ഇന്റർവ്യൂ കാർഡ് കയ്യിൽ കിട്ടിയത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക്. നാളെ രാവിലെ പത്തു മണിക്ക് പാലക്കാട് വിദ്യാഭ്യാസ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം . താൽക്കാലിക ജോലി ആണെങ്കിലും മുൻവർഷങ്ങളിലേതു പോലെ അത്ര ഈസി അല്ല കാര്യങ്ങൾ. പുതിയ ഉദ്യോഗാർത്ഥികളുടെ എണ്ണം വർഷംതോറും കൂടി വരുന്നു. ജോലി കിട്ടുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം ആവശ്യമല്ല, അത്യാവശ്യമാണ്.
രാത്രിയിലേക്കുള്ള ഭക്ഷണവും കഴിച്ച് ഒൻപത് മണിയോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തി . പത്തു മണിക്കാണ് പാലക്കാട് ബസ്. സീറ്റ് റിസർവേഷൻ കൂപ്പൺ വാങ്ങി അടുത്തു കണ്ട ഒരു ചാരുബെഞ്ചിൽ ഇരുന്നു. പത്തുമണിക്ക് അഞ്ചു മിനിറ്റ് മുമ്പ് ബസ് ട്രാക്കിൽ ഇട്ടു. സീറ്റ് നമ്പർ നോക്കി കയറിയിരുന്നു. ബാഗ് മുകളിൽ വച്ച് സീറ്റിൽ ചാരിയിരുന്നു. കൃത്യം പത്തു മണിക്ക് തന്നെ ബസ് പുറപ്പെട്ടു.
ഷട്ടർ താഴ്ത്തിയിട്ടിട്ടും കൂടി തണുത്ത കാറ്റ് ബസ്സിനുള്ളിലേക്ക് അരിച്ചു കയറുന്നുണ്ടായിരുന്നു.
യാത്രക്കാരെല്ലാം മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീണു. സദാനന്ദൻ മാഷ് കണ്ണ് ഇറുക്കി അടച്ച് സീറ്റിൽ ചാരിയിരുന്നു.
നാളെയാണ് ഇൻറർവ്യൂ.
ജോലി കിട്ടുമോ എന്തോ..?
എത്തിപ്പെടാൻ പ്രയാസം ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ അധ്യയന വർഷം മനസ്സിന് ഒരുപാട് സന്തോഷം നൽകി. പുലിയന്നൂരും സ്കൂളും അവിടുത്തെ മനുഷ്യരും സഹപ്രവർത്തകരും മനസ്സിൽ മിന്നി മറഞ്ഞു.
പെരുമ്പാവൂർ സ്റ്റാൻഡിൽ വണ്ടി അഞ്ചു മിനിറ്റ് നിർത്തിയിട്ടു.
ചിലർ കട്ടൻ കാപ്പി കുടിക്കുവാൻ ഇറങ്ങി. എന്തോ, കാപ്പി കുടിക്കണമെന്ന് തോന്നിയില്ല. അതുകൊണ്ട് ബസ്സിൽ നിന്നും ഇറങ്ങിയില്ല. വീണ്ടും ബസ് പുറപ്പെട്ടു. യാത്രക്കാർ മിക്കവരും ഉറക്കത്തിലാണ്. റോഡിൽ തിരക്ക് കുറവായതുകൊണ്ട് ഒന്നരമണിക്കൂർ കൊണ്ട് വണ്ടി തൃശ്ശൂർ എത്തി.
“പത്തു മിനിറ്റ് താമസമുണ്ട്.”
കണ്ടക്ടർ വിളിച്ചു പറഞ്ഞു.
തൃശ്ശൂർ സ്റ്റാൻഡിൽ കുറെ പേർ ഇറങ്ങി. പുതിയ ആളുകൾ കയറി. തൻ്റെ അടുത്തിരുന്ന ആളിന് പകരം ഒരു സ്ത്രീയാണ് വന്നത്. ഏകദേശം 40 വയസ്സ് പ്രായം തോന്നും. എത്ര പെട്ടെന്നാണ് സീറ്റ് ഫുൾ ആയത് ! ഈ പാതിരാത്രിയിലും എന്ത് തിരക്കാണ്!
ഈ ആളുകൾ എവിടേക്കാണ് പോകുന്നത്?
ബസ് വിട്ടതും അടുത്തിരുന്ന സ്ത്രീ ഉറക്കം തുടങ്ങി. ഇടയ്ക്കിടയ്ക്ക് തൻ്റെ തോളിലേക്ക് അവരുടെ തല ചാഞ്ഞു ചാഞ്ഞ് വന്നു. അവസാനം തല തൻ്റെ തോളിൽ വിശ്രമം ആരംഭിച്ച പോലെ…!
എങ്ങനെയാണ് ഉറങ്ങുന്ന അവരെ തട്ടിയുണർത്തുക !
ചില സമയങ്ങളിൽ അവരുടെ ശരീരഭാരം മുഴുവൻ തന്റെ ദേഹത്ത് ആണ് എന്ന് തോന്നി…. !സഹികെട്ടപ്പോൾ പതുക്കെ തട്ടി വിളിച്ചു. പക്ഷേ ഒരു ചിരിയോടെ അവർ വീണ്ടും ഉറങ്ങാൻ തുടങ്ങി. അവർ ഉറങ്ങുന്നതോ,
അതോ ഉറക്കം നടിക്കുന്നതോ?
ഒരു സംശയം തോന്നാതിരുന്നില്ല.
അഞ്ചു മണിക്ക് ബസ് പാലക്കാട് കെ. എസ്. ആർ. ടി.സി സ്റ്റാൻഡിൽ എത്തി.
സ്റ്റാൻഡിന്റെ എതിർവശത്തുള്ള ചെറിയ ചായക്കടയിൽ കയറി ഒരു കട്ടൻ കാപ്പി കുടിച്ചു. നേരം വെളുക്കാൻ ഇനിയും സമയമുണ്ട്. സ്റ്റാൻഡിലെ ഒരു സിമൻറ് ബെഞ്ചിൻ്റെ മൂലയിൽ ചാരിയിരുന്നു. എല്ലാ ചാരു ബഞ്ചുകളിലും യാത്രക്കാർ കിടക്കുകയായിരുന്നു. അതുകൊണ്ട് ശരിക്ക് ഇരിക്കുവാനും കഴിഞ്ഞില്ല. തറയിലും തുണിയോ ന്യൂസ് പേപ്പറോ വിരിച്ച് ആളുകൾ കിടന്നുറക്കമാണ്.
കിഴക്ക് വെള്ള കീറിയപ്പോൾ നേരെ കോട്ടമൈതാനം ലക്ഷ്യമാക്കി നടന്നു. ക്ലോക്ക് റൂമിൽ കയറി പ്രഭാതകൃത്യങ്ങൾ നടത്തി. അതിനുശേഷം ബാഗ് അവിടെ വെച്ചു.
ടിപ്പുസുൽത്താന്റെ കോട്ടയെ പറ്റി കേട്ടിട്ടുണ്ട് . പക്ഷേ ഇതുവരെയും കണ്ടിട്ടില്ല. നേരെ കോട്ടയെ ലക്ഷ്യമാക്കി നടന്നു. കോട്ടയിലേക്കുള്ള ഗേറ്റ് കടന്നതും വഴിയുടെ ഇരുവശത്തും പടുകൂറ്റൻ വൃക്ഷങ്ങൾ നിൽപ്പുണ്ടായിരുന്നു. കോട്ടക്കു ചുറ്റും വലിയ കിടങ്ങാണ്. കിടങ്ങിൽ ഏതാണ്ട് പകുതി ഭാഗത്തോളം വെള്ളം കെട്ടിക്കിടപ്പുണ്ട്. പച്ച നിറമുള്ള വെള്ളത്തിലൂടെ ആമകളും മത്സ്യങ്ങളും ഓടിമറയുന്നു. കോട്ടയ്ക്ക് ചുറ്റുമുള്ള നടപ്പാതയിലൂടെ ചിലർ നടക്കുന്നുണ്ട്. കോട്ട വാതിലിന്റെ അടുത്തെത്തിയപ്പോൾ വാതിൽ അടച്ചിട്ടിരിക്കുന്നു. അന്വേഷിച്ചപ്പോൾ എട്ടുമണിക്ക് ആണ് തുറക്കുകയുള്ളൂത്രേ!.
പുറത്തിറങ്ങി അടുത്ത ചായക്കടയെ ലക്ഷ്യമാക്കി നടന്നു . കുറച്ച് നടന്നപ്പോൾ ജില്ലാ ആശുപത്രിയുടെ അടുത്തായി ഒരു ചെറിയ ചായക്കട കണ്ടു. ദോശയും ചായയും കഴിച്ച ശേഷം വീണ്ടും കോട്ടയുടെ മുൻപിൽ എത്തി. വലിയ മരത്തിന് ചുറ്റുമുള്ള സിമന്റ് തറയിൽ ഇരുന്നു. എട്ടുമണിയായപ്പോൾ കോട്ടയ്ക്കുള്ളിലേക്ക് നടന്നു.
ജില്ലാ ജയിൽ, റവന്യൂ വകുപ്പിന്റെ ഓഫീസ് കെട്ടിടങ്ങൾ എന്നിവ കോട്ടയ്ക്കുള്ളിൽ പ്രവർത്തിക്കുന്നുണ്ട്.
1776 മൈസൂർ രാജാവായിരുന്ന ഹൈദരാലി പണികഴിപ്പിച്ചതാണ് കോട്ട. സാമൂതിരിയുടെ ആക്രമണ ഭീഷണിയെ ചെറുക്കാനായിരുന്നത്രേ ഹൈദരാലി കോട്ട നിർമ്മിച്ചത്. പിന്നീട് ബ്രിട്ടീഷുകാർ കോട്ട പിടിച്ചടക്കി.
കരിങ്കല്ലിൽ തീർത്ത കോട്ടയെ നോക്കി നിൽക്കാൻ തന്നെ പ്രത്യേക ഭംഗിയുണ്ട്. പടർന്നു പന്തലിച്ചു നിൽക്കുന്ന പടുകൂറ്റൻ മാവുകളും , പച്ച പുല്ലു വിരിച്ച മൈതാനവും , ധാരാളം പടവുകൾ ഉള്ള വലിയ കുളവും കോട്ടയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.
കോട്ടയുടെ മുകളിൽ നിന്നുള്ള ദൂരക്കാഴ്ച വളരെ മനോഹരം.
9.30 ന് സിവിൽ സ്റ്റേഷനിൽ എത്തി. ഒന്നാം നിലയിലാണ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം. പടികൾ കയറി മുകളിൽ എത്തിയപ്പോൾ ഇന്റർവ്യൂവിന് വന്നതെന്ന് കരുതപ്പെടുന്ന മുപ്പതോളം പേർ അവിടവിടെയായി നിൽപ്പുണ്ട്. പത്തു മണി ആകുമ്പോഴേക്കും നൂറോളം പേരെത്തി. ചിലർ കൈക്കുഞ്ഞുമായിട്ടാണ് വരവ്.!
ഇൻറർവ്യൂ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഓഫീസിനകത്തു നിന്നും ഒരു സ്ത്രീ പിന്നാലെ വന്നു. ഏതാണ്ട് മുപ്പത് വയസ്സ് പ്രായം തോന്നും ..
“സദാനന്ദൻ അല്ലേ ..?”
“അതേ,
ആരാ ..?
മനസ്സിലായില്ല…!”
“ഞാൻ ഈ ഓഫീസിലെ ജീവനക്കാരിയാണ്. എൻ്റെ വീട് പട്ടാമ്പി. ഒരു കാര്യം അറിയാൻ വേണ്ടിയിട്ടാണ്….”
” ചോദിച്ചോളൂ..”
ചിരിച്ചു കൊണ്ട് സദാനന്ദൻ മാഷ് പറഞ്ഞു.
“സാറിന്റെ കല്യാണം കഴിഞ്ഞ താ ണോ?
” ഇല്ല….”
“ഒരു കാര്യം ചോദിച്ചാൽ തെറ്റിദ്ധരിക്കുമോ….?”
“ഇല്ല , പറയൂ..”
“എൻ്റെ ഇളയ അനുജത്തി ഒരു എയ്ഡഡ് സ്കൂളിൽ ടീച്ചർ ആണ്. അവൾക്ക് പല ആലോചനകളും വന്നു. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. എനിക്ക് തോന്നുന്നു , സാർ അവൾക്ക് മാച്ച് ആയിരിക്കും എന്ന്.”
“അയ്യോ! എനിക്ക് ഇരുപത്തിയഞ്ച് വയസ്സേ ആയുള്ളൂ. തന്നെയുമല്ല പി.എസ്. സി ഒക്കെ കിട്ടിയിട്ടില്ലേ വിവാഹത്തിന്റെ കാര്യം ചിന്തിക്കാൻ പറ്റൂ.. ?”
“അതോർത്ത് സാർ പേടിക്കേണ്ട. ഇവിടെ എയ്ഡഡ് സ്കൂളിൽ ഞങ്ങൾ ജോലി വാങ്ങിത്തരാം. അവളുടെ സ്കൂളിൽ തന്നെ അടുത്ത വർഷം ഒഴിവ് വരുന്നുണ്ട്..”
“അപ്പോൾ ജാതിയും മതവും ഒന്നും നോക്കണ്ടേ…?”
“അതൊക്കെ ഞാൻ അറിഞ്ഞു. സാർ കൊടുത്ത സർട്ടിഫിക്കറ്റിന്റെ കോപ്പി ഞാൻ കണ്ടിരുന്നു…”
“ഓ ,അത് ശരി ….”
” എന്ത് പറയുന്നു ..?
“ഞാൻ ആലോചിച്ചിട്ട് വിവരം പറയാം. കത്തയച്ചാൽ പോലെ?”
“മതി. ഒരു മിനിറ്റ്….”
അവർ വേഗം അകത്തു പോയി മേൽവിലാസം എഴുതിയ ഒരു പേപ്പറുമായി തിരിച്ചുവന്നു.
“ശരി ഞാൻ കത്തയക്കാം..”
അവരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ പുഞ്ചിരി വിടർന്നു.
മെയിൻ റോഡിലേക്ക് ഇറങ്ങിയതും മേൽവിലാസം എഴുതിയ കടലാസ് ചുരുട്ടി വലിച്ചെറിഞ്ഞു.തന്നെ വിലയ്ക്ക് വാങ്ങാൻ ആർക്കും കഴിയുകയില്ല. ഭാര്യ വീട്ടുകാരുടെ ചെലവിൽ കഴിയുന്നതിലും ഭേദം ജോലി ഇല്ലാതിരിക്കുന്നതാണ് .
കോട്ട മൈതാനത്ത് കടയുടെ മുൻപിൽ നിന്നും തണ്ണിമത്തൻ ജ്യൂസ് കുടിച്ച് കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു….
( തുടരും…)
നല്ലെഴുത്ത്