അരണ്ടവെളിച്ചമുള്ള ഇടനാഴിയിലൂടെ മുന്നോട്ടുനടന്നു അമ്മാവൻ. നാലുകെട്ടിനുള്ളിലെ നടുമുറ്റത്തിലേയ്ക്ക് നാലുവശത്തുകൂടെയും നൂലുപോലെപെയ്തിറങ്ങുന്ന മഴയുടെ സൗന്ദര്യമാസ്വദിച്ചുകൊണ്ട് അമ്മാവനുപുറകേഞാനും.
വീട്ടുവരാന്തയിൽ കളിച്ചുകൊണ്ടിരുന്ന എന്നെ പതിവില്ലാതെയാണ് തൊട്ടടുത്ത കുടുംബവീട്ടിലേയ്ക്ക് അമ്മാവൻ വിളിച്ചത്. അധ്യാപകനായിരുന്നു അമ്മാവൻ ബഹുമാനവും ഭയവും കാരണം അദ്ദേഹത്തോട് സംസാരിക്കുന്നതുതന്നെ അന്നൊക്കെ അപൂർവ്വങ്ങളിൽ അപൂർവമായിരുന്നു.
അമ്മാവൻ എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. ഇരുകൈകളും ജനാലക്കമ്പിയിൽപിടിച്ച് കാറ്റിൽചരിഞ്ഞുവീശുന്ന മഴയിലേയ്ക്ക്നോക്കി ആമുറിയിൽ പുറംതിരിഞ്ഞുനിൽക്കുന്നു നീളംകുറഞ്ഞ ഒരു വൃദ്ധൻ. “നിനക്ക് ഇതാരാണെന്ന് മനസ്സിലായോ?” അമ്മാവൻ എന്നോടുചോദിച്ചതുകേട്ട് ആ വൃദ്ധൻ തിരിഞ്ഞ് എന്നെനോക്കി. നരച്ചതാടിരോമങ്ങൾക്കിടയിലൂടെ അദ്ദേഹം വളരെമനോഹരമായ ഒരു ചിരി എനിക്കുസമ്മാനിച്ചു. ഏതോ ഒരു അപരിചിതനെക്കണ്ടഭാവത്തിൽ ഞാൻ പറഞ്ഞു “ഇല്ല, എനിക്കറിയില്ല”. “ഇവൻകുഞ്ഞല്ലേ, ഞാനും ഇവനുമൊക്കെ ഒരേപ്രായം. ഇമ്മിണിവല്ല്യകുട്ടികൾക്കേ ഈ കുഞ്ഞുകുട്ടികളെ അറിയൂ” കുടവയർകുലുക്കി അദ്ദേഹം പൊട്ടിച്ചിരിക്കുമ്പോൾ പുറത്തേയ്ക്കുള്ള വാതിലിലൂടെയിറങ്ങി ഞാൻ വീട്ടിലേക്കോടി.
ഞങ്ങളുടെ കുടുംബമായ ഞായപ്പള്ളിൽകുടുംബത്തിന്റെ ചരിത്രത്തിലൂടെസഞ്ചരിച്ച അമ്മാവന് അറിയാമായിരുന്നു ഇതിന്റെ വേരുകൾ അങ്ങുവടക്ക് ഗുരുവായൂർക്ഷേത്രത്തിന് സമീപത്താണെന്നും അവിടെനിന്നും പൂർവികർചിലർ ഇവിടേയ്ക്ക്മാറിയപ്പോൾ കുടുംബപ്പേര് അങ്ങനെത്തന്നെ നിലനിർത്തിയതുമാണെന്നുമൊക്കെയുള്ള വസ്തുതകൾ.
ഏതോ ഒരുപുസ്തകത്തിൽ കവിയുടെ കുടുംബമായ ഞായപ്പള്ളിൽകുടുംബത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് വായിക്കാനിടയായ അമ്മാവന്റെ യാത്ര അവസാനിച്ചത് “പൊക്കക്കുറവാണ് എന്റെ പൊക്കം” എന്ന് നമ്മോടുപറഞ്ഞ ആ കുഞ്ഞുമനുഷ്യനിലെ വലിയകവിയുടെമുന്നിലായിരുന്നു.
പിന്നീട് പുസ്തകവായന ശീലമാക്കിയപ്പോൾ, കഥകളും കവിതകളും ഹരമായപ്പോൾ, എഴുത്തുകാരോട് ആരാധനതോന്നിത്തുടങ്ങിയപ്പോൾ ആത്മാവിൽ വീണ്ടും തെളിഞ്ഞുവന്നു പണ്ട് ജനാലക്കമ്പിയിൽപ്പിടിച്ച് ദൂരേയ്ക്ക് നോക്കിനിന്ന ആ രൂപം, ഒരുകൂട്ടം അപ്പൂപ്പൻതാടികൾ ഇളകിയാടുന്നതുപോലെയുള്ള ആ പൊട്ടിച്ചിരി. ഒരു നഷ്ടബോധത്തോടെ ഞാൻ മനസ്സിലാക്കി ആരെ തിരിച്ചറിയാതെയാണ് അന്നത്തെ ആ മഴയിൽ ഞാൻ അമ്മാവന്റെമുറിയിൽനിന്ന് ഇറങ്ങിയോടിയതെന്ന്.
എഴുത്ത് ഇഷ്ടം അദ്ദേഹത്തിൻ്റെ ചിന്തിപ്പിക്കുന്ന കവിതകളും
നല്ലെഴുത്ത്