ക്ണിം..ക്ണിം ഫോണ്‍ ബെല്ലടിച്ചു.
ഇരുട്ടില്‍ കൈയ്യെത്തിച്ച് മേശപ്പുറത്തിരുന്ന ഫോണെടുത്തു . ഇരുട്ടായതുകൊണ്ട് ഫെയ്സ് ലോക്ക് പ്രവര്‍ത്തിയ്ക്കുന്നില്ല.
ലോക്ക് മാററി സ്ക്രീനില്‍ നോക്കി.
ആരാണ് എന്താണ് ഈ പാതിരാത്രിയില്‍..?
അറിയാത്തൊരു ഫോണ്‍ നമ്പര്‍ ഡിസ്പേ്ളയില്‍,
പുലര്‍ച്ചെ രണ്ട് മണിയെന്നു സമയം കാണിയ്ക്കുന്നു. ഒരു തവണ ഫോണ്‍ റിംഗ് ചെയ്തു നിന്നു. തിരിച്ചു വിളിയ്ക്കണോയെന്ന് ആലോചിച്ചപ്പോഴേയ്ക്കും വീണ്ടും മണി മുഴങ്ങി.
ഇനി താമസിപ്പിയ്ക്കുന്നത് ശരിയല്ല. ഫോണെടുത്തു.
അങ്കിളെ ഞാനാണ് ജോണി.
ചാച്ചന്‍ മരിച്ചു പത്തു മിനിററ് മുന്‍പ്, അതു പറയാനായിട്ട് വിളിച്ചതാണേ.
എന്താടാ എങ്ങിനെ ?
ചോദിച്ചു തീരുംമുന്‍പേ ഫോണ്‍ കട്ടായി.
അയാളുടെ ഉറക്കം പോയി. കട്ടിലില്‍ എഴുന്നററിരുന്നു. ഭാര്യ തലയുയര്‍ത്തി,
എന്താ എന്തു പററീ ..? എന്താ ഒരു വല്ലായ്മ..?
അത് ജോര്‍ജ്ജില്ലേ?
ഏത്..?
ഓ ഇപ്പോള്‍ നീ ജോര്‍ജ്ജിനെ അറിയില്ല..?
ഓ..നിങ്ങളുടെ പഴയ ആ കൂട്ടുകാരന്‍ തല്ലിപ്പൊളിയന്‍… അങ്ങേര്..?
അവന്‍ മരിച്ചന്ന്..
ങേ..? എപ്പോള്‍?
ഫോണ്‍ വന്നത് നീകേട്ടില്ലേ..?
അവള്‍ കട്ടിലില്‍ എഴുന്നേററിരുന്ന് അഴിഞ്ഞു പോയ മുടി കെട്ടിവച്ചു.
ഇനി കിടക്കുവാണോ അതോ കൂട്ടുകാരനെ ഓര്‍ത്തിരിയ്ക്കുവാണോ?
നീയൊരു ഗ്ളാസ് ചായ ഇടാമോ..?
നിങ്ങളുടെ കൂട്ടുകാരനല്ലേ ചത്തെ? അതിനെന്‍റെ ഉറക്കം കളയണോ..?
ചത്തെന്നു പറയാന്‍ അവനൊരു പട്ടിയും പൂച്ചയുയൊന്നുമല്ല..
നിങ്ങള്‍ക്ക് ആനയായിരിയ്ക്കാം എനിയ്ക്ക് വെറും കള്ളുകുടിയാനാ…കള്ളുകുടിയന്‍ …
വേറെന്തൊക്കയോ പിറു പിറുത്തുകൊണ്ടവള്‍ വാതില്‍ തുറന്നു മുറിയ്ക്ക് പുറത്തേയ്ക്ക് പോയി.
മേശപ്പുറത്തവള്‍ ചായഗ്ളാസ് വച്ചു.
പകലെപ്പോളോ തിളപ്പിച്ച ചവര്‍പ്പുള്ള ചായവീണ്ടും ചൂടാക്കി കൊണ്ടുവന്നതാണ്.
അയാള്‍ തല തിരിച്ചു നോക്കുമ്പോളവള് തലമൂടി പുതപ്പിട്ട് കിടന്നു .
