ഹൂസ്റ്റൺ: ആർട്ടിക് ഫ്രൺട് അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലൂടെയും നീങ്ങുന്നതിനാൽ അടുത്ത ആഴ്ച യുടെ ആദ്യപാദം അതികഠിനമായ ശൈത്യമാണ് ഹ്യൂസ്റ്റൺ പ്രദേശം അഭിമുഖീകരിക്കാനിരിക്കുന്നത്.
2021 ഫെബ്രുവരിയിൽ ഇത്തരത്തിൽ ഒരു ആർട്ടിക് ഫ്രണ്ട് വന്നപ്പോൾ പവർ ഗ്രിഡ് തകരാറിലാകുകയും വ്യാപകമായ പൈപ്പ് തകരാറുകൾ ഉണ്ടാക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട് എന്ന് മേയർ അറിയിച്ചു.
അടുത്ത ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാത്രിയുമാണ് ഏറ്റവും കൂടുതൽ തണുപ്പ് പ്രദേശത്ത് അനുഭവിക്കുവാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. താപനില എത്രത്തോളം കുറയുമെന്ന കാര്യത്തിൽ ഇപ്പോഴും കാര്യമായ അനിശ്ചിതത്വം നിലവിലുണ്ടെങ്കിലും ഹ്യൂസ്റ്റൺ മെട്രോ പ്രദേശത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ഏറ്റവും താഴ്ന്ന താപനില 15 മുതൽ 25 വരെ ആകുവാൻ സാധ്യതയുണ്ട്.
അതിശൈത്യത്തെ പ്രതിരോധിക്കുവാൻ പ്രദേശത്തെ കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പൈപ്പുകൾ പൊതിയുന്ന ഇൻസുലേഷൻ ഫോമുകളും ചെടികൾ മൂടുന്ന കവചങ്ങളും എല്ലാം ആളുകൾ ഇപ്പോൾ തന്നെ വാങ്ങി കഴിഞ്ഞിരിക്കുന്നു. മഴയുടെ സാധ്യത വളരെ കുറവായതിനാൽ ബ്ലാക്ക് ഐസോ ഫ്രീസിങ് റെയിനോ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും റോഡിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച എം എൽ കെ ദിനം ആയതിനാൽ സ്കൂളുകൾ അടവാണ് . ചൊവ്വാഴ്ച സ്കൂളുകൾ ഉണ്ടാകുമോ എന്ന്കൂടുതൽ വ്യക്തമായ ചിത്രം ലഭിച്ചതിനുശേഷം അറിയിക്കുമെന്ന് പിയർലാൻഡ് ഐ എസ് ഡി അറിയിച്ചു. ERCOT ന്റെ വെബ്സൈറ്റ് അനുസരിച്ച് , ശനിയാഴ്ച മുതൽ തിങ്കൾ വരെ ഊർജ്ജ ആവശ്യം ഏകദേശം 50% വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറയുന്നു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നുണ്ട്, കൂടാതെ ഗ്രിഡ് നിയന്ത്രിക്കുന്നതിന് ലഭ്യമായ എല്ലാ ഉപകരണങ്ങളും വിന്യസിക്കും, ERCOT ബുധനാഴ്ച ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (മാഗ്) ആസ്ഥാനമായ കേരള ഹൗസ് അത് ശൈത്യത്തെ പ്രതിരോധിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിവരുന്നതായി ഫെസിലിറ്റി മാനേജർ മോൻസി കുര്യാക്കോസ് അറിയിച്ചു.
അജു വാരിക്കാട് .