ന്യൂയോർക്ക്: ഐസിസി ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം. 60 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. സ്കോർ: ഇന്ത്യ 182-5 (20), ബംഗ്ലാദേശ് 122-8 (20)
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു വേണ്ടി ഓപ്പണിംഗിനിറങ്ങിയ സഞ്ജുവിന് ആറ് പന്തിൽ ഒരു റണ്‍ മാത്രമാണ് നേടാനായത്. ക്യാപ്റ്റൻ രോഹിത് ശർമ 19 പന്തിൽ 23 റണ്‍സ് നേടി. മൂന്നാം നന്പറിൽ ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് 32 പന്തിൽ നാല് സിക്സും നാല് ഫോറും ഉൾപ്പെടെ 53 റണ്‍സ് നേടിയശേഷം റിട്ടയേർഡ് ഔട്ടായി.
18 പന്തിൽ നാല് ഫോർ ഉൾപ്പെടെ സൂര്യകുമാർ യാദവ് 31 റണ്‍സ് നേടി. ശിവം ദുബെ (16 പന്തിൽ 14) വേഗത്തിൽ മടങ്ങി. ആറാം നന്പറായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ 23 പന്തിൽ 40 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു ഹാർദിക്കിന്റെ ആക്രമണ ബാറ്റിംഗ്.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഇന്ത്യൻ ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 8.2 ഓവറിൽ 41 റണ്‍സിന് ബംഗ്ലാദേശിന് അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്.
റിട്ടയേർഡ് ഔട്ടായ മഹമ്മദുള്ളയ്ക്കും (28 പന്തിൽ 40) ഷക്കിബ് അൽ ഹസനും (34 പന്തിൽ 28) മാത്രമാണ് ഇന്ത്യൻ ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാനായത്. തൻസീദ് ഹസൻ 17 റണ്‍സും തോഹീദ് ഹൃദോയി 13 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
ഇന്ത്യയ്ക്കായി അർഷദീപ് സിംഗും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.