യൂറോ കപ്പ് ഫുട്ബോളിൽ സ്പെയ്ൻ പ്രീക്വാർട്ടറിൽ. ജയം കാലഫിയോറിയുടെ പിഴവുഗോളിൽ ഇറ്റാലിയൻ ഗോളി ദൊന്നരുമ മിന്നി. മ്യൂണിക്ക്
ചാമ്പ്യൻമാരായ ഇറ്റലിയെ ഒരു ഗോളിന് തോൽപ്പിച്ച് സ്‌പെയ്‌ൻ യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ. ഇറ്റാലിയൻ പ്രതിരോധക്കാരൻ റിക്കാർഡോ കാലഫിയോറിയുടെ പിഴവുഗോളിലാണ് ജയം. രണ്ട് ജയവുമായാണ് ഗ്രൂപ്പ് സിയിൽനിന്ന് മുൻ ചാമ്പ്യൻമാർ മുന്നേറിയത്.
ആധികാരിക പ്രകടനമായിരുന്നു സ്‌പാനിഷുകാരുടേത്. ഗോളെണ്ണം കുറവാണെങ്കിലും പൂർണമായ ആധിപത്യമായിരുന്നു. ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മയുടെ മിന്നുന്ന പ്രകടനമാണ് തടഞ്ഞത്. ആറ് തവണ സ്‌പാനിഷുകാരുടെ ഷോട്ടുകൾ തടഞ്ഞു. ഇറ്റാലിയൻ മുന്നേറ്റം മങ്ങി. ആകെ രണ്ട് തവണ മാത്രമാണ് ചാമ്പ്യൻമാർക്ക് എതിർഗോൾ മേഖലയിലേക്ക് പന്ത് പായിക്കാനായത്. അവസാന ഘട്ടത്തിൽ ആഞ്ഞുശ്രമിച്ചെങ്കിലും സ്‌പാനിഷ് പ്രതിരോധം വിട്ടില്ല.
നിക്കോ വില്യംസായിരുന്നു സ്‌പെയ്‌നിന്റെ കുന്തമുന. ഇടതുവശത്ത് ഇറ്റാലിയൻ പ്രതിരോധക്കാരൻ ജിയോവാനി ലൊറെൻസോയെ വട്ടംകറക്കി. ഒരു തവണ മിന്നുന്ന ഷോട്ട് പോസ്‌റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു. ഗോളിന്റെ വരവും നിക്കോയുടെ ക്രോസിൽനിന്നായിരുന്നു. തകർപ്പൻ ക്രോസ് ദൊന്നരുമ്മ ഒറ്റക്കൈയാൽ തട്ടിയെങ്കിലും പന്ത് കാലഫിയോറിയുടെ കാലിൽ തട്ടി വലയിൽ വീഴുകയായിരുന്നു.
ഫാബിയാൻ റൂയിസും ക്യാപ്‌റ്റൻ അൽവാരോ മൊറാട്ടയും തകർപ്പൻ കളിയാണ് പുറത്തെടുത്തത്. റൂയിസിന്റെ കരുത്തുറ്റ വോളി ദൊന്നരുമ്മയുടെ വിരലിൽ തട്ടിത്തെറിച്ചു. മൊറാട്ടയുടെ ലോങ് റേഞ്ചർ ഒറ്റക്കൈ കൊണ്ട് കുത്തിയകറ്റി. പെഡ്രിക്ക് രണ്ട് സുവർണാവസരം കിട്ടിയത് പാഴായി. കളിയുടെ തുടക്കത്തിൽ നിക്കോയുടെ ഒന്നാന്തരം ക്രോസിൽ തലവച്ചെങ്കിലും കൃത്യം ദൊന്നരുമ്മയുടെ കൈയിലേക്കായി. ഇടവേളയ്‌ക്കുശേഷം കിട്ടിയ മികച്ച അവസരം പുറത്തേക്കടിക്കുകയും ചെയ്‌തു.