- പണം
ആദ്യകാല നാണയത്തിനു പണം എന്നു പറഞ്ഞിരുന്നു.ചൂതുകളിൽ വയ്ക്കുന്ന വസ്തുവിനും പണം എന്നു തന്നെയാണ് പറഞ്ഞിരുന്നത്.
പരിമാണം അതായത് അളവ് അല്ലെങ്കിൽ മൂല്യം കല്പിക്കുന്നത് പണം.വാങ്ങുന്നതിനൊ കൊടുക്കുന്നതിനൊ ഇത്ര മൂല്യമുണ്ടെന്നു നിശ്ചയിച്ച് പ്രതീകമായി നാണയങ്ങൾ നോട്ടുകൾ ഡിജിറ്റൽ ആലേഖനങ്ങൾ എന്നിങ്ങനെ കാലത്തിന്റെ പരിണതിയിൽ പണം പല രൂപമാർജിക്കുന്നുണ്ട്.സാധനങ്ങൾ പകരം കൈമാറിയിരുന്ന barter കാലത്ത് സ്നേഹം സാധനങ്ങളോടൊപ്പം സൗജന്യം ലഭിച്ചിരുന്നു. ഇന്നോ ???
പിന്നെപ്പിന്നെ
“പണമെന്നുള്ളത് കയ്യിൽ വരുമ്പോൾ
ഗുണമെന്നുള്ളതു
ദൂരെപ്പോകും”
എന്നു കുഞ്ചൻ നമ്പ്യാർക്കു പാടേണ്ടി വന്നു. ‘പണമില്ലാത്തവൻ പിണമാണെന്നും , പണത്തിനു മേലെ പരുന്തും പറക്കില്ലെന്നും കണ്ടിട്ടാണ് അദ്ദേഹം അങ്ങനെ പാടിയത്.
പാട്ടു കേട്ടവരിൽ പലരും
നാണം കെട്ടും പണം നേടിക്കൊണ്ടാൽ
നാണക്കേടാപ്പണം തീർത്തു കൊള്ളും എന്ന ദർശനം വ്യാപകമാക്കി.
Time is money എന്ന അമേരിക്കനിസം വന്നപ്പോഴാകട്ടെ സോഷ്യലിസത്തിൽ തൂങ്ങിക്കിടന്നിരുന്നവർ
” ഊർന്നു കൈയറിയാതെയറിയാതെയാണ്”
എന്ന മട്ടിൽ അത്യഗാധതയിൽ ഒരു തടുപിടുധീം…… കേട്ടു.
പുരോഹിതവർഗ്ഗവും അവർ ഊട്ടി വളർത്തുന്ന ദൈവങ്ങളും പണക്കൊഴുപ്പിൽ ദുർമ്മേധസ്സ് അടിച്ചു കയറ്റിയപ്പോൾ നാട്ടിൽ പിടിച്ചു പറിയും അഴിമതിയും കൊഴുത്തു.പണപ്പലകകൾ നോട്ട് എണ്ണും യന്ത്ര മുരൾച്ചയിലേക്ക് രംഗപടം മാറ്റി.പണം വാരുന്നതിൽ പണത്തൂക്കം മാറ്റം വരുത്തരുതെന്നും ജീവിതം പണയം വെച്ചും പണം നേടുമെന്നുമുള്ള ചിന്ത സമൂഹത്തിന്റെ ദർശനമായി മാറി.
പണത്തിൽ നിന്നായിരിക്കാം പണി എന്ന പദം ഉരുത്തിരിഞ്ഞത്.
“തട്ടും കൊട്ടും ചെണ്ടയ്ക്കത്രെ
കിട്ടും പണമതു മാരാന്മാർക്കും ” എന്നും കുഞ്ചൻ നമ്പ്യാർ പാടിയിട്ടുള്ളത് രാഷ്ട്രീയ രംഗം കണ്ടിട്ടാവണം.
സമ്പത്ത് സമ്യക്കായ പദംവയ്പ്പാണ്.
നല്ല പോലെ നടക്കാൻ ശാരീരിക സിദ്ധികൾ എല്ലാം വേണം.സാമ്പത്തിക സാമൂഹിക സാംസ്കാരിക
തെളിച്ചങ്ങളും വേണം.സുഹൃത്തുക്കളും
ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവുമൊക്കെ സമ്പത്ത് തന്നെ!!!
ആരാണ് ദരിദ്രൻ?
മുൻ ഖണ്ഡികയിൽ നിന്നും
ഉത്തരം കണ്ടെത്താൻ കഴിയേണ്ടതാണ്!!
മഹാലക്ഷ്മിയാണ് നമ്മുടെ ഐശ്വര്യ ദേവത.പാൽക്കടൽ മങ്ക.
ധനം, ധാന്യം, ധൈര്യം, ശൗര്യം, വിദ്യ, കീർത്തി എന്നിവ അഷ്ടൈശ്വര്യങ്ങളായി പ്രകീർത്തിക്കപ്പെടുന്നു.
ധനം നമ്മുടെ ആകാശം വിപുലമാക്കുന്നു.സമൂഹത്തിൽ നമ്മെ അടയാളപ്പെടുത്തുകയും ചെയ്യുന്നു.അത് നമ്മെ എങ്ങോട്ടൊക്ക വഹിച്ചുകൊണ്ട് പോകുമെന്നു പറയാനാവില്ല.
പണത്തോടു വിരക്തി കാണിക്കണമെന്ന മട്ടിൽ ചില ആദ്ധ്യാത്മിക കേന്ദ്രങ്ങളിൽ നിന്ന് ഉയരാറുള്ള ശബ്ദം ശുദ്ധ ഭോഷ്ക്കാണെന്ന് അക്കൂട്ടരുടെ ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ചൽ വ്യക്തമാകും.
ജീവിതത്തിൽ കാമക്രോധാദികളെ അടക്കി മോക്ഷം നേടണമെന്ന് പല സ്വഭാവത്തിലുള്ള കഥകളിലൂടെ ഉദ്ബോധിപ്പിക്കുന്ന ശ്രീമദ് ഭാഗവതം ധർമ്മമാർഗ്ഗേണ
പണം സമ്പാദിക്കണമെന്നും
അതിനോട് ആർത്തി പാടില്ലെന്നും അത് ശാശ്വതമല്ലെന്നു തിരിച്ചറിയണമെന്നും അന്യ ന്റേത് ആഗ്രഹിക്കരുതെന്നുമേ പറയുന്നുള്ളൂ….
സർവ്വസംഗപരിത്യാഗികൾ അവരുടെ പാട്ടിനു പൊയ്ക്കോട്ടെ…
ഗൃഹസ്ഥൻ അവർക്കു ജയ് വിളിക്കേണ്ടതുണ്ടോ ? കുടുംബം നോക്കാതെ പൊട്ടൻ കളിക്കേണ്ടതുണ്ടോ????
ലോകാദ്ഭുതൈകവചോപടുത്വദർശനസ്വപ്നഗ്രന്ഥമായ ശ്രീമദ് ഭാഗവതം വീണ്ടും പറയുന്നു……
ധർമ്മം, കീർത്തി, അർത്ഥാഭിവൃദ്ധി ,സ്വസുഖം
സ്വജനം എന്നിങ്ങനെ നിങ്ങളുടെ ധനം ഭാഗിക്കിൻ എന്ന്…..
അഞ്ചിലൊന്നു ദാനത്തിനും
അഞ്ചിലൊന്നു നമ്മുടെ യശസ്സു വർദ്ധിപ്പിക്കാനും
അഞ്ചിലൊന്നു ബാങ്കിലോ മറ്റൊ നിക്ഷേപിച്ച് നിരന്തരം പെരുകിക്കൊണ്ടിരിക്കാനും
അഞ്ചിലൊന്ന് നമ്മുടെ ആഗ്രഹങ്ങൾ സാധിപ്പിക്കാനും അഞ്ചിലൊന്ന് സ്വന്തബന്ധസുഹൃത് വലയത്തിനും ചെലവഴിക്കുകയെന്ന് ബ്രഹ്മർഷി വ്യാസൻ…….
ധർമ്മം,അർത്ഥം,കാമം, മോക്ഷം എന്ന പുരുഷാർത്ഥ വഴികൾ ഇതിനാൽ തെളിഞ്ഞു കാണാം…
പ്രഭുകുമാരിയെ സ്നേഹിച്ചു വിവാഹം കഴിക്കുകയും പാവപ്പെട്ടവർക്കു വേണ്ടി
ജീവിച്ച് കൊടിയ പട്ടിണിയിൽ കഴിയേണ്ടി വരികയും ചെയ്ത കാൾ മാർക്സ് കുഞ്ഞിനു തൊട്ടിൽ വാങ്ങാൻ പണമില്ലാതെ മടങ്ങിവന്നു.പട്ടിണിയും ദുരിതവും കൊണ്ട് നാലാമത്തെ കുഞ്ഞും
മരിച്ചപ്പോൾ ഭാര്യ പറഞ്ഞു
“നിങ്ങൾ നമ്മുടെ കുഞ്ഞിനു തൊട്ടിലുപോലും
വാങ്ങിത്തന്നില്ല,അതിനെ അടക്കാൻ ശവപ്പെട്ടിയെങ്കിലും വാങ്ങിത്തരണേ….”
അതു പോലും വാങ്ങാൻ കഴിവില്ലാതിരുന്ന പാവങ്ങളുടെ ഋഷിയായിരുന്ന മാർക്സാണ് സമൂഹത്തെ ഭരിക്കുന്ന മൂലധനത്തിന്റെ തത്ത്വശാസ്ത്രമെഴുതിയത്!!!!!
“ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം”
2. ഫലിതം
ഫലിക്കുന്ന വാക്കാണ് ഫലിതം.
ഫലിത പരിഹാസങ്ങളിലൂടെ സമൂഹത്തിലെ ദുഷ്ചെയ്തികൾക്കെതിരെ
ഫലവത്തായി തൂലിക ചലിപ്പിച്ച കവിയാണ് കുഞ്ചൻ നമ്പ്യാർ.അദ്ദേഹത്തെ ഫലിതസമ്രാട്ട് എന്നു വിശേഷിപ്പിക്കാറുണ്ട്.
ഫലിതം ✓
സമ്രാട്ട് ✓
സ്തംഭം ✓
ഭലിതം×
സാമ്രാട്ട് ×
സ്തംബം×