Logo Below Image
Sunday, March 16, 2025
Logo Below Image
Homeസ്പെഷ്യൽവാക്കിന്റെ രാജപാത (29) ✍ സരസൻ എടവനക്കാട്

വാക്കിന്റെ രാജപാത (29) ✍ സരസൻ എടവനക്കാട്

സരസൻ എടവനക്കാട്

നമ്മെ ത്രസിപ്പിക്കുന്ന് ത്രാസം.

ആരെയും ത്രസിപ്പിക്കുന്ന വീര സാഹസിക കൃത്യങ്ങൾ എന്ന വാക്യം പണ്ട് സിനിമാനോട്ടീസുകളിൽ പതിവായിരുന്നു.ആധുനിക ജീവിതത്തിൽ ത്രാസം പ്രമുഖ മുദ്ര ചാർത്തി വിരാജിക്കുന്നുണ്ട്.

ഞെട്ടിക്കുന്ന വാർത്തകൾ അനുനിമിഷം വന്നു നിറയുകയാണ്.ഇവ പകർത്തുന്നതിൽ പത്രമാധ്യമങ്ങൾ പരാജയപ്പെട്ടിരിക്കുന്നു.പരാജയം സാങ്കേതികമാണ്.ദൃശ്യമാദ്ധ്യമങ്ങൾ തൽസമയം ഒപ്പിയെടുക്കുന്ന വാർത്തയുടെ സജീവത പകരാനാവാതെ അവ തളർന്നേ പോകുന്നു.ന്യൂജൻ കുട്ടികൾ അവ തൊട്ടു നോക്കാറില്ല.മുതിർന്ന തലമുറ ടിവിയുടെ മുന്നിൽ നിന്നു മാറാറുമില്ല.പിന്നെ ആരാണീ വായനക്കാർ ?

ആ മാദ്ധ്യമം മരിച്ചു.

എന്നിട്ടും പത്രങ്ങൾ അടിച്ചു കൂട്ടുന്നതിനു വേണ്ടി എന്തിനീ പാവമാം ഭൂമിയുടെ ഹരിതപുത്രരെ വെട്ടി വീഴ്ത്തുന്നു?

പത്രങ്ങൾ അടിക്കലും മരം വെട്ടലും ഒരേ സമയം നിരോധിച്ചാൽ ഭൂമിയുടെ പനി ലേശം ശമിക്കും.

ത്രസിപ്പിക്കുന്ന വാർത്തകൾ വിസ്മയ മായിക മസാല ചേർത്ത് ദൃശ്യമാദ്ധ്യമങ്ങൾ പ്രേക്ഷകർക്ക് എറിയുന്നു.മലയാളത്തിൽ ദൂരദർശൻ ഒഴിച്ചുള്ള ചാനലുകൾ
അങ്കത്തട്ടിലെ ചേവകരുടെ പയറ്റിലാണ്.വാളിനു പകരം മൈക്ക് ഏന്തിയ
വെളിച്ചപ്പാടന്മാർ പേശിപ്പയറ്റി റേറ്റിംഗ് കൂട്ടാൻ പെടാപ്പാടിലാണ്.
ഭ്രാന്ത്…ഭ്രാന്ത്…. മിമിക്രി മുതൽ അർധ കള്ളപ്രചരണ ബ്രേക്കിംഗ് വരെ തട്ടിക്കൂട്ടിയാണ് ഇക്കൂട്ടർ നിലനില്ക്കുന്നത്.സർവ്വം
ബഹളമയം.ഇവ അരമണിക്കൂർ കാണുന്നവരുടെ സ്വാസ്ഥ്യം
നഷ്ടപ്പെടുന്നു.

മറുപുറത്തെ ദൂരദർശനാവട്ടെ ഒച്ചിന്റെ നട പഠിക്കുകയുമാണ് !

നവോത്ഥാനം.

പുത്തൻ ഉണർവ്,ഉയിർത്തെഴുന്നേല്പ് എന്നീ നിലയിൽ പ്രയോഗിച്ചു വരുന്നു.

മദ്ധ്യകാല യൂറോപ്പിൽ കല,സാഹിത്യം, ശാസ്ത്രം, യുക്തിചിന്ത എന്നിവയ്ക്ക് കൈവന്ന നവീനമായ കാഴ്ചപ്പാട് അഥവാ renaissance ആണ് നവോത്ഥാനം.
നമ്മുടെ നവോത്ഥാന നായകരിൽ പ്രഥമ ഗണനീയൻ ശ്രീ വൈകുണ്ഠ സ്വാമികൾ
ആണ്.അദ്ദേഹം 1822ൽ സ്ഥാപിച്ച ‘സമത്വസമാജം’ കേരളത്തിൽ സാമൂഹിക വിപ്ലവത്തിന് മാർഗ്ഗദർശിയായി.ചാന്നാർ ലഹളയുടെ രാസത്വരഗം വൈകുണ്ഠസ്വാമികളായിരുന്നു.ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ ഉള്ള അവകാശം നേടിയെടുക്കാനും സമൂഹത്തെ സമത്വസുന്ദര പാതയിലൂടെ നടത്താനുള്ള ദർശനദീപ്തി പകരാനും സ്വാമികൾക്കു കഴിഞ്ഞു.

വൈകുണ്ഠം വിഷ്ണു ലോകമാണ്.
കുണ്ഠത അഥവാ ദു:ഖം ഇല്ലാത്ത
ഇടമാണല്ലൊ വൈകുണ്ഠം. തൻെറ പേരർത്ഥം അന്വർത്ഥമാക്കി സമൂഹത്തെ നയിക്കാൻ കഴിഞ്ഞ പ്രഥമ നവോത്ഥാന നായകന് സർവ്വാദരങ്ങൾ.

മൂർഖൻ എന്ന തനി സംസ്കൃത പദത്തിന്റെ അർത്ഥം വിഡ്ഢി എന്നാണ്.

ഉഗ്രശേഷിയുള്ള ഒരു ഉരഗത്തിന്റെ നാനാർത്ഥവും ഈ പദത്തിനുണ്ട്.
വിഡ്ഢി എപ്പോഴും ചീറ്റി നില്ക്കുന്നവനാണ്. മൂക്കു ചീറ്റലും ഇതിൽ പെടും.ചീറ്റി ശ്രദ്ധ ആകർഷിക്കും.ഭയപ്പെടുത്തും.കൊത്തിക്കൊല്ലുവാനുള്ള കഴിവു കാണിക്കും. അതു കാണാനും വാഴ്ത്താനും ആളുകളുണ്ടെന്നതാണ്  മൂർഖഭാഗ്യം.
പൂർവ്വികർ എത്ര സൂക്ഷ്മതയോടെയാണ് നിരീക്ഷണ പാടവത്തോടെയാണ് പദ സൃഷ്ടി നടത്തിയിട്ടുള്ളത്!!

സരസൻ എടവനക്കാട്

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments