വിഷ്ണുവും സഹദേവനും സഹപാഠികളും ബന്ധുക്കളുമാണ്. സമപ്രായക്കാരാണെങ്കിലും തറവാട്ടിലെ സ്ഥാനപ്രകാരം വിഷ്ണുവിന്റെ പാപ്പനായി വരും സഹദേവൻ. അതുകൊണ്ട് കുഞ്ഞിപ്പാപ്പൻ എന്നാണ് വിഷ്ണു സഹദേവനെ വിളിക്കുന്നത്. വിഷ്ണു തന്റെ തലമുടിയെ പ്രാണനെപോലെയാണ് സ്നേഹിക്കുന്നത്. നല്ലവണ്ണം ഷാംപൂ ഇട്ടു പതപ്പിച്ചു തേച്ചു കഴുകി തോർത്തിയ ശേഷം വാസലിനും മറ്റും തേച്ചുപിടിപ്പിച്ച് മുഖകണ്ണാടിക്ക് മുന്നിൽ നിന്ന്, ചീർപ്പുമായി വിഷ്ണു കാണിക്കുന്ന അഭ്യാസ പ്രകടനങ്ങൾ ഒന്ന് കാണേണ്ടത് തന്നെയാണ്.തലമുടി ഒതുക്കി വച്ച് അവസാന മിനുക്കി പണികൾ കഴിയുമ്പോഴേക്കും സമയം കുറച്ചാകും.
ആൺകുട്ടികൾക്ക് കേശഭംഗിയിൽ സമ്മാനം ഉണ്ടെങ്കിൽ അതിൽ ഒന്നാം സമ്മാനം വിഷ്ണുവിന് തന്നെ ഉറപ്പായും കിട്ടും.
ഒരുദിവസം വിഷ്ണുവും പാപ്പനുമായി സംസാരിച്ച കൂട്ടത്തിൽ തലയിലെ പേനിനെ കുറിച്ച് സംസാരിക്കാൻ ഇടവന്നു. തന്റെ തലമുടിയിൽ അഭിമാനിക്കുന്ന വിഷ്ണു കുറച്ചു അഹങ്കാരത്തോടെ തന്നെ കുഞ്ഞിപാപ്പനെ വെല്ലു വിളിച്ചു പറഞ്ഞു കുഞ്ഞിപ്പാപ്പാ എന്റെ തലയിൽനിന്നൊരു പേനിനെ കിട്ടിയാൽ ഞാൻ പാപ്പന് ഒരു മസാലദോശ വാങ്ങിത്തരാം. കിട്ടിയില്ലെങ്കിൽ പാപ്പനെനിക്ക് വാങ്ങിത്തരുമോ?
മത്സരമാണ്, വിജയിക്കുക എന്നത് വിഷ്ണുവിന്റെ ആവശ്യം, അത് തകർക്കേണ്ടത് പാപ്പന്റെ ആവശ്യവും. കുറച്ചാലോചിച്ച ശേഷം പാപ്പൻ പറഞ്ഞു, ഞാൻ പന്തയത്തിനു തയ്യാർ. അങ്ങിനെ പന്തയത്തിനു വേദിയായി മുഷിഞ്ഞ ഒരു വെളുത്ത മുണ്ട് നിലത്തു വിരിച്ചു വേദി ഒരുക്കി.മണി മുഴങ്ങി. പന്തയം ആരംഭിച്ചു. വിഷ്ണു ഒരു പേൻ ചീർപ്പുകൊണ്ട് തലമുടി ചീകാൻ ആരംഭിച്ചു. ഒന്ന്, രണ്ട്… അങ്ങിനെ ചീകലിന്റെ എണ്ണമങ്ങിനെപോകുന്നു ഒരു പേൻപോലും തുണിയിൽ വീഴുന്നില്ല. അപ്പോൾ വിഷ്ണുവിന്റെ വിജയ ഭാവം മുഖത്തുനിന്ന് തന്നെ കാണാം. അത്രമാത്രം വിശ്വാസമുണ്ട് തന്റെ തലമുടിയിൽ വിഷ്ണുവിന്.
മത്സരത്തിൽ വേദിയൊരുക്കുമ്പോൾ മുതൽ പാപ്പൻ തന്റെ തലയിൽ നിന്ന് ഒരു പേനിനെ സംഘടിപ്പിക്കാനുള്ള അന്വേഷണത്തിലാണ്. പാപ്പൻ തന്റെ കൈവിരൽകൊണ്ട് ഒരു പേനിനു വേണ്ടിയുള്ള തീവ്ര ശ്രമത്തിലാണ്. തപ്പലോട് തപ്പൽ. ഒരു പേനിനെ പോലും കിട്ടുന്നില്ല. കഴിഞ്ഞ ആഴ്ച്ച തലയിൽ കടിവന്നപ്പോൾ അമ്മയുടെ പേൻ ചീർപ്പുകൊണ്ട് ഈരി നോക്കിയതാണല്ലോ.ഒന്നിനെ കിട്ടിയതെണെല്ലോ, തലയിൽ പേൻ പെറ്റു പെരുകും എന്ന് കെട്ടിട്ടുണ്ടല്ലോ. അങ്ങിനെ പോയി പാപ്പന്റെ ചിന്തകൾ. തപ്പിത്തിരഞ്ഞു അവസാനം പാപ്പന് തലയിൽനിന്നൊരു പേനിനെ കിട്ടി. അതിനെ വിരലുകൾ കൊണ്ട് മുറുകെ പിടിച്ചപ്പോഴാണ് പാപ്പന് സമാധാനമായത്.
ഞാൻ ജയിച്ചിരിക്കുന്നു. വിഷ്ണു തന്റെ വിജയം സ്വയം പ്രഖ്യാപിച്ചു. അപ്പോൾ പാപ്പൻ പറഞ്ഞു, തലയിൽ നിന്നും പേനിനെ കിട്ടുന്ന പോലെ ചീകിയാലല്ലേ പേനിനെ കിട്ടൂ.
പാപ്പനിപ്പോഴും സംശയം തീർന്നില്ലേ? ഞാൻ പാപ്പൻ പറയുന്നത് പോലെ ചീകാം, അല്ലെങ്കിൽ പാപ്പൻ ഈരി നോക്ക്. എന്നായി വിഷ്‌ണു.
പാപ്പൻ പറഞ്ഞു, ചീർപ്പു തലയോട്ടിയിൽ സ്പർശിക്കുന്ന വിധം, സാവധാനം ഈരിനോക്ക്, അപ്പോൾ തീർച്ചയായും കിട്ടും.
വിഷ്ണു മുടി ഈരാൻ oതലകുമ്പിട്ടതും, പാപ്പൻ തന്റെ കയ്യിൽ കരുതിവച്ച പേൻ വിഷ്ണുവിന്റെ തലയിലേക്കിട്ടതും ഒന്നിച്ചായിരുന്നു.
തലയോട്ടിയിൽ തൊടുന്നത് വിധം ഈരിയപ്പോൾ ദാ കിടക്കുന്നു സുന്ദരനായ ഒരു മുഴുത്ത പേൻ കളിക്കളത്തിൽ.
മുഖമുയർത്തി വിഷ്ണു നോക്കിയപ്പോൾ കളത്തിൽ ഒരു പേനിനെ കണ്ടു.ആ സമയത്തെ വിഷ്ണുവിന്റെ മുഖഭാവങ്ങൾ കാണേണ്ടതുതന്നെ. സങ്കടം കൊണ്ട് വീർപ്പു മുട്ടിയ സമയം. അപ്പോഴും വിഷ്ണു തന്റെ തലമുടിയിലുള്ള അചഞ്ചലമായ വിശ്വാസം പ്രഖ്യാപിച്ചു കൊണ്ടേയിരുന്നു. കഴിഞ്ഞ ആഴ്ച്ച അമ്മാവന്റെ വീട്ടിലേക്കു യാത്ര ചെയ്യുമ്പോൾ അനുജത്തി സാവത്രി തന്റെ അരുകിലാണ് ഇരുന്നിരുന്നത്. പേൻ തൊട്ട് അരികിലിരിക്കുന്നവരുടെ തലയിലേക്ക് പറന്ന് കയറുമെന്ന് കേട്ടിട്ടുണ്ട്. അവളുടെ തലയിൽനിന്നും പറന്നുകയറിയതാവും ഈ പേൻ.പറഞ്ഞിട്ടും
പറഞ്ഞിട്ടും തീരുന്നില്ല വിഷ്ണുവിന് തന്റെ തലയുടെ മഹത്വം സ്ഥാപിക്കൽ.
പന്തയജയം പ്രകാരം പാപ്പന് മസാലദോശ കിട്ടി. പക്ഷെ പാപ്പന്റെ മനസ്സ് നീറിതുടങ്ങി. അധികം ദിവസം ആ രഹസ്യം സൂക്ഷിച്ചു വക്കാൻ പാപ്പന് കഴിഞ്ഞില്ല.പിറ്റേന്ന് തന്നെ അതിരാവിലെ വിഷ്ണുവിന്റെ വീട്ടിൽ ചെന്ന്, വിഷ്ണുവിനെ വിളിച്ചെഴുന്നേൽപ്പിച്ച്, ക്ഷമ ചോദിച്ചപ്പോൾ, വിഷ്ണുവിന് സമാധാനമായി, പാപ്പനും സമാധാനമായി.
രണ്ടുപേരും കെട്ടിപിടിച്ചു സൗഹൃദം പങ്കുവച്ചു. രണ്ടുപേരുടെയും കണ്ണുകളിൽനിന്നുംആനന്ദാശ്രു അടർന്നുവീണു.