ഓർമ്മക്കുറിപ്പ് എന്ന് പറയാനാകില്ല. കാരണം ഞാൻ ജനിച്ച വർഷത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് മുതിർന്നവരിൽ നിന്നുള്ള കേട്ടറിവാണ് സത്യസന്ധമായി എഴുതുന്നത്.
വ്യാപാരത്തിലും കൃഷിയിലും ഒന്നുപോലെ വിജയക്കൊടി പാറിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്ന ധനാഢ്യനായ എൻറെ മുത്തച്ഛൻ പരമഭക്തനും ആയിരുന്നു.അക്കാലത്ത് കുർബാനയുടെ പെരുന്നാൾ എല്ലാ വർഷവും മുത്തച്ഛൻ ആണ് നടത്തിയിരുന്നത്. അത് എൻറെ കൗമാര മനസ്സിലെ തെളിഞ്ഞ ഒരു ഓർമയാണ്. ഇന്നും പുത്തൻ പള്ളിയിൽ നിത്യാരാധന നടത്തുന്ന രൂപക്കൂട് എൻറെ മുത്തച്ഛൻ സംഭാവന ചെയ്തതാണ് എന്ന് അഭിമാനത്തോടെ ഞാനോർക്കുന്നു. തലമുറകളുടെ മനസ്സിൽ വെള്ളി വെളിച്ചം വിതറി കടന്നു പോയവർക്ക് ഒരിക്കലും മരണമില്ല. ഓർമ്മകളിൽ ഒളി വിതറുന്ന വ്യക്തിത്വങ്ങളാണ് അവർ.
മുപ്പത്തിയെട്ടാമത് യൂക്കറിസ്റ്റിക് കോൺഗ്രസ് 1964ൽ ഇന്ത്യയിൽ ബോംബെയിൽ വച്ച് നടന്നു.ചരിത്രത്തിലാദ്യമായി അധികം കത്തോലിക്ക ജനസംഖ്യ ഇല്ലാത്ത ഒരു രാജ്യത്താണ് കോൺഗ്രസ് നടന്നത്. “ക്രിസ്തുവിൻറെ യഥാർത്ഥ സാന്നിധ്യം കുർബാനയിൽ ആണ്” എന്ന കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കുകയായിരുന്നു കോൺഗ്രസിൻറെ ലക്ഷ്യം.കോൺഗ്രസിൽ പങ്കെടുത്തത് പോൾ ആറാമൻ മാർപാപ്പ ആയിരുന്നു. അക്കാലത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്ത മാർപാപ്പ ആയിരുന്നു പോൾ ആറാമൻ മാർപാപ്പാ. അതുകൊണ്ടുതന്നെ ‘പിൽഗ്രിം പോപ്പ്’ എന്ന വിളിപ്പേര് നേടി.
സ്വന്തമായി തുടങ്ങിയ സോപ്പു കമ്പനി ആദ്യമായി കൗമാരക്കാരനായ മകനെ ഏൽപ്പിച്ചു മുത്തച്ഛൻ ബോംബെയ്ക്ക് മാർപാപ്പയെ കാണാൻ കപ്പൽ കയറി.
ആലപ്പുഴയിലെ ധനാഢ്യരായ മലയിൽ അപ്പച്ചനും മലയിൽ ലോനച്ചനും ഇസ്ലാമിയി എന്ന കപ്പൽ വാടകയ്ക്കെടുത്തു ബോംബെയിൽ വെച്ച് നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരെ പള്ളികൾ വഴി വിവരമറിയിച്ചു. ടിക്കറ്റുകൾ പള്ളികൾ,സഭാ സംഘടനകൾ മുഖാന്തരം വിറ്റഴിച്ചു.അക്കാലത്തു ബോംബെയെ കുറിച്ച് കേട്ടറിവ് മാത്രമുള്ള മലയാളികൾക്ക് ബോംബെ കാണുവാനും താമസ സൗകര്യത്തെ കുറിച്ച് ആശങ്ക ഉണ്ടാകാതിരിക്കാനും ആദ്യ കപ്പൽയാത്ര ആസ്വദിക്കാനും ഈ യാത്ര സഹായിച്ചു. ഇതേ യാത്രയിൽ തൻറെ അനുജന്മാരായ തോമസ് മലയിൽ,(എന്റെ ഭർതൃ പിതാവ് )കുഞ്ഞച്ചൻ മലയിൽ (പ്രശസ്ത സംവിധായകൻ ശ്രീ സിബി മലയിലിന്റെ പിതാവ്) എന്നിവരെയും കൂടെ കൂട്ടിയിരുന്നു. സാമ്പത്തികമായി ഈ ഉദ്യമം വലിയ വിജയമായിരുന്നു. ഇതിൻറെ പ്രധാന സംഘാടകനായ മലയിൽ അപ്പച്ചൻ യാത്രക്കിടയിൽ രോഗബാധിതനായി.ബോംബെയിലേക്ക് യാത്ര പോയ’മലയിൽ അപ്പച്ചൻ അത്യാസന്ന നിലയിൽ’ എന്ന വയർലെസിൽ വന്ന വാർത്ത ആ കാലത്ത് അതി പ്രാധാന്യത്തോടെ ദീപിക പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. കപ്പലിലെ ഡോക്ടർ അദ്ദേഹത്തെ ചികിത്സിച്ചതും മറ്റും നാട്ടിലുള്ളവർക്ക് അന്ന് തികച്ചും ആശ്ചര്യകരമായ വാർത്തയായിരുന്നു.
പത്തിരുപത് ദിവസത്തോളം ഉള്ള കപ്പൽ യാത്ര കഴിഞ്ഞു വന്ന പലർക്കും അന്ന് ചിക്കൻബോക്സ് പിടിപെട്ടിരുന്നുവത്രേ.
ദിവ്യകാരുണ്യ കോൺഗ്രസിനോട് അനുബന്ധിച്ച് ഏതോ വിദഗ്ധ ആർക്കിടെക്ട് രൂപകല്പനചെയ്ത അൾത്താരയും ഏറെ കൗതുകകരമായിരുന്നു.ഈ ചുവടുപിടിച്ച് നാട്ടിൽ പല കുരിശടി കളും പിന്നീട് നിർമ്മിക്കപ്പെടുകയു ണ്ടായി.
മറ്റ് ബിസിനസ് സംരംഭകരെ പോലെ യാതൊരുവിധത്തിലുള്ള ലഹരി സാധനങ്ങൾക്കോ മദ്യപാനത്തിനോ അടിമ അല്ലാത്ത ആളായിരുന്നു എൻറെ മുത്തച്ഛൻ.ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുന്ന മുത്തച്ഛൻ യാതൊരു അസുഖവും ഇല്ലാതെ തിരിച്ചുവന്ന് സോപ്പു കമ്പനി ഏറ്റെടുത്ത് പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി മുന്നോട്ടു കൊണ്ടുപോയി.
ഞാൻ ജനിച്ചവർഷം തന്നെ എൻറെ മുത്തച്ഛൻ മലയിൽ കുടുംബവുമായി യാദൃശ്ചികമായി ബന്ധപ്പെട്ടിരുന്നു എന്ന അറിവ് എന്നെ ഏറെ ആശ്ചര്യപ്പെടുത്തുന്നു.
മുത്തച്ഛന്റെ ഓർമ്മകൾക്കു മുമ്പിൽ കണ്ണീർ പ്രണാമം അർപ്പിച്ചു കൊണ്ട്. 🙏🙏🙏