ശിശിരമാസത്തിന്റെ വരവ് അറിയിച്ചുകൊണ്ട് മരങ്ങൾ ഇലപൊഴിച്ചു തുടങ്ങി . ചെറിയതോതിൽ തണുപ്പും മഞ്ഞുവീഴ്ചയുമുണ്ട്.
ക്വാർട്ടേഴ്സിന്റെ മുറ്റത്തെ എരിക്കിൻ ചെടിയുടെ ഇലകളിൽ മഞ്ഞുതുള്ളി തളംകെട്ടിനിന്നു. മുറ്റത്തെ പുൽത്തലപ്പിൽപ്പോലും മഞ്ഞു കണങ്ങൾ കുമിളകൾ പോലെ കാണാം.
ആകാശം നിറയെ വെളുത്ത മേഘങ്ങളെക്കൊണ്ട് നിറഞ്ഞു. അതിനിടയിലൂടെ മഞ്ഞ നിറത്തിലുള്ള ചെറിയ മേഘ ശകലങ്ങളും പാഞ്ഞു പോകുന്നുണ്ട്.
“ആഹാ.. മാഷ് ഇവിടെ വന്നു നിൽക്കുകയാണോ..?
പായയിൽ കണ്ടില്ല . അപ്പോൾ ഞാൻ കരുതി കുളിക്കാൻ പോയിക്കാണുമെന്ന്.”
“എന്റെ സോമൻ മാഷേ, ഈ തണുപ്പ് കാലത്ത് രാവിലെ എങ്ങനെ കുളിക്കാനാണ്..!
ടോയ്‌ലറ്റിൽ പോകാൻ പോലും മടിച്ചിട്ട് ഞാൻ ഇവിടെ നിൽക്കുവാ…..”
“ഓ…. ഒരുപാട് തണുപ്പൊന്നുമില്ല, ഒരിത്തിരി തണുപ്പ് ,അത്രമാത്രം.!”
“മാഷേ, ഇന്ന് അവധി ആണല്ലോ നമുക്ക് കോട്ടത്തറ ചന്തയ്ക്ക് പോയാലോ..?”
“അതിന് തനിക്ക് നടക്കാൻ പറ്റുമോ.. ?
മെയിൻ റോഡിലേക്ക് തന്നെ മൂന്ന് മണിക്കൂർ വേണം. പിന്നെ ..
അതിനു ശേഷം ബസ്സിന് പോകണം . തിരിച്ചു വരുമ്പോൾ ബസ്സും ഇല്ല. കുറഞ്ഞത് ആറ് മണിക്കൂർ എങ്കിലും നടക്കേണ്ടി വരും…”
ജോസ് മാഷ് ചോദിച്ചു..
“എല്ലാവരും കൂടി ഒരുമിച്ച് നടക്കുമ്പോൾ ദൂരം അറിയില്ലല്ലോ..?
പിന്നെ …. ”
“പിന്നെ… എന്താ നിർത്തി കളഞ്ഞത് പറയൂ…?”
“ലത പറഞ്ഞു ചന്തയ്ക്ക് വരുമ്പോൾ അവരുടെ വീട്ടിലും ചെല്ലണമെന്ന്.”
“ഓ, അതുശരി…. അപ്പോൾ പ്രധാനം ചന്തക്ക് പോക്ക് അല്ല അല്ലേ..?”
ചിരിച്ചുകൊണ്ട് ജോസ് മാഷ് ചോദിച്ചു..
“ശ്ശോ…! അതൊന്നുമല്ല മാഷേ …
നിങ്ങളല്ലേ പറഞ്ഞത് ചന്തയ്ക്ക് പോക്ക് നല്ല രസമാണ് എന്ന്..?”
“ഓ… രസമൊക്കെ തന്നെ…
ശരി ശരി.. ആയിക്കോട്ടെ നമുക്കിന്ന് പൊയ് ക്കളയാം…..”
ഉപ്പുമാവ് കഴിച്ചതിനു ശേഷം മൂന്നുപേരും പെട്ടെന്ന് തന്നെ റെഡിയായി. വാതിൽ പൂട്ടി പുറത്തിറങ്ങി.
