Saturday, July 27, 2024
Homeസ്പെഷ്യൽചിരിക്കാം!😀 ചിരിപ്പിക്കാം!😀 (24)

ചിരിക്കാം!😀 ചിരിപ്പിക്കാം!😀 (24)

റിറ്റ, ഡൽഹി.

ചിരിക്കാം! ചിരിപ്പിക്കാം! എന്ന പംക്തിയിലേക്ക് ഏവർക്കും സ്വാഗതം..!
‘R u ok?’ എന്ന രചനയിലൂടെ ഇന്നത്തെ ചിരിവിരുന്നൊരുക്കുന്നത് നിരവധി സ്ഥലങ്ങളിലെ യാത്രാവിവരങ്ങളിലൂടെ മലയാളി മനസ്സ് വായനക്കാർക്ക് സുപരിചിതയും, ഈ പംക്തിയുടെ അവതാരകയായ മേരി ജോസി മലയിലിന്റെ സഹോദരിയുമായ റിറ്റ ഡൽഹി.

R u ok?

“നീയില്ലാത്ത ജീവിതം എനിക്ക് ഉപ്പില്ലാത്ത കഞ്ഞിപോലെയാണ്’ എന്നു പറയുന്നതു പോലെയാണല്ലോ നമുക്ക് ഓരോരുത്തർക്കും മൊബൈൽ ഫോൺ!📱 എനിക്കും ആ ചിന്തയിൽ നിന്ന് മാറ്റമില്ല. എൻ്റെ കൂടെ രാത്രി ഉറങ്ങാൻ കിടക്കുന്ന മൊബൈൽ കൃത്യസമയത്ത് തന്നെ അലാറം കൊണ്ട് എന്നെ എഴുന്നേൽപ്പിക്കുന്നതോടെ ഞങ്ങളുടെ ഒരു ദിവസം ആരംഭിക്കുകയായി.

രാവിലെ എണീറ്റയുടനെയുള്ള ചായ തിളക്കുന്നതിനിടയിലാണ്, രാത്രി സമയത്ത് ആരെങ്കിലും അയച്ചിട്ടുള്ള വാട്സ്ആപ്പ് മെസ്സേജ്കൾ, ഇമെയിലിലൂടെയൊക്കെ ഒരു ഓട്ടപ്രദക്ഷിണം നടത്താറുള്ളത്. ചായ ഉണ്ടാക്കികൊണ്ടിരിക്കുകയും മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്യുന്ന സമയത്താണ്, ഒരു അശ:രീരി പോലെ നല്ല പാതിയുടെ ശബ്ദം.
‘എനിക്ക് ഇന്ന് ഓഫീസിലേക്ക് അല്ല പോകേണ്ടത്, ഒരു മീറ്റിംഗിനാണ് പോകേണ്ടത്’.
അതിനു ഞാൻ എന്തു വേണം എന്ന മട്ടിൽ അദ്ദേഹത്തെ നോക്കുമ്പോൾ,
“അവിടെ,എവിടെയാണ് കാർ പാർക്കിംഗ് എന്നൊന്നും എനിക്കറിഞ്ഞു കൂടാ. അതുകൊണ്ട് നീ എന്നെ ഡ്രോപ്പ് ചെയ്തേക്ക്, ഇപ്പോൾ തന്നെ ലേറ്റ്ആയി.”

വേലയും കൂലിയുമില്ലാതെ വീട്ടിലിരിക്കുന്നതു കൊണ്ട് എനിക്ക് ഒരു പണിയുമില്ലാതെ ഇരിക്കുകയാണെന്നാണ് എല്ലാവരുടേയും വിചാരം. സാധാരണ ഒരു വീടിന്‍റെ ജോലിക്കു പുറമെ വാട്സ്ആപ്പ് & ഫേസ്ബുക്കിൽ എത്ര പേർക്ക് ‘ഗുഡ്മോർണിംഗ്’, രചനകൾ വായിച്ച് കമൻ്റ് കൊടുക്കേണ്ട ജോലികളുള്ളതാണ്. ഇനി ഇതൊക്കെ ആരോട് പറയാൻ…….

മൊബൈൽ ഫോണെടുത്ത് ബാഗിലിട്ട് വീടും പൂട്ടി അദ്ദേഹത്തിന്‍റെ കൂടെ യാത്ര പുറപ്പെട്ടു. മൊബൈൽ അതിന്‍റെ ദേഷ്യം തീർക്കാൻ ഒരു വാശി പോലെ അല്ലെങ്കിൽ ഗുഡ് മോണിംഗ്കാരുടെ അറിയിപ്പ് ‘ട്ടിംങ് ട്ടോങ്’ നോട്ടിഫിക്കേഷനായി അറിയിച്ചു കൊണ്ടേയിരുന്നു.

പലപ്പോഴും ഇത്തരം യാത്രകളിൽ മടക്കയാത്രയിൽ എനിക്ക് വഴിതെറ്റും. ഗുഡ്മോണിംഗ്കാർക്ക് ഗുഡ് ഈവനിംഗ് അയക്കാൻ പറ്റിയാൽ ഭാഗ്യം എന്ന മട്ടിലാവും. ഇരു ലോകവും ചുറ്റി കറങ്ങിയ മട്ടിലാണ് ഞാൻ തിരികെ വീടെത്താറുള്ളത്.

ഭാഗ്യം! അന്നത്തെ ദിവസം എനിക്ക് മുമ്പേ അറിയാവുന്ന സ്ഥലത്തായിരുന്നു ആ ഓഫീസ്. അതുകൊണ്ട് വലിയ പ്രയാസങ്ങളൊന്നുമില്ലാതെ അദ്ദേഹത്തെ ഡ്രോപ്പ് ചെയ്ത് തിരിച്ച് വീടെത്തി. പിന്നെയും ഒരു യാത്രയുള്ളതുകൊണ്ട് കാർ റോഡിന്‍റെ വശത്ത് പാർക്ക് ചെയ്തു. നോട്ടിഫിക്കേഷൻ തന്നു മടുത്ത മൊബൈലിനെ ബാഗിൽ നിന്നെടുത്ത്, ഓരോ മെസ്സേജും ചെക്ക് ചെയ്തു കൊണ്ട് വീട്ടിലേക്ക് വരുന്ന വഴി
‘വീണിതല്ലോ കിടക്കുന്നു ധരണിയിൽ…’
എല്ലാം വളരെ പെട്ടെന്നായതുകൊണ്ട് ഒന്നും മനസ്സിലായില്ല. ഞാനും ബാഗും ഫോണും 🤦‍♀️👜📱 എല്ലാം വഴിയുടെ പല ഭാഗത്ത്. ചാടി എഴുന്നേറ്റ് ചുറ്റും നോക്കിയപ്പോൾ ആരും അടുത്തില്ല . ഏതോ കല്ലു തട്ടി വീണതാണെന്ന് തോന്നുന്നു . വീഴ്ച ഇത്തിരി കടുപ്പത്തിൽ ആയെങ്കിലും ആരും കണ്ടില്ലല്ലോ എന്ന ആശ്വാസത്തിൽ ബാഗും ഫോണും എടുത്ത് വീട്ടിലെത്തി. വീട് തുറന്ന് ഫോണിന് എന്തെങ്കിലും പറ്റിയോ എന്നറിയാൻ നോക്കുമ്പോഴേക്കും “R u ok?’ നല്ല പാതിയുടെ മെസ്സേജ്.
ആ മെസ്സേജിൽ എന്തോ പന്തികേടുണ്ടല്ലോ ? എന്ന് ചിന്തിക്കുമ്പോഴേക്കും
മുറിവോ ചതവോ എന്തെങ്കിലുമുണ്ടോ?
🤔
നല്ല പാതിയെ വിളിച്ചു കാര്യം അന്വേഷിക്കാമെന്ന് വിചാരിച്ച് ഫോൺ വിളിച്ചപ്പോൾ, മീറ്റിംഗിലാണെന്ന് പറഞ്ഞ് ഡിസ്കണക്ട് ചെയ്തു.
അപ്പോഴേക്കും അടുത്ത വീട്ടിലെ കൂട്ടുകാരിയുടെ ‘r u ok?’ മെസ്സേജ്🤔
ശ്ശെടാ……
അന്നത്തെ ദിവസം മുഴുവനും r u ok/ fine….? എന്നിങ്ങനെയുള്ള മെസ്സേജുകളായിരുന്നു. ചിലർ ഫോൺ വിളിച്ച് അന്വേഷിക്കാനും മറന്നില്ല. ഒടിവോ ചതവോ എന്നില്ല എന്നറിഞ്ഞതോടെ കളിയാക്കാനും മറന്നില്ല. 🙆 മറ്റു ചിലവർ അവരുടെ കുട്ടികളോട് പറയാനുള്ള ഗുണപാഠം അതിൽ നിന്നു കണ്ടുപിടിച്ചു. വഴിയിൽ കൂടി നടക്കുമ്പോൾ, മൊബൈൽ ഫോൺ നോക്കരുത്. നോക്കിയാൽ…..ഇതൊക്കെ…ഇങ്ങനെയൊക്കെ…..
കേൾക്കുമ്പോൾ ഫോണെടുത്ത് ………

ഭയപ്പെട്ടതു തന്നെ സംഭവിച്ചു. ‘വെട്ടിയിട്ട വാഴ’ പോലെ വീണപ്പോഴും അവിടെ നിന്ന് ഫോണും ബാഗുമെടുത്ത് ഓടിയപ്പോഴും മനസ്സിൽ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ. ‘ആ കറുത്ത ഗ്ലാസ്സിൻ്റെ പുറകിൽ ആരും ഉണ്ടാവല്ലേ ‘ എന്ന് . പക്ഷെ ദൈവം ആ പ്രാർത്ഥന കേട്ടില്ല. വഴിയോരത്തുള്ള ആ ഫ്ളാറ്റിൽ പലരും ബാൽക്കണി കറുത്ത ഗ്ലാസ്സ് ഇട്ടു അടച്ചിരിക്കുകയാണ്. കറുത്ത ഗ്ലാസ്സിനൊരു കുഴപ്പമുണ്ട്. അകത്തിരിക്കുന്നവർക്ക് റോഡിലെ കാഴ്ചകൾ കാണാം. പക്ഷെ റോഡിൽ ഉള്ളവർക്ക് അവരെ കാണാനും പറ്റില്ല.

ഞാൻ വീഴുന്നത്, ബാൽക്കണിയിലിരുന്ന് പത്രം വായിക്കുന്ന കൂട്ടുകാരിയുടെ ഭർത്താവ് കണ്ടു. ഭർത്താവ് കൂട്ടുകാരിയെ വിളിച്ചു വന്നപ്പോഴേക്കും
‘ ആട് കിടന്നയിടത്ത് പൂട പോലും ഇല്ല’ എന്നു പറയുന്നതു പോലെ ഞാൻ അവിടെ നിന്നും പോയിരുന്നു. അപ്പോൾ തന്നെ എൻ്റെ ഭർത്താവിനെ വിളിച്ചു കാര്യം പറഞ്ഞു. – എന്തൊരു നല്ല മനുഷ്യൻ അല്ലേ!😜

വന്ന മെസ്സേജുകൾ കാണുമ്പോൾ ഫോൺ എടുത്ത് ഒരേറ് കൊടുക്കാൻ തോന്നുന്നുണ്ടെങ്കിലും അത് ചെയ്യാൻ പറ്റുമോ?
എൻ്റെ മൊബൈലേ, നിന്നെ
കയ്ച്ചിട്ട് ഇറക്കാനും വയ്യ! മധുരിച്ചിട്ട് തുപ്പാനും വയ്യല്ലോ!🙆🥰

റിറ്റ, ഡൽഹി.

**************************************************************

നിത്യജീവിതത്തിൽ അമളി പറ്റാത്തവരായി ആരെങ്കിലുമുണ്ടോ? ഉണ്ടാവില്ല അല്ലെ..!! നിങ്ങളുടെ ജീവിതത്തിലും ഇത്തരം രസകരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം..!

താല്പര്യമുള്ളവർ നിങ്ങളുടെ ഫോട്ടോയും അഡ്രസ്സും അടക്കം mmcopyeditor@gmail.com എന്ന ഇമെയിലിൽ വിലാസത്തിലോ, 8547475361 എന്ന വാട്ട്സാപ്പിലോ അയച്ചുതരിക. തെരഞ്ഞെടുക്കുന്നവ മലയാളി മനസ്സ് പ്രസിദ്ധീകരിക്കുന്നതാണ്.

മേരി ജോസി മലയിൽ

കോപ്പി എഡിറ്റർ
മലയാളി മനസ്സ് (U. S. A.)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments