കൊച്ചി —നടൻ സൗബിൻ ഷാഹിറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വച്ചായിരുന്നു ചോദ്യംചെയ്യൽ. ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയ്ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിന്മേലാണ് നടപടി. സിനിമാ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ ഇടപാടാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ. സൗബിനെ വീണ്ടും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കും എന്നാണ് വിവരം.
ഈ വർഷം ഏപ്രിലിൽ അരൂർ സ്വദേശി സിറാജ് വലിയതറ നൽകിയ പരാതിയിൽ മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പറവ ഫിലിംസിൻ്റെ ബാനറിൽ നിർമ്മാതാക്കളായ ഷോൺ ആൻ്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർ കള്ളപ്പണം വെളുപ്പിച്ചതായി സംശയിക്കുന്ന പ്രാഥമിക അന്വേഷണം നടത്താൻ ഇഡി നിശ്ചയിക്കുകയായിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ഷോൺ ആൻ്റണിയെ ഇഡി കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യുകയും മറ്റ് രണ്ട് നിർമ്മാതാക്കളെ ഉടൻ ചോദ്യം ചെയ്യാൻ പദ്ധതിയിടുകയും ചെയ്തു.
കുറ്റാരോപിതന്റെ പ്രവൃത്തി സംശയാസ്പദമാണെന്നും പരാതിക്കാരനെ കബളിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും കാണിച്ച് പോലീസ് കേരള ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിക്കാൻ തീരുമാനിച്ചതെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.
ചിത്രത്തിൻ്റെ നിർമ്മാണച്ചെലവ് 18.65 കോടിയിൽ നിന്ന് 22 കോടിയായി ഉയർത്തി, സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് നിർമ്മാതാക്കൾക്കെതിരെയുള്ള ആരോപണം. വൻ സാമ്പത്തിക ക്രമക്കേടുകൾ പോലീസ് കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണത്തിന് ആരംഭം കുറിക്കുകയായിരുന്നു എന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
പരാതിക്കാരനായ സിറാജ് സിനിമയുടെ നിർമ്മാണത്തിനായി 7 കോടി രൂപ നിക്ഷേപിച്ചിരുന്നു. ലാഭത്തിൻ്റെ 40% തനിക്ക് അവകാശപ്പെട്ടതാണ് എന്ന ഉടമ്പടിയിന്മേലായിരുന്നു നിർമാണം. സിനിമയുടെ ബോക്‌സ് ഓഫീസ് വിജയവും 250 കോടി രൂപയുടെ കളക്ഷനും ഉണ്ടായിട്ടും, ലാഭത്തിൻ്റെ വിഹിതം തനിക്ക് ലഭിച്ചില്ലെന്ന് സിറാജ് അവകാശപ്പെടുന്നു.