ന്യുഡല്‍ഹി: വാര്‍ഷിക പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ ആശങ്കയകറ്റാന്‍ ‘പരീക്ഷ പേ ചര്‍ച്ച’യില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ അടക്കം 40 ലക്ഷത്തോളം ആളുകളുമായാണ് മോദി തത്സമയം സംവദിച്ചത്. മാര്‍ക്കിന്റെ പേരില്‍ കുട്ടികളെ അനാവശ്യമായി സമ്മര്‍ദ്ദത്തിലാക്കരുതെന്ന് രക്ഷിതാക്കളെ ഉപദേശിച്ച മോദി, കഠിനാദ്ധ്വാനവും കാര്യക്ഷമമായ അദ്ധ്വാനവും തമ്മില്‍ സംതുലനം പാലിക്കാനുള്ള ഉപായങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കി. തങ്ങളുടെ കഴിവുകള്‍ കുട്ടികള്‍ ഒരിക്കലും വിലകുറച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ഭാവിയെ കുറിച്ച് കുടുംബത്തിന് വലിയ പ്രതീക്ഷകളുണ്ടാവും. അതില്‍ തെറ്റില്ല. എന്നാല്‍ ആ പ്രതീക്ഷകളെ കുടുംബം സോഷ്യല്‍ സ്റ്റാറ്റസ് ആയി മാറ്റുമ്പോഴാണ് അവിടെ പ്രശ്‌നമുണ്ടാകുന്നത്. അദ്ദേഹം പറഞ്ഞു.
കഠിനാദ്ധ്വാനവും കാര്യക്ഷമതയുള്ള അദ്ധ്വാനവും -അതില്‍ ഏതാണ് കൂടുതല്‍ പ്രാധാന്യമെന്നായിരുന്നു ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യം. ചിലര്‍ സമര്‍ത്ഥമായി കഠിനാദ്ധ്വാനം ചെയ്യുന്നു. ചിലരാകട്ടെ കാര്യക്ഷമമായി കഠിനമായി അദ്ധ്വാനിക്കുന്നു. ഈ ഭാവങ്ങളുടെ സൂക്ഷ്മത പഠിച്ചാല്‍ നമ്മുക്ക് ആഗ്രഹിക്കുന്ന വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം മറുപടി നല്‍കി.
പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചര്‍ച്ചയുടെ ആറാമത് പതിപ്പാണ് ഇന്ന് ഡല്‍ഹിയിലെ തല്‍കതോറ സ്‌റ്റേഡിയത്തില്‍ നടന്നത്. 38 ലക്ഷത്തില്‍ ഏറെ കുട്ടികളാണ് ചര്‍ച്ചയില്‍ പങ്കാളികളാകാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അവരില്‍ 16 ലക്ഷത്തില്‍ കൂടുതല്‍ സ്‌റ്റേറ്റ് ബോര്‍ഡുകളില്‍ പഠിക്കുന്നവരാണ്.