മുംബൈ> പ്രധാനമന്ത്രി നരേന്ദ്രമോദി കൊട്ടിയാഘോഷിച്ച് ഉദ്ഘാടനംചെയ്ത അടൽ സേതുപാലത്തിൽ വിള്ളൽ. ഉദ്‌ഘാടനം കഴിഞ്ഞ് ആറ് മാസത്തിനുള്ളിലാണ് പാലത്തിൽ വിള്ളൽ കണ്ടെത്തിയത്. 17,843 കോടി രൂപ ചെലവിൽ നിർമിച്ച പാലത്തിലാണ് വിള്ളൽ. വെള്ളിയാഴ്ച പെയ്ത മഴയ്ക്കു പിന്നാലെയാണ് പാലത്തിൽ വിള്ളലുകൾ കണ്ടെത്തിയത്.
രാജ്യത്തെ ഏറ്റവും നീളമേറിയതും ലോകത്തിലെ ഏറ്റവും നീളമുള്ള കടൽപ്പാലങ്ങളിൽ പന്ത്രണ്ടാമതുമാണ് അടൽ സേതു. 21.8 കിലോമീറ്റര്‍ നീളത്തിൽ ആറുവരിയായാണ് പാലം നിര്‍മിച്ചത്. 16.5 കിലോമീറ്റര്‍ കടലിലും 5.5 കിലോമീറ്റര്‍ കരയിലുമാണ്.
ഒരു വശത്തേയ്‌ക്ക് 250 രൂപയും ഇരുവശത്തേക്കും 375 രൂപയുമാണ് ടോള്‍ നിരക്ക്. ബൈക്ക്, ഓട്ടോറിക്ഷ, ട്രാക്ടര്‍ എന്നിവയ്ക്ക് പാലത്തില്‍ പ്രവേശനമില്ല. 2016 ഡിസംബറിലാണ് പ്രധാനമന്ത്രി പാലത്തിന് തറക്കല്ലിട്ടത്.