ന്യൂഡൽഹി;ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി. ഇരുമ്പുതൂണുകളിൽ ഷീറ്റുകൊണ്ട് നിർമിച്ച കെട്ടിടം പൂർണമായും നിലംപൊത്തി. കെട്ടിട ഉടമയടക്കം ആറു പേർക്കെതിരെ കേസെടുത്തു. രണ്ടുപേർ അറസ്റ്റിലായി. പരിക്കേറ്റ ഒമ്പതു പേരിൽ ആറുപേർ ആശുപത്രി വിട്ടു.
ഗെയിമിങ് സെന്ററിലെ വൻ സുരക്ഷാവീഴ്‌ചയാണ് അപകടത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചത്. ജനറേറ്ററുകൾക്കായി 2000 ലിറ്റർ ഡീസലും 1500 ലിറ്റർ പെട്രോളും സൂക്ഷിച്ചതും തീ ആളിപ്പടരാൻ കാരണമായി. കെട്ടിടത്തിന് ഒരുവാതിൽ മാത്രമാണുള്ളത്. രക്ഷപ്പെടാൻ കഴിയാതെ കുട്ടികളടക്കമുള്ളവർ കുടുങ്ങിയതും വിനയായി.
കെട്ടിടത്തിൽ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാതെ കൂടുകളിൽത്തന്നെ വച്ചിരിക്കുകയാണെന്നും അഗ്നിരക്ഷാസേനയുടെ അടക്കം ഒരു അനുമതിയും ഇല്ലെന്നും അധികൃതർ പറഞ്ഞു.
ഞായറാഴ്‌ച വിഷയം പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി, തീപിടിത്തം മനുഷ്യനിർമിത ദുരന്തമാണെന്ന് വിലയിരുത്തി സ്വമേധയാ കേസെടുത്തു. അടിയന്തരമായി റിപ്പോർട്ട് നൽകാൻ കോടതി സർക്കാരിനും മുനിസിപ്പാലിറ്റിക്കും നിർദേശം നൽകി. ഇരകളുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.