ഇന്ത്യയുടെ ചരിത്രതാളുകളിൽ സ്ഥാനം പിടിച്ച മഹത് വ്യക്തിത്വം ഡോ.രാജേന്ദ്രപ്രസാദ്. രാഷ്ട്രീയ പ്രവർത്തകനായും അഭിഭാഷകനായും സ്വാതന്ത്ര സമര സേനാനിയായും സേവനമനുഷ്ടിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്. ബീഹാർ ഗാന്ധി എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നു.
മഹാദേവ് സഹായിന്റേയും, കമലേശ്വരി ദേവിയുടേയും മകനായി ബീഹാറിലെ സിവാൻ ജില്ലയിലെ സെരാദെയ് എന്ന സ്ഥലത്ത് ഡിസംബർ 3 നായിരുന്നു ജനനം.നന്നേ ചെറുപ്പത്തിൽ തന്നെ നിരവധി ഭാഷകളിൽ പ്രാവിണ്യം നേടി. തന്റെ പന്ത്രണ്ടാം വയസിൽ രാജവൻഷി ദേവിയെ വിവാഹം കഴിച്ചു. അതിനു ശേഷം ഉന്നത പഠനത്തിനായി പാട്നയിലേക്ക് പോയി.പിന്നീട് കൽക്കട്ട സർവ്വകലാശാലയിൽ സ്കോളർഷിപ്പോടെ പoനം ആരംഭിച്ചു.
ഉപരിപഠനത്തിനു ശേഷം ബീഹാറിലെ എൽ.എസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.കുറച്ചു നാളുകൾക്കു ശേഷം നിയമ പoനത്തിനായ് കൽക്കട്ടയിലേക്ക് പോയി. സ്വർണ്ണ മെഡലോടെ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി.
ബീഹാർ ഹൈക്കോടതിയിലും ,ഒഡീഷ ഹൈക്കോടതിയിലും അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ചു.ഈ സമയത്തു തന്നെ പാട്ന സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് അംഗമായും അദേഹം തിരഞ്ഞെടുക്കപ്പെട്ടു. അവിടെ വച്ചാണ് മഹാത്മാഗാന്ധിയെ കണ്ടുമുട്ടുന്നത്.ചമ്പാരൻ സമരത്തിൽ ഗാന്ധിജിയുടെ ഉപദേശപ്രകാരമാണ് അദ്ദേഹം പ്രവർത്തിച്ചത്.ഗാന്ധിജിയോട് ഏറെ സ്നേഹം തോന്നുകയും തന്റെ തൂലികയിലൂടെ സ്വാതന്ത്രത്തിനുള്ള പോരാട്ടത്തിൽ പങ്കുചേർന്നു.
സെർച്ച് ലൈറ്റ്, ദേശ് തുടങ്ങിയ മാസികകളിൽ അദ്ദേഹം എഴുതുകയും അവയ്ക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്നു.നിസ്സഹകരണ സമരം പ്രഖ്യാപിച്ചപ്പോൾ അതിനോട് യോജിച്ച് തന്റെ ജോലിയും, പദവിയും, അഭിഭാഷകവൃത്തിയും അദ്ദേഹം ഉപേക്ഷിച്ചു.
ബീഹാറിലുണ്ടായ ഭൂകമ്പത്തിൽ ജയിലിലാവുകയും അവിടിരുന്നു കൊണ്ട് രക്ഷാ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുകയും ചെയ്തു.രണ്ടു ദിവസത്തിനു ശേഷം ജയിൽ മോചിതനായി തിരിച്ചു വന്ന് ബീഹാർ റിലീഫ് കമ്മിറ്റിക്കു രൂപം നൽകി.
ബോംബെ സമ്മേളനത്തിൽ വച്ച് അദ് ദേഹത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായി തിരഞ്ഞെടുത്തു.
അലഹബാദ് സർ വകലാശാലയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് സമ്പാദിച്ചു. സുഭാഷ് ചന്ദ്ര ബോസ് രാജിവച്ചപ്പോഴും അദ് ദേഹം തന്നെ കോൺഗ്രസ് അധ്യക്ഷനായി തുടർന്നു. കോൺഗ്രസിന്റെ ക്വിറ്റ് ഇന്ത്യ പ്രമേയത്തെ തുടർന്ന് ബീഹാറിലെ സദായത്ത് ആശ്രമത്തിൽ നിന്നും ഇദ്ദേഹത്തെ അറസ്റ്റു ചെയ്ത് ബങ്കിപ്പൂർ സെൻട്രൽ ജയിലിൽ അടച്ചു. മൂന്നു വർഷത്തെ ജയിൽ ശിക്ഷക്കു ശേഷം ജയിൽ മോചിതനായി.
ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാറിൽ വന്ന പന്ത്രണ്ട് നാമനിർദ്ദേശക മന്ത്രിമാരിൽ രാജേന്ദ്രപ്രസാദും ഉണ്ടായിരുന്നു. ഭക്ഷ്യകൃഷി വകുപ്പാണ് അദ് ദേഹത്തിന് ലഭിച്ചത് ‘ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലിയുടെ അധ്യക്ഷനായും അദ്ദേഹത്തെ തിരഞ്ഞെടുത്തു. പിന്നീട് ഈ അസംബ്ലിളിയിൽ വച്ചാണ് ഭരണഘടന തയ്യാറാക്കിയത്.
രണ്ടു തവണ ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ഏക വ്യക്തി ഡോ.രാജേന്ദ്രപ്രസാദ് ആണ്. 1962 മെയ് 14 ന് രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ് പാട്നയിലേക്ക് മടങ്ങി.അതിനു ശേഷം ബീഹാർ വിദ്യാപീoത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകി.ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നുവെന്ന പ്രത്യേകത അദ്ദേഹത്തിന് സ്വന്തം. കേന്ദ്രത്തിൽ കൃഷി, ഭക്ഷ്യവകുപ്പ് മന്ത്രി ആയ ശേഷം രാഷ്ട്രപതിയായ പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.
ഇന്ത്യൻ ജനതയ്ക്ക് സ്വാതന്ത്രം നേടിത്തന്നതിൽ നിർണ്ണായക സ്ഥാനം വഹിച്ച ഡോ.രാജേന്ദ്രപ്രസാദിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 3 ദേശീയ അഭിഭാഷക ദിനമായി ആചരിക്കുന്നത്. 1962 ൽ അദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരം ലഭിച്ചു. സത്യാഗ്രഹ അറ്റ് ചമ്പാരൻ ,ഇന്ത്യ ഡിവൈഡ്, മഹാത്മാഗാന്ധി ആസ്ബീഹാർ, സിൻസ് ഇൻഡിപെൻഡൻസ്, ഭാരതീയ ശിക്ഷാ തുടങ്ങിയ സാഹിത്യ സംഭാവനകൾ അദ്ദേഹത്തിന്റേതാണ്.
1963 ഫെബ്രുവരി 28ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ ശതകോടി പ്രണാമം…
അവതരണം: അജി സുരേന്ദ്രൻ✍