Thursday, December 26, 2024
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ: (ഭാഗം - 17) ' കുട്ടിക്കാലം.' ✍സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ: (ഭാഗം – 17) ‘ കുട്ടിക്കാലം.’ ✍സജി ടി. പാലക്കാട്

സജി ടി. പാലക്കാട്

ബെല്ലടിച്ചതും കുട്ടികൾ വേഗം പാത്രങ്ങളുമായി വരാന്തയിൽ നിരന്നിരുന്നു. അവരുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം ദൃശ്യമായിരുന്നു. ശീങ്കൻ അലുമിനിയം ബക്കറ്റുകളിൽ കഞ്ഞിയും, പയറും കൊണ്ടുവന്നു. ജോസ് മാഷും, സോമൻ മാഷും, ലതയും കൂടി കഞ്ഞിയും ചെറുപയർ തോരനും വിളമ്പി. കുട്ടികൾ ആർത്തിയോടെ കഴിക്കുന്നത് കണ്ടപ്പോൾ സദാനന്ദൻ മാഷിന്റെ കണ്ണ് നിറഞ്ഞു.

രണ്ട് പതിറ്റാണ്ടിന് പിന്നിലേക്ക് മനസ്സ് ഓടിപ്പോയി. അച്ഛന്റെ കൈപിടിച്ച് ആദ്യമായി സ്കൂളിന്റെ പടി ചവിട്ടിയ രംഗം കൺമുന്നിൽ തെളിഞ്ഞു. വള്ളി നിക്കറിട്ട് കരഞ്ഞുകൊണ്ട് അച്ഛൻ്റെ കയ്യിൽ തൂങ്ങി ഓഫീസ് മുറിയിൽ എത്തി . ഒരു കൊമ്പൻ മീശക്കാരൻ ഓഫീസിന് അകത്തിരുന്ന് അച്ഛനെ നോക്കി ചിരിച്ചു. ഇതായിരിക്കും ശിവരാമൻ സാർ! അച്ഛൻ മുൻപ് പറഞ്ഞത് ഓർമ്മ വന്നു.

‘ഇവന് എത്ര വയസ്സായി …..?’

അദ്ദേഹം ചോദിച്ചു.

‘തുലാമാസത്തിലെ ഉത്രാടം ആണ്.’

‘ഏതു വർഷം?

അച്ഛൻ വർഷം പറഞ്ഞുകൊടുത്തു . കുഴപ്പമില്ല നമുക്ക് ഒന്നാം ക്ലാസിൽ ചേർക്കാം.
‘എന്താണ് ഇവന്റെ പേര്..?.’

‘സദാനന്ദൻ…..’

ശിവരാമൻ സർ ഒരു കടലാസിൽ എന്തൊക്കെയോ എഴുതി അച്ഛനോട് ഒപ്പിടാൻ പറഞ്ഞു.

‘എടാ ഞാനാണ് നിന്റെ നാക്കിൽ ആദ്യാക്ഷരം എഴുതിയത് ,
എൻ്റെ പേര് കളഞ്ഞു കുളിക്കരുത്..’ .

പുറത്ത് തലോടിക്കൊണ്ട് ശിവരാമൻ സർ പറഞ്ഞു.
സ്കൂൾ വരാന്തയിലൂടെ നടന്ന് ഒന്നാം ക്ലാസിന്റെ മുൻപിൽ എത്തി.

‘ഞാൻ വൈകുന്നേരം വിളിക്കാൻ വരാം …’
തന്നെ ക്ലാസിലേക്ക് കയറ്റി വിട്ടുകൊണ്ട് അച്ഛൻ പറഞ്ഞു.

‘വരൂ മോനെ…’
സരോജിനി സാർ ചിരിച്ചുകൊണ്ട് പറഞ്ഞു.
ക്ലാസ്സിൽ എത്തിയപ്പോൾ കുറെ കുട്ടികൾ ബെഞ്ചിൽ ഇരിക്കുന്നു. സരോജിനി സർ രണ്ടാമത്തെ ബെഞ്ചിൽ ഇരിക്കുവാൻ പറഞ്ഞു. മുൻപിലെ ബെഞ്ചിൽ ഇരുന്ന പെൺകുട്ടി സദാനന്ദനെ നോക്കി ചിരിച്ചു ..

‘ഹായ് സുഷമ…..’
വീടിന്റെ പിൻവശത്തുകൂടിയുള്ള തൊണ്ടിൽക്കൂടി നടന്നാൽ ഒരു നെൽ വയൽ കാണാം . വയലിനോട് ചേർന്നുള്ള വാർക്ക വീട്ടിലെ കുട്ടിയാണ് സുഷമ. റോഡ് ടാർ ചെയ്യുന്ന വണ്ടി ഓടിക്കുന്ന രാമകൃഷ്ണൻ ചേട്ടനാണ് സുഷമയുടെ അച്ഛൻ.

ഒരിക്കൽ വയലിൽ ട്രാക്ടർ വന്നപ്പോൾ കാണാൻ പോയി. അന്നാണ് സുഷമയെ ആദ്യമായി പരിചയപ്പെടുന്നത് .
ആദ്യം കണ്ടപ്പോൾ തന്നെ അവളുടെ പുഞ്ചിരി മനസ്സിൽ പതിഞ്ഞു..
നിഷ്കളങ്കമായ ചിരി..
അതുകൊണ്ടാവാം മറ്റു കുട്ടികളെക്കാൾ കൂടുതൽ ഇഷ്ടം തോന്നി.
അവളുടെ വീട്ടിൽ കുട്ടികൾ ഓടിക്കുന്ന സൈക്കിൾ ഉണ്ട് . അവൾ ആ സൈക്കിൾ സിമന്റിട്ട മുറ്റത്ത് കൂടി ഓടിക്കുന്നത് കാണാൻ എന്ത് രസമാ.!
നോക്കി നിന്നു പോകും!.
ഇടയ്ക്കിടയ്ക്ക് അവളുടെ വീട്ടിൽ പോവുക പതിവായി…
അവളും, ചേച്ചിയും, താനും കൂടി കണ്ണുപൊത്തി കളി കളിക്കും.. എണ്ണുമ്പോൾ അവൾ ഒരു കണ്ണ് പാതി അടച്ചുപിടിച്ച് നോക്കും, എവിടെയാണ് ഒളിയുന്നത് എന്ന് അറിയാൻ…!
ഇടയ്ക്ക് തന്നെ നോക്കി ചിരിക്കും.. ആ ചിരി കാണാൻ നല്ല ഭംഗിയുണ്ട്. വർത്തമാനം പറയുമ്പോൾ അവൾ പ്രത്യേക രീതിയിൽ തലയാട്ടും. അപ്പോഴും അവൾ ചിരിക്കും..
അവൾ തലയാട്ടുമ്പോൾ കാതിലെ കുഞ്ഞു ജിമിക്കി കമ്മലുകളും ഒപ്പം ആടും.

ബെല്ലടിച്ചപ്പോൾ കുട്ടികൾ മൂത്രമൊഴിക്കാൻ പുറത്തേക്ക് ഓടി . സൂക്ഷമയും അടുത്ത വീട്ടിലെ സോമനും, മണിയും ബെഞ്ചിൽ തന്നെ ഇരുന്നു . കുറച്ചു
കഴിഞ്ഞപ്പോൾ ടീച്ചർ വീണ്ടും വന്നു . സരോജിനി സാർ ഒരു നല്ല പാട്ട് പാടി തന്നു .
കുട്ടികൾ കയ്യടിച്ചു.

‘സദാനന്ദന് പുതിയ ഷർട്ട് വാങ്ങിച്ചില്ലേ …?’.

‘ഇല്ല …..’

‘എൻ്റെ പുതിയ ഉടുപ്പ് കണ്ടോ?’

മഞ്ഞയിൽ കറുപ്പ് പുള്ളികളുള്ള ഉടുപ്പ് കാട്ടി സുഷമ ചിരിച്ചു കൊണ്ട് ചോദിച്ചു.

കുറച്ചു കഴിഞ്ഞ് വീണ്ടും ബെല്ലടിച്ചു. കുട്ടികൾ പുറത്തേക്ക് ഓടി.

‘സദാനന്ദാ…. വിശക്കുന്നില്ലേ..?’
സുഷമ ചോദിച്ചു.

‘ഉണ്ട്….’

‘എന്നാൽ വരു…
ഉപ്പുമാവ് കഴിക്കുന്നതിനുള്ള ബെല്ലാണ് അടിച്ചത്….’

സോമന്റെയും, സുഷമയുടെയും ഒപ്പം സദാനന്ദൻ വരാന്തയിലേക്ക് നടന്നു.
കുട്ടികൾ വരാന്തയിൽ നിരന്നിരുന്നു. ചില കുട്ടികളുടെ കയ്യിൽ ചോറ്റുപാത്രം ഉണ്ട്.
ഭൂരിപക്ഷം കുട്ടികൾക്കും പാത്രം ഇല്ല . ഇരിക്കുന്ന കുട്ടികളുടെ മുൻപിൽ അധ്യാപകർ വട്ടയില കൊണ്ടുവന്നു വെച്ചു. അതിൽ ഉപ്പുമാവ് വിളമ്പി . മഞ്ഞ നിറത്തിലുള്ള ഉപ്പുമാവ് ആദ്യമായി കാണുകയാണ്. ഒരു വായ വാരി കഴിച്ചു.
എന്ത് രുചി!
ആർത്തിയോടെ വേഗം വേഗം വാരി വാരി കഴിച്ചു..

‘ഇനിയും വേണോ..?

സരോജിനി സാർ ചോദിച്ചു . വേണമെന്ന അർത്ഥത്തിൽ
സദാനന്ദൻ തലയാട്ടി .
സർ വീണ്ടും ഉപ്പുമാവ് ഇട്ടുകൊടുത്തു.

‘മോൻ രാവിലെ ഒന്നും കഴിച്ചില്ലേ ?

‘ഇല്ല സർ. രാവിലെ പഴങ്കഞ്ഞി ആയിരുന്നു . കുറച്ചുവറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി മുഴുവൻ വെള്ളം ആയിരുന്നു.
നല്ല വിശപ്പ്…’

‘സദാനന്ദൻ മാഷേ..,
മാഷെന്താ പകൽ സ്വപ്നം കാണുകയാണോ?
വരൂ..ഊണ് കഴിക്കാൻ പോകാം’

സോമൻ മാഷ് പറഞ്ഞു.

ഭക്ഷണം കഴിക്കുവാൻ ഇരുന്നപ്പോഴും ആർത്തിയോടെ കഞ്ഞിയും പയറും കഴിക്കുന്ന കുട്ടികളുടെ ചിത്രമാണ് മനസ്സ് നിറയെ..

‘സത്യം പറഞ്ഞാൽ ഭക്ഷണത്തിന് വേണ്ടി മാത്രം സ്കൂളിൽ വരുന്നവരാണ് ഭൂരിഭാഗം കുട്ടികളും. ..’

ജോസ് മാഷ് പറഞ്ഞു.

‘ഈ കഞ്ഞിയും പയറും കുടിക്കാൻ വേണ്ടി മാത്രമോ?’

‘ഉം, അതുകൊണ്ടാണ് ഇവർ ഇങ്ങനെ എങ്കിലും ആരോഗ്യത്തോടെ ഇരിക്കുന്നത്.

മുടങ്ങാതെ സ്കൂളിൽ വരുന്നതിനു സർക്കാർ മാസം തോറും കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഗ്രാൻഡ് കൊടുക്കുന്നുണ്ട്.
എന്നിട്ടും പകുതി കുട്ടികൾ സ്ഥിരമായി സ്കൂളിൽ വരാറില്ല.

നമ്മുടെ ഈ വിദ്യാലയത്തിൽ നാലാം ക്ലാസ്സ് വരെ അല്ലേ ഉള്ളൂ. 90% കുട്ടികളും നാലാം ക്ലാസിൽ പഠനം അവസാനിപ്പിക്കാൻ നിർബന്ധിതരാകുന്നു.
അഞ്ചാം ക്ലാസ്സിൽ പോകണമെങ്കിൽ 20 കിലോമീറ്റർ യാത്ര ചെയ്യണം. ആർക്ക് സാധിക്കും,,?
വാഹന സൗകര്യം ഇല്ലാത്തിടത്തോളം കാലം ഇവിടുത്തെ കുട്ടികൾ നാലാം ക്ലാസ് കഴിഞ്ഞാൽ ആട് മേയ്ക്കാനും കാട്ടിലെ തേൻ എടുക്കാനും മറ്റും പോകും…!’

‘ഈ സ്കൂൾ ഒരു യു. പി സ്കൂൾ എങ്കിലും ആയി അപ്ഗ്രേഡ് ചെയ്യാൻ ജനപ്രതിനിധികൾ ശ്രദ്ധിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം അല്ലേ?’

‘അതെ, മാഷിന് അറിയുമോ ? ഇവിടുത്തുകാരുടെ ഉന്നമനത്തിനായി സർക്കാർ എത്ര പദ്ധതികളാണ് നടപ്പിലാക്കിയത് !സർക്കാർ രേഖയിൽ ഇവിടുത്തെ എല്ലാ വീടുകളിലേക്കും ടാറിട്ട റോഡുകളാണ്.
എല്ലാവർക്കും നല്ല കോൺക്രീറ്റ് വീടുകൾ ..!
എല്ലാ വീട്ടിലും വെള്ളം..!
എല്ലാ വീട്ടിലും സോളാർ ലൈറ്റുകൾ .!.
പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം ഇടനിലക്കാരുടെ കയ്യിൽ തട്ടി അവയെല്ലാം പലരുടെയും പോക്കറ്റുകളിലേക്ക് ഒഴുകി എന്നതാണ് യാഥാർത്ഥ്യം…
അതോടെ ഇവിടത്തുകാരുടെ സ്വപ്നങ്ങളും ഒലിച്ചുപോയി…
റോഡില്ലാതെ , വെള്ളമില്ലാതെ, വെളിച്ചമില്ലാതെ അവർ എന്നും കഴിയുന്നു…..

(തുടരും…)

✍സജി ടി. പാലക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments