Thursday, December 26, 2024
Homeകഥ/കവിതകമോൺ കാമൻ അങ്കിൾ (ചെറുകഥ) ✍ ഉണ്ണി ആവട്ടി

കമോൺ കാമൻ അങ്കിൾ (ചെറുകഥ) ✍ ഉണ്ണി ആവട്ടി

✍ ഉണ്ണി ആവട്ടി

എറണാകുളം നിസാമുദ്ദീൻ ട്രെയിനിൽ ഡൽഹി റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ ആദിത്യനും അഞ്ചുവയസ്സുകാരി സൂര്യയും, തിരക്കുകളൊക്കെ ഒന്നൊതുങ്ങിയപ്പോൾ, സാവധാനം സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി. പുറത്തു കാത്തു കിടപ്പുണ്ടായിരുന്ന ഒരു ടാക്സിയിൽ കയറി അഡ്രസു പറഞ്ഞു കൊടുത്തു.
ബി 31- തക്ഷശില അപ്പാർട്ട്മെൻ്റ് – 57 ഐ.പി എക്ടൻഷൻ, പത്പർഗഞ്ച്.

രണ്ടാഴ്ചക്കാലത്തെ നാട്ടിലെയും ഒപ്പം തെരക്കുപിടിച്ച ട്രെയിൻ യാത്രയുടെയും ക്ഷീണം കൊണ്ടാകാം കാറിൽ കയറിയ ഉടനെ സൂര്യ മയക്കത്തിലേക്കു വീണു. ഉറക്കത്തിൽ അവൾ പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു.

” കാമാ…ഹേയ് ലോഡ് കാമാ… പ്ലീസ് ഡോണ്ട് ഗോ ടുവേർഡ്സ് നോർത്ത് മോസ്റ്റ് ആൻ്റ് സൗത്ത്മോസ്റ്റ് പാർട്ട് ഓഫ് കേരള. യു വിൽ ബി ഇൻ ട്രബിൾ കാമാ… ആൾസോ… ഐ ഹംബ്ലി റിക്വസ്റ്റ് യു ടു കം എററ് ഏൻ ഏളി ഡേറ്റ് ഇൻ ദ നെക്സ്റ്റ് ഇയർ…കാമാ…കാമൻ അങ്കിൾ…കമോൺ കാമാ… പ്ലീസ് ഹിയർ മി കാമാ….

കുട്ടിയുടെ ഉച്ചത്തിലുള്ള ഉറക്കപ്പിച്ചുകേട്ട കാർ ഡ്രൈവർ ചിരിച്ചു കൊണ്ട്,

“കേരളത്തിൻ്റെ ഏറ്റോം തെക്കോട്ടും ബടക്കോട്ടും പോലേ കാമാ… ഈന്തട തന്നു പറ്റിക്ക്യേ കാമാ…ഈന്തോല പന്തലിലാക്ക്യേ കാമാ…മുൾക്കാട്ടിലാക്കി ദ്രോഹിക്ക്യേ കാമാ… അടുത്ത കൊല്ലം കയ്യുന്നേം നേരത്തെ കാലത്തന്നെ ബരണേ കാമാ… സാർ ഇതു തന്നെയല്ലേ കുട്ടി ഒറക്കത്തിൽ പറേന്ന് ?”
എന്നു തനി വടക്കൻ മലബാറിൽ ചോദിച്ചപ്പോഴാണ്, ഡ്രൈവർ കണ്ണൂർകാരനാണെന്ന കാര്യം ആദിത്യനും മനസ്സിലായത്.

ചിരിച്ചുകൊണ്ടുതന്നെ ആദിത്യനും മറുപടി പറഞ്ഞു.

“അതെ… അതെ…ഞങ്ങൾ കണ്ണൂരിലെ ഞങ്ങളുടെ ആവട്ടി നാട്ടിലെ പൂരാഘോഷം കഴിഞ്ഞു മടങ്ങുന്ന വഴിയാണ്. ഇവൾക്ക് ആഘോഷത്തിൻ്റെ ഹാങ്ങ്ഓവർ ഇതുവരെയും വിട്ടുമാറിയിട്ടില്ല. മിനിയാന്നായിരുന്നു, ഉത്സവം കഴിഞ്ഞത്. നിങ്ങൾ കണ്ണൂരിലെവിടെയാ…പേര്?”

