Friday, October 18, 2024
Homeസ്പെഷ്യൽ' സുനാമി ' ✍ലിജി സജിത്ത് അവതരിപ്പിക്കുന്ന "ലോക ജാലകം"

‘ സുനാമി ‘ ✍ലിജി സജിത്ത് അവതരിപ്പിക്കുന്ന “ലോക ജാലകം”

ലിജി സജിത്ത്

2004 ഡിസംബർ, ഇരുപത്തി ആറ് ലോകം ഉണർന്നത് സുനാമി എന്ന പേര് കേട്ടുകൊണ്ടാണ്. കേരളത്തിലെ തീരത്തിലടക്കം ആഞ്ഞടിച്ച സുനാമി ദുരന്തത്തിന്റെ ഓർമ്മകൾ പോലും ഇപ്പോഴും നടുക്കുന്നു. ഇന്ത്യ,ഇൻഡോനേഷ്യ, ശ്രീലങ്ക തുടങ്ങിയ പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നായി ഏകദേശം രണ്ടര ലക്ഷത്തിലേറെ ജീവനാണ് ഈ ദുരന്തത്തിൽ പൊലിഞ്ഞത്. കണ്ണിനു മുന്നിൽ നിന്ന് നിമിഷങ്ങൾക്കകം എല്ലാം രാക്ഷസ തിരകൾ തുടച്ചു മാറ്റി. ഇന്ത്യയിൽ അന്ന് ആൻഡമാൻ നിക്കോബാർ, കേരളം, തമിഴ് നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നീ തീരങ്ങളിലാണ് തിരമാലകൾ രാക്ഷസനൃത്തമാടിയത്. ഇവിടെ അന്ന് പൊലിഞ്ഞത് ഏകദേശം പതിനെട്ടായിരത്തോളം ജീവനുകളാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തവും, തീവ്രതയേറിയതുമായിരുന്നു ഈ സുനാമി. ഏകദേശം 30 അടി മാത്രം സാധാരണ ഉയരുന്ന തിരമാലകൾ, ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിൽ അന്ന് 100 മീറ്റർ വരെ ഉയർന്നു. അത് അപകടത്തിന്റെ ത്രീവ്രതയേറ്റി.

ഇരുപതാം നൂറ്റാണ്ട് വരെ സുനാമിയെ പറ്റി വളരെ കുറച്ച് വിവരം മാത്രമേ ഉണ്ടായിരുന്നുള്ളു. ഗ്രീക്ക് ചരിത്രകാരനായ തുസിഡൈഡ് ആണ് സുനാമിയെ സമുദ്രത്തിലുണ്ടാകുന്ന ഭൂകമ്പവുമായിട്ട് ബന്ധപ്പെടുത്തിയത്. ജാപ്പനീസ് ഭാഷയിലെ ഒരു പദമാണ് സുനാമി. (Tsunami). “സു”എന്നാൽ ജാപ്പനീസ് ഭാഷയിൽ തുറമുഖമെന്നും “നാമി” എന്നാൽ തിരമാല എന്നും അർഥം. സമുദ്രത്തിന്റെ അന്തർഭാഗത്ത് ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം, സമുദ്രാന്തർ ചലനങ്ങൾ, ഉൽക്ക പതനം എന്നിവയുടെ ഫലമായി ഉടലെടുക്കുന്ന കൂറ്റൻ തിരമാലകളെയാണ് സുനാമി എന്നപേര് കൊണ്ട് അർഥമാക്കുന്നത്. തീരത്തെത്തുന്നത് വരെ ഇവയ്ക്ക് ഉയരം ലഭിക്കുന്നില്ല. എന്നാൽ സമുദ്രത്തിന്റ ആഴത്തിൽ ഇവയ്ക്ക് ഒരു ജെറ്റ് പോലെ സഞ്ചരിക്കാൻ കഴിയും. മണിക്കൂറിൽ ആയിരം കിലോമീറ്റർ വരെ സഞ്ചരിക്കാനും, തീരത്തെത്തുമ്പോൾ മുപ്പതടിയിലേറെ ഉയരത്തിൽ ഉയരാനും ഇവയ്ക്ക് കഴിയുന്നു. “വിദൂര പ്രഭവ കേന്ദ്രം”, “പ്രഭവ കേന്ദ്രത്തിനു സമീപം” എന്നിങ്ങനെ രണ്ട് തരം സുനാമികളുണ്ട്. ആദ്യത്തേത് ഭൂകമ്പത്തിൽ ഉണ്ടാകുന്ന തിരമാലകൾ കരയിലെത്താൻ മൂന്നു മുതൽ 22 മണിക്കൂർ വരെ സമയമെടുക്കും. എന്നാൽ രണ്ടാമത്തേതിൽ തിരമാലകൾ തീരത്തെത്താൻ മിനുട്ടുകൾ മാത്രമേ എടുക്കു. ഇത് അപകടസാധ്യത കൂട്ടുന്നു.

വടക്കൻ സുമാത്രയിൽ കടലിനടിയിൽ ഉണ്ടായ ഭൂകമ്പമാണ്, 2014 ഡിസംബർ 26, പ്രാദേശികസമയം 7.59ന് ഭീകരമായ സുനാമി തിരമാലകൾ രൂപപ്പെടാൻ കാരണമായത്. റിക്ടർ സ്കെയിലിൽ 9.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അത്. ഹിരോഷിമയിൽ പ്രയോഗിച്ച പോലുള്ള 23,000 അണുബോംബുകൾ പൊട്ടിയാലുള്ളത്ര ഊർജ്ജമാണ് ഈ ഭൂകമ്പത്തിലുണ്ടായതെന്ന് അമേരിക്കൻ ജിയോളജിക്കൽ കണക്കുകൾ വ്യക്തമാക്കി. ഇന്തോനേഷ്യയിലാണ് അധികം നാശനഷ്ടങ്ങൾ ഉണ്ടായത്. ഏകദേശം ഒരുലക്ഷത്തി അറുപത്തി ഏഴായിരം പേരാണ് ആ ദുരന്തത്തിൽ മരണമടഞ്ഞത്. തമിഴ്‌നാട്ടിൽ ഏഴായിരം പേരും, കേരളത്തിൽ ഇരുനൂറ്റി മുപ്പത്താറു പേരും മൃതിയടഞ്ഞു. ഏകദേശം 195 സുനാമി ജപ്പാനിൽ ഉണ്ടായതായി രേഖപ്പെടുത്തിയിരിക്കുന്നു. ഹൈദരാബാദിലെ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫോർമേഷൻ സർവീസിൻ കീഴിൽ ഇന്ത്യയിലെ ആദ്യത്തെ സുനാമി ഇൻഫോർമേഷൻ സംവിധാനം 2001 ഒക്ടോബർ ഒന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു.

✍ലിജി സജിത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments