കമ്മട്ടം ശ്രീ മഹാഗണപതിക്ഷേത്രം, വഞ്ചിയൂർ
ഭക്തരെ…!
തിരുവനന്തപുരം ജില്ലയിൽ വഞ്ചിയൂരിൽനിന്നും 1.1 കിലോമീറ്റർ സഞ്ചരിച്ചാൽ ജനറൽ ആശുപത്രിയുടെ എതിർവശത്തായിട്ട് ചരിത്രപ്രാധാന്യമുള്ള കമ്മട്ടം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ എത്തിച്ചേരാം.
ക്ഷേത്രോൽപത്തിയെക്കുറിച്ച് പറയുന്നതിങ്ങനെ: നാണയങ്ങൾ അടിക്കുന്ന കമ്മട്ടം ആയതിനാൽ, നാണയങ്ങൾ അടിക്കാൻ തുടങ്ങുന്നതിന് മുമ്പായി ആദ്യപൂജിതൻ, മംഗളമൂർത്തി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഗണപതിക്ക് പ്രത്യേകം പ്രാർത്ഥനകളും പൂജകളും നടത്തിയിട്ടാണ് അടിക്കാൻ തുടങ്ങുന്നത്. ഏതൊരു നല്ല കാര്യം തുടങ്ങുനതിനും മുൻപ് ആദ്യം ഗണപതിയെയാണല്ലോ സ്മരിക്കാറുള്ളത്. അതിനുവേണ്ടി ഗണപതി ഹോമം, ഗണേശപൂജ തുടങ്ങിയവ നടത്തുന്നു. തിരുവിതാംകൂർ സർക്കാരിൻറെ നാണയ കമ്മട്ടത്തോടനുബന്ധിച്ചുള്ള ക്ഷേത്രമായതിനാലാണ് ഈ ക്ഷേത്രത്തിന് കമ്മട്ടം ഗണപതി ക്ഷേത്രമെന്ന പേര് വന്നത്. 1949 -ൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ചതോടെ കമ്മട്ടം നിലച്ചു. ക്ഷേത്രം അതോടെ കമ്മട്ടം വകുപ്പിൽ നിന്ന് മാറ്റി തിരുവിതാകൂർ ദേവസ്വം ബോർഡിൻറെ ചുമതലയിലാക്കി.
തിരുവിതാംകൂറിൻറെ കമ്മട്ട ചരിത്രം.:-
തിരുവിതാംകൂർ പണ്ട് തൃപ്പാപ്പൂർ സ്വരൂപമായിരുന്നപ്പോൾ നാണയം അടിച്ചിരുന്ന കമ്മട്ടം പദ്മനാഭപുരത്തായിരുന്നു. അതിനുമുമ്പ് ഇരണിയിലും തിരുവിതാംകോട്ടും തൃപ്പാപ്പൂർ സ്വരൂപത്തിനും കമ്മട്ടങ്ങൾ ഉണ്ടായിരുന്നുവത്രെ. തൃപ്പാപ്പൂർ സ്വരൂപം, തിരുവിതാംകൂർ ആയി വളർന്നതോടെ, കമ്മട്ടത്തിൻറെ പ്രവർത്തനങ്ങളും വിപുലമായി. ദളവയുടെയോ അല്ലെങ്കിൽ ദിവാൻറേയോ നേരിട്ടുള്ള ചുമതലയിലായിരുന്നു അന്നെല്ലാം. ചെമ്പുകാശുകളും വെള്ളിച്ചക്രങ്ങളും കലിയനും അടിച്ചിരുന്ന രാജാ കേശവദാസൻ വലിയ ദിവാൻജി ആയിരുന്ന കാലത്ത്, തിരുവിതാംകൂറിൻറെ നാണയങ്ങൾ അടിച്ചിരുന്നത് ആലപ്പുഴയിലും പറവൂരിലും ആയിരുന്നു. അതിനുമുമ്പ് മാവേലിക്കരയിലും കൃഷ്ണപുരത്തും കമ്മട്ടങ്ങൾ ഉണ്ടായിരുന്നു. പിന്നീട്, കമ്മട്ടം,കൊല്ലത്തേക്ക് വന്നു അവിടെ നിന്ന് അത് ശ്രീ പാദം കൊട്ടാരത്തിലേക്കും കൃഷ്ണൻ തോപ്പിലേക്കും എത്തി സ്വാതി തിരുനാളിൻറെ കാലം മുതൽ കമ്മട്ടം വഞ്ചിയൂരിൽ പ്രവർത്തിക്കാൻ തുടങ്ങി. ഇപ്പോൾ റെഡ്ക്രോസ്സിൻറേയും സ്റ്റാമ്പ് മാനുഫാക്ച്ചറി പ്രസ്സിൻറേയും നിലകൊള്ളുന്ന വിശാലമായ ഒരു പറമ്പിലായിരുന്നു അന്ന് കമ്മട്ടം പ്രവർത്തിച്ചിരുന്നത്.
നാണയങ്ങൾ നിർമ്മിക്കാൻ പഴയ നാണയങ്ങളും വെള്ളിക്കെട്ടുകളും
ചെമ്പുഷീറ്റുകളും സ്വർണ്ണക്കട്ടികളും അന്നൊക്കെ ഉപയോഗിച്ചിരുന്നു. അന്ന് ഒരു തഹസീൽദാറിൻറെ കീഴിലായിരുന്നു കമ്മട്ടം പ്രവർത്തിച്ചിരുന്നത്. 280 പണമായിരുന്നു ഇയാളുടെ ശമ്പളം. ഇത് മുപ്പത്തിയഞ്ചര രൂപക്ക് തുല്യമായിരുന്നു. കണക്കപ്പിള്ളമാർ, പരിശോധകർ, തൂക്കകാർ, പ്യൂൺ, ചെറിയ കുഞ്ചുകുട്ടക്കാർ, തൂപ്പുകാർ, തട്ടാൻ എന്നിവരായിരുന്നു കമ്മട്ടത്തിലെ പ്രധാന ഉദ്യോഗസ്ഥർ. വിശ്വസ്തരായ പട്ടാളക്കാരെയാണ് കുഞ്ചുകുട്ടക്കാർ എന്നു പറഞ്ഞിരുന്നത്. ഇവരിൽ പലരും കമ്മട്ടം ലെയിൻ എന്ന് ഇപ്പോഴറിയുന്ന ഇടവഴിയോടു ചേർന്ന വീടുകളിലാണ് താമസിച്ചിരുന്നത്. അനന്തരായൻ പണം, തിരുവിതാംകൂർ വരാഹൻ എന്നീ സ്വർണ്ണ നാണയങ്ങളും ഈ കമ്മട്ടത്തിൽ അടിക്കാൻ തുടങ്ങി. ബർമ്മിങ്ങ്ഹാം മിൻറിൽ നിന്നാണ് 1912 മുതൽ വെള്ളിച്ചക്രങ്ങൾ അടിച്ചിരുന്നത് വിശാഖം തിരുനാളിൻറേയും മൂലം തിരുനാളിൻറേയും തുലാഭാര സ്വർണ്ണ നാണയങ്ങളും അനന്തരായൻ പണം, തിരുവിതാംകൂർ വരാഹൻ എന്നീ സ്വർണ്ണനാണയങ്ങളും ബർമ്മിങ്ങ്ഹാം മിൻറിൽ ആണ് അടിച്ചിരുന്നത്.
തിളക്കുന്ന ലോഹത്തിൽ അച്ച് പതിക്കുമ്പോൾ ചെറിയൊരു കൈപ്പിഴ വന്നാൽ എന്തെല്ലാം അനർത്ഥങ്ങളാണുണ്ടാകുന്നത്? പിഴവു വരുന്ന നാണയങ്ങൾ വീണ്ടും ഉരുക്കണമെന്നായിരുന്നു നിയമം ഒരു വശത്ത് ശിവലിംഗവും മറുവശത്ത് ശംഖുമുള്ള ചെമ്പുകാശും, ഒരു വശത്ത് ഗജലക്ഷ്മിയും മറുവശത്ത് ശംഖുമുള്ള ചെമ്പുകാശും, ഒരു വശത്ത് ശിവലിംഗവും മറുവശത്ത് ശംഖുമുള്ള വെള്ളിച്ചക്രവും ഈ കമ്മട്ടത്തിൽ നിന്നാണ് സ്വാതി തിരുനാൾ മഹാരാജാവ് പുറത്തിറക്കി യിരുന്നത്. ഒരു വശത്ത് തിരുവാറാട്ടു കാവിൽ ഭഗവതിയും മറുവശത്ത് ശംഖുമുള്ള സ്വർണ്ണനാണയവും സ്വാതി തിരുനാൾ മഹാരാജാവ് ഈ കമ്മട്ടത്തിൽ നിന്നിറക്കി. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിൻറെ ബൊമ്മക്കാശുകളും ഇവിടെനിന്നാണ് ഇറക്കിയത്. നവനീത കൃഷ്ണൻറെ പ്രതിരൂപങ്ങളായിരുന്നു ബൊമ്മക്കാശുകളിൽ ചിത്രീകരിച്ചിരുന്നത്. ചേരമുടി എന്നറിയപ്പെട്ടിരുന്ന കിരീടത്തോടുകൂടിയ വെള്ളിച്ചക്രങ്ങളും ഈ കമ്മട്ടത്തിലൂടെ ഉത്രം തിരുനാൾ മഹാരാജാവ് പുറത്തിറക്കിയിരുന്നു. 1827-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിർദ്ദേശപ്രകാരം തിരുവിതാംകൂറിന് കമ്മട്ടം അടച്ചിടേണ്ടി വന്നു. 1844-ൽ കമ്മട്ടം പുനഃരാരംഭിക്കാൻ കമ്പനി അംഗീകാരം നൽകി. 1843 മുതൽ കമ്പനി നാണയങ്ങൾക്കും തിരുവിതാംകൂറിൽ വ്യാപകമായ പ്രചാരം ലഭിക്കാൻ തുടങ്ങി. അവയാവട്ടെ മദ്രാസ്സിൽ നിന്നോ ബോംബെയിൽ നിന്നോ എത്തുന്നവയായിരുന്നു.
1844 മുതൽ തിരുവനന്തപുരത്തെ കമ്മട്ടത്തിൽ ചെമ്പുനാണയങ്ങൾ മാത്രമാണ് അടിച്ചിരുന്നത്. പുതിയ അച്ചുകൾ തിരുവിതാംകൂർ 1863-ൽ ഇംഗ്ലണ്ടിൽ നിന്നും വരുത്തി. രണ്ടു ജീവനക്കാർ ഉത്സാഹിച്ചാൽ ഇരുപതിനായിരം നാണയങ്ങൾ വരെ ഒരു ദിവസം കൊണ്ട് അടിക്കാമെന്ന നിലയിൽ കമ്മട്ടം പുരോഗമിച്ചു. 1949 -ൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ചതോടെ കമ്മട്ടം നിലച്ചു.
എല്ലാ വിശേഷദിവങ്ങളും ക്ഷേത്രത്തിൽ ആഘോഷിക്കുന്നു. അതിൽ വിനായകചതുർത്ഥി വളരെയേറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു.