Saturday, July 20, 2024
Homeകഥ/കവിതറെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 12) 'അവസാനിച്ചിട്ടില്ല,...

റെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 12) ‘അവസാനിച്ചിട്ടില്ല, അവസാനിക്കുകയുമില്ല’

റെക്സ് റോയി

 (നോവൽ – അവസാന ഭാഗം)

സദസ്സിലും വേദിയിലുമായി നിറഞ്ഞിരിക്കുന്ന ഉന്നത വ്യക്തികളുടെ നിര കണ്ട് ഞാൻ അത്ഭുതപരതന്ത്രനായി. ഇത്രയും ഉന്നതന്മാരെ ഒരുമിച്ച് ഒരിടത്ത് കാണുന്നത് ആദ്യമായിട്ടാണ്. ഒട്ടൊരു വിറയലോടുകൂടിയാണ് ഞാൻ അവരെ നോക്കിയത്. പുറമേ ചിരിച്ചുകൊണ്ടാണ് അവർ തമ്മിൽ ഇടപെടുന്നതെങ്കിലും അവരുടെയെല്ലാം മനസ്സിലുള്ള ആശങ്ക അവരുടെ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാം. എന്റെ പുസ്തക പ്രകാശന ചടങ്ങിന് ഗൗതം മുതലാളി ക്ഷണിച്ചു വരുത്തിയവരാണ് അവർ.
നേരത്തെ ഗൗതം മുതലാളിയുടെ ആത്മകഥ എഴുതാൻ വന്നവരെ വിരട്ടി ഓടിച്ചവർ അക്കൂട്ടത്തിൽ ഉണ്ടാകാം. ഇവരെല്ലാം കൂടി എന്നെ പിച്ചി ചീന്തുമോ? ഓർത്തിട്ട് കയ്യും കാലും വിറയ്ക്കുന്നു. എൻെറ പേര് പറയില്ല എന്നും എന്നെ കാട്ടിക്കൊടുക്കില്ല എന്നും ഞാൻ ഗൗതം മുതലാളിയോട് ഉറപ്പുവാങ്ങിയിട്ടുണ്ടായിരുന്നു. ഒരു തൂലികാനാമത്തിലായിരിക്കും നോവൽ പ്രസിദ്ധീകരിക്കുക എന്നും അദ്ദേഹം ഉറപ്പ് തന്നിരുന്നു.

രണ്ടുമാസം മുമ്പാണ് ഞാൻ ആ നോവൽ എഴുതിത്തീർത്തത്. നോവൽ എഴുതിത്തീർന്നതായി അദ്ദേഹത്തിനെ അറിയിച്ച് പത്ത് മിനിറ്റിനുള്ളിൽത്തന്നെ അദ്ദേഹം മുറിയിലേക്ക് ഇരച്ചെത്തി.

” ഇത് ഇപ്പോൾ തന്നെ അയച്ചു കൊടുക്കണം. ഞാൻ പബ്ലിഷറിന്റെ ഈ-മെയിൽ തരാം.” അത് മുഴുവൻ ഒറ്റയിരിപ്പിന് വായിച്ചുതീർത്ത ശേഷം ഗൗതം മുതലാളി പറഞ്ഞു.
” സാർ ഇത് ഫസ്റ്റ് ഡ്രാഫ്റ്റ് ആണ് . ഇത് ഇനിയും പലവട്ടം വായിച്ചു ഒരുപാട് തിരുത്തലുകൾ വരുത്താനുണ്ട്.”
” തിരുത്തലുകളോ ? എന്ത് തിരുത്തലുകൾ ? ഒരു സ്പെല്ലിംഗ് മിസ്റ്റേക്കോ ഗ്രാമർ മിസ്റ്റേക്കോ ഒന്നുമില്ല തോമസ് . ഞാൻ നോക്കിയതല്ലേ ?”
” അങ്ങനെയല്ല സാർ, പലവട്ടം വായിച്ച് അതിന്റെ വരികൾക്കൊക്കെ കുറച്ചുകൂടി രൂപഭംഗിയും ആശയ ഗാംഭീര്യവുമൊക്കെ വരുത്താൻ ഉണ്ട് .”
” ഇതിന് എന്തു കുഴപ്പമുണ്ടെന്നാ തോമസ് പറയുന്നത് ?”
” കുഴപ്പമുണ്ടെന്നല്ല സർ. കുറച്ചുകൂടെ ഭംഗിയാക്കാൻ.”
” തോമസ്, ഇതിന് ഒരു കുഴപ്പവുമില്ല. ഒരു ഭംഗിക്കുറവുമില്ല. നേരെ അയച്ചു വിട്ടേരേ . അവരവിടെ വെയിറ്റ് ചെയ്യുകയാണ്. കിട്ടിയാൽ ഉടനെ അച്ചടി തുടങ്ങാമെന്നാണ് പറയുന്നത്.”

ഞാൻ ഞെട്ടി.

എന്റെ നോവലുകൾ പ്രസിദ്ധീകരിച്ചു കിട്ടുവാൻ വേണ്ടി എത്ര പ്രസാധകരുടെ ഓഫീസുകളാണ് ഞാൻ കയറി ഇറങ്ങിയിട്ടുള്ളത്. പ്രസിദ്ധീകരണത്തിന് കൊടുത്ത ശേഷം എത്ര തവണ വെട്ടിത്തിരുത്തി വീണ്ടും അയക്കേണ്ടി വന്നു. മാസങ്ങൾ എടുക്കുന്ന പ്രക്രിയ. ഗൗതം മുതലാളി യാകട്ടെ ഒരു പ്രസാധകനെ വിലക്കെടുത്ത് തയ്യാറാക്കി വെച്ചിരിക്കുകയാണ്. കൊടുത്താൽ ചോദ്യവും പറച്ചിലും ഒന്നുമില്ല, അപ്പോഴേ പുസ്തകമാക്കി കയ്യിൽ തരും . യാതൊരു സൂക്ഷ്മ പരിശോധനയോ എഡിറ്റിങ്ങോ ഉണ്ടാവുകയില്ല. പണത്തിന്റെ ഒരു ശക്തി !
ഞാൻ ദയനീയമായി ഗൗതം മുതലാളിയുടെ മുഖത്തേക്ക് നോക്കി.

” തോമസിന് ഇത് മുമ്പേ പറഞ്ഞ പോലൊക്കെ ചെയ്യാൻ എത്രനേരം എടുക്കും ?”
” സാർ, ഒരു മാസം”
” ഇനിയും ഒരു മാസമോ? എത്ര നാളായി ഞാൻ കാത്തിരിക്കുന്നതാണന്ന് താങ്കൾക്കറിയില്ലേ ?”
” അല്ല സർ, അതങ്ങനെ പെട്ടെന്ന് ചെയ്തു തീർക്കാൻ പറ്റുന്ന പരിപാടിയല്ല.വളരെ സാവധാനം ശ്രദ്ധാപൂർവ്വം വായിക്കണം.”
” അങ്ങനെയൊന്നും പറഞ്ഞാൽ പറ്റില്ല തോമസ് . ഒരു മൂന്നാലു ദിവസം കൂടെ സമയം തരാം. അതിനുള്ളിൽ ശരിയാക്കി തരണം . ഓക്കേ.”

ഞാൻ എന്തു പറയാനാണ്.
അദ്ദേഹം പോയി കഴിഞ്ഞപ്പോൾ ഞാൻ നാൻസിയെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. നാൻസി ഇടപെട്ട് എനിക്ക് രണ്ടാഴ്ചത്തേക്കുള്ള സമയം അനുവദിച്ചു. ഗൗതം മുതലാളിയോട് പറഞ്ഞ് എന്റെ നോവൽ എഡിറ്റ് ചെയ്യാൻ ആരെയെങ്കിലും സംഘടിപ്പിക്കാം എന്നും നാൻസി സമ്മതിച്ചിരുന്നു.

ഞാൻ ബിയർ നുണയാനായി ചെന്ന ഗൗതം റസിഡൻസിയുടെ മുകളിലത്തെ നിലയിലെ പെന്റ് ഹൗസിന്റെ ഒരു ബെഡ്റൂമിലാണ് എന്നെ പൂട്ടിയിട്ടിരുന്നത്. മറ്റു ചില മുറികളിൽ അദ്ദേഹത്തിൻെറ ചില ഗുണ്ടകളും താമസിക്കുന്നുണ്ടായിരുന്നു. സ്വന്തം ഹോട്ടൽ ആയതുകൊണ്ടാണ് ആരും അറിയാതെ എന്നെ തടവിലിടാൻ ഗൗതം മുതലാളിക്ക് സാധിച്ചത്. എനിക്കുള്ള ഭക്ഷണം ഹോട്ടലിലെ റസ്റ്റോറന്റിൽ നിന്നു തന്നെയാണ് തന്നുകൊണ്ടിരുന്നത്. നോവൽ എഴുതി ഏൽപ്പിച്ചു കഴിഞ്ഞതോടെ ആ ഹോട്ടലിലെ തന്നെ ഒരു സ്വീറ്റ് റൂമിലേക്ക് എന്നെ മാറ്റി. പഴയപോലെ ഭക്ഷണവും മറ്റെല്ലാം സൗജന്യമാണ്. പുറത്തുപോകാനും സ്വാതന്ത്ര്യമുണ്ട്. ഭയം കാരണം ഞാൻ പുറത്തോട്ടൊന്നും അധികം ഇറങ്ങുന്നില്ല എന്ന് മാത്രം.

എഴുതിത്തീർന്ന ഉടൻ തന്നെ ഗൗതം മുതലാളി ആ ഡ്രാഫ്റ്റ്, മുതലാളിയുടെയും നാൻസിയുടെയും ഈ-മെയിലിലേക്ക് അയപ്പിച്ചിരുന്നു. ആവശ്യത്തിന് തിരുത്തലുകൾ വരുത്തിയശേഷം അതും ഉടൻതന്നെ അയക്കണമെന്ന് ചട്ടം കെട്ടിയിരുന്നു. മുതലാളി ക്ഷമയില്ലാതെ ഞാൻ നൽകിയ ആദ്യത്തെ ഡ്രാഫ്റ്റ് തന്നെ പബ്ലിഷറിന് അയച്ചു കൊടുക്കുമോ എന്ന് ഞാൻ ഭയന്നിരുന്നു. പക്ഷേ അതുണ്ടായില്ല. ഒരുപക്ഷേ നാൻസി ഇടപെട്ടിട്ടുണ്ടാവാം.
**
” ലേഡീസ് ആൻഡ് ജെന്റിൽമെൻ, നമ്മൾ ഇന്നിവിടെ കൂടിയിരിക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാമെന്ന് വിശ്വസിക്കുന്നു.” സുന്ദരിയായ അവതാരകയുടെ ശബ്ദം മൈക്കിലൂടെ ഒഴുകി.
” ജേക്കബ് ജോൺ എന്ന ഒരു നോവലിസ്റ്റിനെ നിങ്ങൾ ഒരുപക്ഷേ കേട്ടിട്ടുണ്ടായിരിക്കില്ല.”
ഓഹോ, അപ്പോൾ അതാണ് എൻ്റെ തൂലികാനാമം !
” അതിപ്രഗൽഭനായ ഒരു എഴുത്തുകാരൻ . ആധുനിക ലോകത്തിൻെറ തിരക്കിൽപ്പെട്ട് ഓടി നടക്കുന്ന നിങ്ങളൊന്നും അദ്ദേഹത്തിൻെറ കൃതികൾ വായിച്ചിട്ടുണ്ടായിരിക്കയില്ല.”

കൊള്ളാം നല്ല ബെസ്റ്റ് ഇൻട്രൊഡക്ഷൻ ! ജേക്കബ് ജോൺ വേറെ ഏത് നോവലാണ് എഴുതിയിരിക്കുന്നത് ? ഇതിനെയൊക്കെ എവിടുന്നു കിട്ടിയോ എന്തോ ? ചിലപ്പോൾ മുതലാളി തന്നെ എഴുതി കൊടുത്തതായിരിക്കും. അതോ നാൻസിയോ? മറ്റുള്ളവരുടെ ബുദ്ധിയും വിവേകവും പരീക്ഷിക്കരുതെന്ന് വിളിച്ചു പറയണമെന്ന് തോന്നി.

” അമേരിക്കയിൽ ജനിച്ചു വളർന്ന ജേക്കബ് ജോൺ ഒരിക്കൽ നമ്മുടെ ഗൗതം മുതലാളിയെ പരിചയപ്പെടുവാൻ ഇടയായി. ആദ്യ കാഴ്ചയിൽ തന്നെ ഗൗതം മുതലാളിയുടെ വ്യക്തിത്വം അദ്ദേഹത്തെ സ്വാധീനിച്ചു.”

എന്തൊക്കെയാണ് ഈ കൊച്ചു വിളിച്ചു പറയുന്നത് ?

” ഗൗതം മുതലാളിയുടെ ജീവിതകഥ കേട്ട അദ്ദേഹം അതിനെ ബേസ് ചെയ്ത് ഒരു നോവൽ എഴുതിക്കോട്ടെ എന്ന് അനുവാദം ചോദിച്ചു. പ്രശസ്തിയിൽ താല്പര്യം ഇല്ലാതിരുന്ന മുതലാളി അത് നിഷേധിച്ചു. എന്നാൽ അമേരിക്കൻ പ്രസിഡൻ്റിനെക്കൊണ്ടുവരെ വിളിപ്പിക്കുകയും ഒരുപാടു നാൾ പുറകെ നടന്നു ശല്യപ്പെടുത്തുകയും ചെയ്തതോടെ സഹികെട്ട് മുതലാളി എഴുതിക്കൊള്ളാൻ പറഞ്ഞു. ഇന്ന് ആ നോവൽ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. ഗൗതം മുതലാളി എന്ന മനുഷ്യന്റെ പച്ചയായ ജീവിത കഥ .”

പെണ്ണ് പറഞ്ഞു പറഞ്ഞു കുളമാക്കാനുള്ള പുറപ്പാടാണെന്ന് തോന്നുന്നു. ഞാൻ ചുറ്റും നോക്കി. എല്ലാ മുഖങ്ങളിലും ആശങ്ക!

” കഥയിലെ കാര്യങ്ങൾ പറയാൻ കഥാപാത്രത്തെ തന്നെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നു”

സുസ്മേരവദനനായി നെഞ്ചും തള്ളിപ്പിടിച്ച് ഗൗതം മുതലാളി മൈക്കിനു മുന്നിലെത്തി. എന്റെയും എനിക്കു ചുറ്റും ഇരിക്കുന്നവരുടെയും നെഞ്ചിടിപ്പ് എനിക്ക് വ്യക്തമായി കേൾക്കാം.

” എല്ലാവർക്കും നമസ്കാരം” ഗൗതം മുതലാളി പറഞ്ഞു തുടങ്ങി. ” ഞാൻ ഒരു ബിസിനസ് ട്രിപ്പിന് അമേരിക്കയിൽ പോയതായിരുന്നു , ഏതാനും മാസങ്ങൾക്കു മുമ്പ്. അവിടെ എനിക്കൊരു സുഹൃത്തിനെ കിട്ടി. പല മേഖലയിൽ നിന്നുള്ള സുഹൃത്തുക്കൾ എനിക്കുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു എഴുത്തുകാരനെ എനിക്ക് സുഹൃത്തായി ലഭിക്കുന്നത്. ആ അമേരിക്കൻ ട്രിപ്പ് കഴിഞ്ഞു നാട്ടിലെത്തിയിട്ടും ഞങ്ങൾ തമ്മിലുള്ള സൗഹൃദം തുടർന്നു . ഒരു ദിവസം വളരെ വിചിത്രമായ ആവശ്യവുമായിട്ട് അദ്ദേഹം എന്നെ സമീപിച്ചു. കേട്ടപ്പോൾത്തന്നെ ഞാൻ ഞെട്ടിപ്പോയി. എൻെറ ജീവിതകഥ ആസ്പദമാക്കി നോവൽ എഴുതണം പോലും ! ഞാൻ പറഞ്ഞു പറ്റില്ലെന്ന് . കുറച്ച് തിക്താനുഭവങ്ങൾ അല്ലാതെ വേറെ എന്താണ് എന്റെ ജീവിതത്തിൽ ഇതിനുമാത്രം എഴുതാൻ ഉള്ളത്. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. വിടാതെ പിന്തുടർന്നു. അവതാരക പറഞ്ഞതുപോലെ അമേരിക്കൻ പ്രസിഡൻ്റിനെക്കൊണ്ടുവരെ എന്നെ വിളിപ്പിച്ചു.”

ഞാൻ ചുറ്റും നോക്കി. ആശങ്കയോടെയാണ് ഇരിക്കുന്നതെങ്കിലും പലരുടെയും ചുണ്ടിൽ ഒരു പരിഹാസച്ചിരി.

” ഒടുവിൽ എനിക്ക് സമ്മതിക്കേണ്ടി വന്നു. ആ നോവൽ ഇന്നിവിടെ പബ്ലിഷ് ചെയ്യുകയാണ്. പക്ഷേ സങ്കടകരമായ കാര്യം, ജേക്കബ്ബ് ജോണിന് ഇന്നിവിടെ എത്താൻ പറ്റിയില്ല. അദ്ദേഹം ആശുപത്രിയിൽ ആയിപ്പോയി. ഞാൻ ചടങ്ങ് മാറ്റിവയ്ക്കാം എന്ന് പറഞ്ഞിട്ടും അദ്ദേഹം സമ്മതിച്ചില്ല. നിങ്ങൾ വിശിഷ്ടാതിഥികളെ ഒക്കെ ക്ഷണിച്ചതല്ലേ . പല ഇംപോർട്ടൻഡായ പേഴ്സണൽ ആവശ്യങ്ങളും മാറ്റിവച്ചിട്ട് ആയിരിക്കുമല്ലോ നിങ്ങളൊക്കെ വന്നത്. അതുകൊണ്ടാണ് മുൻ നിശ്ചയപ്രകാരം തന്നെ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചത്.”

പലരും അർത്ഥഗർഭമായി പരസ്പരം നോക്കുന്നു. നോവലിസ്റ്റിനെ മുതലാളി തട്ടിയിട്ടുണ്ടാകാം എന്ന് വിചാരിച്ചായിരിക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു. അങ്ങനെയെങ്കിൽ ആരും നോവലിസ്റ്റിനെ അന്വേഷിച്ച് നടക്കുകയില്ലല്ലോ. എന്റെ നേരെ വരികയുമില്ലല്ലോ.

തുടർന്ന് പ്രകാശന ചടങ്ങുകൾ എല്ലാം ഗംഭീരമായി തന്നെ നടന്നു. സാഹിത്യ ലോകത്തെ ഒരു കുലപതി തന്നെയായിരുന്നു പ്രകാശനം നടത്തിയത്. ആദ്യപ്രതി ഏറ്റുവാങ്ങിയ കേന്ദ്രമന്ത്രി സീറ്റിൽ ചെന്നിരുന്നപ്പോൾ തന്നെ പുസ്തകം തുറന്ന് വായന തുടങ്ങിയത് ഞാൻ ശ്രദ്ധിച്ചു. വിശിഷ്ട വ്യക്തികൾക്കെല്ലാം സൗജന്യ പ്രതികൾ വിതരണം ചെയ്യുന്നുണ്ടായിരുന്നു. കിട്ടിയവർ കിട്ടിയവർ പുസ്തകം തുറന്ന് വായന തുടങ്ങി. കിട്ടാത്തവർ ആകാംക്ഷയോടെ വായിക്കുന്നവരെ നോക്കുന്നു. ഞാൻ എഴുതിയ പുസ്തകം ആളുകൾ ആകാംക്ഷയോടെ വായിക്കുന്നതു കണ്ട് സന്തോഷമല്ല, മറിച്ച് എന്റെ നെഞ്ചിടിപ്പ് കൂടുകയാണുണ്ടായത്.

ആശംസാപ്രാസംഗികരെല്ലാം ഗൗതം മുതലാളിയെ വാനോളം പുകഴ്ത്തുന്നതു കണ്ട് ഒരു നിസ്സംഗതയോടെ ഞാനിരുന്നു. ഒടുവിൽ നന്ദി പറയാനായി മുതലാളി വീണ്ടും മൈക്കിനു മുമ്പിൽ എത്തി.

” പ്രിയരേ, മറ്റൊരു സന്തോഷവാർത്ത കൂടി ഞാൻ നിങ്ങളെ അറിയിക്കുന്നു. ദീർഘകാലമായി എൻ്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന നാൻസിയുടെ വിവാഹ കാര്യമാണ്.”
പലരും പുസ്തകത്തിൽ നിന്ന് തലയുയർത്തി നോക്കി. പലരുടെയും മുഖത്ത് ചോദ്യഭാവവും അമ്പരപ്പും .
എനിക്ക് സൂചന ലഭിച്ചിരുന്നെങ്കിലും അത് ഇവിടെ പ്രഖ്യാപിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എൻ്റെ മുഖം ചുവന്നു തുടുത്തു. മുതലാളി തരുന്ന കാശും വാങ്ങി ദൂരെ എവിടെയെങ്കിലും പോയി നാൻസിയോടൊത്ത് ശിഷ്ടകാലം കഴിഞ്ഞുകൂടുന്ന സ്വപ്നം ഏതാനും ദിവസങ്ങളായി ഞാൻ കണ്ടു കൊണ്ടിരിക്കുകയായിരുന്നു.

” തോമസ്, ഇങ്ങ് കയറി വരൂ. നാൻസീ വരൂ.” അദ്ദേഹം ഞങ്ങളെ രണ്ടും സ്റ്റേജിലേക്ക് വിളിച്ച് അദ്ദേഹത്തിൻ്റെ രണ്ടു വശത്തായി നിർത്തി. ഇത് തോമസ്, ഇത് നാൻസി. അടുത്ത തിങ്കളാഴ്ച ഇവരുടെ വിവാഹമാണ്. എന്നെ ഇത്രയുംകാലം സെക്രട്ടറിയായി വിശ്വസ്തതയോടെ സേവിച്ചതിന് നാൻസി ക്കുള്ള സമ്മാനമാണ് ഈ തോമസ്. ഇന്നുമുതൽ എന്റെ പേഴ്സണൽ അഡ്വൈസറായി തോമസ് ചാർജ് എടുക്കുകയാണ്.”

അവസാനം പറഞ്ഞ വാചകം കേട്ട് ഞാൻ ഞെടുങ്ങിത്തരിച്ചു.

അപ്പോൾ അവസാനിച്ചിട്ടില്ല …… അവസാനിക്കുകയുമില്ല.

റെക്സ് റോയി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments