അമൂർത്തമായ രാഗങ്ങൾ കോളാമ്പിയിലൂടെ തിമിർത്തു പെയ്യുന്നു. പെരുമ്പറകൊട്ടി വരുന്ന മഴയുടെ മുന്നറിയിപ്പ്. വാളും പരിചയും കൂട്ടിമുട്ടുന്ന സായം സന്ധ്യ. ഇരുൾ പരക്കാൻ തുടങ്ങി.
തലയിൽ കെട്ടിയുയർത്തിയ തെയ്യ കോലം. കരിമഷി പരത്തിയെഴുതിയ കൺ തടങ്ങൾ. കണ്ണുകൾ തീഗോളങ്ങൾ. നാഭിയിൽ നിന്നും ഉയിർകൊണ്ട അലർച്ച ദിക്കുകളിൽ പ്രതിധ്വനിച്ചു.
പെരുങ്കളിയാട്ടക്കാരന്റെ ശരീരം മുഴുവൻ കുരുത്തോല കൊണ്ട് കെട്ടിവെച്ചിരിക്കുന്നു. പുളിയും ചെമ്പകവും കത്തിച്ചുണ്ടാക്കിയ കനൽക്കൂന. വീഴുന്നതെന്തും നിമിഷം മതി എരിഞ്ഞു തീരാൻ. പ്രദേശം മുഴുവൻ കയറുകൊണ്ട് കെട്ടി അകലം വെച്ചിരിക്കുന്നു. കാവലിന് അനേകം പേര് ചുറ്റുമുണ്ട്.
സന്ധ്യയുടെ ശാന്തതയിൽ കനൽ കൂന മഞ്ഞു പുതച്ചു കിടക്കുകയാണെന്ന് തോന്നും. കാറ്റിന്റെ ശക്തിയിൽ പുറംപടലം മാറുമ്പോൾ ഉള്ളിൽ എരിയുന്ന കനലിന്റെ തനി സ്വരൂപം.
ചുരുളഴിയാത്ത സത്യത്തിന്റെ മാന്ത്രികത ദർശിച്ച അപ്പു അതിലേക്കു തന്നെ നോക്കി നിന്നു. സഹായികൾ ചുറ്റിലും അണി നിരന്നു. വേലിക്കപ്പുറം ജന സഞ്ചയങ്ങൾ. അരയിൽ വണ്ണമുള്ള വടം കൊണ്ട് ബന്ധിച്ചു അതിന്റെ അറ്റം കയ്യിൽ കോർത്ത രണ്ടുപേർ. തീയിലേക്ക് മുഖമടച്ചു ചാടുമ്പോൾ ശക്തിയായി പിറകിലേക്ക് വലിക്കും. ഒരു നിമിഷത്തെ അശ്രദ്ധ മതി ജീവനെടുക്കാൻ. പരിചയമുള്ള ശക്തരായ ആളുകളെയാണ് തിരഞ്ഞെടുക്കുക.
കൃഷ്ണമണിയിൽ അഗ്നിഗോളം തെളിയുന്നുണ്ട്.
വണ്ണാൻ ദാസൻ തലയുയർത്തി നിൽക്കുന്നുണ്ട്. തന്റെ മകന്റെ അഗ്നിപ്രവേശം കഴിഞ്ഞാൽ കിട്ടുന്ന സൽപ്പേര്, കുടുംബത്തിലെ അംഗീകാരം, പാരിതോഷികങ്ങൾ പിന്നെ പെരുവണ്ണാൻ അപ്പുവിന്റെ അച്ഛൻ എന്ന പദവി. തീച്ചാമുണ്ഡി കെട്ടിയാടാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് മാത്രം ഇപ്പോഴും വണ്ണാൻ ദാസനായി തുടരുന്നു.
അപ്പു യുവത്വത്തിലേക്ക് കടന്നിട്ടില്ല. ഇപ്പോഴും കൗമാരക്കാരന്റെ വിഹ്വലതകൾ ഉലയ്ക്കുന്നുണ്ട്. കോലം കെട്ടിയ അവനെ കണ്ട ആളുകൾ കുറച്ചു അസ്വസ്ഥതയോടെ മൂക്കത്ത് വിരൽ വെച്ചു.
‘ ഈ കുട്ടിയോ..ദാസന് ഉറക്കാത്ത കയ്യില്ല..’
തെല്ലൊരതിശത്തോടെയും അരിശത്തോടെയും കുശുമ്പോടെയും ആളുകൾ പിറുപിറുത്തു.
മുന്നിൽ ഒരൊറ്റ ലക്ഷ്യമേയുള്ളു. ലക്ഷ്യ സ്ഥാനം കണ്ണുകളിൽ തിളങ്ങി. അന്ധാളിപ്പിന്റെ പരമകാഷ്ഠയിലേക്ക് ചുവടുമാറാതെ കാൽ ചിലമ്പുകൾ ഉറഞ്ഞു തുള്ളി.
അടുക്കളയിലെ ജനാലയിൽ കൂടി കണ്ട തിളങ്ങി വിരിയുന്ന കണ്ണുകൾ. ജാനകി.
‘ അപ്പുവേട്ടാ .. തീച്ചാമുണ്ടിക്കോലം കെട്ടുന്നുണ്ടൊ,,?’
‘ഉം ..’
പട്ടു പാവാടക്കാരി അതിശയത്തോടെ നോക്കി.
‘ എന്റെ ചെക്കാ.. ഇതിനൊക്കെ നല്ല ധൈര്യം വേണ്ടേ,,?’
തോളൊന്നു ഉയർത്തി നടന്നു നീങ്ങിയ അവൻ തല തിരിച്ചൊന്നു നോക്കി. ഉള്ളിലെ മനുഷ്യൻ ആണത്തത്തിന്റെ പടവുകൾ കയറാൻ തുടങ്ങി.
‘ ഇത് നിനക്ക് വേണ്ടിയാ. .’
‘ എന്നാ അമ്മ കാക്കും.. ഭഗോതി ..’
അടർന്നു വീഴാത്ത കണ്ണുനീർ തുള്ളി പുറം കയ്യിനാൽ അവൾ തുടച്ചു.
‘ കാത്തിരിക്കും …’ കരിമഷി എഴുതിയ കണ്ണുകൾ അവനെ വലയം ചെയ്തു.
രൗദ്ര വേഷത്തിനിടയിലും മനസ്സിൽ ആർദ്രമായ തണുപ്പ് പെയ്തിറങ്ങി.
ആൾക്കൂട്ടത്തിന്റെ തിരക്കിനിടയിലും അവന്റെ കണ്ണുകൾ അവളെ തിരഞ്ഞു കണ്ടെത്തി.
‘ ശക്തി തരണേ ഭഗോതീ..’ ചഞ്ചലപ്പെടാതെ ഇരിക്കണേ എന്ന് മനമുരുകി പ്രാർത്ഥിച്ചു. ജനസാഗരം അവന്റെ അംഗ ചലനങ്ങളിലും കാൽ പാദങ്ങളിലേക്കും മാറി മാറി നോക്കി നിന്നു. അരയിൽ കെട്ടിയ വടത്തിൽ പിടിമുറുക്കിയ രണ്ടുപേർ അവനെ നോക്കി. ദ്രുത താളത്തിൽ കൊട്ടിക്കയറിയ ചെണ്ടയുടെ അകമ്പടി. പിന്നെയൊന്നും ആലോചിച്ചില്ല. കൈകൾ മുഖത്തോടു ചേർത്തു വെച്ച് ഒരൊറ്റ ചാട്ടം. പിറകിൽ നിന്നും വലിച്ചു കയറ്റിയെങ്കിലും കുരുത്തോലയിൽ മിന്നൽ പിണറുകൾ ഇടം പിടിച്ചിരുന്നു.
കനൽ കൂനയിലേക്ക് എടുത്തു ചാടി തിരിച്ചു കയറുമ്പോൾ അടർന്നു വീഴുന്ന കനലുകൾ ചൂലുകൊണ്ടു അടിച്ചു കൂട്ടി വീണ്ടും കൂനയിലേക്ക്.
ദൈവത്തിന്റെ കരങ്ങൾ അപ്പുവിനെ തലോടുന്നപോലെ തോന്നി. അകം ഇപ്പോൾ ശൂന്യമാണ്. യാതൊരു വിചാര വികാരങ്ങളും ബാധിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞു. താളം ചവിട്ടിയ പാദങ്ങൾ ഒന്നു നിന്നു. എന്താണെന്നറിയാത്ത എവിടെ നിന്നാണെന്നറിയാത്ത അശരീരി അവൻ കേട്ടു.
‘ നീ ദൈവത്തിന്റെ ദാസൻ.. ആണ്ടുതോറും ബ്ര്ഹമാചാരിയായി എന്നെ തോളേറ്റുക.’
അപ്പോഴും കുരുത്തോലയിലെ കനലുകൾ കെട്ടിരുന്നില്ല. നിത്യ ബ്രഹ്മചാരി ആണോ അതോ കോലം കെട്ടുമ്പോൾ മാത്രം ബ്രഹ്മചര്യം അനുഷ്ഠിച്ചാൽ മതിയോ എന്ന് മാത്രം വ്യക്തമായില്ല. തിരിച്ചു ചോദിക്കാനും വയ്യല്ലോ !
ശരീരം ഒന്നുവിറച്ചു. ഇതിലും നല്ലത് പരിത്യാഗമാണ്. മോഹങ്ങൾക്ക് വളം കൊടുത്തു വളർത്തിയതാണ്. ചേതന മരവിച്ചു തുടങ്ങിയിരിക്കുന്നു. ഉൾപ്രേരണയാൽ അവൻ മന്ത്രിച്ചു.
‘ അമ്മേ..ഞാനെന്നെ തന്നെ സമർപ്പിക്കുന്നു. വീണ്ടു വിചാരമില്ലാത്ത പ്രായത്തിൽ മുളപൊട്ടിയ പ്രണയമെന്ന വിചാരധാരയെ ഞാനീ കനലിൽ ചുടുന്നു. അമ്മ എന്നെ സ്വീകരിച്ചാലും.! കോലം കെട്ടിയിടാൻ ഇനിയപ്പുവില്ല. പലരുടെയും മുഖങ്ങൾ മുന്നിൽ തെളിഞ്ഞു വരുന്നു. പെരുവണ്ണാനായി തന്നെ തീരട്ടെ ജന്മം. അച്ഛനും സന്തോഷിക്കാം. അവളും കാണുന്നുണ്ടാകും. അശരീരിയുടെ സാംഗത്യം ഒന്നും ആർക്കും അറിയില്ലല്ലോ..!
നൂറ്റി ഇരുപത്തിയഞ്ചാമത്തെ ചാട്ടത്തിൽ കയറു മുറിച്ച് തീക്കൂനയിലേക്ക് ഓടിക്കയറി.ചുറ്റും ആർത്തനാദം ഉയർന്നത് അവൻ കേട്ടില്ല. മേളം നിന്നു.
ആളുകൾ നോക്കി നിൽക്കെ കൊള്ളിയാൻ മിന്നി.
അപ്രതീക്ഷിതമായി ഒരു അദൃശ്യ ശക്തി അവനെ കൂനയിൽ നിന്നും തള്ളി പുറത്തിട്ടു. ആകാശത്തോളം ഉയരത്തിൽ പൊങ്ങി നിലം പതിച്ച അപ്പുവിന്റെ ശരീരത്തിൽ പൊള്ളലുകൾ ഒന്നും ഏറ്റില്ല. അതിശയത്തോടെ ജനസഞ്ചയം ദേവിയെ വിളിച്ചു. എന്തൊരത്ഭുതം..!!
വിശ്വസിക്കാനാവാതെ ജാനകി സ്തംഭിച്ചു നിന്നു. വാക്കുകളൊന്നും പുറത്തേക്ക് വരാതെ കടലിലേക്ക് ഉൾവലിഞ്ഞ തിരയെപ്പോലെ ശബ്ദങ്ങൾ അടഞ്ഞു നിന്നു. ചിറ കെട്ടിയ കണ്ണുനീർ അണപൊട്ടിയൊഴുകി. ഓടി അടുത്ത് ചെല്ലാൻ മനസ്സ് വെമ്പി. ചുവന്നു വിടർന്ന കണ്ണുകളിൽ ജീവിതത്തിന്റെ പച്ച വെളിച്ചം.
ആൾകൂട്ടം അവനെ എടുത്ത് പൊക്കി. അരികിലേക്ക് എത്തിപ്പെടാൻ പിറുപിറുത്തുകൊണ്ട് അവളും ഓടുകയായിരുന്നു.
‘ ഇനി ഞാൻ വിടില്ല … ഇനി ഞാൻ വിടില്ല..’
അപക്വമായ തീരുമാനമെങ്കിലും കണ്ണുകളിൽ നിശ്ചയദാർഢ്യം രൂപപ്പെട്ടിരുന്നു.
ഇതൊരു തുടക്കമാണ് അതിലേറെ മടക്കമാണ് ജീവിതത്തിലേക്ക്.
മോഹൻകർത്ത✍
(മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി)