽ ബാഗ് വെച്ചു.
സദാനന്ദൻ മാഷ് ജനൽ തുറക്കുന്നതിന് വേണ്ടി ശ്രമിച്ചു.
മരപ്പലകൾ കൊണ്ട് നിർമ്മിച്ച ജനൽ . പണിതതിൽ പിന്നെ പെയിൻറ് അടിച്ചിട്ട് ഇല്ല…!

‘മാഷേ അതൊന്നും തുറക്കാൻ പറ്റില്ല, അഥവാ തുറന്നാൽ അടയ്ക്കാനും പറ്റില്ല.’

ജോസ് മാഷ് പറഞ്ഞു.

‘വരൂ മാഷേ നമുക്ക് കഞ്ഞി കുടിക്കാം …’

അടുക്കളയിൽ നിന്ന് സോമൻ മാഷ് വിളിച്ചുപറഞ്ഞു.
അടുക്കളയിലെത്തിയ സദാനന്ദൻ മാഷ് പിൻവശത്തുള്ള വാതിലിലൂടെ പുറത്തേക്ക് നോക്കി. ക്വാർട്ടേഴ്സിന്റെ പിൻവശം മുഴുവൻ
കാടുപിടിച്ചു കിടക്കുന്നു. ഒരാന നിന്നാൽ പോലും കാണില്ല.

‘കഴിക്കു മാഷേ…’

കഞ്ഞിയും പയറും ഒരു പ്ലേറ്റിൽ വെച്ചു നീട്ടിക്കൊണ്ട് സോമൻ മാഷ് പറഞ്ഞു.
അടുക്കളയിലെ സ്ലാബിന്റെ മുകളിൽ ഇരുന്ന് ജോസ മാഷ് കഞ്ഞി കുടിക്കാൻ തുടങ്ങിയിരുന്നു.
തറയിൽ ഒരു കാർഡ്ബോർഡ് കഷണം ഇട്ട് സോമൻ മാഷും സദാനന്ദൻ മാഷും കഞ്ഞി കുടിക്കാനായി ഇരുന്നു.
അപ്പോഴാണ് കോട്ടേഴ്സിന്റെ മുന്നിൽ നിന്നും ഒരു കുട്ടിയുടെ കരച്ചിൽ കേട്ടത് .’മാഷേ ….’
എന്നുള്ള വിളിയും.
കഞ്ഞി കുടിക്കാതെ സോമൻ മാഷ് വേഗം പുറത്തേക്കിറങ്ങി.
രണ്ടാം ക്ലാസിലെ ഒരു കുട്ടിയുടെ കാൽമുട്ടിലൂടെ രക്തം ഒഴുകുന്നു.

‘എന്തു പറ്റിയെടാ…?’

‘അത് അവൻ ബെഞ്ചിൽ തടഞ്ഞു വീണതാ….’

മറ്റൊരു കുട്ടി പറഞ്ഞു.
സോമൻ മാഷ് സ്കൂൾ അടുക്കളയിൽ പോയി കുറച്ച് വെള്ളം എടുത്ത് കുട്ടിയുടെ കാൽമുട്ട് കഴുകി. ഓഫീസിലെത്തി ഡെറ്റോൾ എടുത്ത് തുടച്ചു മരുന്ന് വെച്ച് കെട്ടി.
ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ കൊടുത്തു.

‘കുറച്ചുനേരം ഈ ബെഞ്ചിൽ കിടക്കുട്ടോ….’

കുട്ടിയെ ബെഞ്ചിൽ കിടത്തിയിട്ട് സോമൻ മാഷ് കോർട്ടേഴ്സിലേക്ക് നടന്നു.

‘എന്താപ്പം ചെയ്യ്ക?
എത്ര പറഞ്ഞാലും കുട്ടികൾ ക്ലാസ്സിൽ ഓടിക്കളിച്ചു കൊണ്ടേയിരിക്കും .. ഒരുത്തൻ ഓടി വീണു കാലിൽ ചോരയും ഒലിപ്പിച്ചു കൊണ്ട് വന്നിരിക്കുന്നു…’

ക്വാർട്ടേഴ്സി ലെത്തിയ സോമൻ മാഷ് പറഞ്ഞു.

‘കൂടുതൽ മുറിവ് ഒന്നുമില്ലല്ലോ ..?സദാനന്ദൻ മാഷ് ചോദിച്ചു.

‘ഏയ് കുറച്ച് ചിരകിയിട്ടുണ്ട്. മരുന്ന് വച്ചു കൊടുത്തു..’

ആഹാരം കഴിച്ചതിനുശേഷം മൂന്നുപേരും കൂടി ഓഫീസ് മുറിയിൽ എത്തി .

‘എങ്ങനെയുണ്ട് മോനെ വേദനിക്കുന്നുണ്ടോ..?

സദാനന്ദൻ മാഷ് ചോദിച്ചു.
അവൻ ഒന്നു ചിരിച്ചു..
എങ്കിലും കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

‘സാരല്ല ട്ടോ, വേഗം മാറും.. ‘

അവൻ്റെ തലമുടിയിൽ തഴുകി കൊണ്ട് മാഷ് പറഞ്ഞു.
ഓഫീസ് മുറിയുടെ മധ്യഭാഗത്തായി ഒരു തട്ടിക വെച്ചിട്ടുണ്ട് . സദാനന്ദൻ മാഷ് അവിടേക്ക് ഒന്ന് എത്തി നോക്കി. അരി ചാക്കുകൾ അട്ടിയിട്ട് വെച്ചിരിക്കുന്നു. മുറിയുടെ മൂലയ്ക്കായി ഒരു മരത്തിന്റെ പെട്ടിയും ഉണ്ട്.

ഒരു അധ്യാപകൻ പോയി ബെൽ അടിച്ചു. കുട്ടികൾ ക്ലാസിൽ ഓടിക്കയറി.
അപ്പോഴേക്കും ഉയരം കുറഞ്ഞ ഏതാണ്ട് മുപ്പതു വയസ്സ് പ്രായമുള്ള ഒരാൾ കഴുകിയ പാത്രങ്ങളുമായി ഓഫീസ് മുറിയിലേക്ക് വന്നു. .

ഇത് ‘സീങ്കൻ’ കഞ്ഞി വയ്ക്കുന്ന ആളാ..

‘പുതിയ സാർ ആണല്ലേ…?’

പല്ലു കാട്ടി
വെളുക്കനെ ചിരിച്ചുകൊണ്ട് സീങ്കൻ ചോദിച്ചു .

‘എവിടെയാ നാട് ?

സദാനന്ദൻ മാഷ് നാടിൻ്റെ പേര് പറഞ്ഞു കൊടുത്തു.

‘ഓ! തെക്കനാണ് അല്ലേ.. ? ‘

ആ വർത്തമാനത്തിൽ ഒരു പരിഹാസം അടങ്ങിയിരിക്കുന്നതായി തോന്നി. അതോ തോന്നിയതോ?

‘മാഷ് രണ്ടാം ക്ലാസിലേക്ക് ചെല്ലുട്ടോ …’

ജോസ് മാഷാണ് പറഞ്ഞത്.

സദാനന്ദൻ മാഷ് രണ്ടാം ക്ലാസിലെ പുസ്തകവും ഒരു കഷണം ചോക്കുമായി ക്ലാസിൽ എത്തി .
ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഒരേ ഹാളിലാണ് പ്രവർത്തിക്കുന്നത്. തട്ടിക കൊണ്ട് പോലും ക്ലാസുകൾ തിരിച്ചില്ല.
ഓഫീസ് മുറിയോട് ചേർന്ന് രണ്ടാം ക്ലാസാണ്. അതിനടുത്ത് ഒന്നാം ക്ലാസ് . പിന്നെ മൂന്ന് , നാല് ക്ലാസുകളും ..

എല്ലാ കുട്ടികൾക്കും സ്കൂളിലെ എല്ലാവരെയും കാണാവുന്ന അവസ്ഥ!
ഒരു ക്ലാസ്സിൽ അധ്യാപകൻ പഠിപ്പിക്കുന്നത് എല്ലാ ക്ലാസിലും കേൾക്കാം.

എങ്ങനെ ഇവരെ പഠിപ്പിക്കും?
സദാനന്ദൻ മാഷ് ക്ലാസിൽ കണ്ട ഒരു സ്റ്റൂളിൽ ഇരുന്നു.
മരം കൊണ്ട് പണിത ഒരുപഴയ മേശയും ക്ലാസിൽ ഉണ്ട്.
നാല് ബെഞ്ചുകളിലായി കുട്ടികൾ ഇരിക്കുന്നു.

സദാനന്ദൻ മാഷ് ക്ലാസ് മൊത്തം ഒന്ന് വീക്ഷിച്ചു .
ക്ലാസ്സിൽ ഇരുപതോളം കുട്ടികളുണ്ട്. ആൺകുട്ടികളുടെ തലമുടി വല്ലാതെ വളർന്നിരിക്കുന്നു. തലയിൽ എണ്ണ വെച്ച ലക്ഷണമൊന്നും ഇല്ല. പെൺകുട്ടികൾ ആണെങ്കിൽ
ആരും മുടി ചീകി കെട്ടിയിട്ടില്ല. ..
പഴകിയതും കീറയതുമായ വസ്ത്രം ധരിച്ച കുട്ടികളുമുണ്ട്.

‘സാർ… പേർ എന്നാ..?

തമിഴ് മലയാളം കലർന്ന ഭാഷയിൽ ഒരു കുട്ടി ചോദിച്ചു.
മാഷ് പേര് പറഞ്ഞു.
സദാനന്ദൻ മാഷ് മേശപ്പുറത്തിരുന്നു ഹാജർ പുസ്തകം നോക്കി. നാൽപ്പത്തിരണ്ട് കുട്ടികൾ ഹാജർ പുസ്തകത്തിലുണ്ട്.
ക്ലാസ്സിലാണെങ്കിൽ ഇരുപതിൽ താഴെ മാത്രം.

‘ ബാക്കിയുള്ളവർ എവിടെ?..’

ചോദ്യം കേട്ട് കുട്ടികൾ കൂട്ടത്തോടെ ചിരിച്ചു.
എന്തിനാ അവർ ചിരിച്ചതെന്ന് മാഷിന് മനസ്സിലായില്ല.
താൻ എന്താണ് ചോദിച്ചതെന്ന് കുട്ടികൾക്ക് മനസ്സിലായില്ലേ .?
വീണ്ടും ഉറക്കെ ചോദ്യം ആവർത്തിച്ചു.
അപ്പോഴും കുട്ടികൾ ചിരിച്ചു.

‘അവാങ്കള് കാട്ടിലാ ..’

ഒരു കുട്ടി ബഞ്ചിൽ ഇരുന്നു കൊണ്ട് പറഞ്ഞു.

‘കാട്ടിലോ?..’

അതെ എന്ന അർത്ഥത്തിൽ അവർ തലയാട്ടി.

‘അവിടെ എന്തിനു പോയി ..?’
അവർക്ക് പഠിക്കേണ്ട?’

‘ചിലര് ആട് മേയ്ക്കാൻ പോയി. ചിലര് തേനെടുക്കുന്നവരുടെ കൂടെ പോയി, ‘ എന്നാണ് കുട്ടികൾ പറഞ്ഞതെന്ന് മാഷ് ഊഹിച്ചു.

‘എല്ലാവർക്കും കഥ ഇഷ്ടമാണോ? ‘

കുട്ടികൾ തലയാട്ടി .

‘എന്നാൽ മാഷ് ഒരു കഥ പറയട്ടെ?

അപ്പോഴും അവർ തലയാട്ടി.

ഒരിടത്ത് ഒരിടത്ത് ഒരു രാജാവ് ഉണ്ടായിരുന്നു . ആ രാജാവിന് നാലു മക്കൾ ഉണ്ടായിരുന്നു …..
മാഷ് കഥ പറഞ്ഞു തുടങ്ങി .
കുട്ടികൾ മിണ്ടാതെ കഥ കേട്ടിരുന്നു.

‘എന്നിട്ട് എന്താണ് ഉണ്ടായത്?… രാജാവിൻറെ ഇളയ മകന് എന്ത് സംഭവിച്ചു?

ആരും ഒന്നും മിണ്ടിയില്ല…
എന്താണ് താൻ ചോദിച്ചിട്ടും അവർ ഒന്നും മിണ്ടാത്തത്?
സദാനന്ദൻ മാഷ് വിയർക്കാൻ തുടങ്ങി….

‘എല്ലാവർക്കും കവിത ഇഷ്ടമാണോ…?’

കുട്ടികൾ തലയാട്ടി..

മാഷ് ഒരു കവിത ഈണത്തിൽ ചൊല്ലി . അപ്പോഴും കുട്ടികൾ ഒന്നും മനസ്സിലാകാത്ത പോലെ അന്തം വിട്ടിരുന്നു .

‘ഞാൻ പാടുന്നതിന്റെ കൂടെ പാടാമോ?

‘ഓ….’ എന്ന് പറഞ്ഞതല്ലാതെ കുട്ടികൾ ഒരക്ഷരം മിണ്ടിയില്ല.

മാഷ് വിയർത്തു കുളിച്ചു. ഇനി എന്ത് ചെയ്യും ?
എങ്ങനെ ഇവരെ പഠിപ്പിക്കും?
താടക്ക് കയ്യും കൊടുത്ത് മാഷ് മരത്തിന്റെ സ്റ്റൂളിൽ ഇരുന്നു.

(തുടരും….)

✍ സജി ടി. പാലക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments