എല്ലാവർക്കും നമസ്കാരം
ഇത്തവണത്തെ ചക്ക സീസൺ കഴിയുന്നതിന് മുമ്പ് ചക്കപ്പഴം കൊണ്ട് പച്ചടി ഉണ്ടാക്കാമെന്ന് വിചാരിച്ചു. ഉണ്ടാക്കി നോക്കിയപ്പോൾ അസ്സൽ പച്ചടി. അപ്പോൾപ്പിന്നെ നിങ്ങളുമായി പങ്കു വയ്ക്കാമെന്ന് വച്ചു. ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ചക്കപ്പഴം-8-10 ചുള (വല്ലാതെ പഴുത്ത ചക്കയാവരുത്)
ഉപ്പ് പാകത്തിന്
മഞ്ഞൾപൊടി-2 നുള്ള്
വെള്ളം-കുറച്ച്
ചിരവിയ നാളികേരം-1ബൗൾ
കടുക്-1/4 ടീസ്പൂൺ
പച്ചരി-1/4 ടീസ്പൂൺ
പച്ചമുളക്-4എണ്ണം
അധികം പുളിയില്ലാത്ത തൈര്-1/2 ബൗൾ
വെളിച്ചെണ്ണ-3ടീസ്പൂൺ
കടുക്-1ടീസ്പൂൺ
വറുത്തുപൊടിച്ച ഉലുവപ്പൊടി-1നുള്ള്
ഉണക്കമുളക്-1
കറിവേപ്പില-1തണ്ട്
ഉണ്ടാക്കുന്ന വിധം
ചെറുതായി മുറിച്ചു വച്ച ചക്കച്ചുള വളരെ കുറച്ച് വെള്ളം ചേർത്ത് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക.
നാളികേരം, കടുക്, പച്ചമുളക്, പച്ചരി എന്നിവ അല്പം വെള്ളം ചേർത്ത് ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.
വെന്ത കഷണങ്ങളിലേക്ക് അരച്ചതു ചേർത്ത് തിളപ്പിക്കുക.
ഉടച്ച തൈര് ചേർത്ത് തിള വരുന്നതിനു മുമ്പ്
കറിവേപ്പില താഴ്ത്തി സ്റ്റൗവിൽ നിന്നും മാറ്റുക
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉലുവപ്പൊടിയും മുളകും കറിവേപ്പിലയും ചേർത്തിളക്കി കറിയിൽ ചേർക്കുക.
സ്വാദൂറും പച്ചടി തയ്യാർ.
ഒന്നു ട്രൈ ചെയ്യൂ ട്ടോ.