Sunday, November 24, 2024
Homeസ്പെഷ്യൽനിറങ്ങളുടെ വിസ്മയം തീർത്ത് രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു.

നിറങ്ങളുടെ വിസ്മയം തീർത്ത് രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു.

നിറങ്ങളുടെ വർണ്ണവിസ്മയം തീർത്ത് രാജ്യം ഇന്ന് ഹോളി ആഘോഷിക്കുകയാണ്. ഫാല്‍ഗുന മാസത്തിലെ പൗർണമി ദിനത്തില്‍ എല്ലാ വർഷവും ആഘോഷിക്കപ്പെടുന്ന ഏറ്റവും പ്രശസ്തമായ ഹിന്ദു ആഘോഷങ്ങളില്‍ ഒന്നാണ് ഹോളി. ഇന്ത്യയിലുടനീളമുള്ള ആളുകള്‍ പ്രിയപ്പെട്ടവർക്ക് നിറങ്ങള്‍ വാരിവിതറിയും, വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ തയ്യാറാക്കിയുമാണ് വർണ്ണങ്ങളുടെ ഈ ഉത്സവം ആഘോഷിക്കുന്നത്. ഹോളിക എന്ന രാക്ഷസനെ ചുട്ടുകൊല്ലുന്നതിനെ സൂചിപ്പിക്കുന്ന ഹോളിക ദഹൻ എന്ന ചടങ്ങ് ഇന്നലെ ആചരിച്ചു.

രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ രാജ്യത്തെ പൗരന്മാർക്ക് ഹോളി ആശംസകള്‍ നേർന്നു. ഹോളിയുടെ സുപ്രധാന അവസരത്തില്‍ ഇന്ത്യയിലും വിദേശത്തുമായി താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ആശംസകള്‍ നേരുന്നു എന്ന് രാഷ്ട്രപതി സന്ദേശത്തില്‍ കുറിച്ചു. വാത്സല്യത്തിൻ്റെയും ഐക്യത്തിൻ്റെയും നിറങ്ങളാല്‍ അലങ്കരിച്ച ഈ പരമ്പരാഗത ഉത്സവം എല്ലാവരുടെയും ജീവിതത്തില്‍ പുതിയ ഊർജവും പുതിയ ഉത്സാഹവും വെളിച്ചവും കൊണ്ടുവരട്ടെ… രാജ്യത്തെ എൻ്റെ എല്ലാ കുടുംബാംഗങ്ങള്‍ക്കും ഹോളി ആശംസകള്‍ നേരുന്നു എന്ന് പ്രധാനമന്ത്രി കുറിച്ചു.

ഹോളിയുടെ നിറങ്ങൾ.

മനുഷ്യ ജീവിതത്തില്‍ നിറങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. നിറമില്ലാത്ത ജീവിതം ശൂന്യമാകും. ലോകം നിറങ്ങളാല്‍ മനോഹരമാണ്. ഹോളി ദിനത്തില്‍, ചുവപ്പ്, കുങ്കുമം, മഞ്ഞ, പച്ച, നീല തുടങ്ങി വിവിധ നിറങ്ങള്‍ ആളുകള്‍ പ്രയോഗിക്കുന്നു. എന്നാല്‍ ഓരോ നിറത്തിനും പ്രത്യേക അർത്ഥമുണ്ടെന്ന് അറിയാമോ..?

ചുവപ്പ് നിറം.

ചുവപ്പ് നിറം സ്നേഹത്തിൻ്റെ പ്രതീകമാണ്. ഹോളി ആഘോഷം പോലെയുള്ള പല സുപ്രധാന അവസരങ്ങളിലും ചുവപ്പിന് പ്രത്യേക പ്രധാന്യമുണ്ട്. വിവാഹിതരായ സ്ത്രീകള്‍ കുങ്കുമം പുരട്ടുന്നു, ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നു, കാരണം ചുവപ്പ് നിറം പ്രണയത്തെയും ദാമ്പത്യത്തെയും ഫലഭൂയിഷ്ഠതയെയും പ്രതിനിധീകരിക്കുന്നു.

പച്ച നിറം.

വസന്തത്തിൻ്റെ ആദ്യ നിറം എന്നാണ് ഇത് അറിയപ്പെടുന്നത്. വിളവെടുപ്പ് കാലത്തിൻ്റെ തുടക്കത്തെയും വസന്തകാലത്തെയും ഹോളി സൂചിപ്പിക്കുന്നു. അതിനാല്‍ പച്ച നിറം പുതിയ തുടക്കങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഹോളി ആഘോഷങ്ങളില്‍ ഇത് ഒരു പ്രധാന നിറമാണ്. പച്ച നിറം ശാന്തത, പ്രകൃതി, പുതിയ തുടക്കം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

മഞ്ഞ നിറം.

മഞ്ഞയെ ഏറ്റവും സന്തോഷകരവും തിളക്കമുള്ളതുമായ നിറമായി കണക്കാക്കുന്നു. മഹാവിഷ്ണുവിൻ്റെ നിറമാണെന്നതാണ് ഇതിൻ്റെ പ്രത്യേകത. ചൈതന്യം, സന്തോഷം, ആരോഗ്യം എന്നിവയുടെ പ്രതീകമാണ് മഞ്ഞ. കൂടാതെ സൗന്ദര്യത്തിൻ്റെയും ആരാധനയുടെയും ബഹുമാനത്തിൻ്റെയും പ്രതീകമാണ്. സഹോദരിമാർക്കോ സ്ത്രീ സുഹൃത്തുക്കള്‍ക്കോ വീട്ടിലെ സ്ത്രീകള്‍ക്കോ മഞ്ഞ നിറം പ്രയോഗിക്കാം. ഇതുകൂടാതെ, ആരാധനയില്‍ മഞ്ഞ നിറം ശുഭകരമായി കണക്കാക്കപ്പെടുന്നു.

ഓറഞ്ച് നിറം.

ഹോളി ആഘോഷങ്ങളില്‍ പലപ്പോഴും ഉപയോഗിക്കുന്ന ഓറഞ്ച്, മഞ്ഞയ്ക്ക് ശേഷം മറ്റൊരു ഊർജസ്വലമായ നിറമാണ്. പ്രകാശവും പുതിയ തുടക്കങ്ങളും ഈ നിറവുമായി ബന്ധപ്പെട്ടിരിക്കുന്നു, കാരണം ഇത് സൂര്യനെ പ്രതിനിധീകരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ നിറത്തിൻ്റെ മറ്റൊരു അർത്ഥം വീണ്ടും ആരംഭിക്കുകയും ക്ഷമിക്കുകയും ചെയ്യുക എന്നതാണ്. സുഹൃത്തുക്കള്‍ക്കും അടുപ്പമുള്ളവർക്കും കുടുംബാംഗങ്ങള്‍ക്കും ഓറഞ്ച് നിറം പ്രയോഗിക്കാവുന്നതാണ്.

പിങ്ക് നിറം.

ഇതിന് മതപരമായ പ്രാധാന്യമില്ലെങ്കിലും, പിങ്ക് നിറം ആകർഷകത്വവും സൗന്ദര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹോളി ഉത്സവകാലത്ത് ഏറ്റവും പ്രചാരമുള്ള നിറങ്ങളില്‍ ഒന്നാണിത്.

നീല നിറം.

ചുവപ്പ് കഴിഞ്ഞാല്‍, ഹിന്ദുമതത്തിലെ ഏറ്റവും മംഗളകരമായ നിറങ്ങളിലൊന്നാണ് നീല. കടലിൻ്റെയും ആകാശത്തിൻ്റെയും അതിരുകളില്ലാത്ത വിശാലതയ്ക്ക് സമാനമായി, ഹിന്ദുമതത്തിലെ ഏറ്റവും ശക്തരായ ചില ദൈവങ്ങളുടെയും ദേവതകളുടെയും നീല ചർമ്മം അതിരുകളില്ലാത്തതും അസാധ്യവുമായതിനെ പ്രതീകപ്പെടുത്തുന്നു. അവബോധം, ആത്മപരിശോധന, ശാന്തത എന്നിവയെല്ലാം നീല നിറം പ്രതിനിധീകരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments