വയനാട്: ടെലിഗ്രം വഴി നഗ്നവീഡിയോകോൾ ചെയ്ത് ഭീക്ഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ. രാജസ്ഥാൻ സ്വദേശിനിയായ യുവതി ജയ്പൂരിൽ നിന്നാണ് പിടിയിലായത്. യുവാവിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ യുവതി തട്ടിയെടുത്തിരുന്നു. ഇൻസ്പെക്ടർ സുരേഷ് ബാബുവും സംഘവും ചേർന്നാണ് രാജസ്ഥാൻ സവായ് മദേപൂർ ജില്ലയിലെ ജെറവാദ സ്വദേശി മനീഷ മീണയെ പിടികൂടിയത്.
2023 ജൂലൈയിലാണ് ടെലിഗ്രം വഴി നഗ്നവീഡിയോകോൾ ചെയ്ത് യുവാവിൽ നിന്ന് പണം തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് ടെലിഗ്രം അക്കൗണ്ട് ഉണ്ടാക്കിയത്. ഇത്തരത്തിലുള്ള ചതിയിൽ അകപ്പെട്ടെന്ന് കാണിച്ച് യുവാവ് നൽകിയ പരാതിയിൽ കേസെടുത്ത് ഏഴുമാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതിയെ പിടികൂടിയത്. കേരള പൊലീസ് തന്നെ അന്വേഷിച്ച് രാജസ്ഥാനിൽ എത്തിയതറിഞ്ഞ യുവതി ഉടൻ തന്നെ യുവാവിന് തട്ടിയെടുത്ത തുക തിരികെ അയച്ച് നൽകിയിരുന്നു.
വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് യുവതി പണം സ്വീകരിച്ചത്. അപരിചിതരുടെ വീഡിയോ കോൾ സ്വീകരിക്കുന്ന പലരും ഇത്തരത്തിലുള്ള ചതി കുഴിയിൽ വീഴുന്നുണ്ട്. ദിനം പ്രതി ഇത്തരത്തിൽ ഉള്ള നിരവധി കേസുകളാണ് സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്യുന്നത്. എസ് ഐ ബിനോയ് സ്കറിയ, എസ് പി സി ഒ മാരായ കെ റസാക്ക്, സലാം കെ എ, പി എ ഷുക്കൂർ, അനീസ്, സി പി ഒ സി വിനീഷ എന്നിവരുടെ അന്വേഷസംഘമാണ് യുവതിയെ പിടികൂടിയത്.