Sunday, January 5, 2025
Homeസ്പെഷ്യൽമലയാളി മനസ്സിന്റെ 'സ്ഥിരം എഴുത്തുകാർ' (10) 'സിസി ബിനോയ് വാഴത്തോപ്പ്.' ✍ അവതരണം: മേരി ജോസി...

മലയാളി മനസ്സിന്റെ ‘സ്ഥിരം എഴുത്തുകാർ’ (10) ‘സിസി ബിനോയ് വാഴത്തോപ്പ്.’ ✍ അവതരണം: മേരി ജോസി മലയിൽ

“മലയാളിമനസ്സിൻ്റെ സ്ഥിരം എഴുത്തുകാർ ” എന്ന പംക്തിയിലേയ്ക്ക് ഏവർക്കും സ്വാഗതം..🙏

സിസി ബിനോയ് വാഴത്തോപ്പ്.

മലയാളി മനസ്സിൻ്റെ സ്വന്തം എഴുത്തുകാരിയും ഗ്രാഫിക് ഡിസൈനറുമായ സിസി ബിനോയ് ആണ് ഇന്നത്തെ നമ്മുടെ അതിഥി.

വെറുതെ ഒരു നേരമ്പോക്കിന് എഴുതിത്തുടങ്ങിയതാണത്രേ സിസി. ഒരുപാടു വായനയോ പുസ്തകങ്ങളേക്കുറിച്ച് അഗാധപാണ്ഡിത്യമോ ഒന്നുമില്ല. കുറച്ചുവായനയും കുറച്ച് അനുഭവ സമ്പത്തും അറിയുന്ന ലളിത ഭാഷാശൈലിയും വച്ച് എഴുതിത്തുടങ്ങി. നർമ്മത്തോട് കൂടുതൽ ഇഷ്ടം. അതിനാൽത്തന്നെ എഴുതുന്നവയിലൊക്കെ അല്പ്പം നർമ്മം കലർത്താൻ ശ്രമിക്കാറുമുണ്ട്. എഴുത്തു വഴിയിലേയ്ക്ക് കാലെടുത്തുവച്ചിട്ട് ഏകദേശം രണ്ടു വർഷത്തോളമേ ആയിട്ടുള്ളു എന്നു തന്നെ പറയാം.

പക്ഷേ ഈ ചുരുങ്ങിയ നാളുകൾ കൊണ്ടു തന്നെ അറിയപ്പെടാൻ സാധിക്കുക എന്നത് വലിയൊരു നേട്ടമാണെന്നും, അതിന് ഏറിയ പങ്കു വഹിച്ചിരിക്കുന്നത് USA യിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളി മനസ്സ് ഓൺലൈൻ ദിനപ്പത്രമാണെന്നും സിസിയുടെ അഭിപ്രായം.

മലയാളിമനസ്സിനെ ഏറ്റവും ആദ്യം പരിചയപ്പെടുന്നത് സംസ്കൃതി & ആർഷ ഭാരതി ഗ്രൂപ്പുകളിലൂടെയാണ് . സിസി എഴുതിയ ” ശേഷിപ്പുകൾ” എന്ന കഥ മികച്ച രചനയായി തിരഞ്ഞെടുക്കുകയും മലയാളി മനസ്സിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആദ്യത്തെ എഴുത്തിൽ കിട്ടിയ ഈ അംഗീകാരം വീണ്ടും വീണ്ടും എഴുതുവാൻ പ്രേരിപ്പിച്ചു. വീണ്ടും”ഇമോജികൾ പൂക്കുന്ന താഴ്‌വാരം” എന്ന കഥയും മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടു , മലയാളി മനസ്സിൽ പ്രസിദ്ധീകരിച്ചു. പിന്നീട് പല പ്രാവശ്യമായി കഥകളും കവിതകളും പ്രസിദ്ധീകരിച്ചു. തുടർന്നങ്ങോട്ട് മലയാളി മനസ്സിൻ്റെ സ്വന്തം എഴുത്തുകാരിയാകുവാൻ ഭാഗ്യം ലഭിച്ചു. “ഞങ്ങൾ ഇടുക്കിക്കാർ” എന്ന തുടർ പംക്തിയും ചെയ്യുവാൻ സാധിച്ചു.

കഥകൾക്കൊക്കെ സിസി തന്നെ പോസ്റ്ററുകളും ഉണ്ടാക്കിയിരുന്നു. പിന്നീട് മലയാളിമനസ്സിൻ്റെ അസിസ്റ്റൻ്റ് ഇൻ ചീഫ് ആയിരുന്ന ശ്രീമതി ലൗലി ബാബു തെക്കേത്തല , മലയാളി മനസ്സിലേയ്ക്ക് പോസ്റ്റർ ചെയ്യാൻ സജസ്റ്റ് ചെയ്യുകയും ചെയ്തു. അങ്ങനെ മലയാളിമനസ്സിൽ രണ്ടാമതും ഇടം പിടിച്ചു.  കഥയും കവിതയും ലേഖനങ്ങളുമൊക്കെ വായിച്ചു നോക്കി അതിനു ചേർന്ന പോസ്റ്റർ ചെയ്യുമ്പോൾ എഴുതുന്ന എഴുത്തുകാരുമായി ഒരു ആത്മബന്ധം ഉണ്ടാവാറുണ്ടെന്നാണ് സിസിയുടെ വാദം. സ്ഥിര പംക്തി ചെയ്യുന്നവരെയെല്ലാം നേരിട്ട് കണ്ടിട്ടില്ലെങ്കിൽപ്പോലും അവരുടെ എഴുത്തുകളും ഫോട്ടോയും , പേരുമൊക്കെ സുപരിചിതം എന്നാണ് പറയുന്നത്.

സ്പെഷ്യൽ പോസ്റ്ററുകളും സ്ഥിര പംക്തികളുടെ പോസ്റ്ററുകളും , കഥ, കവിത പോസ്റ്ററുകളും വളരെ ഭംഗിയായിത്തന്നെ ചെയ്ത് ചുരുങ്ങിയ കാലംകൊണ്ട് മലയാളി മനസ്സിൻ്റെ ഗ്രാഫിക് ഡിസൈനർ എന്ന പദവിയും നേടിയെടുക്കുവാൻ സിസി യ്ക്ക് കഴിഞ്ഞു.

ജനിച്ചത് കാഞ്ഞിരപ്പള്ളിയിലെങ്കിലും വളർന്നത് ഇടുക്കിയിലാണ്. സ്കൂൾ കോളേജ് വിദ്യാഭ്യാസം ഇടുക്കിയിൽത്തന്നെ. BCom . & PGDCA യ്ക്കുശേക്ഷം മുംബെയിൽ ഗ്രാഫിക് ഡിസൈനിംഗ്, Desk Top Publishing, Tally ,Corel drow എന്നിവയിൽ കൂടുതൽ പരിശീലനം നേടുകയും തുടർന്ന് മുംബെയിൽ തന്നെ printing & publishing co, Pvt.Ltd ലും ശേഷം Business India Ltd. ലും വർക്കു ചെയ്തു.

ചിത്രരചനയിലും നൃത്തത്തിലുംതാല്പ്പര്യമുണ്ടെങ്കിലും സമയക്കുറവുമൂലം അതിന് അധികം മിനക്കെടാറില്ല, സഹോദരൻആർട്ടിസ്റ്റ് ആണ്.

ഹസ്ബൻഡ് ബിസിനസ് ചെയ്യുന്നു. മക്കൾ മൂന്നു പേർ ദിവ്യ – സ്റ്റുഡൻ്റ് (ജർമ്മനി), ദീപക് സെമിനാരിയൻ- (ഉജ്ജയിൻ) ഡോൺ- BCA സ്റ്റുഡൻ്റ്.

ഇതൊക്കെ… കുടുംബ വിശേഷങ്ങൾ .

പുതുമയും വ്യത്യസ്ഥതയും ഇഷ്ടപ്പെടുന്ന എഴുത്തുകാർക്കും വായനക്കാർക്കും വ്യത്യസ്ഥമായ അനുഭവം തന്നെയാണ് മലയാളി മനസ്സ് ദിനപ്പത്രം നല്കുന്നത്. ഇതിലൂടെ കുറെയധികം നല്ല എഴുത്തുകാരെയും അവരുടെ എഴുത്തുകളെയും പരിചയപ്പെടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമാണ് എന്ന് സിസി പറഞ്ഞപ്പോൾ അത് മലയാളി മനസ്സിൻ്റെ സന്തോഷം കൂടിയായി.

പത്രത്തെ വളർത്തുന്നതിലും എഴുത്തുകാരെ ഒരു കുടക്കീഴിൽ ചേർത്തു നിർത്തി നയിച്ചു കൊണ്ടു പോകുന്നതിലും, ചീഫ് എഡിറ്റർ ശ്രീ .രാജു ശങ്കരത്തിലിനുള്ള കഴിവ് ഇവിടെ പരാമർശിക്കാതിരിക്കുവാൻ കഴിയില്ല. ഒപ്പം ചേർന്നു നിന്ന് നയിക്കുന്ന എഡിറ്റോറിയലും അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തനിക്കു കിട്ടിയതു പോലെ, ഇനിയുമിനിയും ഒരുപാടു എഴുത്തുകാരെ കൈപിടിച്ചു വളർത്തുവാൻ മലയാളി മനസ്സിന് കഴിയട്ടെ എന്നും സിസി ബിനോയ്, വാഴത്തോപ്പ് ആശംസിച്ചു.

സിസിയുടെ എഴുത്തുകൾ വായിച്ചിട്ടുള്ളവർക്ക് മനസ്സിലാകും ചെയ്യുന്ന പോസ്റ്ററുകളേക്കാൾ ഒരു പടി കൂടി മുകളിൽ നിൽക്കുന്ന എഴുത്തുകളാണെന്ന്. ഒരു പക്ഷേ സമയക്കുറവുകൊണ്ടോ മറ്റോ അല്പ്പം പുറകോട്ടു മാറിയിട്ടുണ്ടോ എന്നൊരു സംശയം കൂടി ഇല്ലാതില്ല.  വായനക്കാർക്ക് നല്ലൊരു സാഹിത്യകാരിയെ നഷ്ടപ്പെടുത്തുന്നോ എന്നൊരു കുറ്റബോധം കൂടി അലട്ടുന്നുണ്ട്. നല്ല എഴുത്തുകൾ വായനക്കാരിലേയ്ക്ക് എത്തേണ്ടതുണ്ട് അതുകൊണ്ടു തന്നെ കൂടുതൽ എഴുത്തിലേയ്ക്ക് സമയം കണ്ടെത്തണമെന്ന  ഒരപേക്ഷയുംകൂടിയുണ്ട്.

പുതിയ പുതിയ കഥകളും, കവിതകളും, ലേഖനങ്ങളുമായി എഴുത്തിൻ്റെ ലോകത്തിൽ വിസ്മയം തീർക്കുവാൻ  സിസിയ്ക്ക് കഴിയട്ടേ എന്ന് ആശംസിക്കുന്നതോടൊപ്പം പുതിയ ആശയങ്ങളുമായി എത്തുമെന്ന ശുഭാഭ്തി വിശ്വാസത്തോടും…

നന്ദി! നമസ്കാരം!

മേരി ജോസി മലയിൽ, തിരുവനന്തപുരം.

✍️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments