തൃശ്ശൂർ : പൂര വിളംബരത്തിനായി നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറന്നു . കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി നട തുറന്നത്. ഇതോടെ തൃശ്ശൂർ പൂരത്തിന് തുടക്കമായി. നാളെയാണ് പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം.
രാവിലെ ആറാട്ടിന് ശേഷം നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് എത്തുകയായിരുന്നു. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയിൽ എറണാകുളം ശിവകുമാർ വടക്കുന്നാഥ നകത്ത് പ്രവേശിച്ചു.
പിന്നീട് മൂന്ന് പ്രാവശ്യം വലം വച്ച് തെക്കേ ഗോപുരം തുറക്കുകയായിരുന്നു. വടക്കുന്നാഥനെ വണങ്ങി മാരാർ ശംഖ് വിളിച്ചതോടെയാണ് പൂര വിളംബരത്തിന് തുടക്കം കുറിച്ചത്. കൂടി നിൽക്കുന്ന ജനങ്ങളെ മൂന്ന് പ്രാവശ്യം ശിവകുമാർ തുമ്പി കൈ ഉയർത്തി അഭിവാദ്യം ചെയ്യുകയും ചെയ്തു.