കാസർഗോഡ് താമസം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും മൂല്യമേറിയ മഴയായിരുന്നു ഇന്നലെ പെയ്തിറങ്ങിയത്. വെന്തു വരണ്ട മൺകലത്തിനടിയിലെ ഉണങ്ങിപ്പിടിച്ച വറ്റുകൾ പോലെ നിന്ന ചെടികളും വൃക്ഷങ്ങളും രാത്രി മഴയിൽ ആടിയുലത്ത് ആനന്ദനൃത്തം ചവിട്ടുന്ന മനോഹരമായ കാഴ്ച്ച. മരുഭൂമിപോലെ ചൂടുകാറ്റ് വീശുന്ന തരിശു മണ്ണിലെ മണൽത്തരികൾ പോലും കുളിർന്നെഴുന്ന മനോഹര ദൃശ്യം .
എൻ്റെ ബാല്യകാലത്തിലെ മഴയോർമ്മകളിലേക്കാണെന്നെ കൊണ്ടു പോയത്. ഒരു തീരദേശഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. കടൽത്തിരകളുടെ നിലക്കാത്ത സംഗീതപഠനത്തിൻ്റെ ആരോഹണവും അവരോഹണവും കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുന്നനാട് .കനത്ത മഴ തുടങ്ങിയാൽ പിന്നെ ഗ്രാമവാസികൾക്കൊന്നും ഉറക്കമില്ല. പ്രക്ഷുബ്ദ്ധമാകുന്ന കടലിൻ്റെ കലിതുള്ളലിൽ അവരുടെ അതുവരെയുള്ള സമ്പാദ്യങ്ങളൊക്കെ കൊള്ളപ്പലിശവാങ്ങുന്ന പലിശക്കാരനെപ്പോല കടലെടുത്തുകൊണ്ട് പോകും. ഓല മേഞ്ഞ കുടിലുകൾ കാണുമ്പോൾ കറുത്ത കൂണുകൾ മുളച്ചു നിൽക്കുന്ന പോലെയെനിക്കു തോന്നിയിരുന്നു. ശക്തമായടിക്കുന്ന ശീതക്കാറ്റിനെ പ്രതിരോധിക്കുവാൻ കഴിയാതെ തലയുയർത്തി നിന്നിരുന്ന കേരവൃക്ഷങ്ങൾ അടിപതറുന്ന കാഴ്ച്ചകൾ വിസ്മയാവഹമായിരുന്നു.
താരതമ്യേന വലിയൊരു വീടായിരുന്നു എൻ്റെ തറവാട്. അന്ന് കാലങ്ങളിൽ ഓടു മേഞ്ഞ വീടുകൾ വലിയ ധനസമ്പത്തുള്ളവർക്കു മാത്രം പ്രാപ്യമായിരുന്ന കാലമായിരുന്നു എങ്കിലും രണ്ട് കിടപ്പുമുറികളും ഒരു തെക്കിനിയും ഒരു ചായ്പും നീളൻ തിണ്ണയും വേറിട്ട അടുക്കളയുമൊക്കെയുള്ള ഓലമേഞ്ഞ് സിമൻ്റ് തിണ്ണയുള്ള , ചുറ്റും പനമ്പുകൊണ്ട് ഭിത്തികൾ ഉണ്ടാക്കിയ മനോഹരമായ ഒരു വീട്. വീട്ടിൽ നിന്നു നോക്കിയാൽ നേരെ കാണുന്നത് ഗവ. പ്രൈമറിസ്ക്കൂളാണ്. ധാരാളം പ്രശസ്തർ തങ്ങളുടെ അറിവിൻ്റെ അക്ഷരശ്രീ കുറിച്ച പള്ളിക്കൂടം. അതിൻ്റെ തൊട്ടു മുൻപിലായി ജ്ഞാനേശ്വരത്തപ്പൻ്റെ അമ്പലം. നിത്യവും അമ്പലത്തിലെ റെക്കോഡ് കേട്ടാണുറക്കമുണരുന്നത്. വെങ്കടേശ സുപ്രഭാതത്തിൻ്റെ ചടുലമായ ആലാപന സൗകുമാര്യം ഇന്നും മനസ്സിലെ തിരയടിക്കലാണ്.
മഴ തുടങ്ങുന്നതിനുമുൻപേ പുര മേഞ്ഞുകെട്ടണം. ഓലയായതു കൊണ്ട് ചോർച്ചയുണ്ടാകും. അമ്മമ്മയുടെ അധികളാണവയൊക്കെ. നല്ല മഴ തുടങ്ങിയാൽ പടിഞ്ഞാറോട്ടുതുറക്കുന്ന ഒരു ജനാലയുണ്ട്. ഓല കൊണ്ടുണ്ടാക്കിയത്. അത് തുറന്ന് വാരി കഷണം കൊണ്ട് കുത്തിയുയർത്തി ഉറപ്പിച്ചു വെച്ചിട്ട് അമ്മമ്മ പറയും “ഇവിടെയിരുന്നു മഴ കണ്ടോളൂ കുട്ട്യേന്ന്. അതായത് മഴയത്തിറങ്ങി നടന്ന് പനി പിടിപ്പിക്കണ്ടാ എന്ന് പടിഞ്ഞാറൻ കാറ്റ് മുടിയഴിച്ചുലച്ചലറി വരുന്ന യക്ഷിയെ പോലെയാണ്. തെങ്ങുകളുടെയാട്ടം കാണുമ്പോൾ പേടിയോടെ നോക്കിയിരിക്കും. എന്നാലും മഴക്കൊരു വല്ലാത്ത ഭംഗിയാണ്. കാറ്റിനോടൊപ്പം മേളച്ചാർത്തോടെ മഴയിങ്ങനെയിരമ്പിവരുന്നതു കാണുവാൻ നല്ല രസമാണ്. ആദ്യമെത്തുന്ന മഴത്തുള്ളികളെ കൈകളിലേക്കാവാഹിക്കുവാൻ ഒരഞ്ചു വയസുകാരി കണ്ണു നിറയെ കുസൃതിയുമായി കൈകൾ പുറത്തേക്കു നീട്ടിയിരിക്കും. മഴത്തുള്ളികൾ മെല്ലെയവളുടെ കൈവെള്ളയിലുമ്മവെച്ച് മുടിയിഴകളെ തലോടി , കുഞ്ഞു മുഖത്തേക്ക് തുരുതുരെയുമ്മവെച്ച് കുളിർപ്പിച്ചു കടന്നുപോകുന്ന കുളിരോർമ്മയുടെ കുത്തൊഴുക്കിൽ ഞാനുമലിഞ്ഞൽപ്പനേരം..
ഇടവഴികളെല്ലാം മൺവഴികളാണ്. മുറ്റത്ത് കിഴക്കു ഭാഗത്തായി ഒരു കുളമുണ്ട്. മഴ തകർത്തു പെയ്താൽ രണ്ടു ദിവസം കൊണ്ട് കുളം നിറയും. അതുവരെയില്ലാത്ത ചെറുമീനുകളൊക്കെ എവിടെ നിന്നാണോ പുളച്ചു തുള്ളുന്നത്. ഒരു ചെറിയഈരിഴയൻ തോർത്തുമായി വല്യമ്മയുടെ മക്കൾ മീൻ പിടിക്കുവാനിറങ്ങും. എനിക്ക് ചളിയിലിറങ്ങാൻ വിലക്കാണ്. കാലിൽ ചളി പുരണ്ടാൽ വളം കടിക്കുമത്രേ! എങ്കിലും അമ്മമ്മ കാണാതെ ഇടവഴിയിലെ വെള്ളത്തിൽ കാലുകൾ കൂട്ടിയടിച്ച് പടക്കം പൊട്ടിക്കാൻ ഞാനുമിറങ്ങും. കുളത്തിൻ്റെ ചരുവിലിരിക്കുന്ന തവള കുട്ടന്മാർ പോക്രോം വിളിച്ചാർത്തുല്ലസിക്കുമ്പോൾ അമ്മമ്മ അകത്തു നിന്നു പറയുന്നതു കേൾക്കാം “അവിടെ കിടന്ന് പാടിക്കോ….നിന്നെയൊക്കെ ചാക്കുമായി മണിയൻ വന്നകത്താക്കുന്നതുവരെ പാടിക്കോ… വല്ല കള്ളുഷാപ്പിലും എണ്ണയിൽ തിളക്കാനാ നിൻ്റെയൊക്കെ യോഗം” ….പാവം അവറ്റകൾക്കുണ്ടോ ഇതൊക്കെ മനസ്സിലാകുന്നു. പക്ഷേ ഇന്നു ചിന്തിക്കുമ്പോൾ തോന്നാറുണ്ട് അവയ്ക്കും ഇതൊക്കെ മനസ്സിലാകുമായിരുന്നു എന്ന്. കാരണം രണ്ട് മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തവള പിടുത്തക്കാരിറങ്ങുമ്പോൾ അവയൊക്കെ നിശബ്ദരാകുമായിരുന്നു.
പിന്നെയും മഴയോർമ്മകൾ ബാക്കിയാണ് …ഒരിക്കലും തീരാത്ത മഴയോർമ്മകൾ ..സന്തോഷത്തിൻ്റെ വേർപെടലിൻ്റെ, വറുതിയുടെ,ഏകാന്തതയുടെ, തീരാത്ത കനവുകളുടെ മഴയോർമ്മകൾ..
ഇവിടെ കാസർഗോഡ് ഇന്നലെപ്പെയ്ത മഴയിൽ കുളിർന്ന നനുത്ത പകലിൻ്റെ ലാസ്യത … മയിലുകൾ ഉച്ചത്തിലുത്ഘോഷം നടത്തുന്നു. ഇന്നലെ പെയ്ത മഴയുടെയാരവം തുടരട്ടെ..തുള്ളി തുള്ളി തിമർത്തു വരട്ടെ മാരിക്കൊയ്ത്ത് …..മണ്ണിന്നാഘോഷ പെയ്ത്ത്.