” ദാമോദരൻ. പയ്യന്നൂരിനടുത്ത മാതമംഗലം. ആടേം മീനമാസത്തിലെ പൂരോത്സവം ഗംഭീരമായി നടത്താറുണ്ട്. ഉത്സവവിശേഷങ്ങൾ ഇന്നലെ അമ്മ ഫോൺ ചെയ്തപ്പോൾ വിശദമായി പറഞ്ഞിരുന്നു. ആ ഓർമ്മേലാന്ന് കുട്ടീടെ ഇംഗ്ലീഷ് കാമനെ പെട്ടെന്നു തന്നെ പുടികിട്ടിയത്. ഞാനും മിക്ക പൂരോത്സവത്തിനും പോകാറുണ്ട്. പക്ഷെ ഇപ്രാവശ്യം നാട്ടിലെത്താൻ കഴിഞ്ഞില്ല.”

ദാമോദരൻ്റെ വാക്കുകൾ കേട്ടപ്പോൾ ആദിത്യൻ മനസ്സിലോർത്തു. പതിനഞ്ചു വർഷം മുമ്പു ഡൽഹിയിൽ വന്നതിന്നുശേഷം, ഇപ്രാവശ്യം മാത്രമാണ് താൻ, പൂരോത്സവക്കാലത്ത് നാട്ടിലേക്കു പോകുന്നത്. സാധാരണ കൂടുതലായും പോകാറുള്ളത്, ദീപാവലി സമയത്താണ്.ഒരു പ്രൈവറ്റു കമ്പനിയിൽ ജോലി ചെയ്യുന്ന തനിക്ക് തിരുവോണത്തിനുപോലും ലീവു കിട്ടാറില്ല. ദീപാവലിക്കാണെങ്കിൽ ഒരാഴ്ചക്കാലത്തോളം ലീവും കിട്ടും. ഐ.ടി.കമ്പനിയിൽ ജോലി ചെയ്യുന്ന ഭാര്യ അനുരാധയുടെ കാര്യവും തഥൈവ. അവൾക്ക് ലീവെടുക്കാൻ ഒട്ടും കഴിയാത്തതുകൊണ്ടാണ്, ഇപ്രാവശ്യം താനും മകളും മാത്രമായി നാട്ടിലേക്കു പോയത്.
പൂരത്തിന് നാട്ടിലേക്കു പോകണമെന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ചതൊന്നും ആയിരുന്നില്ല. അമ്മയുടെ നിർബന്ധം തന്നെയായിരുന്നു പെട്ടെന്നുളള തീരുമാനത്തിലേക്കെത്തിച്ചത്.

” ആദീ… നിൻ്റെ മുത്തശ്ശിക്കു തീരെ വയ്യ. തീരെ കിടപ്പല്ലന്നെയുള്ളൂ. ഇപ്രാവശ്യത്തെ തറവാട്ടിൽ പൂരാഘോഷം എല്ലാവരെയും വിളിച്ചുകൂട്ടി നടത്തണമെന്ന നിർബ്ബന്ധത്തിലാണ് അമ്മ. എന്തൊക്കെ പറഞ്ഞിട്ടും പിന്മാറുന്ന മട്ടില്ല. ഊണും ഉറക്കവുമില്ലാതെയുള്ള വാശിയിലാണ്. ബാക്കി എല്ലാ കാര്യത്തിനും ഓർമ്മക്കുറവുണ്ടെങ്കിലും ഇക്കാര്യത്തിൽ അമ്മക്ക് ഭയങ്കര ഓർമ്മയാണ്. എല്ലാ ദിവസവും പഞ്ചാംഗം നോക്കി തീയ്യതി കുറിച്ചു നോക്കും. പിന്നീട് അത് കലണ്ടറിൽ അടയാളപ്പെടുത്തി വെക്കും. എന്നെക്കൊണ്ട് ബാക്കിയുള്ളവരെയെല്ലാം വിളിപ്പിച്ച്, സമ്മതിപ്പിച്ചു കഴിഞ്ഞു.ഗൾഫിലുള്ള അമ്മിണിച്ചേച്ചിയുടെ മകൾ പ്രവീണയും കുടുംബവും ഫ്ലൈറ്റിനുള്ള ടിക്കറ്റു വരെ ബുക്കുചെയ്തുകഴിഞ്ഞു. നിങ്ങളുടെ ലീവെടുക്കാനുള്ള ബുദ്ധിമുട്ടറിയുന്നതുകൊണ്ട്, ഞാൻ മടിച്ചു മടിച്ചു നിന്നതാണ്. പക്ഷേ രണ്ടുമൂന്നു ദിവസമായിട്ട് നിൻ്റെ കാര്യം ചോദിച്ചുകൊണ്ട് അമ്മ സ്വൈര്യം തരുന്നില്ല. വയസ്സും പ്രായവും ആയ ആളല്ലേ….ഇനി എത്രകാലം ഉണ്ടാവുമെന്നാർക്കറിയാം… ഒരാഗ്രഹം പറഞ്ഞ സ്ഥിതിക്ക്… എങ്ങിനെയെങ്കിലും ലീവെടുത്തു വരാൻ ശ്രമിക്കൂ …”

മുത്തശ്ശി തൻ്റെയും ഒരു വീക്ക്നെസ്സ് തന്നെയായിരുന്നു. ഒരു പ്രത്യേക മമതയും വാത്സല്യവുമായിരുന്നു, മുത്തശ്ശിക്ക് തന്നോട്. പത്മാവതിയുടെ അഞ്ചു പെൺമക്കളുടെയിടയിലെ ഏക ആൺപ്രജയായതുകൊണ്ടാകാം മുത്തശ്ശി തന്നെ നിലത്തുപോലും വെക്കാതെയാണ്, എടുത്തു നടന്നിരുന്നതെന്ന്, അച്ഛനുമമ്മയും കൂടെക്കൂടെ പറയാറുമുണ്ട്. മുത്തശ്ശിക്ക് സൂര്യയെയും വലിയ കാര്യമായിരുന്നു. സൂര്യക്കു തിരിച്ചും അങ്ങിനെത്തന്നെ. നാട്ടിലെത്തിയാൽ അവൾ എപ്പോഴും മുത്തശ്ശിയുടെ മുണ്ടിൻ്റെ കോന്തലയും പിടിച്ചു കൊണ്ടു തന്നെയാണ്, നടക്കുക.

മീനമാസത്തിലെ കാർത്തിക മുതൽ പൂരം വരെയുള്ള ഒമ്പതു ദിവസമാണ്, ഉത്തരമലബാറിലെ പൂരോത്സവക്കാലം. സതിവിയോഗ ശേഷം കാമ വൈരിയായി മാറിയ ശിവൻ്റെ മനസ്സിൽ പാർവ്വതി ദേവിയോട് ആദ്യമായി ഇഷ്ടം തോന്നിയ ദിവസമാണത്രെ മീനപ്പൂരം. അതെ… പ്രപഞ്ച സ്രഷ്ടാക്കളായ ശിവപാർവ്വതിമാരുടെ ആദ്യ കൂടിച്ചേരലിൻ്റെ പുണ്യദിനം. ഇവർ രണ്ടുപേരേയും ഒത്തൊരുമിപ്പിച്ചതോ ഭാരതീയ ഇതിഹാസങ്ങളിലെ കാമത്തിൻ്റെയും പ്രേമത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും ദേവനായ, പ്രപഞ്ച സ്രഷ്ടാവായ ബ്രഹ്മാവിൻ്റെ മാനസപുത്രൻ കൂടിയായ, സാക്ഷാൽ കാമദേവനും. കാമദേവൻ്റെ പഞ്ചബാണശരങ്ങളേറ്റപ്പോൾ കഠിനഹൃദയനായ ശിവൻ്റെ മനസ്സിൽപോലും പ്രണയം മൊട്ടിട്ടുവത്രെ. അതുകൊണ്ടുതന്നെ വിവാഹം കഴിയാത്ത കാമനമാർ, മാംഗല്യ സൗഭാഗ്യത്തിനായി കാമദേവനെ ആരാധിക്കുന്ന ചടങ്ങുകളും പൂജകളുമാണ് പൂരോത്സവത്തിൻ്റെ പ്രധാനപ്പെട്ട ആകർഷണവും സവിശേഷതതയും. ദുർഗ്ഗാക്ഷേത്രങ്ങളും തറവാടുകളും കേന്ദ്രീകരിച്ചാണ് പൂരാഘോഷം നടത്തുന്നത്.

അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയ്ക്കുള്ള ദിവസങ്ങളും കൂടി കണക്കാക്കിയാൽ, മുഴുവൻ സമയ ഉത്സവത്തിനും പങ്കെടുക്കണമെങ്കിൽ ചുരുങ്ങിയത്, രണ്ടാഴ്ചയെങ്കിലും ലിവു വേണ്ടിവരും. എന്തായാലും താൻ ഒരു പുതിയ കമ്പനിയിലേക്കു മാറുന്ന സമയമായതുകൊണ്ട് പതിനഞ്ചു ദിവസം ജോയ്നിംഗ് പിരിയഡ് ഒത്തുകിട്ടി.

തറവാട്ടിൽ ശരിക്കും ഒരു കുടുംബ സംഗമം തന്നെയായിരുന്നു. ഓണത്തിനുവരെ തറവാട്ടിലേക്കു വരാൻ കഴിയാത്ത, അഥവാ മടിച്ചിരുന്ന വിവിധ നാടുകളിലെ വിവിധ ഫ്ലാറ്റുകളിലെ അണുകുടുംബങ്ങൾ എല്ലാവരും ചേർന്ന ഒരു നൂറുപേരുടെ മെഗാസംഘം, മുത്തശ്ശി വിളിയിൽ തറവാട്ടിലേക്കു പറന്നെത്തിയപ്പോൾ തറവാടിനോടൊപ്പം മുത്തശ്ശിയും ഉണർന്നു. എല്ലാവരും ചെറുപ്പമായി. ആവേശമായി.

വയ്യായെന്നു പറഞ്ഞ്, ക്ഷീണിച്ച് അവശയായി നവതിയെയും നോക്കിക്കൊണ്ടിരുന്ന മുത്തശ്ശി, വടി കുത്തിയും കുത്താതെയും വീടിൻ്റെയുള്ളിലും പുറത്തും ഒരു പത്തൊമ്പതുകാരിയായി ഓടി നടക്കാൻ തുടങ്ങി. പൂരോത്സവത്തിൻ്റെ ഭാഗമായി കുളക്കടവിൽ വെച്ചു നടക്കുന്ന പെൺകുട്ടികളുടെ പൂവിടൽ ചടങ്ങിന് മുഖ്യകാർമ്മികത്വം വഹിച്ചത് മുത്തശ്ശി തന്നെയായിരുന്നു. ചാണകം കൊണ്ടും മണ്ണുകൊണ്ടും കാമനാരെ വെക്കാനും അമ്മയ്ക്ക് ഒരു ഉപദേശിയായി മുത്തശ്ശിയും ഒപ്പം നിന്നു. ഉത്സവ സമാപന ദിവസം പൂരക്കഞ്ഞിയുടെയും പൂര അടയുടെയും റസീപി വരെ അമ്മയ്ക്ക് പറഞ്ഞു കൊടുത്തതും മുത്തശ്ശി തന്നെ. മുത്തശ്ശിയുടെ വിരൽത്തുമ്പും പിടിച്ച്, ഒരു സിൽബന്ധിയായി, വർക്കിംഗ് കൺവീനറായി,സൂര്യയും കൂടെയുണ്ടായിരുന്നു.

ഒമ്പതുദിവസം നീണ്ടു നില്ക്കുന്ന പൂരോത്സവത്തിനു പര്യവസാനം കുറിക്കുന്നത്, കാമന്മാരെ യാത്രയാക്കിക്കൊണ്ടാണ്. ചാണകം കൊണ്ടും മണ്ണുകൊണ്ടും ഉണ്ടാക്കിയ കാമൻമാരെയും ഒമ്പതുദിവസമായി അവർക്കു പൂജിച്ച പൂക്കളെയും എല്ലാം കൂടി വാരിയെടുത്ത്, പ്ലാവിൻ്റെയോ കല്പകവൃക്ഷമായ തെങ്ങിൻ്റെയോ കടയ്ക്കൽ കൊണ്ടുവെയ്ക്കും. അങ്ങിനെ യാത്രയയക്കുമ്പോൾ പാടുന്ന പാട്ടാണ്, ഇപ്പോൾ സൂര്യ ഉറക്കത്തിൽ പാടിയത്. മുത്തശ്ശി പാടിയ പാട്ട്, സൂര്യക്കു ശരിക്കും മനസ്സിലാകാത്തതുകൊണ്ട്, അതിന് അവൾക്ക് ഇംഗ്ലീഷ് പരിഭാഷ പറഞ്ഞു കൊടുത്തത് താൻ തന്നെയായിരുന്നു.

പൂരാഘോഷവും ഒത്തുകൂടലും എല്ലാം കൂടി രണ്ടാഴ്ച്ചക്കാലം ചടപടേന്നു പറന്നുപോയത് ആരും അറിഞ്ഞില്ല. അടുത്ത കൊല്ലത്തെ മുത്തശ്ശിയുടെ നവതി ഇതിലും അടിപൊളിയാക്കാമെന്ന്, മുത്തശ്ശിക്കു വാക്കു കൊടുത്തിട്ടാണ്, മനസ്സില്ലാ മനസ്സോടെ എല്ലാവരും തങ്ങളുടെ ഇടുങ്ങിയ ലോകങ്ങളിലേക്കു തിരികേ മടങ്ങിപ്പോയത്.

താൻ പോലും പ്രതീക്ഷിക്കാത്തതായിരുന്നു, തറവാട്ടിലേക്കെത്തിയപ്പോഴുള്ള സൂര്യയുടെ സ്വഭാവമാറ്റം. ഇതിനുമുമ്പ്, ഒരുദിവസംപോലും അനുരാധയെ പിരിഞ്ഞിരിക്കാത്തവളായിരുന്നു,സൂര്യ. അതുകൊണ്ടുതന്നെ, മനസ്സിൽ ചെറിയ പിരിമുറുക്കത്തോടെയായിരുന്നു, താൻ നാട്ടിലെത്തിയത്. പക്ഷെ തറവാട്ടിലെത്തിയപ്പോൾ ആദ്യത്തെ രണ്ടുദിവസം മാത്രമായിരുന്നു, അവൾ അനുരാധയുടെ ഫോൺപോലും അറ്റൻ്റ് ചെയ്തത്. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം അമ്മയോട് ഒരഞ്ചു മിനുട്ട് ഫോണിൽപോലും സംസാരിക്കാൻ കഴിയാത്തവിധത്തിൽ അവൾ തിരക്കോടു തിരക്കിലായിരുന്നു. രാത്രിയിൽപോലും ആദ്യത്തെ ദിവസം മാത്രമായിരുന്നു, അവൾ തൻ്റെയൊപ്പം ഉണ്ടായിരുന്നത്. പിന്നീടെല്ലാ ദിവസവും അവൾക്ക് മുത്തശ്ശി മതിയായിരുന്നു.

എന്തിനേറെപ്പറയണം? തിരിച്ചു വരുന്ന ദിവസം താൻ മുത്തശ്ശിയുടെ കൂടെ തറവാട്ടിൽ നിന്നുകൊള്ളാമെന്നും തിരിച്ച് ഡൽഹിയിലേക്കില്ലെന്നും പറഞ്ഞുകൊണ്ട്, വാശി പിടിച്ചു കരയുകയായിരുന്നു, അവൾ. അടുത്ത അദ്ധ്യയനവർഷം മുതൽ അവളെ തറവാട്ടിൽ നിർത്തി പഠിപ്പിക്കാമെന്ന്, എല്ലാവരുടെയും മുന്നിൽ വെച്ച്, മുത്തശ്ശിയുടെ തലയിൽ കൈവെച്ചു കൊടുത്ത ഉറപ്പിൻമേലാണ്, കരച്ചിൽ നിർത്തി, തന്നോടൊപ്പം വരാൻപോലും അവൾ ഒടുവിൽ തയ്യാറായത്. ഇനി ഫ്ലാറ്റിൽ എത്തിയാലും അവൾ വാശിയിൽ തന്നെയായിരിക്കും. ചെറിയ കുട്ടിയാണെങ്കിലും, അവൾ മനസ്സിൽ ഒരുകാര്യം തീരുമാനിച്ചു കഴിഞ്ഞാൽ അതെങ്ങിനെയെങ്കിലും സാധിപ്പിച്ചു കൊടുത്താലേ പിന്നീട് അക്കാര്യത്തിൽ നിന്നും പിന്മാറുകയുള്ളൂ. വിവാഹം കഴിഞ്ഞ്, കുറച്ചധികം കാലത്തെ കാത്തുനില്പിനു ശേഷം കിട്ടിയ കുട്ടിയായതുകൊണ്ട്, അവളുടെ ആഗ്രഹങ്ങൾക്കൊന്നും തങ്ങൾ അധികം തടയിടാറുമില്ല.

സൂര്യയെ മാത്രമായിട്ടെങ്ങിനെ കുറ്റപ്പെടുത്തും? താനും മടിച്ചു മടിച്ചു തന്നെയല്ലേ തറവാട്ടിൽ നിന്നും മടങ്ങിയത്? കാമനു പൂവിടാനുള്ള ചെമ്പകപ്പൂവും മുരിക്കും പൂവും ഒക്കെ അതാത് മരത്തിൽ കയറി നാല്പത്തിയഞ്ചുകാരനായ താൻ പറിച്ചത്, ശരിക്കും ഒരു ഇരുപതുകാരൻ്റെ ആവേശത്തിൽ തന്നെയായിരുന്നില്ലേ… ശരീരത്തിൽ തുളച്ചുകയറിയ മുരിക്കിൻ്റെ മുള്ളിനുപോലും തന്നെ തടയാൻ കഴിഞ്ഞില്ല. അമ്പലക്കുളത്തിലെ നീന്തലും, പ്ലാവിൽ കയറി ചക്കയിടലും, മാവിൽക്കയറി മാങ്ങ പറിക്കലും… എല്ലാം എല്ലാം… തന്നെ കുട്ടിക്കാലത്തേക്കു കൂട്ടിക്കൊണ്ടുപോയി. കാമനെ യാത്രയയക്കുമ്പോൾ സൂര്യയോടൊപ്പം ഒരു ചെറിയ കുട്ടിയായി, കമോൺ കാമൻ അങ്കിൾ എന്നുവരെ താനും ആവേശത്തിമർപ്പിൽ വിളിച്ചു പോയി. ആ വാക്കാണ്, ഇപ്പോൾ ഉറക്കപ്പിച്ചിൽ പോലും ,അവൾ ഉറക്കെ വിളിച്ചു പറഞ്ഞത്. മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുത്ത്, ജോയ്നിംഗ് പിരിയഡ് കുറച്ചുദിവസം കൂടി നീട്ടി വാങ്ങിച്ച്, അത്രയും ദിവസം കൂടി നാട്ടിൽ തുടരാനുളള ഒരാലോചന പോലും ഇടയ്ക്ക് തൻ്റെ ഭാഗത്തു നിന്നുണ്ടായി. അനുരാധയുടെ ശകാരവും നിർബന്ധവുമാണ് തന്നെ അതിൽ നിന്നും ഒടുവിൽ പിന്തിരിപ്പിച്ചത്.

അനുരാധയോട് ഒരഭിപ്രായം പോലും ചോദിക്കാതെയാണ്, താൻ തറവാട്ടിൽ വെച്ച്, മുത്തശ്ശിക്കു വാക്കു കൊടുത്തത്. തൻ്റെ കാര്യം പോകട്ടെ…സൂര്യയെ അധികം പിരിഞ്ഞിരിക്കാൻ അനുരാധക്കെങ്ങിനെ കഴിയും? ഇപ്പോഴത്തെ രണ്ടാഴ്ചക്കാലം പോലും അവൾ എങ്ങിനെയാണ് ഒറ്റയ്ക്ക് പിടിച്ചു നിന്നതെന്നോർത്ത്, താൻ അത്ഭുതപ്പെടുകയാണ്. വാശിയിൽ സൂര്യയുടെ ചേച്ചിയായ മുത്തശ്ശിയും ഇനി അടങ്ങിയിരിക്കുമെന്നു തോന്നുന്നില്ല. കൂടാതെ മുത്തശ്ശിക്കു കൊടുത്ത വാക്കു തെറ്റിച്ചാൽ പിന്നെ എല്ലാവരുടെ മുന്നിലും….

” സാറെ… നമ്മൾ തക്ഷശില അപ്പാർട്ടുമെൻ്റിൽ എത്തി. സാറിൻ്റെ ഫ്ലാറ്റ് എവിടെയാ…? വണ്ടി ഉള്ളിലേക്കു കടത്തണോ?”

ദാമോദരൻ ആദിത്യനെ ഓർമ്മയിൽ നിന്നും ഉണർത്തി.
ടാക്സിക്കൂലി കൊടുത്ത്, വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ, ആദിത്യൻ്റെ മനോഗതം അറിഞ്ഞിട്ടെന്ന പോലെ ദാമോദരൻ പറഞ്ഞു.

” അല്ലെങ്കിലും കുട്ടികൾ അങ്ങിനെത്തന്നെയാണ്, സാറെ… ഞാൻ എൻ്റെ മകളെയും കൂട്ടി നാട്ടിൽ പോയാലും ഇതേ അവസ്ഥ തന്നെയാണ്. ഇപ്രാവശ്യം ഇളയ കുട്ടിക്ക് ഒട്ടും സുഖമില്ലാത്തതു കൊണ്ടാണ്, പൂരത്തിന് നാട്ടിൽ പോകാതിരുന്നത്. ഞാൻ ഡൽഹിയിൽ വന്നിട്ട് പതിനഞ്ചു വർഷമായി. ഇവിടെ ഫ്ലാറ്റിൽ മുണ്ടു മുറുക്കിക്കെട്ടിയാണ് കഴിയുന്നതെങ്കിലും കൊല്ലത്തിൽ രണ്ടു പ്രാവശ്യമെങ്കിലും, ഓണത്തിനും പൂരത്തിനും ഞങ്ങൾ നാട്ടിലേക്കോടും. ഫ്ലാറ്റിലെ ഇടുങ്ങിയ ഒന്നോ രണ്ടോ റൂമുകളിൽ വിഷവായു ശ്വസിച്ച്, കൂട്ടിലടച്ച തത്തകളെപ്പോലെ കഴിയുന്ന നമ്മുടെ പിള്ളേര്, ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും നാട്ടിലെ ശുദ്ധവായുകൂടി ഒന്നു ശ്വസിച്ചോട്ടെ…. അല്ലേ സാറെ. സാറു നോക്കിക്കോ. സാറിൻ്റെ ഭാര്യക്കും മകളെ തറവാട്ടിലാക്കി പഠിപ്പിക്കുന്നതിൽ ഒരെതിർപ്പും ഉണ്ടാകാനിടയില്ല. അങ്ങിനെയെങ്കിലും നിങ്ങൾക്ക് ഇടയ്ക്കിടെ നാട്ടിലേക്കു പോകാനുള്ള ഒരു കാര്യവും കാരണവും വഴിയും തുറന്നു കിട്ടുകയും ചെയ്യുമല്ലോ…. ”

ദാമോദരൻ പറഞ്ഞ വാക്കുകളെ ഹൃദയത്തിലേക്കു ഏറ്റുവാങ്ങി, സൂര്യയുടെ കൈയ്യും പിടിച്ച്, ഒരുപുതിയ ആത്മവിശ്വാസത്തോടെ ആദിത്യൻ താക്കോലെടുത്ത്, ബി 31 ൻ്റെ വാതിൽ തുറന്ന്, വലതുകാലും വെച്ച് വീട്ടിന്നുള്ളിലേക്കു കയറി.

✍ ഉണ്ണി ആവട്ടി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments