Hoopoe Bird – ഉപ്പൂപ്പൻ
‘ Hoopoe എന്നൊക്കെയാണ് ഇംഗ്ലീഷിൽ പേരെങ്കിലും അതിനെയൊന്ന് മലയാളീകരിച്ചതാകാം -’ ഉപ്പൂപ്പൻ’ എന്നാണ് പൊതുവെ കേരളത്തിൽ അറിയുന്നത്.നാട്ടിൽ കാണുന്ന ചെമ്പോത്തിനെ ഉപ്പൻ എന്നു വിളിക്കുന്ന കേട്ടിട്ടുണ്ട്. പക്ഷെ ഉപ്പൂപ്പൻ അങ്ങനെ അല്ലാട്ടോ. ഇവക്ക് പുയ്യാപ്ല എന്നൊരു പേരു കൂടി ഉണ്ടത്രേ!. ആ കിരീടം വെച്ചപോലത്തെ തലയിലെ തൂവലും, ദേഹത്തെ വെള്ളയും കറുപ്പും നിറങ്ങളും ഒക്കെയാവണം അങ്ങനെ ഒരു പേര് വരാൻ കാരണം. ഊപ്-ഊപ്-ഊപ്’ എന്ന ഗാനം മുഴക്കുന്നതു കൊണ്ടാകാം അതിന് ‘ ഉപ്പൂപ്പൻ’ എന്നൊരു വിളിപ്പേര് കിട്ടിയത്.
ആൺപക്ഷിയും പെൺപക്ഷിയും തമ്മിൽ വ്യത്യാസമുണ്ടാകാറില്ല. തലയിൽ മുന്നിൽ നിന്ന് പിന്നിലോട്ട് വിശറി പോലുള്ള കിരീട തൂവലുകളാണ് പക്ഷിയുടെ പ്രധാന പ്രത്യേകത. കിരീടത്തൂവലുകൾക്ക് തവിട്ട് കലർന്ന ഓറഞ്ച് നിറവും അഗ്രഭാഗത്ത് കറുത്തനിറവുമാണ് ഉണ്ടാവാറ്. മുപ്പത് സെന്റീമീറ്ററോളം നീളവും വിടർത്തിയ ചിറകുകൾക്ക് 45 സെ.മീ. വരെ അകലവും ഉണ്ടാവും. കറുത്ത കണ്ണുകളും മണ്ണിൽ നടക്കാൻ ശേഷിയുള്ള കാലുകളുമാണ് ഈ പക്ഷികൾക്കുണ്ടാവുക.
ലോകത്തെമ്പാടുമായി ഒൻപത് ഉപജാതികളെയെങ്കിലും കാണപ്പെടുന്നു. ഉപജാതികൾ നിറത്തിന്റെ ഏറ്റക്കുറച്ചിലിനാലും വലിപ്പവ്യത്യാസത്താലുമാണ് വ്യത്യസ്തമായിരിക്കുന്നത്.യൂറോ
ഇര തേടുമ്പോൾ , മണ്ണിലേക്ക് കൊക്കുകൾ കുത്തിയതിന് ശേഷം ആ കൊക്കുകൾ വിടർത്തി പ്രാണിയെ അല്ലെങ്കിൽ പുഴുവിനെ പിടിക്കുന്നു. അതും ഞൊടിയിട കൊണ്ടു ചെയ്തു തീർക്കും. ഭക്ഷണം തേടുന്ന അവസരത്തിൽ കിരീടത്തൂവലുകൾ പിന്നോട്ട് ചാഞ്ഞ് ഒന്നായി ഇരിക്കും.
ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള കാലമാണ് പ്രത്യുത്പാദന കാലം. എങ്കിലും ഏപ്രിൽ-മേയ് മാസങ്ങളിലാണ് കൂടുതൽ കൂടുകളും കാണാനാവുക. പെട്ടെന്ന് ദൃഷ്ടിയിൽ പെടാത്ത സ്ഥലത്താണ് കൂടുണ്ടാക്കുക. മൃദുവായ സാധനങ്ങളും ചുള്ളിക്കമ്പുകളും വാരിക്കൂട്ടിയിട്ടതു പോലുള്ള കൂടായിരിക്കും. മരങ്ങളിലോ, ഭിത്തികളിലോ, മണ്ണിൽത്തന്നെയോ പൊത്തുള്ള ഭാഗങ്ങൾ കൂടിനായി തിരഞ്ഞെടുക്കാറുണ്ട്. മുട്ടയിട്ട് കഴിഞ്ഞാൽ വിരിയുന്നതു വരെ പെൺപക്ഷി കൂട് വിടാറില്ല. പെൺപക്ഷിയ്ക്ക് ഭക്ഷണം ആൺപക്ഷി എത്തിക്കുകയാണ് പതിവ്. ഇക്കാലത്ത് പെൺപക്ഷി ദുർഗന്ധം വമിപ്പിക്കുകയും ചെയ്യും. കൂട് വൃത്തിയാക്കാറുമില്ലാത്തതിനാൽ കൂടിനടുത്ത് ചെല്ലുക ബുദ്ധിമുട്ടായിരിക്കും. മൂന്ന് മുതൽ പത്ത് വരെ ദീർഘാകാരമുള്ള അറ്റം കൂർത്ത മുട്ടകളായിരിക്കും ഇടുക. പച്ച കലർന്ന നീലനിറമുള്ള അല്ലെങ്കിൽ ഒലിവ് ബ്രൗൺ നിറമുള്ള തിളക്കമില്ലാത്ത മുട്ടകൾ വിരിയാറാകുമ്പോഴേക്കും കൂട്ടിലെ വൃത്തികേടിൽ കിടന്ന് തവിട്ടുനിറമാകും. ഒരിഞ്ച് വരെയാകും മുട്ടകളുടെ വലിപ്പം.ഒരു സമയം ഒരു ഇണയെ മാത്രം തിരഞ്ഞെടുക്കുന്നവരാണ് ഇവർ.
യൂറോപ്പിൽ കാണപ്പെടുന്നവയും ഏഷ്യയുടെ ഉത്തരഭാഗത്ത് കാണുന്നവയും ശീതകാലത്ത് ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിലോട്ട് ദേശാടനം ചെയ്യാറുണ്ട്. പശ്ചിമഘട്ടം, ശ്രീലങ്ക തുടങ്ങിയ പ്രദേശങ്ങളിൽ കാലാവസ്ഥയ്ക്കനുസരിച്ച് (പ്രധാനമായും മൺസൂൺ കാലത്ത്) മാറിത്താമസിക്കാറുണ്ട്.
ഇവർക്ക് ഇവരുടേതായ ഒരു പ്രതിരോധ സംവിധാനമുണ്ട്. വേട്ടക്കാരെ അകറ്റാൻ ദുർഗന്ധം വമിക്കുന്ന ഒരു സ്പ്രേ പുറപ്പെടുവിക്കാൻ അവർക്ക് കഴിയും. എന്നാലും ആള് ചില്ലറക്കാരിയല്ല അതിമനോഹരമായ ചിഹ്നവും തൂവലും കൊണ്ട് ഈ പക്ഷിയെ ഇസ്രായേലിന്റെ ദേശീയ പക്ഷിയായി അംഗീകരിച്ചിട്ടുണ്ട്. എത്യോപ്യൻ ജൂതർ ഈ പക്ഷിയെ “മോശയുടെ പക്ഷി” എന്നാണ് വിളിക്കുന്നത്രേ!.
ഉപ്പൂപ്പനെ കുറിച്ച് കൂടുതലറിയുമ്പോൾ ഈ പക്ഷി അത് പ്രതിനിധീകരിക്കുന്ന രാഷ്ട്രത്തെപ്പോലെ ഒരു യഥാർത്ഥ അതിജീവനമാണെന്ന് തോന്നി പോകുന്നു.
‘നിങ്ങടെ കളി എന്നോട് വേണ്ട , നാറ്റിച്ച് പറ പറപ്പിക്കും ഞാൻ ‘ എന്ന് ആരോ എവിടെ നിന്നോ പറഞ്ഞതു പോലെ – നമ്മുടെ ഉപ്പൂപ്പനാണോ?
മറ്റൊരു പറവ വിശേഷവുമായി അടുത്താഴ്ച…
Thanks