Thursday, December 26, 2024
Homeകഥ/കവിതശിഷ്‌ഠജീവിതം (കവിത) ✍പ്രസാദ് പഴുവിൽ

ശിഷ്‌ഠജീവിതം (കവിത) ✍പ്രസാദ് പഴുവിൽ

പ്രസാദ് പഴുവിൽ

തീയാളുമീ വെയിൽ-
നാളങ്ങൾതീർക്കുന്നൊ-
രുഷ്ണപ്രവാഹത്തി-
ന്നാസുരതാണ്ഡവം.

ഊർദ്ധ്വൻവലിക്കുമീ
രാത്രിതൻമാറിടം
കുത്തിപ്പിളർക്കുന്നു
വേവിൻകഠാരകൾ.

എത്രനാൾകൂടെയീ
ജീവന്റെ നാളങ്ങൾ
കെട്ടുപോകാതെ നാം
കാത്തുസൂക്ഷിച്ചിടും?

ആകുമോ പൊള്ളുന്ന
പാതകൾ താണ്ടുവാ-
നാളുന്ന പേടിക-
ളാക്കംകുറയ്ക്കവേ?

ഓർക്കണം ജീവിത-
പാതതന്നന്ത്യമാം
പാദത്തിലെത്തിനിൽ-
പ്പാണു നാമിരുവരും.

പണ്ടു നാമെത്രയോ
തീക്കനൽപ്പാതകൾ
പിന്നിട്ടുപോന്നതാ-
ണെങ്കിലുമെൻസഖീ,

ആവില്ല, നമുക്കീ
കെട്ടകാലത്തിന്റെ
മാറാപ്പുമായേറെ
മുന്നോട്ടുപോകുവാൻ.

ആവുംവരേക്കുമീ
ജീവന്റെ യാനത്തി-
ലൊത്തുനിൽക്കാം നമ്മ-
ളറ്റുപോകുംവരെ.

പ്രസാദ് പഴുവിൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments