ന്യൂയോർക്ക്; ക്ലബ് ഫുട്‌ബോൾ ലോകകപ്പിന്റെ പരിഷ്‌കരിച്ച പതിപ്പിന് നാളെ തുടക്കം. ഉദ്‌ഘാടന മത്സരത്തിൽ പുലർച്ചെ 5.30ന് ആതിഥേയരായ ഇന്റർ മയാമിയും ഈജിപ്‌ത് ക്ലബ്ബായ അൽ അഹ്‌ലിയും ഏറ്റുമുട്ടും. അമേരിക്കയിലെ 11 നഗരങ്ങളിലെ 12 വേദികളിൽ നടക്കുന്ന ടൂർണമെന്റിൽ ലോകത്തെ 32 ടീമുകളാണ് പങ്കെടുക്കുക. 48 ടീമുകൾ പങ്കെടുക്കുന്ന അടുത്ത വർഷത്തെ ലോകകപ്പിനായുള്ള മുന്നൊരുക്കംകൂടിയാണ് അമേരിക്കയ്‌ക്ക് ഈ ചാമ്പ്യൻഷിപ്പ്. ലോകകപ്പ് അമേരിക്ക ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിലായാണ് നടക്കുന്നത്.
ലോക ഫുട്‌ബോളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പല രാജ്യങ്ങളിലെ ക്ലബ്ബുകളിലേക്ക് ചേക്കേറിയ കളിക്കാരുടെ സംഗമംകൂടിയാണ് ക്ലബ് ലോകകപ്പ്. എല്ലാ മേഖലയിൽനിന്നുമുള്ള ടീമുകളുമുണ്ട്. ഇതുവരെ ഓരോ മേഖലാ ചാമ്പ്യൻമാർ തമ്മിലുള്ള പോരാട്ടമായിരുന്നു. ഇക്കുറി അതിന് മാറ്റംവന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ പുറത്തെടുത്ത പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ക്ലബ്ബുകളുടെ തെരഞ്ഞെടുപ്പ്.
റയൽ മാഡ്രിഡ്, മാഞ്ചസ്‌റ്റർ സിറ്റി, പിഎസ്‌ജി, ബയേൺ മ്യൂണിക്, അത്‌ലറ്റികോ മാഡ്രിഡ്, ഇന്റർ മിലാൻ, ചെൽസി, യുവന്റസ് തുടങ്ങി 12 യൂറോപ്യൻ ക്ലബ്ബുകൾ ലോകകപ്പിൽ കളിക്കും. കോൺകാകാഫിൽനിന്ന് മെസിയുടെ ഇന്റർ മയാമി ഉൾപ്പെടെ അഞ്ച് ക്ലബ്ബുകളും ലാറ്റിനമേരിക്കയിൽനിന്ന് ആറ് ടീമുകളും പങ്കെടുക്കും. ആഫ്രിക്ക (4), ഏഷ്യ (4), ഓഷ്യാനിയ (1) എന്നീ മേഖലകളിൽനിന്നാണ് മറ്റ് ടീമുകൾ.
സ്‌പാനിഷ് ലീഗ് ചാമ്പ്യൻമാരായ ബാഴ്‌സലോണ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂൾ, ഇറ്റാലിയൻ ലീഗ് നേടിയ നാപോളി ടീമുകൾ ലോകകപ്പിനില്ല. നാല് വർഷത്തെ പ്രകടനത്തിൽ ഫിഫ
നിഷ്‌കർഷിച്ച മാനദണ്ഡത്തിൽപ്പെടാത്തതാണ് കാരണം. 2021ലെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ അൽ ഹിലാലാണ് സൗദി ലീഗിൽനിന്ന് ലോകകപ്പിനെത്തുന്നത്. മുൻ സിറ്റി താരം ജോയോ കാൻസെലോ, ന്യൂകാസിൽ കളിക്കാരനായിരുന്ന അലെക്‌സാണ്ടർ മിത്രോവിച്ച് തുടങ്ങിയ കളിക്കാർ അൽ ഹിലാലിലുണ്ട്.
അതേസമയം, മെസിയുടെ ഇന്റർ മയാമിയുടെ ഉൾപ്പെടൽ നാല് വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല. ആതിഥേയ രാജ്യത്തിലെ ക്ലബ് എന്ന നിലയിലും കഴിഞ്ഞ സീസൺ മേജർ ലീഗിലെ സോക്കറിലെ ഒന്നാംസ്ഥാനക്കാരും എന്ന നിലയിലും മയാമിയെ ഉൾപ്പെടുത്തിയതെന്നാണ് ഫിഫയുടെ വാദം. അതേസമയം, എംഎൽഎസ് ചാമ്പ്യൻമാരായ ലൊസ്‌ആഞ്ചലസ് ഗാലക്‌സിക്ക് സ്ഥാനം കിട്ടിയില്ല. എംഎൽഎസിൽനിന്ന് മയാമി ഉൾപ്പെടെ മൂന്ന് ടീമുകളാണ് കളിക്കുക. മെസിയെ കൂടാതെ സുവാരസ്, ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവരും മയാമിയിലുണ്ട്.
ബ്രസീൽ, ചെൽസി ക്യാപ്‌റ്റനായിരുന്ന തിയാഗോ സിൽവ ബ്രസീൽ ക്ലബ് ഫ്‌ളുമിനെസിനുവേണ്ടിയാണ് ഇപ്പോൾ കളിക്കുന്നത്. സ്‌പാനിഷ്, റയൽ ക്യാപ്‌റ്റനായിരുന്ന റാമോസ് മെക്‌സിക്ക് ക്ലബ് എഫ്‌സി മോണ്ടെറിയുടെ ഭാഗമാണ്. ഫൈനൽ ജൂലൈ 13ന് രാത്രി 12.30ന് നടക്കും. മാഞ്ചസ്‌റ്റർ സിറ്റിയാണ് നിലവിലെ ചാമ്പ്യൻമാർ.



