Tuesday, December 24, 2024
Homeഅമേരിക്കഎൻ ഡി എ കിതപ്പിലോ കുതിപ്പിലോ? ✍രചയിതാവ്. സുനിൽ വല്ലാത്തറ ഫ്ലോറിഡാ

എൻ ഡി എ കിതപ്പിലോ കുതിപ്പിലോ? ✍രചയിതാവ്. സുനിൽ വല്ലാത്തറ ഫ്ലോറിഡാ

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

ഏറ്റവും കൂടുതൽ രാഷ്ട്രീയ നിരീക്ഷകരും നിരൂപകരും മറയത്തു നിന്നും വെളിച്ചത്തു വരുന്നത് തെരഞ്ഞെടുപ്പു കാലത്താണ്.
അതുപോലെ യൂട്യൂബ് ചാനലുകൾ കൂണുപോലെ പൊട്ടി മുളയ്ക്കുന്നതും തെരഞ്ഞെടുപ്പു അങ്കം മുറുകുമ്പോൾ ആണ്.

ഇപ്രാവശ്യത്തെ ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയരുമ്പോൾ ദേശീയ ചാനലുകൾ ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ ദൃശ്യ അച്ചടി മാധ്യമങ്ങൾ ഏറ്റു പിടിച്ചത് ബി ജെ പി യുടെ അജണ്ട ആയ നാനൂറ് സീറ്റ് എൻ ഡി എ മുന്നണി നേടുമെന്ന് തന്നെ ആയിരുന്നു.

എന്നാൽ ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ വോട്ടിങ്ങ് ശതമാനത്തിൽ ഉണ്ടായ കുറവും അതിന് ശേഷം എൻ ഡി എ യുടെ സ്റ്റാർ പ്രചാരകൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗ ശൈലി മാറ്റിയതും താരതമ്യേന പ്രശസ്തരല്ലാത്ത കുറച്ചു രാഷ്ട്രീയ നിരീക്ഷകർ എങ്കിലും എൻ ഡി എ മുന്നണി നാനൂറു തികയ്ക്കില്ല എന്ന നിരീക്ഷണം നടത്തി.

രണ്ടാംഘട്ട വോട്ടിങ് കഴിഞ്ഞു അഴിമതി കേസിൽ അറസ്റ്റിലായി ജയിലിലായ ഡൽഹി മുഖ്യമന്ത്രിയും ഇന്ത്യ സഖ്യം നേതാവുമായ അരവിന്ദ് കേജ്രിവാൾ ജാമ്യം കിട്ടി ഒരു രക്തസാക്ഷി പരിവേഷത്തോടെ പുറത്തിറങ്ങിയപ്പോൾ കൂടുതൽ രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും എൻ ഡി എ സഖ്യം നാനൂറിൽ എത്തില്ല എന്ന ശക്തമായ നിലപാടിൽ എത്തി.

മൂന്നാം ഘട്ടം കഴിഞ്ഞ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പാകിസ്ഥാൻ നുഴഞ്ഞു കയറ്റവും രാഹുൽ ഗാന്ധി അംബാനിയുടെയും അദാനിയുടെയും കയ്യിൽ നിന്നും പണം വാങ്ങി എന്ന ആരോപണം കൂടി വന്നപ്പോൾ ദേശീയ ചാനലുകൾ ഉൾപ്പെടെ ഉള്ള മാധ്യമങ്ങൾ ഇന്ത്യ സഖ്യവും എൻ ഡി എ മുന്നണിയും തമ്മിൽ ഉള്ള മത്സരം കൂടുതൽ കടുത്തത് ആകുന്നു എന്ന വാർത്തകൾ കൊടുക്കുവാൻ തുടങ്ങി.
നാലാം ഘട്ടം പിന്നിട്ടപ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു ഫലങ്ങൾ മുൻപ് കൃത്യമായി പ്രവചിച്ചിട്ടുള്ള യോഗേന്ദ്ര യാദവ് എല്ലാ സംസ്ഥാനങ്ങളിലും യാത്ര ചെയ്തു ബി ജെ പി 230 സീറ്റിൽ ഒതുങ്ങും എന്ന് പ്രഖ്യാപിച്ചതും കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമിന്റെ ഭർത്താവ് പറകാല പ്രഭാകർ അത് ഏറ്റു പിടിക്കുകയും കൂടി ചെയ്തപ്പോൾ കുറച്ചു മാധ്യമങ്ങൾ എങ്കിലും എൻ ഡി എ വീണ്ടും ഭരിക്കില്ല എന്ന നിഗമനത്തിൽ എത്തി.

എൻ ഡി എ അനുകൂല നിരീക്ഷണം നടത്തിയിരുന്ന പല നിരീക്ഷകരും നാലാം ഘട്ടം കഴിഞ്ഞപ്പോൾ നിലപാടിൽ അയവു വരുത്തുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.
ഏഷ്യാനെറ്റ്‌ ന്യൂസിന്റ നേർക്കുനേർ പ്രോഗ്രാമിൽ പങ്കെടുത്തു മുതിർന്ന മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ് ഇന്ത്യ സഖ്യ അനുകൂല നിലപാടെടുത്തപ്പോൾ കടുത്ത ബി ജെ പി നിരീക്ഷകനായ ജി ഗോപകുമാർ നിലപാടിൽ അയവു വരുത്തി. ചർച്ചയിൽ പങ്കെടുത്ത ഡോ. മോഹൻ വർഗീസ് മത്സരം കടുക്കുന്നു എന്ന നിലപാട് ആണ് എടുത്തത്.

തെരഞ്ഞെടുപ്പു പ്രചരണം തുടങ്ങിയ നാൾ തൊട്ടു കടുത്ത ബി ജെ പി വിരുദ്ധ നിലപാട് എടുക്കുന്ന ഇരുപതു വർഷത്തിൽ ഏറെ ആയി ദൃശ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന റിപ്പോർട്ടർ ചാനൽ എഡിറ്റർ ഉണ്ണി ബാലകൃഷ്ണൻ അഞ്ചാം ഘട്ടം കഴിഞ്ഞപ്പോൾ ഓരോ സംസ്ഥാനത്തും ബി ജെ പി യ്ക്കു നഷ്ടപ്പെടുന്ന സീറ്റുകൾ കൃത്യമായി എണ്ണി പറഞ്ഞു 240 സീറ്റിൽ ബി ജെ പി യെ തളച്ചിരിക്കുകയാണ്.
ഏറ്റവും ഒടുവിൽ വോട്ടെടുപ്പ് ഒരു ഘട്ടം കൂടി ബാക്കി നിൽക്കുമ്പോൾ ഇന്ത്യയിലെ പ്രശസ്ത രാഷ്ട്രീയ പണ്ഡിതൻ പ്രശാന്തു കിഷോറും ലോക പ്രശസ്ത പൊളിറ്റിക്കൽ സയന്റിസ്റ് ഇയാൻ ബ്രമ്മാറും മോദി തരംഗം ഉണ്ടെന്നും ബി ജെ പി യും ഒപ്പം എൻ ഡി എ സഖ്യവും വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ ഏറും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു മുന്നണിയിലും പെടാത്ത ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ എസ് ആർ കോൺഗ്രസ്‌ നേതാവുമായ ജഗ്‌മോഹൻ റെഡ്ഢി ഒരു മുന്നണിക്കും ഭൂരിപക്ഷം കിട്ടില്ല എന്നും തന്റെ പാർട്ടി കിങ് മേക്കർ ആകുമെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏതായാലും ജൂൺ ഒന്നിന് ഒരു ഘട്ടം വോട്ടെടുപ്പ് കൂടി ബാക്കി നിൽക്കുമ്പോൾ ഇന്ത്യയിലെ ജനങ്ങൾ ആശയകുഴപ്പത്തിൽ ആണ്. എൻ ഡി എ കിതപ്പിലാണോ കുതിപ്പിലാണോ എന്ന് ജൂൺ നാലിനറിയാം.

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments