കുറംബാല കോട്ട – വയനാട് – കേരള
സ്ഥലത്തിൻ്റെ പേര് കണ്ടിട്ട് ഗൂഗിൾ മാപ്പിന് തോന്നിയ കുറുമ്പാണോ എന്നറിയില്ല , കഷ്ടിച്ച് ഒരു ഓട്ടോക്ക് മാത്രം കടന്നു പോകാവുന്ന വഴിയിൽ കൂടി യാത്ര ചെയ്യാനാണ് പറയുന്നത്. എതിർദിശയിൽ നിന്ന് ഒരു വാഹനം വന്നാലോ? കൂടുതൽ ആലോചിച്ച് സമയം കളയാതെ പിന്നീട് നാട്ടുകാർ തന്നെ ശരണം. ഈ വഴി പോവുകയാണെങ്കിൽ കോട്ട വരെ വാഹനത്തിൽ പോകാം . മറ്റൊരു വഴിയാണെങ്കിൽ ഏകദേശം അര മണിക്കൂറോളം ട്രെക്കിംഗ് ചെയ്യണം .
Reroute ചെയ്ത ഗൂഗിൾ മാപ്പും നാട്ടുകാരുടെ സഹായത്തോടെ ട്രെക്കിംഗിൻ്റെ ആരംഭ സ്ഥലത്ത് എത്തിയപ്പോൾ, ചായ കുടിക്കാൻ ക്ഷണിച്ചു കൊണ്ട് ചായക്കടയിലെ ചേട്ടൻ! അവിടെയാണെങ്കിൽ ‘pieta( പിയാത്ത) statue'( ക്രിസ്തുമത വിശ്വാസമനുസരിച്ച് _ മാതാവ് മേരി തൻ്റെ മടിയിൽ പിടിച്ചിരിക്കുന്ന മകൻ്റെ മൃതദേഹത്തെക്കുറിച്ച് സങ്കടത്തോടെ ധ്യാനീകരിക്കുന്നതിനെ പ്രതിനിധീകരിക്കുന്ന പ്രതിമ) ……. ആകെ ഭക്തിനിർഭരം! അതിനെ പറ്റി അന്വേഷിച്ചപ്പോഴാണറിയുന്നത്, ക്രിസ്ത്യൻ സമൂഹത്തിൻ്റെ ആത്മീയ കേന്ദ്രമാണ് കുറുമ്പാലക്കോട്ട് . ഈസ്റ്ററിനു ശേഷമുള്ള ഞാറാഴ്ച, ഇവിടെ പ്രത്യേക പ്രാർത്ഥനയുണ്ട്. വയനാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ഈ ചടങ്ങിൽ പങ്കെടുക്കാറുണ്ട്.
സ്ഥലപ്പേരിലുള്ള കോട്ട ഇവിടെ നിന്ന് കാണാമോ എന്ന അടുത്ത അന്വേഷണത്തിൽ, കോട്ട പേരിൽ മാത്രമെയുള്ളൂ. കോട്ടയുടെ അവശിഷ്ടങ്ങളൊന്നും ഇല്ല. പഴശ്ശിയും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പഴശ്ശിയുടെ സൈന്യം ഈ കുന്നിൻ മുകളിൽ അണിനിരന്നെന്നാണ് ഐതിഹ്യം. അവിടെയാണ് കോട്ട പണിതതെന്നാണ് പറയുന്നത്.ഈ കോട്ട ഒരു കുറുമ്പ സംരക്ഷകൻ്റേതായിരുന്നു. ഇന്ന് പ്രധാനമായും മനോഹരമായ സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും ആസ്വദിക്കാനുള്ള വയനാടിൻ്റെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണിത്. അതിനായി ടെൻറ് സ്റ്റേ സൗകര്യങ്ങൾ ഉണ്ടെന്നും ഞങ്ങളേയും അതുപോലെ താമസിക്കാനായി നിർബന്ധിച്ചു.കൂട്ടത്തിൽ ഇപ്പോൾ തന്നെ ഒരു കൂട്ടർക്ക് ടെൻറ് കെട്ടിക്കൊടുത്ത് വന്നതേയുള്ളൂ എന്നാണ് ചായക്കട ചേട്ടൻ പറഞ്ഞത്. പോകുന്ന വഴിക്കോ കുന്നിൻ മുകളിലോ ഞാൻ അതൊന്നും കണ്ടില്ല എന്നതാണ് സത്യം .
സമുദ്രനിരപ്പിൽ നിന്ന് 991 മീറ്റർ ഉയരെയാണ് ഈ സ്ഥലം. കാട്ടിലൂടെ ട്രെക്കിംഗ് എനിക്ക് അത്ര സുഖകരമായിരുന്നില്ല. ആമയും മുയലിൻ്റെ കഥ പോലെയായി കൂടെയുള്ളവരുമായിട്ടുള്ള യാത്ര. ആമയായ ഞാൻ നടന്നും നിരങ്ങിയും അവിടെ എത്തി ചേർന്നു. പക്ഷെ മുയലുകാരൊന്നും വഴിയിൽ ഉറങ്ങാത്തതു കൊണ്ട് ഞാൻ ഫസ്റ്റ് ആയില്ല എന്നു മാത്രം. പകരം എന്നെ കാണാതെ ആകുമ്പോൾ അവർ മലയുടെ ഏതൊക്കെയോ ഭാഗത്ത് നിന്ന് വിളിച്ചു ചോദിക്കും. ഞാനും മറുപടി പറയും. അത്രയും നിശ്ശബ്ദതയാണവിടെ.
മലയുടെ മുകളിൽ ദേശീയവും അന്തർദേശീയവുമായ സഞ്ചാരികളാണവിടെ. ഇറ്റലിയിൽ നിന്ന് വന്നവരാണ്. വലിയ’ ബാക്ക് പാക്ക് ‘യുമായിട്ടാണ് അവരുടെ വരവ്. വേണമെങ്കിൽ അപ്പനും അമ്മയുമല്ലാത്ത എല്ലാതും ആ ബാഗിലുണ്ട്. അവർ ഷീറ്റൊക്കെ വിരിച്ച് ബിസ്ക്കറ്റൊക്കെ കഴിച്ചു കൊണ്ടാണിരുപ്പ്. അവിടെയുണ്ടായിരുന്ന പെട്ടിക്കടകളെല്ലാം നശിച്ച് കിടക്കുന്നുണ്ട്. കൊറോണയുടെ അനന്തരഫലം ആകാം.
കേരളത്തിലെ വയനാട് ജില്ലയുടെ മധ്യഭാഗത്തും ഡെക്കാൻ ‘പീഠ ഭൂമിയുടെ ഭാഗവും പശ്ചിമഘട്ടത്തിൻ്റെയും കിഴക്കൻ ഘട്ടങ്ങളുടെയും സംഗമ സ്ഥാനവുമാണിത്. കുന്നിൻ മുകളിൽ നിന്നുള്ള കാഴ്ചയും സൂര്യാസ്തമയ സൗന്ദര്യത്തെ കുറിച്ച് പ്രത്യേകിച്ച് ഒരു വർണ്ണന ആവശ്യമില്ലല്ലോ.
എന്നാലും മടക്കയാത്രയിലെ കഷ്ടപ്പാടുകൾ ഓർത്ത് ഞാൻ ആ കാഴ്ചകളുടെ മനോഹാരിതയ്ക്ക് മങ്ങൽ വരുത്തിയോ എന്ന് സംശയം. സൂര്യൻ പോയാലും കുറച്ചു നേരം കൂടി പ്രകാശം കാണുമല്ലോ എന്നാണ് ഇറ്റലിക്കാർക്ക് , എന്റെ ആധിക്കായിട്ടുള്ള മറുപടി. മടക്കയാത്രയുടെ പകുതി വരെ പ്രകാശമുണ്ടായിരുന്നെങ്കിലും പിന്നീട് ഫോണിൻ്റെ വെളിച്ചത്തിലായിരുന്നു യാത്ര. കൂട്ടത്തിൽ കൂടെയുള്ളവരുടെ പാമ്പിനെ കാണുമോ എന്നുള്ള അന്വേഷണങ്ങൾ ഉള്ള ധൈര്യവും ചോർന്നു കിട്ടി.
ഇന്ന് ഓർക്കുമ്പോൾ, പ്രകൃതി അതിൻ്റെ എല്ലാ മസാലകളും ഇട്ടു തന്ന് സുന്ദരമാക്കിയ ഒരു യാത്ര !
Thanks