പണ്ട് പത്ത് നാല്‍പ്പത് വര്‍ഷം മുന്‍പ് ഒന്നുമില്ലാതിരുന്ന കാലത്ത് ,വീട് വിട്ടും കൂടു ചാടിയും നടക്കുന്ന കണ്ടന്‍ പൂച്ചയെപ്പോലെ ആര്‍ക്കും വേണ്ടാതലഞ്ഞു നടന്ന കാലത്തു തുടങ്ങിയ സൗഹൃദമാണ്,
വിശന്നു വലഞ്ഞ് കടത്തിണ്ണയില്‍ ചാററമഴയിലേയ്ക്ക് നോക്കി കടത്തിണ്ണയിലിരുന്ന സമയത്ത്, പാവാട വേണം.. മേലാട..വേണം.. പഞ്ചാര പനങ്കിളിയ്ക്കെന്നു, മൂളിപ്പാട്ടും പാടി കടത്തിണ്ണയിലേയ്ക്ക് കയറി വന്നവന്‍,
മഴയിലേയ്ക്ക് നോക്കിയിരുന്ന അവന്‍. പെട്ടന്നാണ് തന്നോട് ചോദിച്ചത്
ഒരു പുക വേണോ..?
വേണ്ടാ..
പിന്നെ അഞ്ചു മിനിററിനുശേഷം
പിന്നെ നിനക്കെന്താ വേണ്ടേ..?
വിശക്കുന്നു
ങേ..?
വിശക്കുന്നു.
ഒന്നും മിണ്ടാതവന്‍ മഴയിലേയ്ക്കിറങ്ങിപ്പോയി. രണ്ട് മിനിററ് കഴിഞ്ഞ് ഒരു ചെറിയ പൊതിയുമായാണ് വന്നത്.
ഇന്നാ തിന്ന്..
രണ്ട് ബോണ്ട, ഒന്നു തിന്നപ്പോളെ വയര്‍ നിറഞ്ഞു. അടുത്തതിന്‍റെ പകുതികൂടി തിന്നു പകുതി അവനു നേരെ നീട്ടി. കടിച്ചു പിടിച്ചിരുന്ന തെറുപ്പുബീഡി പുറത്തേയ്ക്ക് തുപ്പി അവനാ അരമുറി ബോണ്ടാതിന്നു. അന്നു തുടങ്ങിയ സൗഹൃദമാണ്.
മഴതോര്‍ന്നപ്പോള്‍ തോളിലൂടെ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ച് മുററത്തേയ്ക്കിറങ്ങി.
നിനക്ക് വീട്ടില്‍ പോണോ അതോ എന്‍റെ കൂടെപ്പോരുന്നോ?
എന്‍റെ വീട് നിന്‍റെ പോലെ ഓടുമേഞ്ഞ് സിമന്‍റ് തേച്ചവീടല്ല.
പുല്ലു മേഞ്ഞ ചാണകം മെഴുകിയവീടാ…
പോരാം എന്‍റെ വീട്ടിലാരും എന്നെ നോക്കിയിരിയ്ക്കാനില്ല.
മലകേറി അവന്‍റെ വീട്ടിലെത്തിയപ്പോള്‍ അവന്‍റെ ചാച്ചന്‍ ഇതെന്താ ഇവന്‍..?
എന്‍റെ പുതിയ കൂട്ടുകാരനാ..
രാത്രിയില്‍ അവന്‍റെ അമ്മച്ചി കഞ്ഞിവിളമ്പി അവനോടും, അവന്‍റെ അനിയന്‍റെയും, അനുജത്തിയ്ക്കുമൊപ്പം പരന്ന കവിടി പിഞ്ഞാണത്തില്‍ നിന്നും കഞ്ഞി കുടിച്ചു.
രാത്രി ഓലമറയോട് ചേര്‍ന്നു കിടന്നപ്പോള്‍ ഓലയുടെ വിടവിലൂടെ വരുന്ന തണുത്ത കാററില്‍ അലിഞ്ഞുറങ്ങിപ്പോയി.
പിന്നീട് പുഴയിലെ മീന്‍പിടിച്ച്, ചക്കയരക്ക് നീണ്ട കമ്പിലുരുട്ടി വെച്ച്, പൊന്‍മാനെ പിടിച്ച് ,
പുതുമഴയിലെ കലക്ക വെള്ളത്തിലൂത്തയെ പിടിച്ച്,
തീയേറററിലെ ആടുന്ന ബഞ്ചിലിരുന്ന് സിനിമ കണ്ട്, പുഴയുടെ അരുകിലെ പാറപ്പുറത്ത് കിടന്നു ബീഢി വലിച്ച്,
ചെരിപ്പില്ലാതെ നടന്ന് പാദത്തില്‍ കല്ല് കാച്ചിയപ്പോളാദ്യമായി പാരഗണിന്‍റെ വെളുത്ത വള്ളിച്ചെരിപ്പു വാങ്ങിത്തന്ന്,
വിയര്‍ത്തും ശരീരത്തിലുരഞ്ഞും ഷര്‍ട്ട് പിഞ്ചികീറിപ്പോയപ്പോള്‍, അമ്മാവന്‍റെ മോളുടെ കല്യാണത്തിന് പോയപ്പോള്‍ എടുത്ത ഇളം നീല ഷര്‍ട്ട് വലിയ കാരണവരുടെ ഭാവത്തിലെടുത്തു തന്നവന്‍.
പിന്നീട് നാടുവീടും വിട്ട് പച്ചപിടിച്ച് നാട്ടിലെത്തിയപ്പോള്‍ ഇനി നീയും ഞാനും ചേരില്ല നീ വലിയവനായി അങ്ങിനാവുമെന്നനിയ്ക്കറായാമായിരുന്നു എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചവന്‍,
ഞാനിന്നു നിന്‍റെ വീട്ടിലാന്നു പറഞ്ഞപ്പോള്‍ നിനക്കന്നു കഞ്ഞിവെച്ചു തന്ന എന്‍റെ അമ്മ അവിടില്ല. അവര് പള്ളിസെമിത്തേരിയില്‍ കര്‍ത്താവിന്‍റെ അടുത്ത വരവും കാത്ത് പള്ളീലോട്ടും നോക്കി കിടക്കുവാന്നും പറഞ്ഞ് ഒററയ്ക്ക് കണ്ണീരും തൂത്ത് നടന്നു പോയവന്‍.
പിന്നീട് ഭാര്യയുമൊത്ത് ടൗണിലൂടെ വരുമ്പോള്‍ അവനെകണ്ട് എടായെന്നും വിളിച്ചോടിച്ചെന്നപ്പോള്‍
പെണ്ണുംപിള്ളേം കൂട്ടിപ്പോടാ കള്ളുകുടിയനോട് കൂട്ടുകൂടാതെ എന്നു പറഞ്ഞവന്‍.
ചിലപ്പോള്‍ പൂസായി വഴിയിലും കടത്തിണ്ണയിലും കിടന്നവന്‍, ക്രിസ്തു മസ്കരോളിന് പട്ടച്ചാരയമടിച്ച് പാട്ടിന്‍റെ താളത്തിനൊപ്പം നൃത്തം ചെയ്തവന്‍,
ഉടുതുണിപ്പറിഞ്ഞു പോയെന്നു പറഞ്ഞ കമ്മററിക്കാരനോട് പാത്രത്തില്‍ കിടക്കുന്ന ഉണ്ണിശോയ്ക്ക് തുണിയൊണ്ടോന്നു നോക്കെടാ പള്ളിക്കമററിക്കാരായെന്നു പറഞ്ഞവന്‍.
ഏതോ നാട്ടിലെ നല്ല കുടുംബത്തില്‍പ്പിറന്ന സുന്ദരിയായ പെണ്‍കുട്ടിയെ കൈയ്യും കാലും കാണിച്ചുകൊണ്ടുവന്നവന്‍.
പെണ്‍കുട്ടിയെ തിരികെ കൊണ്ടുപോകാന്‍വന്ന പെണ്ണിന്‍റെ വീട്ടുകാരുടെ മുന്‍പില്‍ മുററത്തു നില്‍ക്കുന്ന മാവിന്‍റെ കുററിയില്‍ വലിയ വാക്കത്തികൊത്തിവച്ച് വെല്ലുവിളിച്ചവന്‍..
പിന്നീട് മക്കളും മക്കളുടെ മക്കളുമായി ജീവിതം മെച്ചപ്പെട്ടപ്പോളും വല്ലപ്പോളും ഷാപ്പിലെ മൂപ്പനടിച്ച് പാവാടവേണം മേലാടവേണം പാടി നടന്നു പോകുന്നവന്‍,
ആ…അവനാണ് മരിച്ചത്,
പിറേറന്ന് ഉച്ചകഴിഞ്ഞ് അഞ്ചു മണിക്കായിരുന്നു ശവമടക്ക്, അയാള്‍ ചെല്ലുമ്പോള്‍ അവന്‍ നല്ലവെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച്, ഇന്നേവരെ ഷൂ ഇട്ടിട്ടില്ലാത്തവന്‍ കറുത്തു തിളങ്ങുന്ന ഷൂ ഇട്ട്, കൈയ്യില്‍ ചിത്രപ്പണികളുള്ള തുണികൊണ്ടുള്ള ഗ്ളൗസിട്ട്, തലയില്‍ പൂ കൊണ്ടുള്ള കിരീടം ചൂടിക്കിടക്കുവാണ്.
വീട്ടില്‍ നിന്നും അരമണിക്കൂര്‍ യാത്രയുണ്ട് പള്ളിയിലേയ്ക്ക് ആംബുംലന്‍സിലാണു അവനവിടേയ്ക്ക് പോകുന്നത്, അയാള്‍ പുറത്തു നിന്നവനെ നോക്കി. അവന്‍റെ മകന്‍ പറഞ്ഞു
അങ്കിളും കേറിയ്ക്കോ ഈ യാത്രയില്‍ അങ്കിളു കൂടെയില്ലേല്‍ ചാച്ചനിഷ്ടപ്പെടുകേലാ..വാ..
വണ്ടിയുടെ കുലുക്കത്തിലവന്‍റെ തല പതുക്കനെ ആടിക്കൊണ്ടിരുന്നു. അയാള്‍ക്ക് തോന്നി ഒരു പക്ഷേ അവന്‍ പാവാടവേണം മേലാടാവേണമെന്നു മനസ്സില്‍പാടി തലകൊണ്ട് താളം പിടിയ്ക്കുന്നതാണോ..?
സെമിത്തേരിയിലെ ചടങ്ങുകള്‍ കഴിഞ്ഞു. അച്ചന്‍ പറഞ്ഞു അന്ത്യചുംമ്പനം നല്‍കാനുള്ളവര്‍ക്ക് നല്‍കാം.
ഒരോരുത്തരായി വരിയായി നിന്ന് ചുംബനം നല്‍കി. ഒരോരുത്തരും തുവാലയിട്ട് അതിന്‍മേലാണ് ചുംബനം നല്‍കിയത് , അയാളുടെ ഊഴമെത്തിയപ്പോള്‍ ആ തുണികഷ്ണങ്ങള്‍ മാററി അയാളവന്‍റെ നെററിയില്‍ ചുണ്ടമര്‍ത്തി,തണുത്ത് മരവിച്ച് ഐസുപോലെ, ഒരു തടിക്കഷ്ണം പോലൊരു സ്പര്‍ശ്ശനം.
എല്ലാവരും പിരിഞ്ഞു. കല്ലറയുടെ സ്ളാബില്‍ കത്തിച്ചുവെച്ച പലതിരികളും കെട്ടു, അയാളതെല്ലാം വീണ്ടും കത്തിച്ചു. കാററില്‍ ചിലത് വീണ്ടും കെട്ടു.
ഒന്നുപോയോടാപ്പാ…
സമാധാനമായൊന്നുറങ്ങട്ടെ അവന്‍റെ ഒരു തിരിയെന്നവന്‍ പറയും പോലവനു തോന്നി.
എല്ലാ തിരിയും ഒന്നിച്ചണഞ്ഞു. പടിഞ്ഞാറ് മലയുടെ ചെരുവിലേയ്ക്ക് സൂര്യന്‍ മറയുകയാണ്. ആകാശമാകെ ചുവപ്പു നിറം നിറഞ്ഞു. അയാളവിടെ നിന്ന് പണ്ട് കൂട്ടുകൂടിയ കടത്തിണ്ണയിലേയ്ക്ക് നോക്കി.
അവനവിടില്ല താനും..