ഒരു മിസൈലിനെക്കാളോ റോക്കറ്റിനെക്കാളോ വേഗത ഒരുപക്ഷേ, നിദ്രയിൽ നമ്മൾ കാണുന്ന സ്വപ്നങ്ങൾക്കുണ്ടാകില്ലേ? മോഹങ്ങൾ നമ്മെ സ്വപ്നരഥമേറ്റി ഉള്ളിലെ ആഗ്രഹങ്ങൾക്കെല്ലാം അപ്പുറമുള്ള ഏതെല്ലാമോ ലോകത്തേക്കാവും കൊണ്ടുപോവുക! ആഴിയും ആകാശവുമെല്ലാം താണ്ടാൻ സ്വപ്നത്തിന് ഒട്ടും നേരം വേണ്ടതില്ല! നാം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഗ്രഹങ്ങളിലേക്ക് എത്തുവാൻ സ്വപ്നത്തിന് ഒരു നിമിഷത്തിൻ്റെ അംശംപോലും ആവശ്യമില്ല! അതിനാലാകുമോ നമ്മൾ സംസാരമദ്ധ്യേ പലപ്പോഴും സ്വപ്നവേഗം എന്ന പ്രയോഗം പോലും നടത്താറുള്ളത്. അത് എന്തായാലും നിദ്രയിൽ ഉപബോധമനസ്സിലേക്ക് വന്നെത്തുന്ന കിനാവിനുള്ളത്രവേഗം ലോകത്ത് മറ്റൊന്നിനുമില്ലെന്ന് നമുക്കുറപ്പിക്കാം! വരൂ, ആ മധുരസ്വപ്നങ്ങളുടെ പ്രവർത്തനത്തെ നമുക്ക് കുറച്ചുകൂടി അടുത്തേക്ക് ചെന്ന് അറിയാനായി ശ്രമിച്ചു നോക്കാം; വെറുതേ ഒരു രസത്തിനായ്.
നമ്മുടെ കണ്ണുകൾ ക്യാമറ പോലെ പ്രവർത്തിച്ച് മനസ്സാകുന്ന തിരശീലയിൽ പകർത്തുന്ന ദൃശ്യം ഓർമ്മയാകുന്ന സെർവറിൽ സേവ് ചെയ്യുന്നു! ഇടയ്ക്കിടെ മനസ്സ് ആ മെമ്മറിയുടെ മൂല്യത്തെ റഫ്രഷ്ചെയ്യുന്നു! പ്രാഥമികമായുള്ള ഘട്ടത്തിൽ മാത്രമേ കണ്ണുകൾക്ക് പ്രവർത്തിക്കേണ്ടതായി വരുന്നുള്ളു. ശേഷമുള്ള എതു പ്രവൃത്തിയേയും നിയന്ത്രിക്കുന്നത് മനസ്സു മാത്രമാണ്. എന്നാൽ നിദ്രാവേളയിൽ സ്വപ്നത്തിലൂടെ, കണ്ണുകളുടെ സഹായമില്ലാതെ നേരിട്ടെത്താറുള്ള അവ്യക്ത ചിത്രങ്ങളെല്ലാം കഴിയാവുന്നത്ര തെളിമയോടെ പ്രോസസ്സ്ചെയ്ത് സൂക്ഷിക്കേണ്ട കഠിനമായ ജോലിയും മനസ്സിനുള്ളതാണ്. നിദ്രാവേളയിൽ അപ്രതീക്ഷിതമായി കണ്ണിലൂടെയല്ലാതെ നേരിട്ട് നമ്മുടെ ഉപബോധ മനസ്സിലേക്കെത്തിച്ചേരുന്ന ചിത്രത്തിന് വ്യക്തതയില്ലാതെ വരുവാനുള്ള ആ കാരണം കുറുക്കുവഴിയിലൂടെയുള്ള ഈ കടന്നു കയറ്റം തന്നെയാകാം.മനുഷ്യൻ്റെ മനസ്സിലെ ആ മോഹങ്ങളാകും പിന്നെ മധുരക്കിനാവുകളായി മാറുന്നതെന്ന് സാമാന്യമായി വിലയിരുത്താം.
നിദ്രയിലായിരിക്കുമ്പോഴും നമ്മുടെ മനസ്സുമായി മധുരക്കിനാവുകൾ കാടും മേടും കടലും കടന്ന് എവിടേയ്ക്കോ പായുകയാണ്. വേഗതയേറിയ യാത്രയിൽ വ്യക്തതയും കൃത്യതയുമുള്ള ചിത്രം പകർത്തുവാൻ മനസ്സിന് കഴിയണമെന്നില്ലല്ലോ. അതാണ് നമ്മുടെ ‘കനകക്കിനാവിലെ’ സുന്ദരി പോലും ഒരു ഔട്ടോഫ് ഫോക്കസിലേക്ക് വഴുതി മാറുന്നത്. എന്തായാലും ഇന്ന് ലോകത്തുള്ള മറ്റ് എന്തിനേക്കാളും അധികമായ വേഗത മനുഷ്യ മനസ്സ് നെയ്യുന്ന മധുരക്കിനാക്കൾക്കാണെന്ന് ഇനി നമുക്ക് തിരുത്തിപ്പറഞ്ഞോലോ! ഇത്രയും വേഗമാർജ്ജിക്കാൻ കഴിയുന്ന എന്ത് ഇന്ധനം ആണ് ആ സ്വപ്നങ്ങളിൽ നിറച്ചിട്ടുള്ളത്? ഒരു സംശയവും വേണ്ട: മനുഷ്യൻ്റെ മോഹഹമാണ് ആ ഇന്ധനം. അദൃശ്യമായ അതിന്റെആ ജ്വലന ശക്തി നമ്മൾ പ്രതീക്ഷിക്കുന്നതിലും എത്രയോ അധികമാണ്. പ്രകാശത്തിലും വേഗത്തിലാണ് അതിൻ്റെ സഞ്ചാരം. സ്വപ്നത്തിന്റെ സുവർണ്ണ ചിറകേറി സഞ്ചരിക്കാത്തവരും, സഞ്ചരിക്കാൻ താല്പര്യമില്ലാത്തവരും ഭൂലോകത്ത് എവിടെയും ഉണ്ടാകില്ല!
മോഹങ്ങൾക്കും ചിന്തകൾക്കും ചിറകു മുളച്ച് സ്വപ്നങ്ങളായി പരിണമിച്ച്, പിന്നെ സത്യമായി ഭവിച്ചാൽ അവ നാളത്തെ അത്ഭുതമാകില്ലെന്ന് ആർക്കറിയാം. ഈ ഭൂമുഖത്ത് നമ്മൾ കണ്ടും തൊട്ടും അനുഭവിക്കുന്ന മനുഷ്യനിർമ്മിതമായ പലതും ആരുടേയോ മനസ്സിലുദിച്ച മോഹവും ചിന്തയും പിന്നെയത് സ്വപ്നവും സത്യവുമായി മാറിയതായിക്കൂടേ? നല്ല സ്വപ്നങ്ങൾ മനുഷ്യന് ഒരനുഗ്രഹമാണ്. സ്വപ്നസമൃദ്ധമായ നിദ്രകൾ പലപ്പോഴും നമ്മെ ഊർജ്ജസ്വലരാക്കി മാറ്റും. ബൃഹത്തായ എത്രയോ പദ്ധതികളാണ് മനുഷ്യ സ്വപ്നങ്ങളിലൂടെ ഇനി ജന്മമെടുക്കാനുള്ളത്! സ്വപ്നശൂന്യമായ ഒരു മനുഷ്യമനസ്സിനെക്കുറിച്ച് ചിന്തിക്കുവാൻ കൂടി ആകുന്നില്ല,ഇല്ലേ? സ്വപ്നം രണ്ടുവിധമുണ്ട്.മനുഷ്യൻ്റെ മോഹങ്ങളെ നമ്മൾ ആലങ്കാരികമായി സ്വപ്നമെന്ന് വിളിക്കാറുണ്ട്. എന്നാൽ ശരിയായിട്ടുള്ള ആ സ്വപ്നം നമ്മുടെ അനുവാദമില്ലാതെ നിദ്രാനേരം ഉള്ളിൽ കടന്നു വന്ന് ഏതോ മാന്ത്രികലോകത്തേക്ക് നമ്മുടെ ഉപബോധമനസ്സിനെ ആനയിക്കുന്ന സാക്ഷാൽ കിനാവുകൾ തന്നെയാണ്. കിന്നരിച്ചിറകുമായ് മധുരക്കിനാക്കളേ വരിക,നിങ്ങൾക്ക് സർവ്വഥാ സ്വാഗതം! ആരാരും ഇന്നോളവും കാണാത്തെ മായാക്കാഴ്ചകൾ കാണാൻ ഞങ്ങളെ നിങ്ങൾ കൊണ്ടു പോവുക!