പ്രിയ സൗഹൃദങ്ങളേ, ഈ ഗാനം മറക്കുമോ എന്ന പംക്തിയിലേക്ക് സ്വാഗതം.
1978-ൽ എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത ‘മദനോത്സവം’ എന്ന പടത്തിലെ “സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ“ എന്ന ഗാനമാണ് ഇന്ന് നമ്മൾ കേൾക്കാൻ പോവുന്നത്. ഓ എൻ വി കുറുപ്പ് എഴുതി സലിൽചൗദരി ഈണം നൽകിയ ഗാനം പാടിയത് എസ് ജാനകി. എസ് ജാനകിയുടെ സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ ഒന്നാണിത്. ഇന്നും മത്സരവേദികളിൽ ഈ ഗാനം ഒന്നാമനാണ്.
സന്ധ്യാംബരം മനോഹരമാണ്. പക്ഷെ സന്ധ്യക്ക് ശോകത്തെ ദ്യോതിപ്പിക്കുന്ന പ്രതീതിയാണ് അനുഭവപ്പെടുക. കവിക്കും കലാകാരനും സന്ധ്യ കണ്ണീരാണ്. പകലിന് സാക്ഷ്യം വഹിക്കുന്ന പകലോൻ പന്ത്രണ്ട് മണിക്കൂർ നേരത്തേക്ക് നമ്മളോട് വിടചൊല്ലുന്ന വേള. നമ്മളെ പന്ത്രണ്ട് മണിക്കൂർ പിരിയാൻ സൂര്യന് കഴിയില്ല. അതുകൊണ്ടാണ് സന്ധ്യാരശ്മികളിൽ നൊമ്പരം ചായം പുരട്ടിയത്.
എങ്കിലും മുത്തുകോർക്കുന്നപോലെ വിഷാദസുസ്മിതം തൂകി എന്റെ സന്ധ്യേ നാളെ വീണ്ടും നീ വരില്ലേ? കെടാത്ത നിത്യതാരാജാലം പോലെ കത്തുന്ന തന്റെ അനുരാഗം മരണം പോലും ഏറ്റുപാടുമെന്ന് വരികളിൽ പറയുന്നുണ്ട് .. വിടചൊല്ലലിന്റെ വേളയിൽ സ്നേഹമയിയായ സന്ധ്യേ നീയും കേഴുകയാണോ തന്നെപ്പോലെ എന്ന പറഞ്ഞ് വിലപിക്കുന്ന വരികളുടെ സൗന്ദര്യംഒന്ന് നമുക്ക് നോക്കാം.
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
സ്നേഹമയീ കേഴുകയാണോ നീയും
നിൻ മുഖംപോൽ നൊമ്പരം പോൽ
നിൽപ്പൂ രജനിഗന്ധി (സന്ധ്യേ )
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
മുത്തുകോർക്കും പോലെ വിഷാദ
സുസ്മിതം നീ ചൂടി വീണ്ടും
എത്തുകില്ലേ നാളെ (മുത്ത് കോർക്കും )
ഹൃദയമേതോ പ്രണയശോക
കഥകൾ വീണ്ടും പാടും
വീണ്ടും കാലമേറ്റുപാടും
(സന്ധ്യേ ).
ദുഃഖമേ നീ പോകൂ കെടാത്ത
നിത്യതാരാജാലം പോലെ
കത്തുമീ അനുരാഗം (ദുഃഖമേ )
മരണമേ നീ വരിക എന്റെ
പ്രണയഗാനം കേൾക്കൂ
നീയും ഏറ്റുപടാൻ പോരൂ
(സന്ധ്യേ )
നോക്കൂ പ്രണയത്തിനെയും വിരഹത്തിനെയും സന്ധ്യയെയും ഒരു ചരടിൽ എത്ര മനോഹരമായാണ് കോർത്തിണക്കിയിരിക്കുന്നത്. എത്രമാത്രം ദുഖമാണെങ്കിലും ഒരു മന്ദസ്മിതത്തോടെ കാലം ഏറ്റുപാടും. മുത്ത് കോർക്കുന്ന ചാരുതയോടെ.
ഗാനം കേട്ടില്ലേ?
പശ്ചാത്തല സംഗീതത്തിന്റെ അതിപ്രസരണമില്ല. ലളിതസുന്ദരമായ ആവിഷ്കാരം. വിഷാദംപോലെ വാക്കുകൾ വിട്ട് വിട്ട് വരികൾക്ക് ഭാവം നൽകി ഗായിക പാടിയിട്ടുണ്ട്. സംഗീതം തൊണ്ടയിൽ വെച്ചാണ് ജാനകി പിറന്ന് വീണതെന്ന് ശിങ്കാര വേലനൈ എന്ന പ്രശസ്തമായ ഗാനം ചിട്ടപ്പെടുത്തിയ സ്വാമി പറഞ്ഞിട്ടുണ്ട്. ആ അനുഗ്രഹം ഇന്നും ജാനകിക്ക് കൂട്ടിനുണ്ട്..
പ്രിയപ്പെട്ടവരേ നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ചയിൽ വീണ്ടും വരാം.
നിർമല അമ്പാട്ട്.✍