റോഡിലേക്ക് സ്റ്റെപ്പ് ഇറങ്ങിയപ്പോൾ സദാനന്ദൻ മാഷിന്റെ ലൂണാർ ചെരിപ്പ് തെന്നി…
“എടോ കോട്ടത്തറ ചെല്ലുമ്പോൾ തൻ്റെ ഈ ചെരുപ്പ് ഒന്ന് മാറ്റൂ ട്ടോ…”
“ഓ..ആയ്ക്കോട്ടേ….”
“ഓ..! തനിക്കും കിട്ടിയോ ഞങ്ങൾ പാലക്കാട് കാരുടെ ‘ഓ.’……”
ജോസ് മാഷ് ചിരിച്ചുകൊണ്ട് ചോദിച്ചു.
‘ഓ…’ സദാനന്ദൻ മാഷും ചിരിച്ചുകൊണ്ട് പറഞ്ഞു.
കുന്ന് കയറിയപ്പോൾ ഇളവെയിൽ മുഖത്ത് പതിച്ചത് ഇത്തിരി പ്രയാസം ഉണ്ടാക്കാതിരുന്നില്ല. രാവിലെ ആയതുകൊണ്ട് പൊടിക്കാറ്റ് ഉണ്ടായിരുന്നില്ല..
അത്രയും ആശ്വാസം…
“സാധാരണ ഞങ്ങൾ മാസത്തിൽ ഒരു തവണ ചന്തയ്ക്ക് പോകാറുണ്ട്..
ഇല്ലേ സോമൻ മാഷേ..?
സാധനങ്ങളും വാങ്ങി, സിനിമയും കണ്ടു പാതിരാത്രിയുള്ള നടത്തം ….! മുങ്ങിക്കുളിച്ച നിലാവിൽ പ്രകൃതി ഭംഗി ആസ്വദിച്ച് അങ്ങനെ അങ്ങനെ…
ആഹാ എന്ത് രസമാണെന്നോ..!..”
കുന്നുകയറി കുന്നിറങ്ങി രണ്ടര മണിക്കൂർ കൊണ്ട് അവർ ബസ് സ്റ്റോപ്പിൽ എത്തി.
അടുത്ത് കണ്ട ചായക്കടയിൽ കയറി ചായ കുടിച്ചു. ഉടനെ തന്നെ ബസ്സിന്റെ ഹോണടി കേട്ടു.
മയിൽവാഹനം ബസ് ഒരു ഞരക്കത്തോടെ സ്റ്റോപ്പിൽ വന്നു നിന്നു. അത്യാവശ്യം നല്ല തിരക്കുണ്ട് . ഒരുതരത്തിൽ ബസ്സിനുള്ളിൽ കയറിപ്പറ്റി. നിന്ന് കൊണ്ടുള്ള യാത്ര വളരെ പ്രയാസം നിറഞ്ഞതായിരുന്നു. ശരിക്കും സർക്കസ്സിലെ ട്രിപ്പീസ് കളിക്കാരനെപ്പോലെ ബസ്സിന്റെ കമ്പിയിൽ തൂങ്ങി, ആടി ആടി പന്ത്രണ്ട് മണിയോടെ ബസ് കോട്ടത്തറ എത്തി.
“ഇനി ഇവിടുന്ന് ലതയുടെ വീട്ടിലേക്ക് എങ്ങനെ പോകും?”
സോമൻ മാഷ് ചോദിച്ചു.
‘
“ജീപ്പ് സർവീസ് ഉണ്ടല്ലോ..?”
“അത് തനിക്ക് എങ്ങനെ മനസ്സിലായി..? ”
ജോസ് മാഷ്
ചോദിച്ചു.
“ലത പറഞ്ഞു ബസ് ഇറങ്ങിയാൽ അവിടെ ജീപ്പ് കിടപ്പുണ്ടാവുമെന്ന്. നാല് കിലോമീറ്റർ പോയാൽ മതി. ”
“ഓ..,അത് ശരി ….
സോമൻ മാഷേ, പിടിവിട്ടു എന്നാണ് തോന്നുന്നത്…
ഇത്രയും നാളായിട്ടും നമ്മളോട് ലത ഇതൊന്നും പറഞ്ഞില്ല., അല്ലേ..? ”
“അത് നിങ്ങൾ ചോദിച്ചിട്ടുണ്ടാവില്ല…”
“ഓ…അത് ശരിയാ..
ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളിൽ ഞാൻ ഇടപെടാറില്ല …”
ജോസ് മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.
“ദാ അവിടെരൊരു ജീപ്പ് കിടക്കുന്നു . നിറയെ ആളുകൾ ഉണ്ടല്ലോ ..?”
ജീപ്പിന് അടുത്തേക്ക് നടന്നു കൊണ്ട് സോമൻ മാഷ് പറഞ്ഞു.
“എങ്കെ പോണം ..?”
ജീപ്പ് ഡ്രൈവർ ചോദിച്ചു ..
സദാനന്ദൻ മാഷ് സ്ഥലം പറഞ്ഞു.
“എല്ലാരും ഏറുങ്കോ… ”
തമിഴ് കലർന്ന ഭാഷയിൽ ഡ്രൈവർ പറഞ്ഞു.
“രണ്ടുപേർ ഡോറിൽ ഇരിക്കൂ”
ജീപ്പിലെ ഒരു യാത്രക്കാരൻ പറഞ്ഞു..
“ങാ പിന്നേ, കാല് അകത്തേക്ക് ഇടണം കേട്ടോ..”
ഉടൻതന്നെ സദാനന്ദൻ മാഷും സോമൻ മാഷും ഡോറിൽ ഇരുന്നു.
ഒരാൾ കമ്പിയിൽ തൂങ്ങി, ഒപ്പം ജോസ് മാഷും.
“ചവിട്ടുപടിയിൽ കാൽ വച്ചോളൂ..”
കമ്പിയിൽ തൂങ്ങിയ ആൾ ജോസ് മാഷിനോട് പറഞ്ഞു.
വീതി കുറഞ്ഞ റോഡിലൂടെ ജീപ്പ് മെല്ലെ നിരങ്ങി നീങ്ങി. ടാർ റോഡ് എന്ന് പറയുക വയ്യ. മെറ്റൽ മൊത്തം ഇളകി മണലും മറ്റും കാണാം. മണ്ണ് റോഡ് പോലെ തന്നെ ഉണ്ട്.
ജീപ്പ് കുറച്ച് നീങ്ങിയപ്പോൾ മൂന്നു പേർ കൂടി കൈ കാണിച്ചു . ഡ്രൈവർ ജീപ്പ് നിർത്തി. അവരും. ചവിട്ടുപടിയിൽ തൂങ്ങി. കുത്തനെയുള്ള കയറ്റം കയറിയും, ഇറക്കമിറങ്ങിയും ഇരുപത് മിനിറ്റ് കൊണ്ട് സ്ഥലത്ത് എത്തി..
“ഹാവൂ ശ്വാസം മുട്ടുന്നു..!
എന്തൊരു യാത്ര..!
ഈ ലതയെ സമ്മതിക്കണം…! ”
സോമൻ മാഷ് പറഞ്ഞു.
“തനിക്ക് വീട് അറിയുമോ..?”
ജോസ് മാഷ് ചോദിച്ചു ..
“ഇല്ല, വഴി നമ്മുടെ വായിൽ അല്ലേ..? നമുക്ക് ആ പെട്ടിക്കടയിൽ ചോദിക്കാം .നിങ്ങൾ ഇവിടെ നിൽക്കു . ഞാനിപ്പോൾ വരാം. ”
സദാനന്ദൻ മാഷ് പെട്ടിക്കടയെ ലക്ഷ്യമാക്കി നീങ്ങി .
“ചേട്ടാ ഈ പോസ്റ്റ് മാന്റെ വീടേതാ?”
.
“നിങ്ങൾ എവിടുന്നാ ..? ”
ഏതാണ്ട് അൻപതിനോടടുത്ത് പ്രായമുള്ള കടക്കാരൻ ചോദിച്ചു.
“ഞങ്ങൾ ലതയുടെ സ്കൂളിലെ മാഷന്മാരാണ്..”
“ഓ.. ! നമ്മുടെ ലതക്കുട്ടിയുടെ സ്കൂളിലെ മാഷന്മാരാണോ..?”
കടക്കാരൻ ബഹുമാനത്തോടെ ചോദിച്ചു.
‘അതേ…’
“ഇവിടുന്ന് അല്പം കൂടി മുന്നോട്ടു പോയാൽ ഒരു റേഷൻ കട കാണാം. അതിന്റെ എതിർവശത്തുള്ള ഇടവഴിയിലൂടെ നടന്നാൽ മതി..”
“കുറെ ദൂരം നടക്കണോ..? ”
“ഏയ് , ഒരു അഞ്ചു മിനിറ്റ്….”
സദാനന്ദൻ മാഷ് കടയിൽ നിന്നും രണ്ടു പാക്കറ്റ് ബിസ്ക്കറ്റ് ‘ഒരു പാക്കറ്റ് മിക്സച്ചർ, ഒരു പാക്കറ്റ് ബ്രഡ് എന്നിവ വാങ്ങി .
കടക്കാരൻ പറഞ്ഞ വഴിയെ നടന്നു . റേഷൻ കടയുടെ മുൻവശത്ത് നിന്നും ഇറക്കമാണ്. കുറച്ചു നടന്നപ്പോൾ ഒരു ഇരമ്പൽ ശബ്ദം കേൾക്കാം..
എന്താണാവോ അത്?
എങ്ങനെ പോകും..?
ഒരു വീടുപോലും കാണുന്നില്ലല്ലോ …?
കടക്കാരൻ പറഞ്ഞു പറ്റിച്ചോ?
ആരോട് ചോദിക്കും…?
മനസ്സിൽ ചോദ്യങ്ങൾ ഉയർന്നു വന്നു.
ഹാവൂ..!
ഒരു കുട്ടി എതിരെ വന്നു.
“മോളെ ഈ പോസ്റ്റുമാന്റെ വീടേതാ..?”
“ഈ വഴിയിലൂടെ തന്നെ പോയാൽ ഒരു പുഴ കാണാം. പുഴയുടെ ഓരത്തുള്ള വീടാണ്.”
ആശ്വാസം..!
വഴി തെറ്റിയില്ല..
അപ്പോൾ നേരത്തെ കേട്ട ഇരമ്പൽ ഈ പുഴയിലെ വെള്ളത്തിന്റെ ആയിരുന്നു അല്ലേ..?
സദാനന്ദൻ മാഷ് മെല്ലെ പറഞ്ഞു.
പുഴ കണ്ടതും ദൂരെ ഒരു ഓടിട്ട വീട് ദൃശ്യമായി. അടുത്തെങ്ങും വേറെ വീടുകൾ ഇല്ല. സദാനന്ദൻ മാഷ് മുൻപിൽ നടന്നു .
‘ഇവിടെ ആരുമില്ലേ ..?
കുത്തുകല്ല് കയറി വീടിന്റെ മുറ്റത്ത് എത്തിയപ്പോൾ സദാനന്ദൻ മാഷ് ഉറക്കെ ചോദിച്ചു ..
പെട്ടെന്ന് ഏതാണ്ട് 45 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ പുറത്തേക്കു ഇറങ്ങി വന്നു.
“വരു …വരൂ …
ലതയുടെ സ്കൂളിലെ സാറന്മാർ അല്ലേ ..?”
“അതേല്ലോ….
എങ്ങനെ മനസ്സിലായി..?”
“ലതപറഞ്ഞു , ചിലപ്പോൾ നിങ്ങളിന്ന് വരുമെന്ന് …..”
‘ആണോ….?
ഇത് പറഞ്ഞതും ജോസ് മാഷ് സദാനന്ദൻ മാഷിന്റെ നേരെ ഒന്ന് നോക്കി. …
“ലത എവിടെ? ”
“അവൾ പുഴയിൽ അലക്കാനും കുളിക്കാനും മറ്റും പോയതാ.. വരാറായിട്ടുണ്ട്, ഞാൻ വിളിക്കാം .”
“വേണ്ട, ലത വരട്ടെ…”
സദാനന്ദൻ മാഷ് പറഞ്ഞു….’
മുറ്റത്തു നിന്നും നോക്കിയാൽ ദൂരെ ഒഴുകുന്ന പുഴ കാണാം. പച്ചപ്പരവതാനിയിൽ കിടക്കുന്ന വെള്ളിക്കൊലുസു പോലെ…!
ആരും നോക്കിനിന്നു പോകും…!
(തുടരും…..)