Sunday, December 22, 2024
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ: (ഭാഗം - 23) ' നീറുന്ന ഓർമ്മകൾ ' ✍ സജി ടി....

പള്ളിക്കൂടം കഥകൾ: (ഭാഗം – 23) ‘ നീറുന്ന ഓർമ്മകൾ ‘ ✍ സജി ടി. പാലക്കാട്

സജി ടി. പാലക്കാട്

നീറുന്ന ഓർമ്മകൾ..

ചിലർ അങ്ങനെയാണ് . മറ്റുള്ളവരുടെ വിഷമം കണ്ടറിഞ്ഞ് ആശ്വസിപ്പിക്കാൻ ഓടിയെത്തും..
മനസ്സ് കലങ്ങിയിരിക്കുന്ന അവസരത്തിൽ സ്നേഹത്തോടെയുള്ള ഒരു വാക്ക് അല്ലെങ്കിൽ ഒരു നോട്ടം തരുന്ന ആശ്വാസം ചെറുതല്ല.
നമ്മളെ കേൾക്കുവാൻ ഒരാളുണ്ടാവുക എന്നത് ശരിക്കും പറഞ്ഞാൽ ഒരു ഭാഗ്യം തന്നെയാണ്…

ജോസ് മാഷിന്റെ റാഗിംഗിനു സമാനമായ പ്രവർത്തിയെ തുടർന്നു കാറും കോളും കൊണ്ട് നിറഞ്ഞിരുന്ന തൻ്റെ മനസ്സിലേക്ക് എത്ര പെട്ടെന്നാണ് ഒരു ആശ്വാസമായി ലത എന്ന ഇളം തെന്നൽ പറന്നു വന്നത്..!

‘സാർ , എന്താണ് ആലോചിക്കുന്നത്..?’

‘ഏയ് , ഒന്നുമില്ല …’

‘സാർ, അലുമിനിയം കലമില്ലേ ..?’

‘എന്തിനാണ്..?’

‘എവിടെയാ ഇരിക്കുന്നതെന്ന് പറയൂ ….’

‘സ്ലാബിന്റെ അടിയിൽ ഉണ്ടാവും.’

‘സ്ലാബിന്റെ അടിയിൽ നിന്നും ലത ഒരു അലൂമിനിയം പാത്രമെടുത്ത് കഴുകി അതിൽ വെള്ളമെടുത്ത് അടുപ്പത്ത് വച്ചു.

അടുക്കളയുടെ മൂലയിൽ ഇരുന്ന പ്ലാസ്റ്റിക് ബക്കറ്റ് തുറന്നു കുറച്ച് അരിയെടുത്ത് കഴുകി .

‘സാറിന് രണ്ടുനേരം കഴിക്കാനുള്ള അരി എടുത്തിട്ടുണ്ട് കേട്ടോ…’

അടുപ്പിലെ വിറകുകൊള്ളി നീക്കിക്കൊണ്ട് ലത പറഞ്ഞു..

‘സാർ ഏതുവരെ പഠിച്ചു …?’

എന്തിനാ..?

‘സാർ, പറയൂ…’

‘പഠിത്തം ഒക്കെ ഒരുപാടുണ്ട്’

‘എനിക്ക് അധികം പഠിക്കുവാൻ സാധിച്ചില്ല. പത്താം ക്ലാസ് വരെ മാത്രമേ പോകാൻ പറ്റിയൊള്ളൂ.. കൂടുതൽ പഠിക്കുവാൻ വീട്ടിലെ സാഹചര്യം അനുവദിച്ചില്ല,
എന്ന് പറയുന്നതാവും ശരി.
ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്.’

‘എന്റേതും ഒരു സാധാരണ കുടുംബമാണ്. ‘

‘ശരിക്കും…?’

‘അതേടോ, നാലാം ക്ലാസിൽ നിന്നും അഞ്ചാം ക്ലാസിലേക്ക് ജയിച്ചപ്പോൾ ഹൈസ്കൂളിൽ ചേരുവാൻ സ്കൂൾ മാനേജർ വലിയൊരു തുക ഡൊണേഷൻ ചോദിച്ചു. തുക കൊടുക്കാൻ ഇല്ലാത്തത് കാരണം അമ്മ വീട്ടിൽ നിന്നാണ് അഞ്ച് മുതൽ പത്താം ക്ലാസ്സ് വരെ പഠിച്ചത്.

‘ഓ.., അമ്മ വീട്ടിൽ നിന്നാണോ പഠിച്ചത്?
അപ്പോൾപ്പിന്നെ ഒരു അല്ലലും അലച്ചിലും സാർ അറിഞ്ഞിട്ടുണ്ടാവില്ലല്ലോ..’

‘ഹ….ഹ….ഹ..’

‘എന്താ സർ ചിരിച്ചത്..??’

‘ഏയ് , ഒന്നുമില്ല…’

‘ സാർ എന്നെ കളിയാക്കിയതല്ലേ?..’

‘ തന്നെ കളിയാക്കിയതൊന്നുമല്ലടോ..
ലതക്കോ അല്ലെങ്കിൽ ഇന്നത്തെ കുട്ടികൾക്കോ, ചിന്തിക്കാൻ പോലും കഴിയാത്ത അത്ര അധികം പീഡനങ്ങളാണ് അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ആറ് വർഷം ഞാൻ അനുഭവിച്ചത്..’

‘സാർ തെളിച്ചു പറയൂ..’

‘ അതൊക്കെ ഒരു വലിയ കഥയാണ്..’

‘കഥ കേൾക്കുവാൻ എനിക്കിഷ്ടമാണെങ്കിലോ…..?’

‘ എനിക്ക് രണ്ടുനേരം ചോറുണ്ണാനുള്ള അരി അടുപ്പത്ത് ഇട്ടല്ലോ …
ഇനി അത് അവിടെ കിടന്നു വെന്തോളും…
താൻ വീട്ടിൽ പോകാൻ നോക്ക്..’

‘ഇല്ല, സർ മുഴുവൻ പറയൂ……’

‘തന്നെക്കൊണ്ട് ഞാൻ തോറ്റു……

ഒരു ജോഡി ഡ്രസ്സ് മാത്രം ഇട്ടുകൊണ്ടാണ് ഒരു വർഷം മുഴുവൻ സ്കൂളിൽ പോയിക്കൊണ്ടിരുന്നത് എന്ന് പറഞ്ഞാൽ താൻ വിശ്വസിക്കുമോ..?’

‘പോ സാറേ വെറുതെ കളവ് പറയാതെ….’

‘അല്ലടോ സത്യം തന്നെ….’

‘ശരി, സമ്മതിച്ചു …..
ബാക്കി പറയൂ….’

‘ വലിയ അംഗസംഖ്യയുള്ള കുടുംബമായിരുന്നു എൻ്റെ അമ്മ വീട്. പക്ഷേ, ഒരു വേലക്കാരനെപ്പോലെ ജോലി ചെയ്യേണ്ടിവന്നു നീണ്ട ആറുവർഷക്കാലം…!

വീട്ടിൽ പശു വളർത്തൽ ഉണ്ടായിരുന്നു. എന്നും നേരം പരപരാ വെളുക്കുമ്പോൾത്തന്നെ പുല്ലു വെട്ടാൻ പോകണം.
കൂടെ ആരെങ്കിലും ഉണ്ടാവും. അത് മാത്രമായിരുന്നു ആശ്വാസം..

പുല്ലു വെട്ടി വന്നു കഴിഞ്ഞാൽ അടുത്ത പണി വെള്ളം ചുമടാണ്. പത്തു മിനിട്ട് ദൂരം പോകണം വെള്ളം കോരുന്ന വീട്ടിലേക്ക്….
നാല് തവണയെങ്കിലും വെള്ളം കൊണ്ടുവരണം.
അതുകഴിഞ്ഞ് വേണം ഓല മെടയാൻ ………

‘താൻ ഓല മെടയുന്നത് കണ്ടിട്ടുണ്ടോ ?

‘ഇല്ല….’

തെങ്ങിന്റെ ഓല രണ്ടായി നീളത്തിൽ കീറി ഒരു കെട്ടാക്കി തോട്ടിലെ വെള്ളത്തിൽ കൊണ്ടുപോയി ഇടും. മുകളിൽ
ഭാരമുള്ള കല്ലുകൾ കയറ്റി വെക്കും. എന്തിനെന്നോ, ഓല വെള്ളത്തിൽ പൊങ്ങി പോകാതിരിക്കാൻ..

രണ്ടുദിവസം കഴിയുമ്പോൾ ഓല കുതിരും. തോട്ടിലേക്ക് വെള്ളത്തിൽ ഇടുവാൻ ഓല കൊണ്ടുപോകുന്നത് പോലെയല്ല, തിരിച്ചുവരുമ്പോൾ,
നല്ല ഭാരമായിരിക്കും.
ആദ്യമായിട്ട് തോട്ടിൽ നിന്നും ഓല ചുമന്നു കൊണ്ടുവന്ന രംഗം ഒരിക്കലും മറക്കില്ല.

തോട്ടിലെ വെള്ളത്തിൽ നിന്നും ഓലക്കെട്ട് പിടിച്ച് ചിറ്റ തലയിലേക്ക് വെച്ചു തന്നു. പെട്ടെന്ന് നടു വളയുന്ന മാതിരി തോന്നി. തല കറങ്ങുന്ന പോലെ. വെള്ളത്തിലേക്ക് തന്നെ ഇട്ടാലോ, എന്നുവരെ തോന്നിപ്പോയി…!
പത്തു വയസ്സുകാരന്റെ തലയിൽ ഇരുപത്തി അഞ്ചു കിലോയോളം ഭാരം കയറ്റി വയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒരു വിഷമം ഉണ്ടല്ലോ….!
അതു പറഞ്ഞറിയിക്കാൻ വയ്യ..!
നടക്കുമ്പോൾ കാലുകൾ വെട്ടി വെട്ടി പോയി. ഒരു വിധത്തിൽ തോട്ടിൽ നിന്നും കരയിൽ കയറി. ഒരു ചെറിയ കയറ്റം കയറി റോഡിലേക്ക് എത്തിയപ്പോൾ വിയർത്തു കുളിച്ചു.

വീട്ടിലെത്തിക്കഴിഞ്ഞാൽ പിന്നെ അടുത്ത പണി ഓല മെടയലാണ്.
അതിനുശേഷം സ്കൂളിലേക്ക് ഒറ്റ ഓട്ടമാണ്, തോട്ടിലെ ചേറു മണവും പേറി സ്കൂളിൽ എത്തുമ്പോൾ ബെല്ലടിച്ചു കഴിഞ്ഞിരിക്കും…..

വൈകിട്ട് സ്കൂൾ വിട്ടു വന്നു കഴിഞ്ഞാൽ ഉടനെ തന്നെ ഓല മെടഞ്ഞോളണം. അത് തീരുന്നതുവരെ ..
ചിലപ്പോൾ രാത്രി ആകും..
മിക്ക ദിവസവും ഓല മെടയൽ ഉണ്ടാവും.’

‘അപ്പോൾ സാറിന് പഠിക്കണ്ടേ..’

‘അതിന് എവിടെ സമയം..?
പഠിക്കാതെ ചെന്നതിന് മിക്കവാറും ദിവസം തല്ലു കിട്ടും..
പിന്നെ അതൊരു ശീലമായി..
തനിക്ക് ബോറടിച്ചോ..?’

‘ഏയ്.. ഇല്ല… സാർ ബാക്കികൂടെ പറയൂ..’

തന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ലത പറഞ്ഞു.

സജി ടി. പാലക്കാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments