Logo Below Image
Sunday, April 6, 2025
Logo Below Image
Homeസ്പെഷ്യൽവാക്കിന്റെ രാജപാത (30) ✍ സരസൻ എടവനക്കാട്

വാക്കിന്റെ രാജപാത (30) ✍ സരസൻ എടവനക്കാട്

സരസൻ എടവനക്കാട്

വിശേഷേണ ഈടു തരുന്നത് വീട്.
പല വസ്തുക്കൾ കൊണ്ട് പല രൂപത്തിൽ വീടു നിർമ്മിച്ച് അതിൽ ജീവിത ഗതിവിഗതികൾ അനുഭവിക്കുന്ന മനുഷ്യൻ മൗലികമായി കുടുംബസ്ഥനാണ്.

കുടിൽ തൊട്ടു കൊട്ടാരം വരെ ഭിന്ന മുഖങ്ങൾ കാട്ടുന്ന വീട് സംസ്കാരത്തിന്റെ ആദിമ അടയാളത്തെ ഉയർത്തിക്കാട്ടുന്ന സ്ഥാപനം തന്നെയത്രെ.

നാടും വീടും വിടുന്ന പ്രവാസത്തിന്റെ വിങ്ങൽ അനുഭവിച്ചവർക്കേ വീടിന്റെ ഈട് അറിയൂ.

വീടില്ലാത്തവരും പുറത്താക്കപ്പെട്ടവരും ജപ്തിക്കഴുകന്മാർ കൊത്തിപ്പറിക്കുന്നവരും ഹാ…..
എത്ര സുരക്ഷിതം.എത്ര സ്വതന്ത്രം!എത്രമേൽ സർഗ്ഗാത്മകം ! ബന്ധങ്ങളുടെ മായിക സ്നേഹത്തിൽ അമ്മയുടെ വയറ്റിലെന്ന പോൽ നമ്മളീവീട്ടിൽ….

ബന്ധങ്ങളുടെ വാഹിനികൾ ഒരുമിച്ച് ചേർന്ന് ഒടുവിൽപിരിഞ്ഞിടേണ്ട
മുഹൂർത്തമാണ് ഏറെ വേദനിപ്പിക്കുന്നത്.

“പഴകുന്തോറുമേറുന്നു
പാരം മമതയെങ്കിലും
ഈവീടു വിട്ടിറങ്ങീടാൻ
ഇനിത്താമസമില്ല മേ ”

എന്നു ജി ശങ്കരക്കുറുപ്പ് പാടുമ്പോൾ വീടിനോടു വിട ചൊല്ലേണ്ടി വരുന്ന ദുഃഖതീവ്രത പടരുന്നുണ്ട്.ശരീരമാകുന്ന വീടു വിട്ടിറങ്ങി പോകുന്ന ദേഹീവിലാപം ധ്വനിപ്പിക്കാനും കവിക്കു കഴിഞ്ഞിട്ടുണ്ട്.അതേ….വീട്
‘വിടൂ വിടൂ ‘
എന്നു തേങ്ങി വിടപറയാനും കൂടി ഉള്ളതാണ്.

വീട്ടുകാരേ…. എന്ന സംബോധന കേട്ടിട്ടുണ്ട്.വീട്ടുകാരി എന്ന വിശേഷണവും സുലഭമാണ്.ഇവയെക്കാൾ കുറവാണ് വീട്ടുകാരാ എന്ന സംബോധന.സ്ത്രീപ്രാധാന്യം സൂക്ഷ്മ തലത്തിൽ കൂടുതലായാണ് കേട്ടിട്ടുള്ളത്.
Man makes a house
Women make a home.

സൂര്യകാന്തി.
ജി ശങ്കരക്കുറുപ്പ് രചിച്ച സൂര്യകാന്തി മലയാളത്തിലെ ഏറ്റവും സുന്ദരമായ പ്രതീകാത്മക കാവ്യമാണ്.

പ്രതീകങ്ങൾ ഒന്നിനു പകരം നില്ക്കുന്നവയാണല്ലൊ

സൂര്യകാന്തി സൂര്യനെ കാമിക്കുന്നവളാണ്.കാന്തത്തിന് ആകർഷക ശക്തിയുണ്ട്.കാന്തത്തിൽ നിന്ന് കാന്തി,കാന്തൻ,കാന്ത തുടങ്ങിയ പദങ്ങൾ നിഷ്പാദിപ്പിച്ചിട്ടുണ്ട്.

കാന്തനെ കാണുമ്പോൾ കാന്തയ്ക്കും കാന്തയെ കാണുമ്പോൾ കാന്തനും കാന്തി വർദ്ധിക്കും.അതാണ് സ്നേഹ വൈഭവം.സൂര്യോദയത്തിൽ പൂർവ്വ ദിക്കിലേക്കു നോക്കി നില്ക്കുന്ന പൂവ് അസ്തമയത്തിൽ പടിഞ്ഞാറേയ്ക്ക് തിരിയുന്നത് നിരീക്ഷിച്ച കവി സ്നേഹത്തിന്റെ ഒരു one way traffic ചിത്രീകരിച്ചിരിക്കുന്നു.മലയാളത്തിനു കൈവന്ന കാവ്യഭാവനാബന്ധുരതയിൽ ആസ്വാദകർ മതിമറക്കുന്നുണ്ട്.

” മാമകപ്രേമം നിത്യ മൂകമായിരിക്കട്ടെ
കോമളനവിടുന്നത്
ഊഹിച്ചാലൂഹിക്കട്ടെ”

എന്ന നാട്ടിൻപുറക്കാരി കാമുകിയുടെ ഗദ്ഗദം സാന്ദ്രമാണ്.

പ്രകൃതിയെ നിരീക്ഷിച്ച് എത്ര പദങ്ങളാണ് ഭാഷ
സഞ്ചയിച്ചിട്ടുള്ളത് !

സരസൻ എടവനക്കാട്✍

RELATED ARTICLES

5 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments