Sunday, November 24, 2024
Homeകഥ/കവിതബീ പ്രാക്ടിക്കൽ .... (നോവൽ:- അദ്ധ്യായം: പതിനഞ്ച്) ✍ സുരേഷ് തെക്കീട്ടിൽ

ബീ പ്രാക്ടിക്കൽ …. (നോവൽ:- അദ്ധ്യായം: പതിനഞ്ച്) ✍ സുരേഷ് തെക്കീട്ടിൽ

സുരേഷ് തെക്കീട്ടിൽ

“ആര്യേ നിനക്ക് ഇവിടെ കുറച്ച് കുട്ടികൾക്ക് ട്യൂഷൻ എടുത്തു കൂടേ?”

ഒരു ദിവസം വൈകീട്ട് സംസാരിച്ചിരിക്കേ രാമാനന്ദൻ മുന്നോട്ട് വെച്ച നിർദ്ദേശം മാലിനിയും ,ലക്ഷ്മിക്കുട്ടി ടീച്ചറും പിന്താങ്ങി.

”നല്ലതാ മോളേ ”
എന്ന് പത്മനാഭ പണിക്കരും അഭിപ്രായപ്പെട്ടു.

“അതിന് എവിടന്നാ ഏട്ടാ കുട്ട്യോള്?”
ആര്യയുടെ ചോദ്യത്തിന് “അതൊന്നുംയ്യറിയണ്ട കുട്ടികള് വരും അത് പോരേ ”
എന്നായിരുന്നു രാമാനന്ദന്റെ മറുപടി.

രാമാനന്ദനോട് പലരും ചോദിച്ചതിനാൽ തന്നെയാണ് ആ നിർദ്ദേശം വന്നത് എന്ന് ബോദ്ധ്യമായി. പിറ്റേ ദിവസം തന്നെ വൈകീട്ട് നാലര മണിയോടെ അഞ്ച് കുട്ടികൾ എത്തി. പത്താം ക്ലാസ്സുകാർ.പിന്നെ ട്യൂഷൻ എടുക്കുന്നു എന്ന വിവരം അറിഞ്ഞു തുടങ്ങിയപ്പോൾ കുട്ടികളുടെ എണ്ണം കൂടി കൂടി വന്നു. രാവിലെ ഏഴ് മണിക്കും എട്ട് മണിക്കും കുട്ടികൾ വരാൻ തുടങ്ങി.
വൈകീട്ട് നാലര മണിക്ക് വരുന്നവർ എട്ടു പത്തു പേരായി.അവർക്ക് വീട്ടിൽ ചായയുണ്ടാക്കുന്ന സമയം മാലിനി ചായയുണ്ടാക്കി കൊടുക്കും.

“ഏട്ത്തിയമ്മേ ഇതിന് ഞാനുത്തരവാദിയല്ലട്ടൊ.
ഇവരിതാ ക്ലാസ്സിൽ ശ്രദ്ധിക്കാതെ ചായ വരുന്നതും നോക്കിയിരിക്കുന്നു ലോകത്ത് എവിടെയെങ്കിലും ഈ പതിവുണ്ടോ?”

ക്ലാസ്സ് പകുതിയാവുമ്പോൾ മാലിനിചായയുമായെത്തും.
ചിരിച്ചു കൊണ്ട് ഒരു ദിവസം ആര്യ പറഞ്ഞു.
“ഇതിപ്പൊ ക്ലാസ്സ് എടുത്താ പോരാ ഗ്ലാസ്സും എടുക്കണംന്നായി. ”

നല്ല ക്ലാസ്സാണ് ആര്യയുടെ.കുട്ടികളെ വഴക്കു പറയുന്നതുപോലും രസമായിട്ടാണ്. “ഇവടെ നോക്കെടാ ചായയൊക്കെ വരും ആദ്യം മര്യാദയ്ക്ക് ആ കണക്ക് ചെയ്യ്.”

ആ ക്ലാസ്സുകൾ ആര്യയ്ക്കും ഞവരക്കാടിനും പുതുജീവൻ പകർന്നു.അങ്ങനെ മുന്നോട്ട് നീങ്ങവേയാണ് ആര്യയ്ക്ക് ഷീണവും വയ്യായ്കയും വന്നു തുടങ്ങിയത്.ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല.എന്നാൽ ക്ഷീണം കൂടുകയും ശക്തമായ വയറുവേദനയും ഛർദ്ദിയുമെല്ലാം സ്ഥിരമാവുകയും ചെയ്തപ്പോഴാണ് ഡോക്ടറെ കണ്ടത്. വിശദമായ പരിശോധനകൾ ആവശ്യമായപ്പോൾ ദേവാനന്ദന്റെ കൂടെ എറണാകുളത്തു പോയി .

വിദഗ്ധ പരിശോധനകൾ പലവിധ ടെസ്റ്റുകൾ. ഒടുവിൽ കണ്ടെത്തി മാരക രോഗത്തിന്റെ നാലാം സ്റ്റേജ്.

“ആർക്കും വേണ്ടാതെ പ്രായമായി ഞാനിവിടെയിരിക്കുന്നു. എന്നെ കൊണ്ടുപോയി കൂടേഈശ്വരാ.ഞവരക്കാട്ടുകാർക്ക് ആയുസ്സിന് പഞ്ഞമില്ലെന്നാ പറയാറ്. അതാണ് ഇതുവരെയുള്ള അനുഭവവും
ഇതിപ്പൊ “. പത്മനാഭപണിക്കർ തലയ്ക്ക് കൈ കൊടുത്തിരുന്നു.

“എന്തൊരു പരീക്ഷണമാണിത് എത് ജന്മത്തിലെ പാപത്തിന്റെ
ഫലായിത്. ”
ലക്ഷ്മിക്കുട്ടി ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

എന്നാൽ ദേവാനന്ദൻ വളരെ പ്രാക്ടിക്കൽ ആയിരുന്നു.കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സ നൽകണം. റിസൽട്ടുകളുമായി പല വലിയആശുപത്രികളിലേയും ഓങ്കോളജിസ്റ്റുകളെ അയാൾ പോയി കണ്ടു. അഭിപ്രായങ്ങൾ തേടി. ശ്രമിക്കാം നോക്കാം എന്നതിൽ കൂടുതൽ മറുപടി എവിടെ നിന്നുമുണ്ടായില്ല. ഓപ്പറേഷൻ വിജയിക്കും എന്ന് പറയാനാവില്ല കീമോതെറാപ്പി ആരംഭിക്കുക അതാണ് നല്ലത്. ശേഷം റേഡിയേഷൻ അതിനിടക്ക് വരുന്നമാറ്റങ്ങൾക്കനു സരിച്ച് പ്ലാൻ ചെയ്യാം. പേരുകേട്ട ഒരാശുപത്രിയിലെ പ്രശസ്തനായ ഡോക്ടറുടെ ആ നിർദ്ദേശം
ദേവാനന്ദൻ സമ്മതിച്ചു. ആദ്യം എട്ട് കീമോതെറാപ്പി. ഒരാഴ്ച ഇടവിട്ട്.

കീമോതെറാപ്പിയിലൂടെ കടന്നുപോകുന്ന ദിവസങ്ങൾ മനുഷ്യ ജന്മത്തിലെ മഹാ ദുരിതകാലമാണ്.ദേഹം ശോഷിച്ചും.തലമുടി മുഴുവൻ കൊഴിഞ്ഞും ഭക്ഷണം ചെന്നാൽ ഛർദ്ദിയും മനംപുരലും രുചിയില്ലായ്മയുമായി ആകെ മനസ്സു മടുക്കുന്ന അവസ്ഥ.ദേവാനന്ദനും ശൈലയും എന്തിനും കൂടെയുണ്ട് എങ്കിലും രാമാനന്ദനേയും മാലിനിയേയും ശ്രീക്കുട്ടനേയും കാണാൻ ആര്യ കൊതിച്ചു.എല്ലാ ആഴ്ചയും രാമാനന്ദനും മാലിനിയും ശ്രീക്കുട്ടനും എറണാകുളത്തു പോയി വന്നു.രണ്ട് തവണ പത്മനാഭ പണിക്കരും ടീച്ചറും കൂടെ പോയി.

കീമോതെറാപ്പി കഴിഞ്ഞ് റേഡിയേഷൻ തുടങ്ങുന്നതിനിടയിൽ ഉള്ള കുറച്ചു ദിവസങ്ങൾ. ആര്യയുടെ മോഹപ്രകാരം ഞവരക്കാട്ടു വന്നു. കാര്യമായി
പുറത്തിറങ്ങാതെ കഴിയുന്നതും താഴത്തേ നിലയിലുള്ള പടിഞ്ഞാറേ അറയിൽ ഒതുങ്ങിക്കൂടി. ചുരുക്കം സമയം പൂമുഖം വരെ വരും. അത്ര തന്നെ ആരേയും കാണാൻ താൽപ്പര്യപ്പെട്ടില്ല. തലമുടിയെല്ലാം പോയി ദേഹം കരുവാളിച്ച് തിരിച്ചറിയാനാവാത്ത വിധം മാറി പോയ ആര്യയുടെ പുഞ്ചിരിയിൽ തെളിയുന്ന നിഷ്കളങ്കതയും ആ കണ്ണുകളിലെ തിളക്കവും മാത്രം ബാക്കി നിന്നു.

ഭരതൻ മേനോനും കണ്ണനുമൊക്കെ ആര്യയെ കാണുവാനെത്തി.അവർ എറണാകുളത്തും പല തവണ ചെന്നിരുന്നു.വീട്ടുകാരും ഏറ്റവുവുമടുത്ത ബന്ധുക്കളിൽ ചിലരും തൊട്ടയൽവാസികളുമല്ലാതെ ഈയൊരു സമയത്ത് രണ്ട് പേർ മാത്രമാണ് ആര്യയെ നേരിൽ കണ്ടത്.ഒരാൾ കോട്ടൂപ്പുറത്ത് സൈതാലി ഹാജി.രാമാനന്ദൻ മാഷുടെ കൂടെയാണ് വന്നത്. കാണണം എന്ന ആ വാശിക്കു മുന്നിൽ രാമാനന്ദന് സമ്മതിക്കേണ്ടി വന്നു. സൈതാലി ഹാജി കാണാൻ എത്തിയ സമയം ആര്യ മയങ്ങുകയായിരുന്നു. വിളിക്കാൻ തുടങ്ങിയ രാമാനന്ദനോട് വിളിക്കണ്ട എന്ന് പറഞ്ഞ് ആര്യയെ കുറച്ചു നേരം നോക്കി നിന്ന് നിന്ന് സൈതാലി ഹാജി മുറിയിൽ നിന്നുംപുറത്തിറങ്ങി. പൂമുഖത്ത് ഷോക്കെയ്സിൽ നിറഞ്ഞിരിക്കുന്ന ഉപഹാരങ്ങൾ നോക്കി മാലിനിയോട് പറഞ്ഞു.

“ആര്യയെ ഞാനാദ്യം കാണുന്നത് അവൾ നമ്മുടെ സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പേഴാ. യുവജനോത്സവത്തിന് മോഹിനിയാട്ടം ഒന്നാം സ്ഥാനം എൻ.ആര്യ എന്ന് പേര് വിളിച്ചപ്പോൾ സദസ്സിൽ നിന്നെണീറ്റ് വേദിയിലേക്ക് ധൃതിയിൽ നടന്നുവരുന്ന മിടുക്കിപെൺകുട്ടി. ഇടതു കൈ കൊണ്ട് തലമുടിയൊന്ന് ഒതുക്കി ആ ചുറുചുറുക്കുള്ള വരവു കണ്ട് ഞാൻ ചോദിച്ചു. ഏതാ ആ കുട്ടീന്ന്.രാമാനന്ദൻ മാഷുടെ അനിയത്തിയാന്ന് അപ്പഴാ അറിഞ്ഞത്. ഇന്നും കണ്ണിലുണ്ട് ആ രൂപം.ആ വരവ്.പിന്നെ മൂന്നു കൊല്ലം കോട്ടൂപ്പുറത്ത് സ്കൂൾ ജില്ലാ കലോത്സവത്തില് ചാമ്പ്യൻമാരായി. ഈ ഒരു കുട്ടിയുടെ പിൻബലത്തില്. പത്താം ക്ലാസ്സില് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിന് സമ്മാനം കൊടുത്തത് ഞാനാ. ”

സൈതാലി ഹാജി ആ ഷോക്കേസിലേക്ക് കുറച്ചു നേരം നോക്കി നിന്നു. കടുത്ത വേദനയോടൊപ്പം പിതൃതുല്യമായ ഒരു വാത്സല്യവും ആ മുഖത്ത് മിന്നി മറഞ്ഞു.

പിന്നെയൊരാൾ വന്നത് ഷാരത്തെ മുരളിയായിരുന്നു. ആര്യയെ റേഡിയേഷനു വേണ്ടി കൊണ്ടു പോകുന്നതിന് തലേന്നായിരുന്നു അത്.

“മുരളിയോ വരൂ.. വരൂ ”

നാട്ടിലേവർക്കും സമ്മതനും രൂപത്തിലും ഭാവത്തിലും ഏറെ സൗമ്യനുമായ മുരളിയെ പണിക്കർ സ്നേഹത്തോടെ സ്വീകരിച്ചിരുത്തി.

ഓപ്പാൾ മാലുവിന് ഒരു കല്യാണ ആലോചന ശരിയായ വിവരം പറഞ്ഞ് നിശ്ചയത്തിന് പണിക്കരെ ക്ഷണിക്കാനാണ് മുരളിയെത്തിയത്. കുറച്ച് പ്രായമുള്ള ആളാണ് തുടങ്ങി മുരളി വിവരങ്ങൾ ധരിപ്പിച്ചു.

“ഏതായാലും നന്നായി.ഞാനിപ്പോൾ പുറത്തെങ്ങും അങ്ങനെ പോവാറില്ല. വയ്യ. അറിയാലോ മനസ്സിന് ഒരു സുഖവുമില്ല .രാമാനന്ദൻ വന്നാൽപറയാം”

“ആയിക്കോട്ടെ ”
എന്ന് പറഞ്ഞ മുരളി ആര്യയെ കുറിച്ചു ചോദിച്ചു. വിവരങ്ങൾ എല്ലാമറിഞ്ഞ മുരളിക്ക് ആര്യയെ കാണണം എന്നും തന്റെ പ്രഥമ കവിതാ സമാഹാരം നേരിട്ടു നൽകണം എന്നുമുണ്ടായിരുന്നു.അത് കൂടി വരവിന്റെ ലക്ഷ്യമായിരുന്നു.
പടിഞ്ഞാറേ മുറിയിലുണ്ട് എന്ന് പണിക്കർ പറഞ്ഞതും മുരളി പിന്നെ സമ്മതത്തിനു കാത്തു നിൽക്കാതെ പടിഞ്ഞാറേ മുറിയിലെത്തി.ലക്ഷ്മിക്കുട്ടി ടീച്ചർ മുരളിയ്ക്ക് ചായയെടുക്കാൻ അടുക്കളയിലേക്ക് പോയതിനാലും മാലിനി തുണികൾ അലക്കാൻ കുളത്തിൽ പോയിരുന്നതിനാലും ആര്യ മാത്രമായിരുന്നു മുറിയിൽ.
മുരളിയെ കണ്ടതും ആര്യയ്ക്ക് അത്ഭുതമായി.അവൾ പതിയേ എണീറ്റ് കട്ടിലിൽ ചാരി ഇരുന്നു. ആര്യ അവിടെയുള്ള മരകസേരയിലേക്ക് വിരൽ ചൂണ്ടി.മുരളി ഇരുന്ന ശേഷം വന്ന കാര്യം പറഞ്ഞു. മാലുവോപ്പോളുടെ വിവാഹ കാര്യമറിഞ്ഞ് ആര്യയ്ക്കും സന്തോഷമായി. പിന്നെ മുരളി തന്റെ “പെയ്തു തോരാതെ ” എന്ന പ്രഥമ കൃതി ആര്യയ്ക്ക് നൽകി. അമ്പത് കവിതകളുടെ ആ സമാഹരം കൈ നീട്ടി വാങ്ങുമ്പോൾ ആര്യയുടെ വാക്കുകൾ വന്നു.

“പെയ്തു തീരരുത്ട്ടൊ ഒരിക്കലും. രാമാനന്ദേട്ടൻ പറഞ്ഞിരുന്നു.കഴിഞ്ഞ ഞായറാഴ്ച നമ്മുടെ യു.പി.സ്കൂളിൽ വെച്ചായിരുന്നു പ്രകാശനമെന്ന്.ഒരു പാട് കവികൾ അറിയപ്പെടുന്നവരുൾപ്പെടെ പാടാക്കര വന്നെന്ന് . മറുമൊഴിയായൊഴുകിയ വരികളെ കുറിച്ചും അറിഞ്ഞു. കാവ്യഭംഗിയുള്ള എന്നാൽ ഉശിരുള്ള വാക്കുകൾ എന്ന് . മോഹമുണ്ടായിരുന്നു ഒരിക്കലെങ്കിലും നേരിൽ കേൾക്കാൻ .”

ആര്യ പുസ്തകത്തിന്റെ കവർ നോക്കി പിന്നെ പേജുകൾ മറിച്ചു. സമർപ്പണം പേജ് എത്തിയപ്പോൾ കണ്ണുകൾ അവിടെ ഉടക്കി.

സമർപ്പണം
………..

തെളിഞ്ഞാഴുകുന്ന ഞവരത്തോടും
പൂത്തു നിൽക്കും കാട് മൂളും പാട്ടും
ഓർമ്മയിലെ ആദ്യ പുലരിയും
അനിവാര്യമായ അസ്തമയവും
നിറം ചാർത്തിയ ഈ ജന്മത്തിന്. എൻ്റെ ജീവിത സ്വപ്നങ്ങൾക്ക്.
……………

ആര്യ രണ്ട് മൂന്നു തവണ ആ വരികൾ വായിച്ച ശേഷം മുരളിയെ ഒന്നു നോക്കി.

”മനസ്സിലായില്ലല്ലോ ഒന്നു വിശദീകരിച്ചു തരാമോ?”

”തെളിഞ്ഞും നിറഞ്ഞും ഒഴുകുന്ന ഞവരത്തോട് എന്റെ ബാല്യകാല കാഴ്ചയാണ് എന്നെ ഞാനാക്കിയ ഗ്രാമത്തിന്റെ അടയാളമാണ് ചവിട്ടി നിൽക്കുന്ന മണ്ണിനെ തിരിച്ചറിയലാണ്, പൂത്തു നിൽക്കുന്ന കാട് മൂളുന്ന ഈണമുള്ള പാട്ട് എന്റെ മോഹമാണ് ,ഭാവനയാണ് ,ഓർമ്മയിലെ ആദ്യ പുലരി എന്റെ പ്രതീക്ഷയാണ്, അനിവാര്യമായ അസ്തമയം എന്റെ യാഥാർത്ഥ്യ ബോധമാണ്. അതായത് എന്റെ തിരിച്ചറിവുകൾ മോഹങ്ങൾ പ്രതീക്ഷകൾ,യാഥാർത്ഥ്യബോധങ്ങൾ നിറം ചാർത്തിയതാണ് എന്റെ ജീവിത സ്വപ്നങ്ങൾ.”
മുരളി വിശദീകരിച്ചു

“നന്നായിട്ടുണ്ട്.എന്നെ ഒന്നു വായിച്ചു കേൾപ്പിക്കാമോ .ആ ശബ്ദത്തിൽ അതൊന്നു കേൾക്കാൻ മോഹം.”

ആര്യയുടെ ആവശ്യം സന്തോഷത്തോടെ സ്വീകരിച്ച മുരളി പുസ്തകം വാങ്ങി വായിക്കാൻ തുടങ്ങവേ ആര്യ പറഞ്ഞു.

“മുഴുവൻ വേണ്ട. ആദ്യ വരിയിലേയും രണ്ടാം വരിയിലേയും ഓരോ വാക്കുകൾ മൂന്നും നാലും വരിയിലെ ഓരോ അക്ഷരങ്ങൾ അതു മതി പിന്നെ ആ അവസാന വരിയും.”

മുരളി വിസ്മയത്തോടെ ഞവരക്കാട്ടിലെ സൂക്ഷ്മ ബുദ്ധിയുള്ള സമർത്ഥയായ ആ പെൺകുട്ടിയെ നോക്കി.

ആര്യ ചിരിച്ചു. ആ കണ്ണുകൾ ഒന്നു തിളങ്ങി.

“മനസ്സിലായി അല്ലേ?”

“മുന്നാമത്തെ വായനയിൽ. ”
ആര്യ വീണ്ടും ചിരിച്ചു. ഇരുന്നോട്ടെ സന്തോഷം.
പക്ഷേ പുതിയ ജീവിതമുണ്ടാവണം. എനിക്കത് കാണണം എവിടെയിരുന്നായാലും.
ഇന്നു വന്നത് നന്നായി നാളെ പോവുകയാണ് .അടുത്ത ഘട്ട ചികിത്സക്ക്.
ആര്യയുടെ കണ്ണുകൾ നിറഞ്ഞു മുരളിയുടേതും.

“ആ കൈയ്യൊന്നു തൊട്ടോട്ടെ ഞാൻ ”
മുരളി തന്റെ വലതു കൈ നീട്ടി.

ഞവരക്കാട്ടെ ആര്യ നിറം ചാർത്തിയ തൻ്റെ ജന്മത്തിനും ജീവിത സ്വപ്നങ്ങൾക്കുമുള്ള കാവ്യസമർപ്പണം വരികൾക്കിടയിൽ ഭംഗിയായി ഒളിപ്പിച്ചെഴുതിയ ആ കൈയ്യിൽ ആര്യ ഒന്നു തൊട്ടു.

നിറഞ്ഞ കണ്ണുകൾ തുടച്ച് മുരളി എണീറ്റു പുറത്തിറങ്ങി.

പിറ്റേ ദിവസം എറണാകുളത്തേക്ക് പോകുവാൻ ഇറങ്ങുമ്പോൾ ആര്യ ശ്രീക്കുട്ടനെ ചേർത്തു പിടിച്ച് തെരുതെരെ ചുംബിച്ചു.”ചെറിയമ്മ വരാംട്ടൊ. നല്ല കുട്ടിയായിരിക്കണം” എന്ന് പറഞ്ഞു. ഞവരക്കാട് തറവാടിനെ മുറ്റത്ത് നിന്ന് കുറേ നേരം നോക്കി. പിന്നെ പതിയേനടന്ന് ചെന്ന് പടിപ്പുര കടന്ന് പാലത്തിൻ്റെ കൈവരിയിൽ പിടിച്ച് ഞവരത്തോട് ഒഴുകുന്നത് കണ്ടു വിശാലമായപാടത്തേക്ക് നോക്കി. നടവരമ്പ് നോക്കി. ദേവീ ക്ഷേത്രത്തിലേക്ക് നോക്കി കൈക്കൂപ്പി.
ആ മനസ്സ് ആകെ ഇടറിയിരുന്നു.

✍ സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments